സയണിസവും കുടിയേറ്റ അധിനിവേശവും

ഫലസ്തീന്‍; ഒരു കൊളോണിയല്‍ അധിനിവേശം

ഫലസ്തീന്‍; ഒരു കൊളോണിയല്‍ അധിനിവേശം

ആധുനിക രാഷ്ട്രീയ സയണിസത്തിന്റെ സ്ഥാപകനായ തിയോഡര്‍ ഹെര്‍സലിന്റെ ഒരു കത്തില്‍ നിന്നാണ് ഈ പുസ്തകത്തിന്റെ ഉപശീര്‍ഷകം തിരഞ്ഞെടുത്തത്. ഫലസ്തീനിലെ സയണിസ്റ്റ് പ്രൊജക്ടിന് പിന്തുണ തേടിക്കൊണ്ട് ബ്രിട്ടന്‍ മിനിസ്റ്ററായിരുന്ന സെസില്‍ റോഡ്‌സിനാണ് അദ്ദേഹം കത്തെഴുതിയത്. 1902ലായിരുന്നു സംഭവം. ഹെര്‍സല്‍ എഴുതുന്നത് നോക്കൂ: ' ചരിത്രം രചിക്കാനാണ് ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നത്. ഏഷ്യാ മൈനറിലെ ജൂതരെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണിത്. ഇതൊരു കൊളോണിയല്‍ പദ്ധതിയായത് കൊണ്ടാണ് ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്'

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടിയാണ് ഇസ്രയേല്‍ ഫലസ്തീനില്‍ കുടിയേറ്റ അധിനിവേശം (settler colonialism) ആരംഭിക്കുന്നത്. അന്ത്യമില്ലാത്ത വിധം ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്ന പദ്ധതിയാണത്. അഥവാ, ഞാന്‍ മുകളില്‍ പരമാമര്‍ശിച്ച കത്തില്‍ സൂചിപ്പിച്ചത് പോലെ ഇസ്രയേലിന്റെ ഫലസ്തീന്‍ അധിനിവേശം ഒരു കൊളോണിയല്‍ പദ്ധതി തന്നെയാണ്. അതിനാല്‍ തന്നെ ലോകത്തുടനീളം അധികാരത്തിനും അധീശത്വത്തിനുമെതിരെ നടക്കുന്ന ചെറുത്തുനില്‍പ്പിന്റെ ഭാഗമായാണ് നീതിക്കും സ്വാഭിമാനത്തിനും വേണ്ടിയുള്ള ഫലസ്തീനിലെ വിമോചനപ്പോരാട്ടത്തെ ഞാന്‍ മനസ്സിലാക്കുന്നത്. അഥവാ, സയണിസത്തിനെതിരെ പോരാടുന്ന ഒരു അധിനിവിഷ്ട സമൂഹമാണ് ഫലസ്തീനികള്‍. പാശ്ചാത്യ ശക്തികളുടെ പിന്തുണയോട് കൂടി നടക്കുന്ന കുടിയേറ്റ അധിനിവേശത്തിനെതിരെയാണ് അവരുടെ പോരാട്ടം.

ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഫലസ്തീന്‍ കുടിയേറ്റ അധിനിവേശത്തിന് വിധേയമായ ഭൂമിയാണ്. തദ്ദേശീയ ജനതയെ സമ്പൂര്‍ണ്ണമായി കോളനീകരണത്തിന് വിധേയമാക്കുന്ന ഹിംസയാണ് യഥാര്‍ത്ഥത്തില്‍ കുടിയേറ്റ അധിനിവേശം. ഇതിന് മുമ്പും ലോകത്ത് സമാനമായ അധിനിവേശങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതേസമയം, കോളനീകരണത്തിനെതിരായ ഫലസ്തീനികളുടെ ചെറുത്തുനില്‍പ്പ് തികച്ചും സവിശേഷമാണ്. സര്‍ഗാത്മകമായ വഴികളിലൂടെയാണ് അവര്‍ ചെറുത്തുനില്‍പ്പ് സാധ്യമാക്കുന്നത്.

2008, 2012, 2014 തുടങ്ങിയ വര്‍ഷങ്ങളില്‍ നടന്ന ഇസ്രയേലിന്റെ ഗാസ അധിനിവേശം യഥാര്‍ത്ഥത്തില്‍ തദ്ദേശിയ ജനതയുടെ നിലനില്‍പ്പിനെതിരായ കുടിയേറ്റ അധിനിവേശമായിരുന്നു. ഫലസ്തീനികളുടെ ഹിംസകളെ കുറിച്ച് നിരന്തരമായി വ്യവഹാരങ്ങള്‍ ഉല്‍പ്പാദിപ്പിച്ച് കൊണ്ടാണ് സയണിസ്റ്റുകള്‍ അത് സാധ്യമാക്കുന്നത്. അതിലൂടെ ഇസ്രയേല്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ പൂര്‍ണ്ണമായും മറക്കപ്പെടുകയും ഫലസ്തീനികളുടെ രാഷ്ട്രീയ നിലനില്‍പ്പിനെക്കുറിച്ച ചോദ്യങ്ങള്‍ അപ്രസക്തമാക്കപ്പെടുകയുമാണ് ചെയ്യുന്നത്. ഇസ്രയേലിന്റെ രൂപീകരണത്തിന് ശേഷം ഇന്നോളം നാം അതാണ് കണ്ടു കൊണ്ടിരിക്കുന്നത്. ആധുനിക കോളനിയാനന്തര ദേശരാഷ്ട്രങ്ങളുടെ പൂര്‍ണ്ണ പിന്തുണയോടെ തന്നെയാണ് അത് നടക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

ഈ സയണിസ്റ്റ് അധിനിവേശം പെട്ടെന്നുണ്ടായ സംഭവമൊന്നുമല്ല. മറിച്ച്, വളരെ ആസൂത്രിതമായി നടപ്പിലാക്കിയ കൊളോണിയല്‍ പദ്ധതിയാണ്. മിക്ക സയണിസ്റ്റുകളും ഇസ്രയേലിന്റെ കുടിയേറ്റ അധിനിവേശത്തെ ന്യായീകരിക്കുന്നത് സെമിറ്റിക്ക് വിരുദ്ധതയുടെ ഇരകളാണ് തങ്ങള്‍ എന്ന വാദമുന്നയിച്ചു കൊണ്ടാണ്. സെമിറ്റിക് വിരുദ്ധ വംശീയതയെക്കുറിച്ചും ഹോളോകോസ്റ്റ് അനുഭവത്തെക്കുറിച്ചും സൂചിപ്പിച്ചു കൊണ്ടാണ് ഫലസ്തീന്‍ അധിനിവേശത്തെ അവര്‍ ന്യായീകരിക്കുന്നത്. അറബികളും യൂറോപ്യന്‍മാരും ഒരുപോലെ സെമിറ്റിക് വിരുദ്ധ പക്ഷത്ത് നിലയുറപ്പിക്കുന്നവരാണ് എന്നാണവര്‍ ആരോപിക്കുന്നത്. അതിനാല്‍ തന്നെ ഭാവിയില്‍ ജൂതര്‍ക്കെതിരെ അരങ്ങേറാന്‍ സാധ്യതയുള്ള വംശഹത്യയെ മുന്‍കൂട്ടി തടയുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ഫലസ്തീനെ അധീനപ്പെടുത്തുന്നത് എന്ന വിചിത്ര വാദവും അവരുന്നയിക്കുന്നുണ്ട്. (തുടരും)

വിവ: സഅദ് സല്‍മി

(ഹാതിം ബാസിയാന്‍: അമേരിക്കയിലെ സൈത്തൂന കോളേജിലെ സ്ഥാപകരിലൊരാളും ഇസ്‌ലാമിക നിയമത്തിലും ദൈവശാസ്ത്രത്തിലും പ്രൊഫസറുമാണ്. ഇസ്‌ലാമോഫോബിയ സ്റ്റഡീസ് ജേര്‍ണലിന്റെ സ്ഥാപകനാണ്. തുര്‍ക്കിയിലെ സബാഹ് ന്യൂസ്‌പേപ്പറിന് വേണ്ടി സ്ഥിരമായി കോളമെഴുതാറുണ്ട്. അദ്ദേഹത്തിന്റെ  Palestine: It is something colonial  എന്ന പുതിയ പുസ്തകത്തിന്റെ വിവര്‍ത്തനമാണ് ഖണ്ഢശയായി പ്രസിദ്ധീകരിക്കുന്നത്.)

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics