സമാധാനം നഷ്ടപ്പെടുത്തുന്ന സ്വയം വിനകള്‍

എന്തെങ്കിലും പിഴവ് സംഭവിച്ചു പോയതിന്റെ പേരില്‍ ഒരു മുസ്‌ലിം സഹോദരന്‍/സഹോദരി മറ്റൊരു മുസ്‌ലിമിന് മേല്‍ അസഭ്യ വര്‍ഷം നടത്തുകയും, ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്നത് കണ്ടാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ഉപദ്രവിക്കപ്പെട്ടയാളോടുള്ള സഹതാപം കൊണ്ടും, ഉപദ്രവിച്ചവനോടുള്ള കോപം കൊണ്ടും നിങ്ങളുടെ ഹൃദയം നിറയും. ഉപദ്രവിക്കപ്പെട്ടയാളെ സംരക്ഷിക്കുക, അവനെ സഹായിക്കുക, മുറിവുകള്‍ ശുശ്രൂഷിക്കുക എന്ന സ്വഭാവിക പ്രതികരണമായിരിക്കും ആദ്യം ഉണ്ടാവുക. പിന്നീട് നിങ്ങളുടെ കോപം ക്രൂരനും, ഹൃദയമില്ലാത്തവനുമായ ആ മര്‍ദ്ദകന് നേരെ തിരിയും. ആ വ്യക്തി നിങ്ങള്‍ തന്നെയാകാം.

നമുക്ക് പിഴവുകള്‍ സംഭവിക്കുമ്പോഴും, നമ്മുടെ തന്നെ പ്രതീക്ഷകള്‍ക്കൊത്ത് നാം ഉയരാതിരിക്കുമ്പോഴുമൊക്കെ ഇങ്ങനെയാണ് നാം നമ്മോട് തന്നെ എപ്പോഴും പ്രതികരിക്കാറുള്ളത്. ശാരീരികമായ മുറിവുകളേക്കാള്‍ വളരെ കാലം ഉണങ്ങാതെ നില്‍ക്കുന്ന മുറിവുകള്‍ക്ക് കാരണമാകുന്ന വാക്കുകള്‍ കൊണ്ട് നാം നമ്മെ തന്നെ പ്രഹരിക്കും. ആത്മവൈര്യവും, നിഷേധാത്മകതയും നമ്മെ പൊതിയും. ചലമറ്റ് വീഴും വരെ നാം സ്വയം ഭത്സിക്കും. നമ്മുടെ തന്നെ ചെറിയ പിഴവുകള്‍ സഹിക്കാന്‍ കഴിയാത്ത നമുക്ക് എങ്ങനെയാണ് നമ്മുടെ സഹോദരന്റെ/സഹോദരിയുടെ പിഴവുകള്‍ മനസ്സിലാക്കാനും, വിവേകത്തോടെ പെരുമാറാനും സാധിക്കുക? നാം നമ്മോട് തന്നെ ചെയ്യുന്ന തെറ്റുകളോട് മുഖം തിരിച്ച് കളഞ്ഞ്, മറ്റുള്ളവര്‍ ചെയ്യുന്ന തെറ്റുകളോട് എത്ര വേഗമാണ് നാം പ്രതികരിക്കാറുള്ളത്.

നമുക്ക് നമ്മെ കുറിച്ച് തന്നെ പുച്ഛം തോന്നുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാവാറുണ്ട്. ഒരേ പിഴവ് തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന നിരാശയില്‍ നിന്നാകാം അത്, അല്ലെങ്കില്‍ നാം നമ്മുടെ ബാധ്യതകള്‍ നിറവേറ്റാത്തതിലുള്ള അങ്ങേയറ്റത്തെ ഇച്ഛാഭംഗത്തില്‍ നിന്നാകാം അത്. ചിലപ്പോള്‍ നമ്മുടെ വ്യക്തിത്വ കുറിച്ച് നമുക്ക് വലിയ മതിപ്പുണ്ടാകില്ല. അമിതമായ ലജ്ജാശീലത്തിലും, അല്ലെങ്കില്‍ കോപം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയിലും തളച്ചിടപ്പെട്ടത് പോലെ നമുക്ക് ചിലപ്പോള്‍ അനുഭവപ്പെട്ടേക്കാം. നിരാശയല്ലെങ്കില്‍ അത് പിന്നെ ഉത്കണ്ഠ ആയിരിക്കും. ഭാവിയെ സംബന്ധിച്ച ഭയത്തില്‍ നിന്നും പൊട്ടിമുളക്കുന്ന ഉത്കണ്ഠയോ, അറിയാത്ത കാര്യത്തെ സംബന്ധിച്ച ഭയത്തില്‍ നിന്നോ ഉയിരെടുക്കുന്ന ഉത്കണ്ഠയോ ആയിരിക്കാം ഒരുപാട് ആളുകളെ അലട്ടുന്നത്. സാഹചര്യങ്ങള്‍ എന്തുതന്നെയായി കൊള്ളട്ടെ, പ്രതികരണങ്ങള്‍ എല്ലായ്‌പ്പോഴും ഒന്നായിരിക്കും. സ്വന്തത്തെ കുറിച്ചുള്ള ദൂഷ്യവര്‍ത്തമാനങ്ങളാല്‍ ചിലര്‍ സ്വയം മനോവീര്യം കെടുത്തും. അതവരെ ആശയറ്റവരും, ഇച്ഛാഭംഗം ബാധിച്ചവരുമാക്കി തീര്‍ക്കും. ഓരോ തവണ പിഴവ് സംഭവിക്കുമ്പോഴും നമ്മള്‍ കൂടുതല്‍ കൂടുതല്‍ ഉള്‍വലിയും, അത് നമ്മുടെ സ്വസ്ഥതയും, സമാധാനവും ഇല്ലാതാക്കി കളയും.

ഇത് അവസാനിപ്പിക്കേണ്ടതുണ്ട്. അതിനാല്‍ നമ്മുടെ സമാധാനം ഇല്ലാതാക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്നും, സമാധാനം തിരിച്ച് പിടിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളും നാം കണ്ടെത്തേണ്ടതുണ്ട്.

കഴിഞ്ഞു പോയ കാലത്ത് ചെയ്ത തെറ്റുകള്‍ ഓര്‍ത്ത് ഇപ്പോഴും വിഷമിച്ചിരിക്കുന്നവര്‍ ഉണ്ട്. അവര്‍ പറഞ്ഞതോ ചെയ്തതോ ആയ വേദനിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ചോര്‍ത്തായിരിക്കാം ഇത്. തങ്ങള്‍ ചെയ്ത തെറ്റുകളോര്‍ത്ത് വിഷമിച്ചങ്ങനെ അവര്‍ സമയം പാഴാക്കും. ചില ആളുകള്‍ക്ക് മറ്റുള്ളവര്‍ ചെയ്ത തെറ്റുകള്‍ പൊറുക്കാന്‍ സാധിക്കില്ല. 'പ്രവാചകാ, കനിവിന്റെയും വിട്ടുവീഴ്ചയുടെയും വഴി സ്വീകരിക്കുക. നല്ല കാര്യങ്ങള്‍ ഉപദേശിച്ചുകൊണ്ടിരിക്കുക. അവിവേകികളെ അവഗണിക്കുക' (അല്‍അഅ്‌റാഫ് 199). അവരുടെ മാതാപിതാക്കളോ, ഇണകളോ, ബന്ധുക്കളോ, കൂട്ടുകാരോ, അല്ലെങ്കില്‍ അപരിചിതരോ ആയിരിക്കാം അവരോട് അക്രമം പ്രവര്‍ത്തിച്ചിട്ടുണ്ടാകുക. ഇക്കൂട്ടര്‍ അവര്‍ക്ക് സംഭവിച്ചു പോയ ആ പിഴവില്‍ പിടിച്ചുതൂങ്ങും. അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് ഒരിക്കലും പൊറുത്തുകൊടുക്കില്ലെന്ന് അവര്‍ പ്രതിജ്ഞയെടുക്കും.

ഭൂതകാലത്തിലെ തെറ്റുകളോര്‍ത്ത് ജീവിച്ചാല്‍ വര്‍ത്തമാനകാലത്തെ അനുഗ്രഹങ്ങള്‍ ആസ്വദിച്ച് ജീവിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. ഭൂതകാലത്തില്‍ സ്വയം കുടുക്കുകയും, സ്വന്തം തെറ്റുകളിലും, മറ്റുള്ളവരുടെ തെറ്റുകളിലും കടിച്ച് തൂങ്ങി കിടക്കുകയും ചെയ്യുന്നവര്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സമാധാന ജീവിതത്തെ തന്നെയാണ് ഇല്ലാതാക്കുന്നത്.

ഭാവിയെ കുറിച്ച് സദാ ഉത്കണ്ഠപ്പെടുന്ന ആളുകളുണ്ട്. 'നിശ്ചയം; നാം മനുഷ്യനെ സൃഷ്ടിച്ചത് ക്ലേശമനുഭവിക്കുന്നവനായാണ്.' (അല്‍ബലദ് 4). എപ്പോഴാണ് ഞാന്‍ വിവാഹിതനാവുക? എനിക്ക് കുട്ടികളുണ്ടാകുമോ? ഞാന്‍ പരീക്ഷയില്‍ ജയിക്കുമോ? എനിക്ക് ജോലി ലഭിക്കുമോ? എന്റെ സന്താനങ്ങള്‍ ഭാവിയില്‍ എന്തായിത്തീരും? അവരുടെ വിദ്യാഭ്യാസ ചെലവുകള്‍ ഞാന്‍ എങ്ങനെ നടത്തും? എനിക്ക് രോഗം പിടിപെടുമോ? ജോലിയില്‍ നിന്ന് വിരമിച്ചാല്‍ എന്തായിരിക്കും സംഭവിക്കുക? എവിടെയും അവസാനിക്കാതെ ഇതിങ്ങനെ നീണ്ടുപോകും. ഭാവിയെ കുറിച്ചുള്ള ഇത്തരം ഉത്കണ്ഠകള്‍ വര്‍ത്തമാനകാലത്തിലെ മനോഹര നിമിഷങ്ങള്‍ അവര്‍ക്ക് നഷ്ടപ്പെടുത്തും.

സ്വന്തത്തെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് സമാധാനം നശിപ്പിക്കുന്ന മറ്റൊരു കാര്യമാണ്. മറ്റുള്ളവരുടെ പുറംമോടികളിലേക്ക് നോക്കി അവര്‍ സ്വന്തത്തെ വിലയിരുത്തും. സ്വന്തം ഇണയും, സന്താനങ്ങളും മറ്റുള്ളവരുടേതിനേക്കാള്‍ മോശപ്പെട്ടവരാണെന്ന തോന്നല്‍ ഇത് ജനിപ്പിക്കും. ഹൃദയത്തിലേക്ക് നോക്കാതെ പുറംമോടികളിലേക്ക് നോക്കിയായിരിക്കും അത്തരം വിലയിരുത്തലുകള്‍ നടത്തുക. പുറമേക്ക് സുഗന്ധമുണ്ടെങ്കിലും അവരുടെ ഹൃദയത്തിനകം ചീഞ്ഞ് നാറുന്നുന്നത് ഇക്കൂട്ടര്‍ അറിയുന്നുണ്ടാവില്ല. സമ്പത്ത് മൂലം അനുഭവിക്കുന്ന പരീക്ഷണങ്ങളെ കുറിച്ച അവബോധമില്ലാതെയായിരിക്കും മറ്റുള്ളവരുടെ സമ്പത്തിലും, സൗകര്യങ്ങളിലും ഇക്കൂട്ടര്‍ ആകൃഷ്ടരാവുന്നത്. 'നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉന്നത പദവികളിലേക്ക് ഉയര്‍ത്തിയതും അവന്‍ തന്നെ. നിങ്ങള്‍ക്ക് അവന്‍ നല്‍കിയ കഴിവില്‍ നിങ്ങളെ പരീക്ഷിക്കാനാണിത്' (അന്‍ആം 165). 'അവരിലെ വിവിധ വിഭാഗങ്ങള്‍ക്ക് നാം നല്‍കിയ സുഖഭോഗങ്ങളില്‍ നീ കണ്ണുവെക്കേണ്ടതില്ല. അവര്‍ക്ക് നല്‍കപ്പെട്ടതില്‍ നീ ദുഃഖിക്കേണ്ടതുമില്ല' (അല്‍ഹിജ്ര്‍ 88). ഓരോ തവണ നാം നമ്മുടെ അവസ്ഥ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോഴും നാം കൂടുതല്‍ കൂടുതല്‍ അസന്തുഷ്ടരാവും, നമ്മുടെ ഉത്കണ്ഠയേറും. നമുക്ക് നല്‍കപ്പെട്ട അനുഗ്രഹങ്ങളില്‍ നിന്നും അത് നമ്മുടെ ശ്രദ്ധ തെറ്റിക്കുകയും ചെയ്യും.

നല്ല കാര്യങ്ങളുടെ പേരില്‍ മറ്റുള്ളവരുമായി സ്വന്തത്തെ താരതമ്യം ചെയ്യുന്നത് മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. വിജ്ഞാനത്തിന്റെയും, ദാനധര്‍മ്മങ്ങളുടെയും പേരില്‍ മറ്റുള്ളവരുമായി സ്വന്തത്തെ താരതമ്യം ചെയ്യുന്നത് നമുക്ക് കൂടുതല്‍ മെച്ചപ്പെടാനുള്ള പ്രചോദനം നല്‍കും. സമ്പത്തിന്റെ കാര്യത്തിലും, ആരോഗ്യത്തിന്റെ കാര്യത്തിലും നമ്മേക്കാള്‍ ദുര്‍ബലരായ ആളുകളുമായി സ്വന്തം അവസ്ഥയെ താരതമ്യം ചെയ്യുന്നതും അനുവദിക്കപ്പെട്ടിട്ടുണ്ട്. ഇതിലൂടെ നാം എത്രമാത്രം അനുഗ്രഹിക്കപ്പെട്ടരാണെന്ന് നമുക്ക് ബോധ്യപ്പെടും.

വിധിയെ പഴിച്ച് കാലംകഴിക്കുന്നതാണ് ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തുന്ന മറ്റൊരു കാര്യം. ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവങ്ങളില്‍ ഒരാള്‍ കോപിക്കുകയും, നിരാശപ്പെടുകയും, ഇച്ഛാഭംഗത്തിന് അടിമയായിത്തീരുകയും ചെയ്യുന്ന അവസ്ഥയാണിത്. കാരണം, ചിലപ്പോള്‍ അവരുടെ വിവാഹം ശരിയാവുന്നുണ്ടാവില്ല, അല്ലെങ്കില്‍ വിവാഹമോചിതനായിട്ടുണ്ടാകും, ഒരു ജോലി ലഭിക്കാന്‍ പ്രയാസപ്പെടുന്നുണ്ടാവാം, ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടാകാം, അല്ലെങ്കില്‍ ഇണയുടെ കാര്യത്തില്‍ യാതൊരു സംതൃപ്തിയും ഉണ്ടാവില്ല. സാഹചര്യങ്ങള്‍ എന്തുമായിക്കൊള്ളട്ടെ അവര്‍ ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരിക്കും. ഇതെല്ലാം തങ്ങളോട് മാത്രമുള്ള അന്യായമായാണ് അവര്‍ മനസ്സിലാക്കുക. മറ്റുള്ളവര്‍ സുഖമായി ജീവിക്കുമ്പോള്‍ എന്തു കൊണ്ടാണ് ഞങ്ങളുടെ ജീവിതം മാത്രം ദുരിതപൂര്‍ണ്ണമായി മാറിയത് എന്ന ചോദ്യമാണ് അവര്‍ ചോദിക്കുക. അല്ലാഹു ഏറ്റവും യുക്തിമാനാണെന്ന് തിരിച്ചറിയേണ്ടത് ഇവിടെ വളരെ അനിവാര്യമാണ്. താല്‍ക്കാലികമായ ജീവിത കഠിനാവസ്ഥകളെ ശാശ്വതമായി കണ്ട് അല്ലാഹുവിന്റെ വിധിയെ ചോദ്യം ചെയ്യുന്നത് അല്ലാഹുവിനേക്കാള്‍ അറിവ് തനിക്കുണ്ടെന്ന് സ്ഥാപിക്കുന്നതിന് തുല്ല്യമാണ്. തങ്ങളുടെ ഭാഗദേയത്തെ തള്ളിക്കളയുന്നതിലൂടെ ജീവിതത്തെ സ്വയം ദുരിതപൂര്‍ണ്ണമാക്കി തീര്‍ക്കുകയാണ് അവര്‍ ചെയ്യുന്നത്. 'ഗുണകരമായ കാര്യം നിങ്ങള്‍ക്ക് അനിഷ്ടകരമായേക്കാം. ദോഷകരമായത് ഇഷ്ടകരവുമായേക്കാം. അല്ലാഹു അറിയുന്നു. നിങ്ങളോ അറിയുന്നുമില്ല' (അല്‍ബഖറ 216).

കടപ്പാട്: halehbanani

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics