സദ്ദാം; സി.ഐ.എ ഓഫീസറുടെ സാക്ഷ്യപത്രം നമുക്കാവശ്യമില്ല

2003 ഡിസംബറില്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ ചോദ്യം ചെയ്ത അമേരിക്കന്‍ ഇന്റലിജന്‍സ് (CIA) ഓഫീസര്‍ ജോണ്‍ നിക്‌സണ്‍ തന്നെ വളരെയേറെ സ്വാധീനിച്ച വ്യക്തിത്വങ്ങളില്‍ ഒരാളാണ് അദ്ദേഹമെന്ന് അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹം മാന്യനും ആകര്‍ഷണീയ സ്വഭാവത്തിനുടമയും മൃദുസ്വഭാവത്തിനുടമയുമായിരുന്നെന്ന് 'Debriefing the President' എന്ന തലക്കെട്ടിലുള്ള നിക്‌സന്റെ പുസ്തകം പറയുന്നു. എന്നാല്‍ പ്രകോപിപ്പിച്ചാല്‍ കര്‍ക്കശക്കാരനും ധിക്കാരിയുമായി അദ്ദേഹം മാറുമെന്നും അതില്‍ പറയുന്നു. അദ്ദേഹം അധികാരത്തില്‍ തുടര്‍ന്നിരുന്നെങ്കില്‍ മിഡിലീസ്റ്റിനും ഇറാഖിനും നിലവിലെ അവസ്ഥയില്‍ നിന്നും ഭിന്നമായ മെച്ചപ്പെട്ട അവസ്ഥയുണ്ടാകുമായിരുന്നുവെന്നും നിക്‌സണ്‍ അതില്‍ സൂചിപ്പിക്കുന്നു.

എന്റെ ഓര്‍മ ശരിയാണെങ്കില്‍ 1979ല്‍ തുനീഷ്യയില്‍ ചേര്‍ന്ന ഒരു അറബ് ഉച്ചകോടിയില്‍ വെച്ച് ഹസ്തദാനം നടത്തിയതിനപ്പുറം സദ്ദാം ഹുസൈനുമായി ഞാന്‍ കൂടിക്കാഴ്ച്ച നടത്തിയിട്ടില്ല. പത്രപ്രവര്‍ത്തന രംഗത്തെ തുടക്കക്കാരനായിരുന്നു അന്ന് ഞാന്‍. എന്നാല്‍ അദ്ദേഹത്തെ മറന്നു കളയാന്‍ എനിക്ക് സാധിക്കില്ല. ഞാന്‍ 'അല്‍ഖുദ്‌സുല്‍ അറബി'യുടെ എഡിറ്ററായിരിക്കെ സ്വന്തം കൈപ്പടയില്‍ അദ്ദേഹം എഴുതിയ അഞ്ച് കത്തുകളുണ്ട്. 2003 ഏപ്രിലിലാണ് അതില്‍ ആദ്യത്തേത്. അഥവാ ഇറാഖ് അധിനിവേശത്തിന് തൊട്ടുടനെ. മെഴുകുതിരി വെട്ടത്തില്‍ എഴുതിയ ആ കത്തില്‍ മഹത്തായ പാരമ്പര്യമുള്ള ഇറാഖി ജനതയെയും അറബ് ലോകത്തെ ഒന്നടങ്കവുമാണ് അദ്ദേഹം അഭിസംബോധന ചെയ്തത്. അമേരിക്കന്‍ അധിനിവേശത്തോടുള്ള ഇറാഖിന്റെ ചെറുത്തു നില്‍പ് പ്രഖ്യാപിച്ചു കൊണ്ടുള്ളതായിരുന്നു അത്. ധീരമായ ചെറുത്തുനില്‍പിന്റെ പൈതൃകം അതിലൂടെ അദ്ദേഹം ഓര്‍മപ്പെടുത്തി. കാലമെത്ര നീണ്ടാലും ഇറാഖി ജനത അധിനിവേശത്തിനെതിരെ വിജയം വരിക്കുമെന്ന് അതില്‍ അദ്ദേഹം ആണയിട്ടു വ്യക്തമാക്കി.

അമേരിക്കന്‍ അധിനിവേശകര്‍ക്ക് വേണ്ടി ലണ്ടനിലും മറ്റും പ്രവര്‍ത്തിക്കുന്ന ചില 'ഏജന്റുമാര്‍' ആ കത്തിന്റെ ആധികാരികതയെ കുറിച്ച സംശയങ്ങള്‍ പ്രചരിപ്പിച്ചു. എന്നാല്‍ ബ്രിട്ടനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന രണ്ടര ലക്ഷം കോപ്പികള്‍ വിറ്റഴിക്കുന്ന 'സണ്‍ഡേ ടൈംസ് കയ്യക്ഷര വിദഗ്ദരെ വെച്ച് അന്വേഷണം നടത്തി അത് സദ്ദാം ഹുസൈന്റെ കൈപ്പട തന്നെയാണെന്ന് സ്ഥിരീകരിച്ചു.

സദ്ദാം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ പ്രദേശം മെച്ചപ്പെട്ട അവസ്ഥയിലാകുമായിരുന്നു എന്നതിന് സി.ഐ.എയുടെ ആളായ നിക്‌സന്റെ സാക്ഷ്യപത്രം നമുക്കാവശ്യമില്ല. കാരണം വളരെ ലളിതമാണ്. പ്രദേശത്തെ കുരുതിക്കളമാക്കാനും വിഭാഗീയതയുടെ തീപടര്‍ത്തി അഖണ്ഡത തകര്‍ക്കാനുമുള്ള അമേരിക്കന്‍ ഇസ്രയേല്‍ പദ്ധതിയുടെ തുടക്കമായിരുന്നു സദ്ദാമിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കിയതും തൂക്കികൊന്നതും. അറബ് സമൂഹത്തെയും അവിടത്ത സൈന്യങ്ങളെയുമെല്ലാം അപമാനിക്കുന്ന, അവയുടെ ആഭ്യന്തരവിഷയത്തില്‍ സൈനികമായി ഇടപെടാനുള്ള പദ്ധതിയായിരുന്നു അത്. ശക്തമായ സെന്യവും കരുത്തുറ്റ നേതാവുമുള്ള, എല്ലാവിഭാഗങ്ങളും സഹവര്‍ത്തിത്വത്തില്‍ ജീവിക്കുന്ന ഒരു വന്‍ രാഷ്ട്രമായി ഇറാഖ് അവിടെ നിലനില്‍ക്കെ ആ പദ്ധതി വിജയിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുകയില്ല.

ഒരിക്കല്‍ പോലും സദ്ദാം ഹുസൈനെ അനുകൂലിക്കാത്ത ഇമാം ഖുമൈനിയോട് അടുപ്പം കാണിച്ചിരുന്ന ഒരു സുഹൃത്ത് ഈയടുത്ത് ഇറാഖില്‍ നിന്നും മടങ്ങി വന്നിരുന്നു. ഇറാഖിലെ പുതിയ ഭരണാധികാരികള്‍ ഒരു പാലമോ അണക്കെട്ടോ സര്‍വകലാശാലയോ ഒരു സിനിമാ തിയേറ്ററോ പോലും നിര്‍മിക്കില്ലെന്ന് അദ്ദേഹം ആണയിട്ട് പറഞ്ഞു. നിന്ദ്യമായ വിഭാഗീയതയാണ് എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിരിക്കുന്നത്. അവിടത്തെ ജനകീയ പോരാളി നേതാക്കള്‍ സദ്ദാമിനെയും അദ്ദേഹത്തിന്റെ കാലത്തെയും പ്രകീര്‍ത്തിച്ച് സംസാരിച്ച കാര്യവും അദ്ദേഹം പങ്കുവെച്ചു. ഇറാഖിന്റെ അഖണ്ഡത വീണ്ടെടുക്കാനാവാത്ത വിധം ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളാണിപ്പോള്‍ അവിടെ നടന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ''ഇന്ന് ഇറാഖ് ഭരിക്കുന്നവര്‍ ഭരണകര്‍ത്താക്കളല്ല, മത കക്ഷികളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ടവരാണ്. ഇറാഖിലെ പോലുള്ള ഒരു മഹാരാജ്യം എങ്ങനെ ഭരിക്കണമെന്ന് അറിയാത്തവരാണവര്‍. ജീവിതം മുഴുവന്‍ പ്രതിയോഗികള്‍ക്കെതിരെ നീക്കിവെച്ചവരാണവര്‍. സ്ഥാനമാനത്തിനും സമ്പത്തിനും വേണ്ടി പോരടിച്ചു കൊണ്ടിരിക്കുകയാണവര്‍. ഏറ്റവും നിന്ദ്യമായ അഴിമതിയിലും പ്രശ്‌നങ്ങളിലും അവര്‍ മുങ്ങിയിരിക്കുന്നു.'' എന്ന് പറഞ്ഞു കൊണ്ടാണ് സുഹൃത്ത് സംസാരം അവസാനിപ്പിച്ചത്.

വളരെ ലളിതമായ ഒരു ചോദ്യമാണ് ഞാന്‍ ചോദിക്കുന്നത്. സദ്ദാം അധികാരത്തിലുണ്ടായിരുന്നെങ്കില്‍ ഐഎസ് അതിന് വളരാനുള്ള വളക്കൂറുള്ള മണ്ണായി ഇറാഖിനെ കാണുമായിരുന്നോ? ഇറാഖിന്റെ പകുതിയോളം പ്രദേശങ്ങള്‍ കൈവശപ്പെടുത്തി കൊന്നും നശിപ്പിച്ചും നരകസമാനമാക്കി അതിനെ മാറ്റിയിരിക്കുകയാണല്ലോ അവര്‍. സദ്ദാം ആയുധങ്ങള്‍ കൊണ്ട് ഭരണം നടത്തിയ, ആയിരക്കണക്കിന് എതിരാളികളെ കൊലപ്പെടുത്തിയ 'ധിക്കാരി'യായിരിക്കാം. എന്നാല്‍ അന്ധമായ വിഭാഗീയതയുടെ ആളായിരുന്നില്ല അദ്ദേഹം. തൂക്കുമരത്തിന്റെ മുമ്പില്‍ അദ്ദേഹം ഉയര്‍ത്തിയ സത്യസാക്ഷ്യ വചനങ്ങളും അറബ് സമൂഹത്തിന്റെ പേരിലുള്ള മുദ്രാവാക്യവും ഫലസ്തീന്‍ പ്രശ്‌നത്തെ അറബ് മുസ്‌ലിം വിഷയമായി വ്യക്തമാക്കിയതും അദ്ദേഹം ആരായിരുന്നു എന്നും മുസ്‌ലിം സമുദായത്തോടും അതിന്റെ ആദര്‍ശത്തോടും മൂല്യങ്ങളോടുമുള്ള അദ്ദേഹത്തിന്റെ കൂറുമാണ് തെളിയിക്കുന്നത്. കഴുത്തില്‍ മുറുകിയ കൊലക്കയര്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പൈതൃകത്തിനുമുള്ള അംഗീകാരത്തിന്റെ ചിഹ്നമാണ്.

സംഗ്രഹം: നസീഫ്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics