ഭാര്യയുടെ സ്‌നേഹം നേടാം

ദമ്പതികളെ ചേര്‍ത്തുനിര്‍ത്തുന്ന ഏറ്റവും ആകര്‍ഷണീയ പദമാണ് സ്‌നേഹം. എല്ലായിടത്തും സ്‌നേഹം വ്യാപകമായിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് നിയമങ്ങളുടെ ആവശ്യം പോലുമില്ലാതാകുമായിരുന്നു. നിങ്ങളുടെ ഭാര്യയുടെ മനസ്സിലുള്ള സ്‌നേഹത്തിന്റെ തോത് എങ്ങനെ ഉയര്‍ത്താം? അങ്ങേയറ്റത്തെ ആത്മാര്‍ഥതയോടെ നിങ്ങളെ സ്‌നേഹിക്കുന്നവളാക്കി എങ്ങനെയവളെ മാറ്റാം?

ഒന്നാമതായി അതിന് വേണ്ടത് അല്ലാഹുവോടുള്ള പ്രാര്‍ഥനയാണ്. പ്രവാചക പത്‌നി ആഇശ(റ) പറയുന്നു: ഖദീജയെ ഞാന്‍ കണ്ടിട്ടില്ലെങ്കിലും നബിയുടെ ഭാര്യമാരില്‍ അവരോടല്ലാതെ എനിക്ക് രോഷമുണ്ടായിട്ടില്ല. അവര്‍ പറയുന്നു: പ്രവാചകന്‍(സ) ആടിനെ അറുക്കുകയാണെങ്കില്‍ അതില്‍ നിന്നൊരു ഭാഗം ഖദീജയുടെ കൂട്ടുകാരികള്‍ക്ക് എത്തിച്ചു കൊടുക്കാന്‍ പറയും. ഒരിക്കല്‍ എന്നെയത് രോഷം കൊള്ളിച്ചു, എന്താണ് ഖദീജക്ക് മാത്രം എന്ന് ഞാന്‍ ചോദിക്കുകയും ചെയ്തു. അപ്പോള്‍ നബി(സ) പറഞ്ഞു: 'അവരുടെ സ്‌നേഹത്താല്‍ ഞാന്‍ ധന്യനായിട്ടുണ്ട്.'

ആകാശത്തു നിന്നും ഇറക്കപ്പെടുന്ന വിഭവം പോലെയാണ് സ്‌നേഹം. അത് അടിമകള്‍ക്കിടയില്‍ വീതിക്കപ്പെടുന്നു. അത് നേടുന്നതിന് പ്രാര്‍ഥനയും പരിശ്രമവും ആവശ്യമാണ്. അതുകൊണ്ട് നിങ്ങള്‍ക്കിടയില്‍ എപ്പോഴും സ്‌നേഹം നിലനിര്‍ത്താന്‍ ആകാശഭൂമികളുടെ സ്രഷ്ടാവിനോട് തേടുക.

അവളുടെ സ്‌നേഹം നേടാന്‍ നീ വലിയ കാര്യങ്ങള്‍ അവള്‍ക്കായി ചെയ്തു കൊടുക്കണമെന്നില്ല. നിന്നില്‍ നിന്നുള്ള നിസ്സാര കാര്യങ്ങള്‍ പോലും വലിയ സ്വാധീനം അവളിലുണ്ടാക്കും. ഇടക്കിടെ സ്‌നേഹത്തെ കുറിക്കുന്ന സൂചനകള്‍ അവള്‍ക്ക് നല്‍കണം. അവളോട് നിങ്ങള്‍ക്കുള്ള സ്‌നേഹവും താല്‍പര്യവും പ്രകടമാക്കുന്ന സുന്ദരമായ വാക്കുകള്‍ കൊണ്ടാവട്ടെ നിങ്ങളുടെ ദിവസം ആരംഭിക്കുന്നത്. അവള്‍ക്കൊരു ചുംബനം നല്‍കിയിട്ടാവണം നിങ്ങള്‍ വീട്ടില്‍ നിന്നും പുറപ്പെടുന്നത്. നോമ്പുകാരനാണെങ്കില്‍ പോലും അതിന് തടസ്സമില്ല. നോമ്പുകാരനായിരിക്കെ പ്രവാചകന്‍(സ) തന്നെ ചുംബിച്ചതായി ആഇശ(റ)യില്‍ നിന്നും റിപോര്‍ട്ടുണ്ട്.

ജോലിസ്ഥലത്തെത്തിയാലും അവളുമായി ബന്ധപ്പെട്ട് അവളോടുള്ള താല്‍പര്യം പ്രകടിപ്പിക്കാം. വീട്ടില്‍ മടങ്ങിയെത്താന്‍ വൈകുമെങ്കില്‍ അവളെ അതറിയിക്കാന്‍ മറക്കരുത്. അവളെ ഏറെ പ്രയാസപ്പെടുത്തുന്ന കാര്യമാണത്. വീട്ടില്‍ മടങ്ങിയെത്തിയാല്‍ മറ്റെന്തിനേക്കാളും അവളെ കാണുന്നതിന് പ്രാധാന്യം നല്‍കണം. മടങ്ങിയെത്തുന്ന നിങ്ങള്‍ സ്‌നേഹവചനങ്ങളോടെ ചേര്‍ത്തു പിടിക്കുന്നത് വലിയ ആശ്വാസമാണവള്‍ക്ക് പകരുക. സ്‌നേഹനിധിയായ ഗുണകാംക്ഷയുള്ള ഭര്‍ത്താവാണ് നിങ്ങള്‍, വിചാരണ ചെയ്യുന്ന ന്യായാധിപനല്ലെന്നും പ്രത്യേകം ഓര്‍ക്കുക. അല്ലാത്ത പക്ഷം നിങ്ങളോടുള്ള അവളുടെ അനുസരണം ചില കാര്യങ്ങളില്‍ പരിമിതപ്പെടും. അവളെ കൂടി പരിഗണിച്ചു കൊണ്ടായിരിക്കണം നിങ്ങളുടെ സമയവും പരിപാടികളും ക്രമീകരിക്കേണ്ടത്.

നിങ്ങളുടെ ഉത്തരവാദിത്വത്തെയും പരിഗണനയെയും കുറിച്ച് അവളെ ബോധവതിയാക്കണം. അപ്പോഴാണ് അവളുടെ കണ്ണില്‍ യഥാര്‍ഥ പുരുഷനായി നിങ്ങള്‍ മാറുന്നത്. സ്ത്രീയെ സംബന്ധിച്ചടത്തോളം തന്നെ സംരക്ഷിക്കുകയും തന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്ന ഒരാളുണ്ടെന്ന ബോധം അനിവാര്യമാണ്. പര്‌സപരമുള്ള ആദരവാണ് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട മറ്റൊരു കാര്യം. മക്കളുടെ മുമ്പില്‍ വെച്ച് അവള്‍ ആദരിക്കപ്പെടുമ്പോള്‍ വലിയ സന്തോഷവും ആനന്ദവുമാണത് അവര്‍ക്കത് പകര്‍ന്നു നല്‍കുന്നത്. സവിശേഷ സന്ദര്‍ഭങ്ങളിലും അല്ലാത്തപ്പോഴും അപ്രതീക്ഷിത സമ്മാനങ്ങള്‍ നല്‍കി ഇണയെ സന്തോഷിപ്പിക്കണം. കാരണം സമ്മാനങ്ങള്‍ക്ക് അവരുടെ മനസ്സില്‍ വലിയ സ്ഥാനമാണുള്ളത്. പ്രത്യേകിച്ചും നിരന്തരം ഉപയോഗിക്കുന്ന വാച്ച്, മോതിരം, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയാകുമ്പോള്‍. അത് നിങ്ങള്‍ക്കിടയിലുള്ള സ്‌നേഹത്തെ ഓര്‍മപ്പെടുത്തുകയും ദാമ്പത്യത്തിന്റെ രാപ്പകലുകള്‍ക്ക് സുഗന്ധം പകരുകയും ചെയ്യും.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics