ക്വില്‍ ഫൗണ്ടേഷനുമായി ഒരു സംഭാഷണം

2015-ല്‍ സ്ഥാപിക്കപ്പെട്ട ക്വില്‍ ഫൗണ്ടേഷന്‍ (Quill Foundation) ഇന്ത്യയില്‍ ഗവേഷണ രംഗത്തും, കോടതി വ്യവഹാര രംഗത്തും സജീവമായി ഇടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സംഘടനയാണ്. ദിനംപ്രതിയെന്നോണം നടക്കുന്ന അവകാശ ലംഘനങ്ങളുടെ പ്രത്യേക സാഹചര്യത്തില്‍ രാജ്യത്തെ നിയമപരവും ജുഡീഷ്യല്‍ സംബന്ധിയുമായ പ്രക്രിയകളെ സൂക്ഷ്മമായി വിലയിരുത്താനും, നിയമവും, സാമൂഹവും തമ്മിലുള്ള ബന്ധവും, സമൂഹത്തിന് എത്രത്തോളം അവകാശങ്ങളും നീതിയും ലഭ്യമാകുന്നുണ്ട് എന്ന് മനസ്സിലാക്കാനുമാണ് സംഘടനയുടെ അന്വേഷണം. 'ഭരണഘടനയിലേക്കുള്ള മടക്കം' (Back to the Constitution) എന്നാണ് അവരുടെ മുദ്രാവാക്യം.

ക്വില്‍ ഫൗണ്ടേഷനെ കുറിച്ചും, അവരുടെ പ്രവര്‍ത്തന രീതിയെ കുറിച്ചും കൂടുതല്‍ മനസ്സിലാക്കാന്‍ സംഘടനയുടെ ഡയറക്ടര്‍ കെ.കെ സുഹൈല്‍, പ്രോഗ്രാം ഹെഡ്: ഷാരിബ് അലി, ഫെല്ലോഷിപ്പ് കോഡിനേറ്റര്‍: വിപുല്‍ കുമാര്‍, റിസര്‍ച്ചര്‍: ഫവാസ് ഷഹീന്‍ എന്നിവരുമായി 'ദി സിറ്റിസണ്‍' സംസാരിക്കുന്നു.

ഒന്നരവര്‍ഷത്തോളമേ ആയിട്ടുള്ളു ക്വില്‍ സ്ഥാപിതമായിട്ട്, പക്ഷെ ഭോപ്പാല്‍ ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട്, വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റവിമുക്തരായി വിട്ടയക്കപ്പെട്ടവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുപരിപാടികള്‍ തുടങ്ങിയ വിപ്ലവകരവും, ഒരുപാട് ഫലങ്ങള്‍ ഉണ്ടാക്കുന്നവയുമായ പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ നടത്തി. ഇതൊരു കഠിനവും ബുദ്ധിമുട്ടേറിയതുമായ ജോലിയല്ലെ?

ഷാരിബ് അലി: അതെ, കഠിനമായ ജോലി തന്നെയാണ്. പക്ഷെ അതേസമയം ഈ ജോലിക്ക് ഞങ്ങള്‍ എല്ലാവിധത്തിലും സജ്ജരായിരുന്നു. ഒരുപാട് ചിന്തകളിലൂടെ കടന്ന് പോയതിന് ശേഷമാണ് ക്വില്‍ ഉണ്ടാകുന്നത്. സുഹൈലും ഞാനും തദ്‌വിഷയത്തില്‍ ഒരുപാട് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. മറ്റംഗങ്ങളായ വിപുലും ഫവാസും ഭീകരവാദ വിഷയങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നില്ലെങ്കിലും, വ്യത്യസ്തമായ മൂവ്‌മെന്റുകളുമായി ചേര്‍ന്ന് അവരും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് വേണ്ടി എന്തൊക്കെയാണ് വേണ്ടത്, എങ്ങനെയാണ് ഇത് നടപ്പില്‍ വരുത്തേണ്ടത് എന്നതിനെ കുറിച്ചുള്ള ചിന്തകള്‍ക്ക് വേണ്ടി- ചിലപ്പോള്‍ അബോധത്തിലും- അഞ്ച് വര്‍ഷത്തോളം ഞങ്ങള്‍ ചെലവഴിച്ചിട്ടുണ്ട് എന്ന് വേണമെങ്കില്‍ പറയാം.

കേവലം പുസ്തകങ്ങളില്‍ നിന്ന് മാത്രമല്ല ഞങ്ങളുടെ പഠനം, ഇന്ത്യയിലെ വ്യത്യസ്ത മൂവ്‌മെന്റുകളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ഉദാഹരണമായി എ.പി.സി.എല്‍.സി, എന്‍.ബി.എ. നിയമത്തിന്റെ സ്ഥാപിതമായ അതിര്‍ത്തികള്‍ വകഞ്ഞ് മാറ്റി കടന്ന് ചെന്ന് വ്യത്യസ്ത തരത്തിലുള്ള കോടതി വിധികള്‍ സമ്പാദിക്കുന്ന കാര്യത്തില്‍ ഈ പ്രസ്ഥാനങ്ങളെല്ലാം വിപ്ലവകരമായ മുന്നേറ്റമാണ് കാഴ്ച്ചവെച്ചിരുന്നത്. അത്തരത്തിലുള്ള ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങളിലേക്ക് നാം കണ്ണയക്കുമ്പോള്‍, ഒന്നോ രണ്ടോ ആളുകള്‍ മാത്രം മതിയാവില്ല. സ്ഥിരമായി ബന്ധം പുലര്‍ത്തുന്ന ഒരു വലിയ സംഘം തന്നെ ഞങ്ങള്‍ക്കുണ്ട്. അവരെല്ലാം ഈ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. അതേസമയം തന്നെ കാര്യങ്ങളെ വ്യത്യസ്ത തരത്തില്‍ നോക്കി കാണുന്ന ബുദ്ധിശാലികളായ പുതുതലമുറയും ഞങ്ങള്‍ക്കൊപ്പമുണ്ട്. ഇതിനെ ഈ വീക്ഷണകോണില്‍ നിന്ന് നോക്കികാണുകയാണെങ്കില്‍, നിങ്ങള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനം മഞ്ഞുമലയുടെ അഗ്രഭാഗം പോലുമല്ലെന്ന് മനസ്സിലാകും.

മറ്റു പ്രസ്ഥാനങ്ങളില്‍ നിന്നും നിങ്ങള്‍ പ്രചോദനമുള്‍ക്കൊണ്ടെന്നും, നിങ്ങളുടെ ലക്ഷ്യങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉള്ളവയാണെന്നും പറയുകയുണ്ടായി. പക്ഷെ എന്നെ പോലെയുള്ള, പുറത്ത് നിന്നുള്ള ഒരു കാഴ്ച്ചക്കാരനെ സംബന്ധിച്ചിടത്തോളം, ഒരു ഗവേഷണ കേന്ദ്രീകൃത എന്‍.ജി.ഒ ആയിട്ടാണ് ക്വില്‍ അനുഭവപ്പെട്ടിട്ടുള്ളത്. എങ്ങനെയാണ് ഇവ രണ്ടിനെയും ഒരുമിച്ച് കൊണ്ടുപോകുന്നത്?

വിപുല്‍ കുമാര്‍: ചരിത്രം പരിശോധിച്ചാല്‍, സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നശിപ്പിക്കാനായി സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ് എന്‍.ജി.ഒ-കള്‍. 90-കള്‍ക്ക് ശേഷമുള്ള സാമ്പത്തിക പുനഃസംഘടനക്ക് ശേഷം തൊട്ടുടനെയാണ് എന്‍.ജി.ഒ-കള്‍ കൂണ് പോലെ മുളച്ച് പൊന്താന്‍ തുടങ്ങിയത് എന്നത് ഒരു യാദൃശ്ചികതയല്ല.

പക്ഷെ, മനുഷ്യാവകാശങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നതിലും മറ്റും എന്‍.ജി.ഓകള്‍ക്ക് സുപ്രധാനമായ പങ്കുവഹിക്കാന്‍ കഴിയും. ഇതായിരിക്കണം ആദര്‍ശപരമായി ഒരു എന്‍.ജി.ഒ-യുടെ ധര്‍മ്മം. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇത് സംഭവിച്ചിട്ടില്ല. ഫണ്ടിംഗ് ഏജന്‍സികളുടെ കെണിയില്‍ വീഴുന്ന പ്രവണത എന്‍.ജി.ഒ-കള്‍ക്കുണ്ട്. ഇത് സംഭവയാഥാര്‍ത്ഥ്യങ്ങള്‍, സമരങ്ങള്‍ എന്നിവയുമായി ഇടപെടുന്നതിലും, അവയെ മനസ്സിലാക്കുന്നതിലും അവരെ പിറകോട്ടടിച്ചിട്ടുണ്ട്.

വിഷയാധിഷ്ടിതവും, താഴെതട്ടില്‍ നിന്നും മുകളിലേക്ക് എന്നതുമായ സമീപനമാണ് ക്വില്ലിന്റേത്. ദാതാക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഞങ്ങളുടെ ജോലി ഘടന രൂപപ്പെടുത്തുന്നതിന് പകരം, യഥാര്‍ത്ഥ്യലോകത്ത് അഭിമുഖീകരിക്കേണ്ട വിഷയങ്ങളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലാണ് ജോലിയുടെ ഘടനയും, സമീപനവും ഞങ്ങള്‍ രൂപപ്പെടുത്തുന്നത്. വ്യക്തികളെയും, സമുദായങ്ങളെയും ബാധിച്ചിട്ടുള്ള വിഷയങ്ങള്‍ ഏറ്റെടുക്കുമ്പോള്‍, അവര്‍ക്ക് കൂടി ഇതില്‍ സജീവപങ്കാൡത്തം വഹിക്കാന്‍ സാധിക്കും. ഒരു പ്രത്യേക തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങളെ എതിരിടുന്ന ഒരു പ്രസ്ഥാനത്തിന്റെ നിര്‍മാണത്തിന് പ്രേരകമായാണ് ആ പങ്കാളിത്തം വര്‍ത്തിക്കുന്നത്. ഇത് സാധ്യമായ കാര്യമാണ്, കാരണം സമൂഹത്തിനുള്ളില്‍ തന്നെയാണ് ഞങ്ങള്‍ നില്‍ക്കുന്നത്. പൊതുജനങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായം സ്വീകരിക്കുന്നതില്‍ മറ്റു സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ട അവസ്ഥ ഞങ്ങള്‍ക്ക് ഉണ്ടാകുന്നില്ല.

ചിലപ്പോള്‍, കേവലം ഒരു എന്‍.ജി.ഒ എന്നതിലുപരി, ജനാധിപത്യ അവകാശ പ്രസ്ഥാനങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിടുന്ന, നീതി, ധര്‍മ്മം, സ്വാതന്ത്ര്യം എന്നിവയോട് കൂറ് പുലര്‍ത്തുന്ന ഒരു 'research and advocacy think tank' ആയി ക്വില്ലിനെ കാണുന്നതായിരിക്കും ഏറ്റവും അനുയോജ്യം.

എന്തൊക്കൊണ് മറ്റു പരിപാടികള്‍, സംരംഭങ്ങള്‍?

കെ.കെ സുഹൈല്‍: മനുഷ്യാവകാശങ്ങള്‍, നീതി, ധര്‍മ്മം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലും, കോടതി വ്യവഹാരങ്ങളിലുമാണ് ക്വില്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിട്ടുള്ളത്. പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങള്‍, സംഘങ്ങള്‍ പ്രത്യേകിച്ച്, ദലിതുകള്‍, മുസ്‌ലിംകള്‍, സ്ത്രീകള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികള്‍ തുടങ്ങിയവര്‍ നേരിടുന്ന പ്രശ്‌നങ്ങളിലാണ് ഞങ്ങള്‍ ഫോക്കസ് ചെയ്തിട്ടുള്ളത്. നീതിന്യായ വ്യവസ്ഥ അനീതിക്ക് കാരണമാകുന്ന സാഹചര്യം സൃഷ്ടിക്കുന്ന അനേകം വഴികളെ കുറിച്ച് ഞങ്ങളുടെ Law and Human Rights Cell (LHRC) പഠിക്കുകയും, അന്വേഷണം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷം, മഹാരാഷ്ട്രയിലെ ഭീകരവാദവുമായി ബന്ധപ്പെട്ട കോടതിവ്യവഹാരങ്ങളെ (1993-2015) ഞങ്ങള്‍ സമഗ്രമായ സാമൂഹിക ഓഡിറ്റിംഗിന് വിധേയമാക്കുകയുണ്ടായി. അതിന്റെ റിപ്പോര്‍ട്ട് അടുത്ത് തന്നെ പുറത്ത് വരും. ഓഡിറ്റിംഗിന്റെ ഭാഗമായി 350-ഓളം കേസുകള്‍ ഞങ്ങള്‍ പരിശോധിക്കുകയും, ഒരു തെറ്റും ചെയ്യാതെ ഭീകരവാദ കേസുകളില്‍ ഉള്‍പ്പെട്ട് കോടതി വിചാരണക്ക് വിധേയരായ നിരപരാധികളായ ഇരകളെയും അവരുടെ കുടുംബങ്ങളെയും സന്ദര്‍ശിച്ച് അവര്‍ അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങളെ കുറിച്ച് മനസ്സിലാക്കാനായി മഹാരാഷ്ട്രയിലെ വിവിധ ജില്ലകള്‍ ഞങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

ഭരണകൂട അതിക്രമത്തിന് ഇരയായവര്‍ക്ക് വേണ്ടി, പ്രത്യേകിച്ച് കുറ്റവിമുക്തരായ നിരപരാധികള്‍ക്ക് വേണ്ടിയുള്ള ഒരു കൂട്ടായ്മയും ഞങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്. നിലവില്‍, ഈ കൂട്ടായ്മയില്‍ ഒമ്പത് അംഗങ്ങളാണുള്ളത്, അവരെല്ലാം തന്നെ നിയമ ബിരുദം നേടാനുള്ള ശ്രമത്തിലാണ്. നിയമത്തിലുള്ള അവരുടെ വിജ്ഞാനം വര്‍ദ്ധിപ്പിച്ച്, സിവില്‍, ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ അവരെ ഉള്‍ച്ചേര്‍ക്കുകയും ചെയ്തു കൊണ്ട് അവരെ ശക്തിപ്പെടുത്താനാണ് ഈ കൂട്ടായ്മ ലക്ഷ്യംവെക്കുന്നത്.

മറ്റൊരു സുപ്രധാന പ്രോഗ്രാമാണ് ഇന്നസന്‍സ് നെറ്റ്‌വര്‍ക്ക്. കേസുകളില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെട്ടവരുടെ- പ്രത്യേകിച്ച് ഭീകരവാദ കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുന്നവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലുടനീളമുള്ള വ്യക്തികളുടെയും സംഘടനകളുടെയും ഒരു അഖിലേന്ത്യ കൂട്ടായ്മയാണത്. ഭീകരവാദകേസുകളിലും മറ്റു ഉള്‍പ്പെട്ട് നിരപരാധികളെന്ന് തെളിഞ്ഞ് കുറ്റിവിമുക്തരാക്കപ്പെട്ടവരാണ് ഇന്നസന്‍സ് നെറ്റ്‌വര്‍ക്കിന് നേതൃത്വം നല്‍കുന്നത്. കൂടാതെ നിയമ കൂട്ടായ്മകള്‍, സിവില്‍ ലിബര്‍ട്ടീസ് ഗ്രൂപ്പുകള്‍ എന്നിവയുടെ പിന്തുണയും നെറ്റ്‌വര്‍ക്കിന് ലഭിക്കുന്നുണ്ട്. അന്യായമായി നിരപരാധികളെ തടവിലിടുന്ന നടപടികള്‍ക്ക് തടയിടാനായി, ക്രിമിനല്‍ ജസ്റ്റിസ് വ്യവസ്ഥകളെ നവീകരിക്കുക എന്നതാണ് നെറ്റ്‌വര്‍ക്ക് ലക്ഷ്യമിടുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം നിരപരാധികളെന്ന് കണ്ട് മോചിപ്പിക്കപ്പെടുന്ന ആളുകള്‍ക്ക് അവരുടെ ജീവിതം ആദ്യം മുതല്‍ കെട്ടിപടുക്കുന്നതിന് സഹായഹസ്തം നല്‍കാനും അത് ലക്ഷ്യമിടുന്നുണ്ട്.

ഇന്നസന്‍സ് നെറ്റ്‌വര്‍ക്കിനെ പോലൊന്ന് അധികമൊന്നും കേള്‍ക്കാത്ത ഒന്നാണ്. പക്ഷെ അതേസമയം ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് അത്തരമൊരു കൂട്ടായ്മ വളരെ അനിവാര്യവുമാണ്. അതിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെക്കാമോ?

ഷാരിബ് അലി: തീര്‍ച്ചയായും. ജനങ്ങളുടെ ശ്രദ്ധപിടിച്ച് പറ്റാന്‍ ഇന്നസന്‍സ് നെറ്റ്‌വര്‍ക്കിന് കഴിഞ്ഞിട്ടുണ്ട്. സത്യം പറഞ്ഞാല്‍, ഇത്തരമൊരു വമ്പിച്ച പ്രതികരണം ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. പ്രത്യേകിച്ച്, സുരക്ഷയെ കുറിച്ച് വിഭ്രാന്തി പൂണ്ട് നില്‍ക്കുന്ന ഒരു രാജ്യത്ത് ഞങ്ങള്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണ.

അമേരിക്കന്‍ സിവില്‍ റൈറ്റ്‌സ് മൂവ്‌മെന്റ്, അതുപോലുള്ള മറ്റു ഇന്നസന്‍സ് നെറ്റ്‌വര്‍ക്കുകള്‍ എന്നിവയില്‍ നിന്നും ഞങ്ങള്‍ കാര്യങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി അവര്‍ എങ്ങനെയാണ് പോരാടിയത്, പ്രസ്ഥാനത്തെ ശക്തവും കാര്യക്ഷമവുമാക്കാന്‍ എന്തൊക്കെ തന്ത്രങ്ങളാണ് അവര്‍ ഉപയോഗപ്പെടുത്തിയത് തുടങ്ങിയ കാര്യങ്ങള്‍. അവയ്ക്ക് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് പോലും സ്വീകാര്യത ലഭിച്ചിരുന്നു.

അവരുടെ രീതികളും, ആശയങ്ങളും അസാമാന്യമായിരുന്നു. ഒരു വ്യക്തി, അന്യായമായി തടവിലിടപ്പെടുന്നു, 14 വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ പുറത്ത് വരുന്നു. അദ്ദേഹത്തിന്റെ പുതിയ തൊഴില്‍ ദാതാവ് അദ്ദേഹത്തോട് ചോദിക്കുന്നു, എവിടെയായിരുന്നു ഇത്രയും വര്‍ഷം? സ്ഥിരജോലികള്‍ വളരെ കുറവായ ഒരു സാമ്പത്തികവ്യവസ്ഥിതിയില്‍ അതൊരു വിധിനിര്‍ണായക ചോദ്യമാണ്. മൂവ്‌മെന്റ് എന്താണ് ചെയ്തത് എന്നറിയേണ്ടെ? ആ 14 വര്‍ഷം പ്രസ്തുത വ്യക്തി 'സ്റ്റേറ്റ് ഓഫ് ഫ്‌ലോറിഡയുടെ തൊഴിലാളിയായിരുന്നു' (ഉദാഹരണം) എന്ന് ഭരണകൂടത്തിന്റെ കൈയ്യില്‍ നിന്നും എഴുതി വാങ്ങി. ഇങ്ങനെ പുറത്തിറങ്ങുന്ന ഓരോരുത്തരും സ്‌റ്റേറ്റിന്റെ തൊഴിലാളികളുടെ ലിസ്റ്റില്‍ ഉണ്ടെന്ന് മൂവ്‌മെന്റ് ഉറപ്പു വരുത്തി. ഇത്തരത്തിലുള്ള അവകാശ സംരക്ഷണമാണ് നാം ഇവിടെ കൊണ്ടുവരേണ്ടത്!

നിങ്ങളുടെ പുനരധിവാസ പദ്ധതികളെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പര്യമുണ്ട്. ചോദിക്കുന്നത് എന്തിനാണെന്നാല്‍, നിയമനിര്‍മാണ പ്രക്രിയയില്‍ പരിഷ്‌കരണങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന അതേ സമയത്ത് തന്നെ നിങ്ങള്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളിലും ഒരുമിച്ച് ഏര്‍പ്പെടുന്നുണ്ട്. അതൊരു വെല്ലുവിളിയായി മാറില്ലെ?

ഫവാസ് ശഹീന്‍: തീര്‍ച്ചയായും, നിയമനിര്‍മാണരംഗത്തെ പരിഷ്‌കരണം വളരെ സമയമെടുക്കുന്ന ഒന്നാണെന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ടാണ് ഞങ്ങള്‍ ഇത്തരത്തിലുള്ള സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ സംവിധാനങ്ങള്‍ നിര്‍മിക്കുന്നത്. അതിന്റെ ഭാഗമായാണ് സാമൂഹിക പുനരധിവാസത്തിനും കൂടി ഞങ്ങള്‍ മുന്‍കൈയ്യെടുക്കുന്നത്.

ഞങ്ങളുടെ കാഴ്ച്ചപ്പാടില്‍, ഇതെല്ലാം ഇടപ്പാളയങ്ങള്‍ മാത്രമാണ്. അവസാന ലക്ഷ്യം അവരുടെ സമൂഹവുമായുള്ള പുനരേകീകരണമാണ്. കാലാകാലം അവരെ ആശ്രിതരാക്കി തളച്ചിടുന്നതിന് പകരം, അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ളവരാക്കി മാറ്റുന്നതിന് വേണ്ടി ഇത്തരത്തിലുള്ള സാമൂഹിക സംവിധാനങ്ങള്‍ നിര്‍മിക്കപ്പെടേണ്ടതുണ്ട്. അവരെ ആശ്രിതരാക്കുകയല്ല, മറിച്ച് ശാക്തീകരിക്കുകയാണ് വേണ്ടത്. എന്‍.ജി.ഒ-കള്‍ ഇത്തരത്തില്‍ ആശ്രിതരാക്കുന്ന ഒരു പ്രവണത കാണിക്കുന്നുണ്ട്.

ആ ലക്ഷ്യം എങ്ങനെ നേടിയെടുക്കും?

ഫവാസ് ഷഹീന്‍: (ചിരിക്കുന്നു) അത്.. അതു തന്നെയാണ് പ്രശ്‌നം.. ഞങ്ങളതിനെ വളരെ ഗൗരവത്തില്‍ തന്നെ പരിഗണിക്കുന്നുണ്ട്. അതിന് വേണ്ടി സസൂക്ഷ്മം പണിയെടുക്കുന്നുമുണ്ട്. കാത്തിരുന്ന് കാണാം..

തുടക്കം മുതല്‍ക്ക്, നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു?

കെ.കെ സുഹൈല്‍:  ഏറ്റവും വലിയ വെല്ലുവിളി, തീരുമാനങ്ങളെടുക്കുന്നതില്‍ ആദര്‍ശവും പ്രായോഗികതയും തമ്മിലുള്ള ഐക്യം ഉറപ്പുവരുത്തുന്നതായിരുന്നു. ഒരു ചെറിയ സംഘമാണെന്നതിനാല്‍, ഒരുപാട് സമ്മര്‍ദ്ദമുണ്ട്.

സ്ഥിരമായി ധര്‍മ്മസങ്കടത്തിലകപ്പെടാറുണ്ട് ഞങ്ങള്‍. സുപ്രധാനമായ ഒരു കാര്യത്തിന് വേണ്ടി ചെയ്തു കൊണ്ടിരിക്കുന്ന ഒരു കാര്യം നിര്‍ത്തേണ്ടി വരുമ്പോള്‍ പ്രത്യേകിച്ചും. ഉദാഹരണമായി, ഭോപ്പാലിലേക്ക് ഒരു വസ്തുതാന്വേഷണ സംഘത്തെ അയച്ചത് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പദ്ധതി പ്രകാരമായിരുന്നില്ല. പക്ഷെ മറ്റു പല കാര്യങ്ങളേക്കാളും ഞങ്ങള്‍ക്ക് അതിന് മുന്‍ഗണന കൊടുക്കേണ്ടതുണ്ടായിരുന്നു. പരിമിതമായ വിഭവങ്ങള്‍ വെച്ച് എല്ലാ കേസുകളും ഏറ്റെടുക്കുക എന്നത് വെല്ലുവിളി തന്നെയാണ്. ഈ വെല്ലുവിളിയെ മറികടക്കാനായി അടുത്തു തന്നെ ഞങ്ങളൊരു ഓപ്പണ്‍ സോഴ്‌സ് വെബ്‌സൈറ്റ് തുടങ്ങുന്നുണ്ട്. അതിലൂടെ വിവരശേഖരണ പ്രക്രിയയില്‍ പൊതുജനങ്ങള്‍ക്കും പങ്കാളികളാവാന്‍ കഴിയും. നിലവിലെ വിഭവങ്ങളുടെ കൂടെ ജനകീയ പങ്കാളിത്തത്തെയും കൂടി ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ അത് ഞങ്ങള്‍ക്ക് വലിയൊരു സഹായമായി മാറുക തന്നെ ചെയ്യും.

കടപ്പാട്: thecitizen.in
മൊഴിമാറ്റം: irshad shariathi

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics