വലിയ വികസനത്തിന്റെ 'ചെറിയ'അസ്വസ്ഥകളാണ് പശ്ചിമ കൊച്ചി

ഒരുകാലത്ത് ബ്രിട്ടീഷുകാര്‍ മിനി ഇംഗ്ലണ്ട് എന്നും ഡച്ചുകാര്‍ ഹോംലി ഹോളണ്ട് എന്നും പോര്‍ച്ചുഗ്രീസുകാര്‍ ലിറ്റില്‍ ലിസ്ബണ്‍ എന്നും ഓമന പേരിട്ടു വിളിച്ചിരുന്ന അറബി കടലിന്റെ റാണി. വെള്ളത്താല്‍ ചുറ്റപെട്ട് കിടക്കുന്ന ഒരു കൊച്ചു ദീപ്. 2014 ലെ കണക്ക് പ്രകാരം ഏകദേശം ആറ് ലക്ഷത്തി ഇരുപത്തി അയ്യായിരമാണ് കൊച്ചിയിലെ ജനസംഖ്യ. കച്ചിമേമന്‍, ഗുജറാത്തി, മാപ്പിള കലാസി തുടങ്ങി 25 ഓളം വിഭാഗങ്ങള്‍ 5 കിലോമീറ്റര്‍ ചുറ്റളവില്‍ തിങ്ങി താമസിക്കുന്ന ഒരു മിനി ഇന്ത്യ. യഥാര്‍ത്ഥ ഇന്ത്യയെ മനസിലാക്കണമെങ്കില്‍ ഗ്രാമങ്ങളിലേക്ക് ചെന്ന് നോക്കണം എന്ന് നമ്മുടെ രാഷ്ട്ര പിതാവ് പറഞ്ഞതുപോലെ യഥാര്‍ത്ഥ കൊച്ചിയെ മനസിലാക്കണമെങ്കില്‍ ചേരികളിലേക്ക് നമ്മള്‍ ഒന്ന് കണ്ണോടിക്കേണ്ടിയിരിക്കുന്നു.

1967ല്‍ മട്ടാഞ്ചേരി മുന്‍സിപ്പാലിറ്റിയേയും എറണാകുളം മുന്‍സിപ്പാലിറ്റിയേയും സംയോജിപ്പിച്ച് കൊച്ചി നഗരസഭ രൂപീകരിച്ചതോടെ പിന്നീട് കൊച്ചിന്‍ കോര്‍പറേഷന് കീഴിലുള്ള എല്ലാ ഇടങ്ങളും കൊച്ചി എന്ന പേരില്‍ അറിയപെടുന്നു.

വിദേശികളും സ്വദേശികളുമായ യാത്രക്കാരുടെയും കണ്ണില്‍ പെടാത്ത രീതിയില്‍ മറച്ചിട്ടിരിക്കുന്ന ഇടം. അന്വേഷിച്ചു ചെല്ലുന്നവര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന പച്ചയായ ജനജീവിതം. ഒറ്റമുറിയില്‍ താമസിക്കുന്ന പതിനായിരത്തോളം ആളുകള്‍. ബെഡ്‌റൂം തന്നെ ഹാളായും ഹാള്‍ തന്നെ അടുക്കളയായും ഉപയോഗിക്കുന്ന ഭവനങ്ങള്‍. സ്വന്തമെന്ന് പറയാന്‍ ഒരു തുണ്ട് ഭൂമിയും അന്തിയുറങ്ങാന്‍ കൂരയുമില്ലാത്ത പതിനായിരക്കണക്കിന് നിസ്സഹായരായ ജനങ്ങള്‍. ഏത് നിമിഷവും തലയിലേക്ക് തകര്‍ന്ന് വീഴാവുന്ന വീടുകളില്‍ താമസിച്ചും കല്യാണം കഴിച്ചും മധുവിധു ആഘോഷിച്ചും കുട്ടികളെ പ്രസവിച്ചും കൂട്ടുകുടുബമായി താമസിച്ചും ഏറെ സ്വപ്നങ്ങള്‍ കണ്ട് ജീവിതം തള്ളി നീക്കുന്നവര്‍. ആട്ടിന്‍ കൂട് പോലത്തെ കാല്‍ സെന്റ് ഭൂമിയില്‍ പശുതൊഴുത്ത് പോലത്തെ വീടുകളില്‍ താമസിച്ചിക്കന്ന വൃദ്ധ മാതാപിതാക്കള്‍. കക്കൂസോ കുളിമുറിയോ ഇല്ലാത്ത ഭവനങ്ങള്‍. വലിയ വാട്ടര്‍ട്ടാങ്കിനു മുന്നില്‍ ടാങ്കര്‍ ലോറികളെ പ്രതീക്ഷിച്ച് നില്‍ക്കുന്ന ജനങ്ങള്‍.

3 മണിമുതല്‍ രാത്രി 12 മണിവരെ ഇവിടത്തെ തെരുവുകള്‍ സജീവമാണ്. രാത്രി 1 മണിവരെ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട് ഇവിടെ. വെളുപ്പിന് മൂന്നരയോടെ ഹോട്ടലുകള്‍ തുറന്ന് തുടങ്ങുന്നു. കാരണം വീടുകളില്‍ ഇരിക്കാന്‍ സ്ഥലമില്ലങ്കില്‍ തെരുവുകളാണല്ലോ ആശ്രയം.

ഫണ്ടുകള്‍ നേടിയെടുക്കാനുള്ള ഒരു കറവപ്പശുവാണ് ഇന്ന് പശ്ചിമ കൊച്ചി. പശ്ചിമ കൊച്ചിയുടെ ചിത്രം ഫണ്ട് അനുവദിക്കാനുള്ള എളുപ്പ വഴിയും. എന്നാല്‍ ഒരു പദ്ധതിപോലും പൂര്‍ണമായി വിജയിച്ച ചരിത്രം പശ്ചിമ കൊച്ചിക്കില്ല. 2003ല്‍ പോവര്‍ട്ടി അലവേഷന്‍ ഓഫ് മട്ടാഞ്ചേരി (PAM)പദ്ധതിയിലൂടെ എഴുപത് കോടി അനുവദിച്ചെങ്കിലും അറുപത്തിയഞ്ച് കോടിയും തിരിച്ച് പോയി. പദ്ധതി ലക്ഷ്യം വെച്ച 1640 വീടുകളില്‍ ഒന്നിന്റെ പോലും നിര്‍മാണം നടന്നില്ല. ഒരാള്‍ക്ക് പോലും വീട് കിട്ടിയില്ല. പിന്നീട് 2013ല്‍ വന്ന രാജീവ് നവാസ് യോജന വന്നു. 398 കുടുംബങ്ങള്‍ക്കായുള്ള ഫ്‌ലാറ്റ് നിര്‍മാണമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ആരും ചോദിക്കാനില്ല എന്ന ധാരണയില്‍ മിണ്ടാതെ ഇരുന്നു അധികാരികളും ഉദ്യോഗസ്ഥരും. പക്ഷെ ജനകീയ സമരങ്ങളുടെ ഫലമായി തദ്ദേശ സ്വയം ഭരണ തിരഞ്ഞടുപ്പ് പ്രഖ്യാപനത്തിനു തലേന്ന് ടെന്‍ഡര്‍ വിളിച്ചു കോപ്പറേഷന്‍. അങ്ങനെ ഇരിക്കുബോഴാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ വരവ്. ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ ഉണ്ടായിരുന്ന കൊച്ചിയില്‍ നിന്നും ഒരാള്‍ക്ക് പോലും ഭൂമി കിട്ടിയില്ല. സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ മറ്റൊരു പരിപാടി തിരുവനന്തപുരത്ത് നടന്നപ്പോഴും ഒരു കൊച്ചിക്കാരനു പോലും അതിലൂടെ ഒന്നും ലഭിച്ചില്ല.

ഇവിടെ മനുഷ്യാവകാശങ്ങള്‍ നടപ്പാക്കരുതെന്ന വാശി ആര്‍ക്കൊക്കെയോ ഉണ്ടെന്ന് തോന്നിപ്പിക്കുന്നതാണ് ഇവരുടെ ജീവിതവും അവര്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പും അധികാരികളുടെ നിലപാടുകളും.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics