ഇബ്നു ഫദ്ലാന്റെ യാത്രയിലെ കാഴ്ച്ചകള്‍

ഇബ്നു ഫദ്ലാന്‍ അദ്ദേഹത്തിന്റെ 'രിസാലത്തു ഇബ്നു ഫദ്ലാന്‍'ല്‍ താന്‍ സന്ദര്‍ശിച്ച നാടുകളെ കുറിച്ച് വളരെ സൂക്ഷ്മമായി വിവരിക്കുന്നുണ്ട്. അവിടങ്ങളിലെ ഭൂപ്രകൃതിയും ജനങ്ങളുടെ പ്രകൃതിയും വ്യക്തമാക്കിയ അദ്ദേഹം അവിടത്തെ ആചാരങ്ങളെയും കാലാവസ്ഥയെയും കുറിച്ച് വരെ പറയുന്നു. തുടര്‍ന്നദ്ദേഹം അവിടങ്ങളിലെ സാമൂഹിക ജീവിതത്തെയും രാഷ്ട്രീയവും മതപരവുമായ സവിശേഷതകളെയും സാമ്പത്തികാവസ്ഥയെയും കുറിച്ചാണ് പറയുന്നത്. ആ കാലത്ത് പ്രസ്തുത പ്രദേശങ്ങള്‍ കടുത്ത അന്ധകാരത്തിലും അജ്ഞതയിലുമാണ് കഴിഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ വിചിത്രമായ പല ആചാരങ്ങളും അവിടെ നിലനിന്നിരുന്നു. മരണശേഷവും യജമാനനെ സേവിക്കുന്നതിന് വേലക്കാരിയെ കൊന്ന് അദ്ദേഹത്തോടൊപ്പം തന്നെ മറവ് ചെയ്യുന്നത് പോലുള്ള പല ആചാരങ്ങളും അദ്ദേഹത്തിലുണ്ടാക്കിയ ആശ്ചര്യവും പരിഭ്രവും അദ്ദേഹം പലയിടത്തും പ്രകടിപ്പിക്കുന്നു.
റഷ്യക്കാരെ പോലെ നല്ല ശരീരഘടനയുള്ളവരെ കണ്ടിട്ടില്ലെന്നാണ് ഇബ്നു ഫദ്ലാന്‍ റഷ്യക്കാരെ വിശേഷിപ്പിച്ചു കൊണ്ട് പറയുന്നത്. ഈന്തപ്പന മരങ്ങളോടാണ് അവരുടെ ശരീര പ്രകൃതിയെ അദ്ദേഹം താരതമ്യം ചെയ്യുന്നത്. അവര്‍ സദാ കത്തിയും വാളും മഴുവുമെല്ലാം കൂടെ വേര്‍പിരിയാതെ കൊണ്ടുനടക്കുന്നവരാണ്. അവര്‍ക്കിടയില്‍ നിലനിന്നിരുന്ന മരണവുമായി ബന്ധപ്പെട്ട ആചാരങ്ങളെയും രീതികളെയും കുറിച്ചും അദ്ദേഹം വാചാലനാവുന്നു. മനുഷ്യക്കുരുതി അടക്കമുള്ള ആചാരങ്ങളുടെ അകമ്പടിയോടെ എങ്ങനെയാണ് അവര്‍ മൃതദേഹങ്ങള്‍ കത്തിക്കുന്ന രീതി അദ്ദേഹം പറഞ്ഞുതരുന്നു. നേര്‍ത്ത പട്ടിന്റെയും പ്രദേശത്ത് ധാരാളമായി ലഭിച്ചിരുന്ന മൃഗങ്ങളുടെ തുകലിന്റെയും കച്ചവടമായിരുന്നു അവരുടെ പ്രധാന ഉപജീവന മാര്‍ഗമെന്ന് റഷ്യക്കാരുടെ സാമ്പത്തിക ജീവിതത്തെ വിശദീകരിച്ചു കൊണ്ടദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
അവരുടെ മതപരമായ ചുറ്റുപാടിനെ കുറിച്ച് വിവരിക്കുന്ന ഇബ്നു ഫദ്ലാന്‍ വിഗ്രഹാരാധനയായിരുന്നു അവര്‍ക്കിടയില്‍ നിലനിന്നിരുന്നതെന്നും ദൈവിക മതങ്ങളെ കുറിച്ച് അവര്‍ക്ക് അറിവില്ലായിരുന്നു എന്നുമാണ് പറയുന്നത്. വൈദ്യശാസ്ത്രപരമായ അറിവുകളൊന്നും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. അവരില്‍ ആര്‍ക്കെങ്കിലും രോഗം ബാധിച്ചാല്‍ വിദൂരത്തുള്ള ഏതെങ്കിലും ടെന്റില്‍ കൊണ്ടു പോയാക്കുകയാണ് ചെയ്തിരുന്നത്. അവര്‍ക്കുള്ള ആഹാരവും വെള്ളവും അയാള്‍ക്കൊപ്പം വെക്കുകയും ചെയ്യും. ഒന്നുകില്‍ രോഗം മാറുന്നത് വരെ അവിടെ കഴിയും. രോഗം കാരണം മരണപ്പെടുകയാണെങ്കില്‍ മൃതദേഹം അവര്‍ കത്തിച്ചുകളയും. അപ്രകാരം അവരുടെ ആഹാര രീതികളും അദ്ദേഹം വിവരിക്കുന്നുണ്ട്. അന്നത്തെ വൈജ്ഞാനിക തലസ്ഥാനമായ ബാഗ്ദാദില്‍ നിന്നും വരുന്ന ഇബ്നു ഫദ്ലാനെ സംബന്ധിച്ചടത്തോളം അവ അങ്ങേയറ്റം അരോചകമായിരുന്നു. മുസ്ലിം നാടുകള്‍ വിജ്ഞാനത്തിന്റെ പ്രഭ ചൊരിയുകയും യൂറോപ് അന്തകാരത്തില്‍ മുങ്ങിക്കിടക്കുകയും ചെയ്യുന്ന കാലമായിരുന്നു അത്. അതുകൊണ്ടു തന്നെ ഇബ്നു ഫദ്ലാന്‍ താന്‍ കണ്ടുമുട്ടിയവരെ തന്റെ അറിവും വിജ്ഞാനവും സംസ്കാരവും കൊണ്ട് സ്വാധീനിക്കാന്‍ സാധിച്ചു.
ആ നാടുകളിലുള്ള കൊടും തണുപ്പിനെ കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. ജയ്ഹൂന് നദി പൂര്‍ണമായും മരവിച്ച അവസ്ഥ ഞാന്‍ കണ്ടു. പത്തൊമ്പത് മുഴം വരെ കട്ടിയുള്ള ഐസ് പാളികള്‍ അതിലുണ്ടായിരുന്നു. കരയില്‍ സാധാരണ വഴി മുറിച്ചു കടക്കുന്നത് പോലെ കഴുതയും കോവര്‍ കഴുതകളും കുതിരകളും അതിന് മുകളിലൂടെ മുറിച്ചു കടന്നിരുന്നു. ഒരിക്കല്‍ കുളിപ്പുരയില്‍ നിന്നും പുറത്തു കടന്ന് വീട്ടില്‍ പ്രവേശിച്ച് തീയിനോട് അടുക്കുന്നത് വരെ അദ്ദേഹത്തില്‍ താടിയില്‍ മഞ്ഞുകണങ്ങളുണ്ടായിരുന്നു എന്നും തണുപ്പിന്റെ കാഠിന്യത്തെ കുറിച്ച് അദ്ദേഹം സൂചിപ്പിക്കുന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.