ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍; സമാധാനത്തിന്റെ അതിര്‍ത്തി കാത്ത ഗാന്ധി

അസഹിഷ്ണുതയും ആശയഭ്രാന്തും നിറഞ്ഞ ഒരു കാലത്താണ് നാം ജീവിക്കുന്നത്. അതിര്‍ത്തി ഗാന്ധി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍ എന്ന പോരാളിയുടെ ജീവിതവും അധ്യാപനങ്ങളും മുമ്പെത്തേക്കാളുപരി പ്രസക്തമാകുന്നത് ഇപ്പോഴാണ്.

ബ്രിട്ടീഷ് വിരുദ്ധ ഇന്ത്യന്‍ ചെറുത്ത് നില്‍പ്പിന്റെ നെടുന്തൂണുകളില്‍ ഒരാളായിരുന്നു ഗാഫര്‍ ഖാന്‍ അഥവാ 'ബച്ചാ ഖാന്‍' (പശ്തുവില്‍ 'കിംങ് ഖാന്‍' എന്നര്‍ത്ഥം). സാമൂഹിക ഉന്നമനത്തിന് വേണ്ടിയും, അനീതിക്കെതിരെയും അദ്ദേഹം തളരാതെ പോരാടി. അഹിംസയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത അചഞ്ചലമായിരുന്നു, അവസാനം ശ്വാസം വരേക്കും അതില്‍ നിന്നും ഒരടി പോലും വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ഇസ്‌ലാമിനെ കുറിച്ചും, അതിന്റെ തത്വങ്ങളെ സംബന്ധിച്ചുമുള്ള ആഴത്തിലുള്ള അറിവും ബോധ്യവുമായിരുന്നു അഹിംസയുടെ പ്രായോഗിക വക്താവായി അദ്ദേഹത്തെ മാറ്റിയത്. അഹിംസയുടെയും, സഹിഷ്ണുതയുടെയും മതമായിട്ടായിരുന്നു ഖാന്‍ എല്ലായ്‌പ്പോഴും ഇസ്‌ലാമിനെ (സമാധാനം എന്നാണ് ഇസ്‌ലാം എന്ന പദത്തിന്റെ അര്‍ത്ഥം) മുന്നോട്ട് വെച്ചത്.

സഹിഷ്ണുതയുടെയും അഹിംസയുടെയും സന്ദേശ പ്രചാരണത്തിനും, അധ്യാപനത്തിനും വേണ്ടി ബച്ചാ ഖാന്‍ തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. അഹിംസ എന്ന ആശയം പരിശുദ്ധ ഖുര്‍ആനില്‍ ആഴത്തില്‍ വേരോടി കിടക്കുന്നതാണെന്നും, അതുപോലെ തന്നെ ജിഹാദിനുള്ള അഥവാ 'വിശുദ്ധ യുദ്ധ'ത്തിനുള്ള ഒരു ആയുധം കൂടിയാണ് അഹിംസയെന്നും അദ്ദേഹം ഉറച്ച് വിശ്വസിച്ചു.

'ജിഹാദ്' എന്ന പദത്തിന്റെ അര്‍ത്ഥം 'തിന്മകള്‍ക്കെതിരെയുള്ള ഒരാളുടെ ആത്മീയ പോരാട്ടം' എന്നാണ്. അനീതികള്‍ക്കെതിരെയുള്ള പോരാട്ടം എന്നും അതിനര്‍ത്ഥമുണ്ട്. അത് ഒരുപാട് വഴികളിലൂടെ സാധ്യവുമാണ്. ചിലപ്പോള്‍ ഒരു വിരല്‍ അനക്കേണ്ട ആവശ്യം പോലും വേണ്ടി വന്നേക്കില്ല. ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം, അനീതിക്കെതിരെ ഒരാളുടെ മനസ്സില്‍ ഒരു ചെറിയ വെറുപ്പെങ്കിലും ഉടലെടുത്താല്‍ മതി, ആ ചിന്ത പോലും ജിഹാദാണ്. ഇതെല്ലാം 'ജിഹാദ്' എന്ന വാക്കില്‍ ഉള്‍ക്കൊള്ളുന്നതാണ്.

ബച്ചാ ഖാന്‍ സ്ഥാപിച്ച 'ഖുദായ് ഖിദ്മത്ത് ഘര്‍' (ദൈവ ദാസന്‍മാര്‍), ബ്രിട്ടീഷ് പോലിസിനും, സൈന്യത്തിനും എതിരെയുള്ള അഹിംസയിലധിഷ്ടിതമായ പോരാട്ടത്തില്‍ സുപ്രധാന പങ്ക് വഹിച്ചിരുന്നു. അദ്ദേഹം അതിലെ അംഗങ്ങളോട് നിരന്തരം ഉണര്‍ത്തുമായിരുന്നു: 'പോലിസിനും, സൈന്യത്തിനും പ്രതിരോധിക്കാന്‍ സാധിക്കാത്ത ഒരു ആയുധമാണ് ഞാന്‍ നിങ്ങള്‍ക്ക് നല്‍കാന്‍ പോകുന്നത്. പ്രവാചകന്‍(സ) ഉപയോഗിച്ചിരുന്ന ആയുധമാണത്, പക്ഷെ നിങ്ങളതിനെ കുറിച്ച് ബോധവാന്‍മാരല്ല. സഹനവും, ധാര്‍മ്മികതയുമാണ് ആ ആയുധം. ലോകത്തിലെ ഒരു ശക്തിക്കും അതിനോടെതിരിട്ട് നില്‍ക്കാന്‍ സാധ്യമല്ല,'

അനുയായികള്‍ തങ്ങളുടെ നേതാവിന്റെ സന്ദേശത്തോട് വഞ്ചന കാട്ടിയില്ല. ബ്രിട്ടീഷുകാര്‍ ക്രൂരവും മനുഷ്യത്വരഹിതവുമായ പീഢന-മര്‍ദ്ദനങ്ങള്‍ അഴിച്ചുവിട്ടെങ്കിലും (1930-ല്‍ പെഷാവറിലെ ഖിസ്സാ ഖവാനി ബസാറില്‍ നടന്ന കൂട്ടക്കൊല ഉദാഹരണമാണ്), അനുയായികള്‍ തങ്ങളുടെ നേതാവിന്റെ അഹിംസ സന്ദേശം മുറുകെ പിടിച്ചു കൊണ്ട് തന്നെ അവയെ നേരിടാന്‍ ചങ്കൂറ്റം കാണിക്കുകയാണ് ചെയ്തത്.

ഇവരുടെ മനോവീര്യം എങ്ങനെ തകര്‍ക്കുമെന്നും, സ്ഥിതിഗതികള്‍ എങ്ങനെ തങ്ങളുടെ വരുതിയിലാക്കുമെന്നും അറിയാതെ, ബ്രിട്ടീഷുകാര്‍ അവരുടെ കിരാതമായ അടിച്ചമര്‍ത്തല്‍ നടപടികള്‍ ഒന്നുകൂടി ശക്തമാക്കി. അബ്ദുല്‍ ഗാഫര്‍ ഖാന്‍ നിരന്തരം ജയിലിലടക്കപ്പെടുകയും, ക്രൂരമായ പീഢനങ്ങള്‍ക്ക് വിധേയനാവുകയും ചെയ്തു. പക്ഷെ ശത്രുവിന് മുന്നില്‍ അടിയറവ് പറയാന്‍ പഷ്തൂണുകളുടെ ആ ധീരവിപ്ലവകാരി തയ്യാറായിരുന്നില്ല. ചില കണക്കുകള്‍ പ്രകാരം, ജീവിതത്തിലെ ഒരോ മൂന്ന് ദിവസത്തിലും ഒരു ദിവസം ഖാന്‍ ജയിലിലാണ് കഴിഞ്ഞത്. മുഴുവന്‍ സമൂഹത്തിനുമെന്ന പോലെ തന്നെ, തന്റെ സ്വസമുദായാംഗങ്ങള്‍ക്കും വിദ്യാഭ്യാസത്തിന്റെയും, ആത്മാഭിമാനത്തിന്റെയും, സ്വയം പര്യാപ്തതയുടെയും പ്രാപഞ്ചിക മൂല്യങ്ങള്‍ പകര്‍ന്ന് കൊടുക്കാന്‍ അദ്ദേഹം കഠിനമായി പരിശ്രമിച്ചു.

തന്റെ സമകാലികരായ മഹാത്മ ഗാന്ധി, മാര്‍ട്ടിന്‍ ലൂഥര്‍ കിംങ് ജൂനിയര്‍, നെല്‍സണ്‍ മണ്ടേല, തുടങ്ങിയ ലോകനേതാക്കളുടെ സന്ദേശങ്ങള്‍ ഖാന്‍ ഗാഫര്‍ ഖാനിലൂടെ പ്രതിധ്വനിച്ചു. അതിര്‍ത്തി ഗാന്ധിയുടെ ജീവിതത്തെ കുറിച്ചും, സമാധാനത്തിലും, അഹിംസയിലും അധിഷ്ഠിതമായ അദ്ദേഹത്തെ പോരാട്ടത്തെ കുറിച്ചും അനേകം ജീവചരിത്രങ്ങളും, ഡോക്യുമെന്ററികളും പുറത്തിറങ്ങിയതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല. ഏക്‌നാഥ് ഈശ്വരിന്റെ 'Non-violent Solider of Islam', രാജ് മോഹന്‍ ഗാന്ധിയുടെ 'Ghaffar Khan: Non-violent Badshah of the Pakhtuns', എന്നീ ജീവചരിത്ര ഗ്രന്ഥങ്ങളും, ടെറി മക് ലൂഹന്റെ 'The Frontier Gandhi - Badshah Khan, A Torch For Peace' എന്ന ഡോക്യൂമെന്ററിയും ആ മഹാന്റെ സംഭവബഹുലമായ ജീവിതത്തിന്റെ ചില അടയാളപ്പെടുത്തലുകളാണ്.

അസഹിഷ്ണതയും, ഹിംസയും സമൂഹത്തിലും, രാജ്യത്തും ആഴത്തില്‍ വേരോടിയിരിക്കുന്ന വര്‍ത്തമാന കാലത്ത്, ബച്ചാ ഖാന്റെ അധ്യാപനങ്ങളും, ജീവിതവും കൂടുതല്‍ പ്രസക്തി അര്‍ഹിക്കുന്നുണ്ട്. 'വിപ്ലവത്തിന് തോക്കിന്‍കുഴല്‍ തന്നെ വേണമെന്നില്ല, അത് നമ്മുടെ ഉള്ളില്‍ നിന്നും തുടങ്ങാന്‍ സാധിക്കും' എന്ന ആശയത്തിന്റെ ശക്തനായ വക്താവായിരുന്നു അദ്ദേഹം.

ഈ മഹാനായ മനുഷ്യന്റെ പോരാട്ട ജീവിതത്തില്‍ നിന്നും ലോകം പാഠമുള്‍ക്കൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കടപ്പാട്: dailyo.in
മൊഴിമാറ്റം: irshad shariathi

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus