ഒത്തുതീര്‍പ്പല്ല, വധശിക്ഷയാണ് ഞങ്ങള്‍ തെരെഞ്ഞെടുക്കുക

ഇസ്രയേല്‍ തടവറയിലെ ഒമ്പത് മാസത്തെ ഏകാന്തതടവിന് ശേഷം മോചിതനായ ഫലസ്തീന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ ശൈഖ് റാഈദ് സലാഹ് അല്‍ജസീറ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജയില്‍ ജീവിതം വിവരിക്കുന്നു. തടവറക്കോ പീഡനങ്ങള്‍ക്കോ തന്നെ പോരാട്ടത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് നിശ്ചയദാര്‍ഢ്യത്തോടെ അദ്ദേഹം പറയുന്നത്. അഭിമുഖത്തിലെ പ്രസക്ത ഭാഗം:

കൂടുതല്‍ കരുത്തും പ്രതീക്ഷയും നിറഞ്ഞ ഒരു ശൈഖ് റാഇദ് സലാഹാണല്ലോ ജയിലില്‍ നിന്നും പുറത്തിറങ്ങിയിരിക്കുന്ന്, എന്താണ് ഈ പുഞ്ചിരിക്ക് പിന്നിലെ രഹസ്യം?
ഫലസ്തീന്‍ ജനതയില്‍ നിന്നുള്ള ഒരുകൂട്ടം തടവുകാരെ പരിചയപ്പെടാനുള്ള അവസരം ഏകാന്ത തടവറയിലെ ജീവിതത്തിലൂടെ അല്ലാഹു എനിക്ക് നല്‍കി. കൂടിക്കാഴ്ച്ച നടത്താനോ ഹസ്തദാനം ചെയ്യാനോ പോലും ഞങ്ങള്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ലെങ്കിലും സെല്ലുകള്‍ക്കിടയിലെ ജാലകങ്ങളിലൂടെ ഞങ്ങള്‍ സംഭാഷണങ്ങള്‍ നടത്തി. എന്നാല്‍ എന്റെ ചുണ്ടില്‍ കാണുന്ന പുഞ്ചിരിക്കാവശ്യമായത് ആ സംസാരങ്ങളിലുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനും ചെറുത്തുനില്‍പിനും അടിസ്ഥാനങ്ങള്‍ മുറുകെ പിടിക്കുന്നതിനും അതില്‍ വിജയിക്കുന്നതിനുമുള്ള സംവിധാനമാണ് ജയില്‍ എന്ന് എന്നെ അത് ബോധ്യപ്പെടുത്തി. ഫലസ്തീനികളായ ഞങ്ങളുടെ ജനതക്കും ഖുദ്‌സിനും വിശുദ്ധ അഖ്‌സക്കും നല്ല ഒരു പുലര്‍ക്കാലം അവിടെ നിന്നുദയം ചെയ്യുമെന്ന് ഞാന്‍ മനസ്സിലാക്കി.

ജയില്‍ മോചിതനായ താങ്കളെ പുലര്‍ച്ചെ ഒറ്റക്ക് ഇസ്രയേലികള്‍ തിങ്ങിനിറഞ്ഞ ബസ് സ്‌റ്റേഷനില്‍ ഇറക്കിവിടുകയാണല്ലോ ചെയ്തത്, ഇത്തരത്തില്‍ താങ്കളെ മോചിപ്പിച്ചതിലൂടെ എന്തായിരിക്കാം അവര്‍ ഉദ്ദേശിച്ചത്?
ഇസ്രയേല്‍ സമൂഹത്തിന്റെ ആക്രമണം എനിക്ക് നേരെയുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുലര്‍ച്ചെ എന്നെ ഒറ്റക്ക് അവിടെ ഇറക്കിയത് എന്നാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്. എന്നെ ബിഅ്ര്‍ ശേബ സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇറക്കിവിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അവര്‍ പറഞ്ഞപ്പോള്‍ എനിക്ക് നേരെ ആക്രമണം ഉണ്ടാവാതിരിക്കാന്‍ അറബികള്‍ വസിക്കുന്ന റഹത്ത് നഗര കവാടത്തില്‍ ഇറക്കിവിടാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. അതിന്നവര്‍ വിസമ്മതിച്ചത് എന്റെ ഈ വിശ്വാസത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ജൂത നഗരമായ കിര്‍യാത് മലാഗിയിലെ ബസ് സ്റ്റേഷനില്‍ എന്നെ ഇറക്കിവിടണമെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചു. ജയില്‍ ജീവനക്കാരുമായി ഞാന്‍ തര്‍ക്കിച്ചു കൊണ്ടിരിക്കെ ഒരു ജൂതന്‍ രഹസ്യമായി എന്റെ ഫോട്ടോയെടുത്തു. എന്നിട്ട് 'നമ്മുടെ സൈനികര്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍ തീവ്രവാദികള്‍ മോചിപ്പിക്കപ്പെടുന്നു' എന്ന അടിക്കുറിപ്പോടെ ആ ഫോട്ടോ അയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. 'അയാളെ വധിക്കാനുള്ള ഏറ്റവും നല്ല അവസരമാണിത്' എന്ന് ചില ഇസ്രയേലികള്‍ അതിന് താഴെ കമന്റുകളും കുറിച്ചു. എന്നെ മോചിപ്പിച്ച് ഒറ്റക്ക് ഉപേക്ഷിക്കാന്‍ തീരുമാനിച്ചവര്‍ എന്നെ വധിക്കാനാണ് ശ്രമിച്ചതെന്ന് വ്യക്തമാക്കുന്നതാണ് ഇക്കാര്യം. മാത്രമല്ല, എന്നെ മോചിപ്പിക്കുന്ന സമയത്ത് റാമോന്‍ ജയിലില്‍ എത്തിയ ബന്ധുക്കളോടും അഭിഭാഷകരോടും 'അദ്ദേഹം പോയി, അദ്ദേഹത്തെ ഞങ്ങള്‍ ഒറ്റക്ക് ഉപേക്ഷിച്ചു' എന്ന മറുപടിയാണ് ജയില്‍ അധികൃതര്‍ നല്‍കിയത്. എങ്ങനെയാണ് ഇങ്ങനെ വിവേകശൂന്യമായ തീരുമാനമെടുക്കുന്നതെന്ന അവര്‍ ചോദിച്ചു. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഇടപെടാനാവില്ലെന്നും സുരക്ഷാ വിഭാഗമായ ഷാബാകിന്റേതാണ് തീരുമാനം എന്നുമാണ് അധികൃതര്‍ അറിയിച്ചത്. ഇസ്രയേല്‍ പൊതുഗതാഗത സംവിധാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ എന്നെ അപകടപ്പെടുത്തുക എന്നതായിരുന്നു പ്രസ്തുത തീരുമാനത്തിന്റെ പിന്നില്‍ എന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്.

ഇസ്രയേലികള്‍ തിങ്ങിനിറഞ്ഞ ബസ് സ്റ്റേഷനില്‍ ഒറ്റക്ക് ഉപേക്ഷിക്കപ്പെട്ട ശേഷം എന്താണ് താങ്കള്‍ ചെയ്തത്?
ജയിലില്‍ വെച്ച് ഞാന്‍ കുറിച്ചിട്ട നോട്ട്ബുക്കുകളും കുറിപ്പുകളും വഹിച്ച് ജയില്‍ വകുപ്പിന്റെ വാഹനത്തില്‍ നിന്നും ഇറങ്ങിയ ഞാന്‍ യാത്രക്കാരുടെയും സ്റ്റേഷന്റെയും തിരക്കില്‍ നിന്നും വിട്ടുനിന്നു. പെട്ടന്ന് ഒരു ബസ്സ് എന്റെ അടുത്ത് നിര്‍ത്തി. കുസൈഫ പ്രവിശ്യയില്‍ നിന്നുള്ള ഒരു അറബിയായിരുന്നു അതിന്റെ ഡ്രൈവര്‍. എന്നെ സ്വാഗതം ചെയ്ത അദ്ദേഹം മുന്നിലുള്ള സീറ്റില്‍ ഇരുത്തി. എനിക്കത് വലിയ ആശ്വാസമായി. ബസ് സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ യൂണിവേഴ്‌സിറ്റിയിലേക്ക് പോകുന്ന റഹത്തില്‍ നിന്നുള്ള ഒരു അറബി വിദ്യാര്‍ഥി എന്റെ അടുത്ത് വന്നിരുന്നു. അവനുമായുള്ള സംസാരവും എനിക്ക് ആശ്വാസം പകരുന്നതായിരുന്നു. ബസ്സ് തെല്‍അവീവിന് സമീപത്തെത്തിയപ്പോള്‍ ഞാന്‍ അതില്‍ നിന്നും ഇറങ്ങി. രാവിലെയായതിനാല്‍ ബസ്സുകള്‍ ജൂതന്‍മാരായ യാത്രക്കാരെ കൊണ്ട് നിറഞ്ഞതായിരുന്നു. കണ്ണുകള്‍ എന്റെ നേരെ തിരിഞ്ഞു. ബസ് സ്‌റ്റേഷനില്‍ നിന്നും തിരക്കില്‍ നിന്നും ഞാന്‍ അകന്ന നിന്നു. അപ്പോള്‍ ശൈഖ് റാഇദ് സലാഹ് എന്ന് ഉറക്കെ പേര്‍ വിളിച്ചു കൊണ്ട് ഒരാള്‍ എന്നെ സ്വാഗതം ചെയ്യുന്നു. റംലയില്‍ നിന്നുള്ള അറബിയായ ടാക്‌സി ഡ്രൈവറാണ് വിളിക്കുന്നത്. അദ്ദേഹം കാറില്‍ കയറ്റി എന്നെ യാഫയില്‍ ഹസന്‍ ബെക് മസ്ജിദില്‍ ഇറക്കിവിട്ടു. ഞാന്‍ വീട്ടുകാരുമായി ബന്ധപ്പെടുകയും സംഭവിച്ച കാര്യങ്ങള്‍ പറയുകയും ചെയ്തു. ആ സമയം എനിക്ക് സുരക്ഷിതത്വവും നിര്‍ഭയത്വവും അനുഭവപ്പെട്ടു. എന്റെ മോചനം പ്രതീക്ഷിച്ച് റാമോന്‍ ജയിലിലേക്ക് തിരിച്ച കുടുംബാങ്ങളും സഹോദരങ്ങളും നാട്ടുകാരും വരുന്നത് വരെ ഞാന്‍ അവിടെ കാത്തിരുന്നു.

ഏകാന്ത തടവിനെ കുറിച്ച് എന്ത് പറയുന്നു?
ഒമ്പത് മാസം ഞാനനുഭവിച്ചത് ഏകാന്ത തടവായിരുന്നു. എന്റെ ഏകാന്ത തടവ് മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതായിരുന്നു. ഏകാന്തതയെ കുറിച്ച് നാം കേള്‍ക്കാറുണ്ട്. എന്നാല്‍ വേദനയുടെയും പ്രയാസങ്ങളുടെയും ലോകമാണത്. എല്ലാ കാര്യങ്ങളില്‍ നിന്നും വിലക്കപ്പെട്ട് ഏതാനും മീറ്റര്‍ മാത്രമുള്ള മുറിയില്‍ മനുഷ്യന്‍ അടച്ചിടപ്പെടുകയാണ്. സെല്ലുകളിലെ ജാലകങ്ങള്‍ക്കിടയിലൂടെ സംസാരിക്കുന്നതിനപ്പുറം മറ്റ് തടവുകാരുമായി ഇടപഴകുന്നത് പോലും വിലക്കുന്നതാണത്. അതാണ് യഥാര്‍ഥ പരീക്ഷണം. ഏകാന്തതയുടെ വേട്ടയാടലിനെ തടവുകാരന് എങ്ങനെ അതിജയിക്കാനാവും?

ഏകാന്തതയില്‍ എങ്ങനെയായിരുന്നു നിങ്ങള്‍ സമയം ചെലവിട്ടത്?
എനിക്ക് എന്റേതായ പരിപാടികള്‍ ഉണ്ടായിരുന്നു. ഒട്ടും അതിശയോക്തിയില്ലാതെ ഞാന്‍ പറയുകയാണ്: ആ സന്ദര്‍ഭത്തില്‍ എന്റെ സമയം വളരെ ചുരുങ്ങിയതായിട്ടാണ് എനിക്കനുഭവപ്പെട്ടത്. എണ്‍പതിലേറെ പുസ്തകങ്ങള്‍ ഞാന്‍ വായിച്ചു. നാല് പുസ്തകങ്ങള്‍ രചിക്കുന്നതിനായി അത്രത്തോളം നോട്ടുബുക്കുകളില്‍ എഴുതുകയും ചെയ്തു. ഖുദ്‌സിനെയും മസ്ജിദുല്‍ അഖ്‌സയെയും ഫലസ്തീന്‍ ജനതയെയും കുറിച്ച് 23 കാവ്യങ്ങളും ഞാന്‍ രചിച്ചു. ഏകാന്തതയെ കുറിച്ച് ഒരുപാട് എഴുതാനുണ്ട്. ജയിലില്‍ വെച്ച് ഞാന്‍ എഴുതിയ ഒരു പുസ്തകത്തിന്റെ തലക്കെട്ട് തന്നെ 'ജയിലിലെ ഏകാന്ത ജീവിതം' (അല്‍ഹയാത്തു ബിസ്സിജിനി മഅ്‌സൂലന്‍) എന്നാണ്. ഏകാന്ത തടവുകാരുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും നിറഞ്ഞ, ദുരിതങ്ങളും വേദനകളുമുള്ള ജീവിതത്തിന്റെ വിശദാംശങ്ങള്‍ അതില്‍ വിവരിക്കുന്നു. അനുഭവങ്ങളും രാത്രികളില്‍ ഏകാന്തതടവുകാരുമായി ജാലക പഴുതിലൂടെ നടത്തിയ സംഭാഷണങ്ങളിലൂടെ ലഭിച്ച കഥകളുമാണത്.

ഏകാന്ത തടവിലെ തടവുകാരുടെ ചലനങ്ങളെ എന്ത് പറയുന്നു?
തുടക്കത്തില്‍ ഒരു ഫതഹ് പാര്‍ട്ടിക്കാരനായ തടവുകാരനെയാണ് ഞാന്‍ പരിചയപ്പെട്ടത്. എന്നോട് സംസാരിച്ച അദ്ദേഹം എനിക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു. സെല്ലുകള്‍ മാറി മാറി വന്നു. കഴിഞ്ഞ റമദാനില്‍ നോമ്പുതുറക്കുന്നതിന് തൊട്ടുമുമ്പ് 'ശൈഖ് റാഇദ് സലാഹ്, അസ്സലാമു അലൈകും.. ജബ്ഹത്തുശ്ശഅബിയയ്യുടെ ബിലാല്‍ കായിദാണ് താങ്കളോട് സംസാരിക്കുന്നത്' എന്നൊരു ശബ്ദം കേട്ടു. പിന്നീട് കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ആ സെല്ലിലുണ്ടായിരുന്ന ആള്‍ മാറി. പിന്നീട് ജീവപര്യന്തങ്ങള്‍ വിധിക്കപ്പെട്ട ഒരു യുവാവാണ് എന്നോട് അവിടെ നിന്നും സംസാരിച്ചിരുന്നത്. ഗസ്സയില്‍ നിന്നുള്ള ഒരു ഹമാസ് പ്രവര്‍ത്തകനാണെന്നാണ് അദ്ദേഹം പരിചയപ്പെടുത്തിയത്. രാഷ്ട്രീയ തടവുകാര്‍ക്കൊപ്പമാണ് ഞാന്‍ കഴിഞ്ഞത്. സ്വപ്‌നങ്ങളും പ്രതീക്ഷകളും വേദനകളും അവരെയെല്ലാം ഒന്നിപ്പിച്ചിരുന്നു. ഐക്യത്തിന്റെ കെട്ടുറപ്പ് അനുഭവിക്കുന്നവരായിരുന്നു അവര്‍. യാതൊരുവിധ വേര്‍തിരിവുകളും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. അതേസമയം ജയില്‍ അധികൃതരുടെ അടിച്ചമര്‍ത്തല്‍ നടപടികളെ വെല്ലുവിളിക്കുന്നതില്‍ തടവുകാരുടെ പ്രസ്ഥാനം അവരെ ശക്തമായി ഒന്നിച്ചു നിര്‍ത്തുകയും ചെയ്തു. ജയിലിനകത്തുള്ള ഐക്യവും കെട്ടുറപ്പും ജയിലിന് പുറത്തു പല ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ ജനതയിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നു.

മോചിപ്പിക്കുന്നതിന് മുമ്പ് ഇസ്രയേല്‍ ഇന്റലിജന്‍സ് താങ്കളെ ചോദ്യം ചെയ്യലിന് വിധേയനാക്കുകയും ഫലസ്തീന്‍ അടിസ്ഥാനങ്ങളിലും ഖുദ്‌സിന്റെയും അഖ്‌സയുടെയും കാര്യത്തില്‍ ഒത്തുതീര്‍പ്പിന് തയ്യാറാവാനും സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നല്ലോ. അതിന്റെ വിശദാംശങ്ങള്‍ വിവരിക്കുമോ?
2003ല്‍ അല്‍ജുംല ജയിലില്‍ ബന്ദികളാക്കപ്പെട്ട എന്റെ സഹോദരങ്ങളുടെ മുമ്പില്‍ വെച്ചത് തന്നെയാണ് എനിക്ക് മുമ്പിലും അവര്‍ വെച്ചത്. മൂന്ന് കാര്യങ്ങളില്‍ ഒപ്പുവെക്കാന്‍ തയ്യാറായാല്‍ ജയില്‍ മോചനം സംബന്ധിച്ച ചര്‍ച്ച നടത്താമെന്നും ഭാവിയില്‍ നടപടികളൊന്നും സ്വീകരിക്കില്ലെന്നുമാണ് അന്ന് അവര്‍ പറഞ്ഞത്. ജൂതന്‍മാരും ഫലസ്തീനികളും ഒത്തൊരുമിച്ച് സഹകരിച്ച് ജീവിക്കാന്‍ ആഹ്വാനം ചെയ്യുക എന്നതായിരുന്നു അതില്‍ ഒന്നാമത്തേത്. മസ്ജിദുല്‍ അഖ്‌സക്ക് മേലുള്ള ഉത്തരവാദിത്വം ഞങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു രണ്ടാമത്തെ ആവശ്യം. മൂന്നാമതായി അവര്‍ ആവശ്യപ്പെട്ടത് നെസറ്റില്‍ കയറാനുള്ള ഞങ്ങളുടെ ഉദ്ദേശ്യം പ്രഖ്യാപിക്കുക എന്നതായിരുന്നു. 'നിങ്ങളുടെ വാഗ്ദാനം ഞങ്ങള്‍ കേട്ടു, ഞങ്ങളുടെ കാല്‍ചുവട്ടിലാണ് അതിന്റെ സ്ഥാനം' എന്ന് പറഞ്ഞ് പൂര്‍ണാര്‍ഥത്തില്‍ അത് തള്ളിക്കളയുന്നതായിരുന്നു ഞങ്ങളുടെ മറുപടി. എന്നെ ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെടുന്നതിന് അഞ്ച് ദിവസം മുമ്പ് അതേ സംഗതി ആവര്‍ത്തിക്കുക മാത്രമാണുണ്ടായത്. സാലിമിലെ മിലിറ്ററി കോര്‍ട്ട് കോംപ്ലക്‌സിലേക്ക് കൊണ്ടുപോയി മണിക്കൂറുകളോളം ഇന്റലിജന്‍സ് എന്നെ ചോദ്യം ചെയ്തു. ഒത്തുതീര്‍പ്പായിരുന്നു അതില്‍ അവര്‍ ആവശ്യപ്പെട്ടത്. 'ഞങ്ങളിപ്പോഴും ആശ്ചര്യപ്പെടുകയാണ്, നിങ്ങളിപ്പോഴും ആവര്‍ത്തിക്കുന്നത് മസ്ജിദുല്‍ അഖ്‌സ അപകടത്തിലാണെന്നാണ്. മുസ്‌ലിംകള്‍ക്കൊപ്പം ഇസ്രേയല്‍ സമൂഹത്തിന് കൂടി മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിക്കാനുള്ള വല്ല സാധ്യതയുമുണ്ടോ.'' എന്നാണ് അവര്‍ ആവശ്യപ്പെട്ടത്. എല്ലാ ഒത്തുതീര്‍പ്പുകള്‍ക്കും മുകളിലാണ് മസ്ജിദുല്‍ അഖ്‌സയെന്നും അന്ത്യദിനം വരെ  അത് മുസ്‌ലിംകളുടേതായിരിക്കുമെന്ന മറുപടിയാണ് ഞാനതിന് നല്‍കിയത്. അതവരെ രോഷാകുലരാക്കി. എനിക്കെതിരെ വെല്ലുവിളിയും ഭീഷണിയും ഉയര്‍ത്തിയാണവര്‍ പ്രതികരിച്ചത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ എന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങളും തടയുമെന്നും യാതൊരുവിധ കൂട്ടായ്മയുമായി മുന്നോട്ടു പോകാന്‍ അനുവദിക്കില്ലെന്നും 'ഭീകര' നിയമം ചുമത്തി അറസ്റ്റ് ചെയ്യുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. ഇതല്ലാതെ മറ്റ് സാധ്യതകളൊന്നും എന്റെ മുമ്പില്‍ ഇല്ലല്ലോ? എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവരുടെ മറുപടി ഇതായിരുന്നു: നിങ്ങള്‍ക്ക് നെസറ്റില്‍ പ്രവേശിക്കാനും മത്സരിക്കാനും സാധിക്കും, അവിടെ നിങ്ങള്‍ക്ക് മാറ്റവും സ്വാധീനവും ഉണ്ടാക്കാമല്ലോ. ജീവനുള്ള കാലത്തോളം ഞാന്‍ നെസ്റ്റില്‍ പ്രവേശിക്കില്ല എന്ന ഉടനെ ഞാന്‍ പ്രതികരിച്ചു.

എന്റെ മറുപടി അവരുടെ കോപം വര്‍ധിപ്പിച്ചു. സഹവര്‍ത്തിത്തോടെ ജീവിക്കുന്നതിനെ കുറിച്ചായിരു്‌നു മറ്റൊരാളുടെ ചോദ്യം. 'നാം ഒരുമിച്ച് ജീവിക്കേണ്ടവരാണ്, ഇസ്രയേലികളും ഫല്‌സ്തീനികളും തമ്മിലുള്ള സഹവര്‍ത്തിത്വം ശക്തിപ്പെടുത്തുന്നതില്‍ എന്താണ് നിങ്ങള്‍ പങ്കാളിയാവാത്തത്?' അതിന് ഞാന്‍ മറുപടി നല്‍കി: 'ഞങ്ങളോടുള്ള ശത്രുതാപരമായ പെരുമാറ്റം നിങ്ങളാണ് മാറ്റേണ്ടത്'. ചോദ്യം ചെയ്യല്‍ കഴിഞ്ഞ ജയില്‍ വാഹനത്തില്‍ റാമോന്‍ ജയിലിലേക്ക് മടങ്ങുമ്പോള്‍ പോലും ഇസ്രയേല്‍ മാധ്യമങ്ങള്‍ എനിക്കെതിരെയുള്ള ആരോപണങ്ങളാണ് ചര്‍ച്ച ചെയ്തിരുന്നത്. അക്രമത്തിന് പ്രേരിപ്പിച്ചു, നിരോധിക്കപ്പെട്ട സംഘടനക്ക് നേതൃത്വം നല്‍കി തുടങ്ങിയവയെല്ലാം അതിലുണ്ടായിരുന്നു. മോചിപ്പിക്കുന്നതിന് തൊട്ടുമുമ്പ് രാജ്യം വിട്ടു പോകുന്നതിനും ഖുദ്‌സിലും അഖ്‌സയിലും പ്രവേശിക്കുന്നതിനും എനിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

ഫലസ്തീന്‍ ജനതയുടെ അടിസ്ഥാനങ്ങള്‍ക്ക് മേലുള്ള ഒരു വിലപേശലായിരുന്നോ അത്?
അതെ, അങ്ങനെ തന്നെയാണത്. ഒരു ജനത തങ്ങളുടെ അടിസ്ഥാനങ്ങളില്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറായി എന്നതിനര്‍ഥം അവര്‍ ആത്മഹത്യ ചെയ്തു എന്നതാണ്, തിന്നും കുടിച്ചും അവര്‍ ജീവിക്കുന്നുണ്ടെങ്കിലും ശരി. ഞങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തി അവരാവശ്യപ്പെടും പോലെ അടിസ്ഥാനങ്ങളില്‍ വിട്ടുവീഴ്ച്ചക്ക് സന്നദ്ധരാക്കാമെന്നാണ് ഇസ്രയേല്‍ ഭരണകൂടം ധരിച്ചിരിക്കുന്നത്.

ഫലസ്തീന്‍ ജനത ജീവിക്കുന്ന ഈ ഘട്ടത്തിന്റെ സ്വഭാവമെന്താണ്?
കൃത്യമായി പറഞ്ഞാല്‍ ഞങ്ങളിപ്പോള്‍ ജീവിക്കുന്ന ഘട്ടം വ്യക്തമാക്കുന്നത് അടിസ്ഥാനങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ജീവിക്കുകയും മരിക്കുകയും ചെയ്യുമെന്നാണ്. അഖ്‌സയും ഖുദ്‌സും അപകടത്തിലാണ് അതിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ഒത്തുതീര്‍പ്പുമില്ല. വീടുകള്‍ തകര്‍ത്തും ആട്ടിയോടിച്ചും ജയിലിലടച്ചും രക്തം ചിന്തിയും അടിച്ചമര്‍ത്തല്‍ നടപടികളുമായി ഇസ്രയേല്‍ എത്രത്തോളം മുന്നോട്ടു പോയാലും സ്വാതന്ത്ര്യത്തിനും വിമോചനത്തിനും വിശുദ്ധ പ്രദേശങ്ങളുടെ വീണ്ടെടുപ്പിനും വേണ്ടി ഞങ്ങള്‍ പോരാടി കൊണ്ട് നിലകൊള്ളും. ഞങ്ങള്‍ ഭയക്കാന്‍ പാടില്ല, ഞങ്ങളുടെ അടിസ്ഥാനങ്ങള്‍ മുറുകെ പിടിച്ച് നിലകൊള്ളല്‍ അനിവാര്യമാണ്. സമര്‍പ്പണവും നിശ്ചയദാര്‍ഢ്യവും ധീരതയും കൈമുതലായിട്ടുള്ള ഒരു ഘട്ടമാണിത്. അറബ് ഇസ്‌ലാമികാടിസ്ഥാനങ്ങളില്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറാവുന്നതിനേക്കാള്‍ ഞങ്ങള്‍ക്ക് അന്തസ്സുള്ള കാര്യം വധശിക്ഷാ വിധിയാണ്. അടിസ്ഥാനങ്ങളുടെ കാര്യത്തില്‍ ഒരു പുനരാലോചനയോ പുനര്‍വിചിന്തനമോ ഇല്ല.

ഈ ഘട്ടത്തെ നേരിടുന്നതിന് ഫലസ്തീനികളോട് എന്താണ് ആവശ്യപ്പെടുന്നത്?
ഈ അടിയന്തിരാവസ്ഥയില്‍ നമ്മുടെ വിജയമെന്നത് ഖുദ്‌സിന്റെയും അഖ്‌സയുടെയും രക്തസാക്ഷികളുടെയും നാടിന്റെയും വിജയമാണ്. നമ്മുടെ കണ്ണുകള്‍ക്ക് ഉറക്കം ബാധിക്കുന്നത് നാം കരുതിയിരിക്കണം. ഇസ്രയേല്‍ അതിക്രമങ്ങളും രക്തംചിന്തലും എത്ര രൂക്ഷമായാലും അടിസ്ഥാനങ്ങള്‍ക്ക് ഉറക്കമിളച്ച് നാം കാവല്‍നില്‍ക്കണം. സമീപത്തെത്തിയിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ സുപ്രഭാതത്തിലേക്ക് ഒറ്റക്കെട്ടായി നാം മുന്നോട്ടു നീങ്ങണം. നെഗവില്‍ സംഭവിക്കുന്ന, കുടിയിറക്കലും ഉമ്മുല്‍ ഹീറാനിലെ കൊലയുമെല്ലാം വേദനാജനകമാണ്. എന്നാല്‍ അപ്രതീക്ഷിതമായ ഒരു സംഗതിയല്ല അത്. ഇസ്രയേല്‍ ഭരണകൂടം മുമ്പും ഫലസ്തീനികളോട് ഇങ്ങനെയൊക്കെ തന്നെയാണ് പെരുമാറിയിട്ടുള്ളത്. 2015ന് ശേഷം നെഗവില്‍ 2200 വീടുകളാണ് തകര്‍ക്കപ്പെട്ടത്. അറാഖീബ് ഗ്രാമത്തില്‍ ഒറ്റയടിക്ക് 108 വീടുകള്‍ തകര്‍ത്തു. വരാനിരിക്കുന്നത് ഒരുപക്ഷേ പ്രയാസകരമായ ഒരു ഘട്ടമായിരിക്കാം. അതുകൊണ്ട് സ്ഥൈര്യവും നിശ്ചദാര്‍ഢ്യവും നമുക്കുണ്ടാവണം.

1948ലെ ഫലസ്തീനികളോടുള്ള പെരുമാറ്റത്തില്‍ നെതന്യാഹു ഭരണകൂടം എവിടേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്?
ഞങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ആദ്യത്തെ ഭരണകൂടമാണ് നെതന്യാഹുവിന്റേതെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. മുന്‍കഴിഞ്ഞ എല്ലാ ഭരണകൂടങ്ങളും പല ലക്ഷ്യങ്ങള്‍ക്കായി ഞങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചവയാണ്. ഒരുകാലത്ത് അവര്‍ ലക്ഷ്യം വെച്ചത് ഞങ്ങള്‍ എന്നും വെള്ളം കോരികളും വിറകുവെട്ടികളുമായി തന്നെ നിലനില്‍ക്കണമെന്നായിരുന്നു. പിന്നീട് കേവലം അക്കങ്ങള്‍ മാത്രമാക്കി ഫലസ്തീനിനകത്ത് ഞങ്ങളെ ഒതുക്കിനിര്‍ത്താനായിരുന്നു പദ്ധതി. പിന്നീട് ഞങ്ങളെ കുടിയിറക്കണമെന്ന ആവശ്യം ഉയര്‍ന്നു. നിലവില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തിയാല്‍ ഞങ്ങള്‍ കീഴടങ്ങുകയും വിട്ടുവീഴ്ച്ചയിലേക്ക് കൊണ്ടുവരികയും ചെയ്യാമെന്നാണ് നെതന്യാഹു വ്യാമോഹിക്കുന്നത്. ഫലസ്തീനിന്റെ അകം കടുത്ത സംഘര്‍ഷത്തിലാണെന്ന് ബുദ്ധിയുള്ള ഏതൊരാള്‍ക്കും അനുഭവിക്കാനാവുന്ന കാര്യമാണെന്നാണ് നെതന്യാഹു ഭരണകൂടത്തോട് എനിക്ക് പറയാനുള്ളത്. പ്രസ്തുത സംഘര്‍ഷത്തിന്റെ അനന്തരഫലവും പ്രത്യാഘാതവും ഇസ്രയേല്‍ വഹിക്കേണ്ടി വരും. നേതാക്കളെയും പാര്‍ട്ടികളെയും ഒറ്റപ്പെടുത്തിയും രാഷ്ട്രീയ അറസ്റ്റുകള്‍ നടത്തിയും കുടിയിറക്കിയും ഫലസ്തീനികളെ പല കഷണങ്ങളാക്കാമെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ അതിലൊരിക്കലും നിങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ലെന്ന് മനസ്സിലാക്കുക.

വിവ: നസീഫ്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics