കുഞ്ഞുമനസ്സില്‍ വിവേചന വിഷം കുത്തിവെക്കുന്നതാര്?

അയല്‍വാസികളായ മക്കളും എന്റെ മകളും വൈകുന്നേരം പുറത്ത് കളിക്കുന്നത് നോക്കിയിരിക്കെ, ആ മക്കളിലൊരാള്‍ സ്‌കൂളിലെ കഥ പറഞ്ഞു തുടങ്ങി. സ്‌കൂളില്‍ കുട്ടികള്‍ ചീത്തവാക്കുകള്‍ ഉപയോഗിക്കുന്നതായിരുന്നു അവളുടെ വിഷയം. 'ഇത്താത്താ.. അല്ലെങ്കിലും ഹിന്ദു കുട്ടികളൊക്കെയും അങ്ങനെ അല്ലെ സംസാരിക്കുക' എന്നവള്‍ പറഞ്ഞതും എന്റെ കൂടെയിരിക്കുന്ന അമുസ്‌ലിംം കൂട്ടുകാരിയുടെ മുമ്പില്‍ ഞാന്‍ കുറച്ചൊന്നുമല്ല പരുങ്ങിയത്.

കഴിഞ്ഞ വെക്കേഷന് നാട്ടില്‍ പോയപ്പോള്‍ കുടുംബക്കാരിലൊരാള്‍ അവരുടെ ചെറിയ മകളെ ഒരു അമുസ്‌ലിം സുഹൃത്തിന്റെ കയ്യില്‍ കൊടുക്കുമ്പോള്‍ അവരുടെ മൂത്തമകള്‍ പറഞ്ഞു: 'ഉമ്മാ.. കൊടുക്കല്ലേ... അവര് ഹിന്ദുവാ..'  ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകളുടെ പ്രതികരണമായിരുന്നു അത്. എങ്ങനെ മോള്‍ക്കത് മനസ്സിലായി എന്നു ചോദിച്ചപ്പോള്‍ കയ്യില്‍ ചരടുണ്ട് എന്നായിരുന്നു മറുപടി.

എവിടെ നിന്നാണ് നമ്മുടെ കുഞ്ഞുമക്കളുടെ മനസ്സില്‍ ഈ വിവേചനം വളര്‍ന്നത്? ജനിച്ചു വീഴുന്ന കുട്ടികള്‍ നിഷ്‌കളങ്കരായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പിന്നെ വീടുകളില്‍ നിന്നാണോ അതല്ല, സ്‌കൂളില്‍ നിന്നാണോ എന്നറിയാനായിരുന്നു എന്റെ തിരച്ചില്‍. സ്‌കൂളില്‍ പോകാന്‍ തുടങ്ങിയ മക്കളാണ് എന്റെ ഉദാഹരണങ്ങളൊക്കെയും എന്നാല്‍ വീട്ടില്‍ നിനന് അമ്മമാരോ സ്‌കൂളിലെ ടീച്ചര്‍മാരോ ആ വിവേചനം ഓതിക്കൊടുക്കുമെന്ന് വിശ്വസിക്ക വയ്യ.

പിന്നെ എവിടെ നിന്ന്? അവസാനം ഞാനെത്തിയ നിഗമനം കുട്ടികള്‍ നമ്മുടെ ഉപദേശം കേള്‍ക്കുന്നതിനേക്കാളേറെ നമ്മെ വീക്ഷിച്ച് കാര്യം ഗ്രഹിക്കുന്നവരാണെന്നതാണ്. അവര്‍ സ്‌കൂളിലെത്തും മുമ്പ് കാണുന്ന ലോകത്ത് നമ്മുടെ കൂട്ടുകെട്ടും, നാം ഇടപഴകുന്നവരും മാത്രമാണുള്ളത്. പലപ്പോഴും നമ്മില്‍ ഭൂരിഭാഗവും ഇടപഴകുന്നത് സ്വന്തം സമുദായക്കാരോട് മാത്രമാണ്.

ഈ ചുറ്റുപാടില്‍ നിന്ന് അവരെത്തുന്നത് എല്ലാ മതക്കാരുമുള്ള സ്‌കൂള്‍ ക്ലാസ്മുറിയിലാണ്. ബുദ്ധി ഉറക്കാത്ത നിഷ്‌കളങ്കമായ അവരുടെ ചിന്തയില്‍ 'ഞങ്ങളും' 'അവരും' വേറിട്ട് നില്‍ക്കുന്നു എന്ന തോന്നല്‍ സ്വാഭാവികം. ഒപ്പം അവരുടെ കുഞ്ഞ് മനസ്സുകള്‍ കണ്ടെത്തുന്ന വ്യത്യസ്തകളും.

ഇവിടെ നാം ശ്രദ്ധിക്കേണ്ടത്, ഇതര മതസ്ഥരോടും നിറവ്യത്യാസമുള്ളവരോടും സാമ്പത്തികമായി ഉയര്‍ന്നവരോടും താഴ്ന്നവരോടും നാം മാന്യമായി ഇടപഴകുന്നതും സംസാരിക്കുന്നതും കാണാന്‍ ചെറുപ്പം മുതല്‍ തന്നെ മക്കള്‍ക്ക് അവസരം ഒരുക്കാനാണ്. അതിലൂടെ വ്യത്യസ്തതകളെ അസ്വസ്ഥയേതുമില്ലാതെ ഉള്‍ക്കൊള്ളാനുള്ള ഒരു മനസ്സ് അവരില്‍ പാകപ്പെടുത്തിയെടുക്കാന്‍ സാധിക്കും. ഈ വ്യത്യസ്ഥതകളെ ഉള്‍ക്കൊള്ളല്‍  കൂട്ടുകെട്ടുകളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. മക്കളുടെ വളര്‍ച്ചയുടെ ഓരോ പടവുകളിലും അവര്‍ക്ക് മറ്റുള്ളവരുടെ ചിന്തകളെയും, മനസ്സിനെയും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും വിശാലമായി ചിന്തിക്കാനുമുള്ള ഹൃദയവിശാലതയും അതിലൂടെ കൈവരുന്നു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus