നിശബ്ദമാക്കപ്പെട്ട ജനതയുടെ ശബ്ദമാണ് ഈ നോവല്‍

കാശ്മീരിലെ സായുധ സംഘട്ടനത്തിന് ഇനിയും അറുതിയായിട്ടില്ല, ഇതിനോടകം തന്നെ ഒരുപാട് മനുഷ്യജീവനുകള്‍ പൊലിഞ്ഞു കഴിഞ്ഞു. മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ദുരിതങ്ങളാണ് ഈ സംഘട്ടനം മൂലം കാശ്മീരികള്‍ക്ക് അനുഭവിക്കേണ്ടി വന്നത്. കാശ്മീരികളുടെ ദുരിതജീവിതം വാക്കുകളിലേക്ക് പരിവര്‍ത്തിപ്പിച്ച് കേന്ദ്രത്തിനെ അറിയിച്ച എഴുത്തുകാരിയാണ് ശഹനാസ് ബഷീര്‍. കാശ്മീരില്‍ നിന്ന് തന്നെയുള്ള കാശ്മീരികളുടെ ശബ്ദം. കഴിഞ്ഞ 25 വര്‍ഷത്തോളമായി കാശ്മീരികളുടെ ദുരിതജീവിതം കേന്ദ്രത്തിലുള്ളവര്‍ ശ്രദ്ധിക്കാറേയില്ല. പട്ടാള അടിച്ചമര്‍ത്തലിന് കീഴില്‍ ജീവിച്ച കാശ്മീരികളുടെ ദുരിതാവസ്ഥകളെ സാഹിത്യഭാവനയിലൂടെ വെളിച്ചത്ത് കൊണ്ടുവരാനുള്ള ശ്രമത്തിലൂടെ കാശ്മീര്‍ സംഘര്‍ഷത്തിന്റെ യാഥാര്‍ത്ഥ്യത്തെ സംബന്ധിച്ച പുതിയൊരു പരിപ്രേക്ഷ്യം പ്രദാനം ചെയ്യുന്നതാണ് ഷഹനാസ് ബഷീറിന്റെ അരങ്ങേറ്റ നോവലായ 'ദി ഹാഫ് മദര്‍'. പട്ടാള അടിച്ചമര്‍ത്തലിന്റെ എല്ലാവിധ വേദനകളും നേരിട്ട് അനുഭവിക്കേണ്ടി വന്ന കാശ്മീരി സ്ത്രീകളിലാണ് നോവല്‍ പൂര്‍ണ്ണമായും കേന്ദ്രീകരിച്ചിരിക്കുന്നത്. അധികമാരും ശ്രദ്ധിക്കാത്ത ഒരു വശമാണത്.

1990-കളില്‍ ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ കാശ്മീരില്‍ സായുധ വിപ്ലവം പൊട്ടിപുറപ്പെട്ട സമയത്താണ് നോവല്‍ നടക്കുന്നത്. കാശ്മീരിന്റെ ചരിത്രത്തിലെ അക്രമാസക്ത ഘട്ടത്തിന്റെ തുടക്കമായിരുന്നു അത്. സമരങ്ങളും, പ്രതിഷേധങ്ങളും, കൊലപാതകങ്ങളും, സ്‌ഫോടനങ്ങളും, ഏറ്റുമുട്ടലുകളും പതിവായി. ശഹനാസ് ബഷീര്‍ തന്റെ നോവലില്‍ അത് ഇങ്ങനെ വിശദീകരിക്കുന്നു:

വര്‍ഷം 1990. താഴ്‌വരയില്‍ സായുധ പോരാട്ടം ശക്തിപ്പെട്ടു. സര്‍ക്കാര്‍ രാജിവെച്ചു, ഗവര്‍ണര്‍ ഭരണം നിലവില്‍ വന്നു. കണ്ണീരും, രക്തവും, മരണവും, യുദ്ധവും, കര്‍ഫ്യൂകളും, അടിച്ചമര്‍ത്തലും, റൈഡുകളും, ഏറ്റുമുട്ടലുകളും, കൊലപാതകങ്ങളും, ബങ്കറുകളും, പാലായനവും, മാര്‍ക്കറ്റുകള്‍, സ്‌കൂളുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവ അഗ്നിക്കിരയാക്കലും സര്‍വ്വസാധാരണമായി. ശഫീഖയുടെ മക്കളായ ശഹീന്‍ ബട്ടും (ശാസ്ത്രത്തിലും ഗണിതത്തിലും മികച്ചു നിന്ന വിദ്യാര്‍ത്ഥി) ഇംറാന്‍ ബട്ടുമാണ് (വളര്‍ന്നു വരുന്ന ഫുട്ബാള്‍ താരം) ആദ്യമായി നാട്ടിപോറയില്‍ നിന്നും പാകിസ്ഥാന്‍ അതിര്‍ത്തി കടക്കാന്‍ പോയവര്‍. അവരുടെ മകള്‍ റുഖ്‌സാനയാണ് പട്ടാളക്കാരാല്‍ മര്‍ദ്ദിക്കപ്പെട്ട്, നഗ്നയാക്കപ്പെട്ട് സ്വന്തം മാതാപിതാക്കള്‍ക്ക് മുന്നില്‍ തുണിയില്ലാതെ അവശയായി നില്‍ക്കേണ്ടി വന്ന നാട്ടിപോറയിലെ ആദ്യത്തെ സ്ത്രീ. ശബീര്‍ അഹ്മദാണ് ആദ്യമായി നാട്ടിപോറയില്‍ പട്ടാളക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടയാള്‍. ഒരു ടെലഫോണ്‍ പോസ്റ്റില്‍ ഉണ്ടായിരുന്ന പാകിസ്ഥാന്‍ പതാക നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചതിനാണ് ഇന്ത്യന്‍ സൈന്യം ശബീറിന്റെ ശരീരത്തിലേക്ക് 23 ബുള്ളറ്റുകള്‍ തുളച്ച് കയറ്റിയത്. മകന്‍ റിയാസിനെ സൈന്യത്തിന് കൈമാറാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് കര്‍ഷകനായ റംസാന്‍ ദറിന്റെ വിളഞ്ഞു നിന്ന നെല്‍പ്പാടം സൈന്യം കത്തിച്ച് ചാമ്പലാക്കിയത്. പതിനായിരങ്ങള്‍ പ്രതിഷേധവുമായി തെരുവുകളിലേക്ക് ഒഴുകിയെത്തി. പുരുഷന്‍മാരും, സ്ത്രീകളും, കുട്ടികളും, വൃദ്ധരും, യുവാക്കളും എല്ലാവരും തെരുവിലിറങ്ങി. അവരുടെ തലയിലെ പച്ചക്കെട്ടുകള്‍, വീശിയ കൊടികള്‍, ഉയര്‍ത്തി പിടിച്ച പ്ലക്കാര്‍ഡുകള്‍, ഉച്ചത്തില്‍ അലറി വിളിച്ച മുദ്രാവാക്യങ്ങള്‍, ചുവരുകളില്‍ എഴുതിയ വാക്കുകള്‍ എല്ലാം ഒന്നായായിരുന്നു: ആസാദി. (പേജ്: 32)

പട്ടാള അടിച്ചമര്‍ത്തലിന്റെ മറ്റു ദുരന്ത യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍, 1990-കളിലെ മറ്റൊരു സ്ഥിതിവിശേഷത്തെ കുറിച്ചും നോവല്‍ സംസാരിക്കുന്നുണ്ട് - അപ്രത്യക്ഷരാകുന്ന കാശ്മീരികള്‍. ഹലീമയുടെ കൗമാരപ്രായക്കാരനായ മകന്‍ ഇംറാന്‍, ഇന്ത്യന്‍ പട്ടാളം അറസ്റ്റ് ചെയ്തതിന് ശേഷം അവനെ പിന്നീട് ആരും കണ്ടിട്ടില്ല. ഇംറാനെതിരെ ഒരു കേസ് പോലും ഉണ്ടായിരുന്നില്ല. മിലിറ്റന്‍സിയുമായി യാതൊരു ബന്ധവുമില്ലാത്ത, പഠിക്കാന്‍ മിടുക്കനായ കുട്ടിയായിരുന്നു അവന്‍. പക്ഷെ, ഇന്ത്യന്‍ പട്ടാളം അവനെ പൊക്കി, കാരണം കാശ്മീരികളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ പട്ടാളം എന്ത് ക്രൂരതയും പ്രയോഗിക്കും. ഈ രംഗം കാശ്മീരിലുടനീളം ആവര്‍ത്തിക്കുന്ന ഒന്നാണ്. നോവലില്‍ മേജര്‍ അമാന്‍ കുശ്‌വാഹയാണ് ഭരണകൂട ക്രൂരതയുടെ പ്രതീകം. 'ഇന്ത്യക്കെതിരെ ശബ്ദിക്കാന്‍' ധൈര്യം കാട്ടിയാല്‍ 'എന്തൊക്കെയാണ് സംഭവിക്കുക' യെന്ന് അദ്ദേഹം കാശ്മീരികള്‍ക്ക് കാണിച്ചു കൊടുത്തു. (പേജ് 50). ഇംറാന്‍ മാത്രമല്ല 'അപ്രത്യക്ഷമാവലിന്' ഇരയായിട്ടുള്ളത്. ആയിരകണക്കിന് കാശ്മീരി പുരുഷന്‍മാരാണ് ഇത്തരത്തില്‍ അപ്രത്യക്ഷരായിട്ടുള്ളത്. ഇവരുടെ വിധവകളെ 'അര്‍ധ വിധവകള്‍' എന്നാണ് കാശ്മീരികള്‍ വിളിക്കുന്നത്. നോവലിന്റെ തലക്കെട്ടും അതു തന്നെയാണ് പറയുന്നത്, 'അര്‍ധ മാതാക്കള്‍'. ഇത്തരത്തില്‍ അപ്രത്യക്ഷരായ കാശ്മീരികളുടെ മാതാപിതാക്കള്‍ ചേര്‍ന്ന് രൂപം നല്‍കിയ സംഘടനയാണ് Association of Parents of Disappeared Persons (APDP). സംഘടന നല്‍കുന്ന കണക്ക് പ്രകാരം 1989-നും 2009-നും ഇടയില്‍ അപ്രത്യക്ഷരായ കാശ്മീരികളുടെ എണ്ണം 8000-ത്തിനും 10000-നും ഇടയിലാണ്.

നോവലില്‍ പ്രധാന കഥാപാത്രമായ ഹലീമയാണ് കാശ്മീര്‍ സ്ത്രീകളുടെ പ്രതീകം. സംഘര്‍ഷത്തിന്റെ ഏത് അവസ്ഥയിലും, സ്ത്രീകളും കുട്ടികളും തന്നെയാണ് അതിന്റെ പ്രധാന ഇരകള്‍. കാശ്മീര്‍ പോലെയുള്ള ഒരു സംഘര്‍ഷ മേഖലയില്‍, രാഷ്ട്രീയ അടിച്ചമര്‍ത്തലിന്റെ ഒരു ഉപകരണമായാണ് സ്ത്രീ ശരീരത്തിന് മേലുള്ള ലൈംഗിക അതിക്രമങ്ങളും ബലാത്സംഗങ്ങളും ഉപയോഗിക്കപ്പെടുന്നത് എന്നതിന് ഒരുപാട് തെളിവുകളുണ്ട്. നോവലിലെ ഹലീമയുടെയും മറ്റു സ്ത്രീകളുടെയും ജീവിതം വരച്ച് കാണിക്കുന്നത് പോലെ, ഉറ്റവരായ ബന്ധുക്കളെ കൊല്ലുന്നതിലൂടെയും തടവിലിടുന്നതിലൂടെയുമാണ് സ്ത്രീകളെ കഠിനായ വൈകാരിക സമ്മര്‍ദ്ദത്തിന് വിധേയരാക്കുന്നത്. സംഘര്‍ഷ മേഖലകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളം, ബലാത്സംഗങ്ങളും അനിവാര്യഘടകങ്ങളാണെന്ന് കാശ്മീരിനെ സംബന്ധിച്ച ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ അന്വേഷണങ്ങളും മറ്റു പഠനങ്ങളും തുറന്ന് കാട്ടുന്നുണ്ട്. കാശ്മീരില്‍ നിലനില്‍ക്കുന്ന അഫ്‌സ്പ പോലെയുള്ള ഭീകരനിയമങ്ങള്‍ക്ക് ഇത്തരം അതിക്രമങ്ങളില്‍ വലിയ പങ്കുണ്ട്.

കാശ്മീരില്‍, പട്ടാള അടിച്ചമര്‍ത്തലുകളുടെയും, റെയ്ഡുകളുടെയും മറവിലാണ് ബലാത്സംഗങ്ങളും, മാനഭംഗങ്ങളും വ്യാപകമായി നടക്കുന്നത്. റെയ്ഡുകള്‍ നടക്കുമ്പോള്‍ പുരുഷന്‍മാരെയെല്ലാം തിരിച്ചറിയല്‍ പരേഡിന്റെ പേരില്‍ ജനവാസകേന്ദ്രങ്ങളില്‍ നിന്നും വളരെ അകലെയുള്ള വയലുകളില്‍ നിരത്തി നിര്‍ത്തും. നോവലിലെ ഇത്തരമൊരു കഥാസന്ദര്‍ഭത്തിലാണ്, ഒരു മിലിറ്റന്റിന്റെ സഹോദരിയായ റുഖ്‌സാന സ്വന്തം മാതാപിതാക്കളുടെ മുന്നില്‍ വെച്ച് സൈനികരാല്‍ മര്‍ദ്ദിക്കപ്പെടുകയും, നഗ്നയാക്കപ്പെടുകയും ചെയ്യുന്നത്. അവളുടെ മാതാവ് ശഫീഖയും ക്രൂരമായി മര്‍ദ്ദിക്കപ്പെടുന്നുണ്ട്. മകന്‍ കീഴടങ്ങിയില്ലെങ്കില്‍ റുഖ്‌സാനയെ തട്ടിക്കൊണ്ടു പോകുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. രാഷ്ട്രീയവും സൈനികവുമായ ലക്ഷ്യങ്ങള്‍ നേടുന്നതിന് വേണ്ടിയാണ് മര്‍ദ്ദകഭരണകൂടങ്ങള്‍ ബോധപൂര്‍വ്വം സ്ത്രീകളെ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തുന്നത്.

സൈനികരോട് എതിര്‍ത്ത് സംസാരിക്കാന്‍ ധൈര്യം കാണിച്ചു എന്ന കുറ്റത്തിന്റെ പേരിലാണ് ഹലീമയുടെ പിതാവിനെ അവരുടെ കണ്‍മുന്നില്‍ വെച്ച് ചോരകൊതി മൂത്ത സൈനികര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ഇത് കൊണ്ടും മതിയാകാത്ത പോലെയാണ്, അവരുടെ കുടുംബത്തിന്റെ അവശേഷിച്ച അത്താണിയും, ആണ്‍തരിയുമായ മകന്‍ ഇംറാനെ അതേ സൈന്യം പിടിച്ചു കൊണ്ടുപോയത്. ശേഷമുള്ള ഹലീമയുടെ ദുരിത ജീവിതം വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധ്യമല്ല. മകന്‍ ഇംറാന്‍ ജീവനോടെയുണ്ടോ ഇല്ലേ എന്ന അനിശ്ചിതത്വം ഈ ഉമ്മയെ മാനസികമായും ശാരീരകമായും തളര്‍ത്തി. മകനെ അന്വേഷിച്ച് അവര്‍ ഇനി എത്താത്ത ജയിലുകളില്ല, സൈനിക ക്യാമ്പുകളില്ല, പോലിസ് സ്‌റ്റേഷനുകളില്ല. പക്ഷെ മകനെ അവിടെയെങ്ങും കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അധികാരികള്‍ അവരെ കയ്യൊഴിഞ്ഞു, രാഷ്ട്രീയക്കാര്‍ അവരെ അവഗണിച്ചു, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തി, നീതിന്യായ വ്യവസ്ഥ അവരോട് അനീതി കാണിച്ചു, മാധ്യമങ്ങള്‍ അവരെ കണ്ടതായി പോലും നടിച്ചില്ല. സൈനിക ആധിപത്യത്തിന് മുന്നില്‍ നിസ്സഹായനായ ഒരു പോലിസ് ഉദ്യോഗസ്ഥന്‍ തന്റെ നിസ്സഹായാവസ്ഥ അറിയിച്ചു കൊണ്ട് ഹലീമയോട് പറഞ്ഞു, 'ഞങ്ങള്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ട് ഒരുപാട് നാള് കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ സൈന്യത്തിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. കാണാതായവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുകയും, അത് കുടുംബങ്ങള്‍ക്ക് എത്തിക്കുകയും മാത്രമാണ് ഇന്ന് ഞങ്ങളുടെ ജോലി' (പേജ് : 63). 1990-കളിലെ കാശമീര്‍ ജീവിതത്തിന്റെ യഥാര്‍ത്ഥ മുഖം വെളിവാക്കുന്നതായിരുന്നു ആ പോലിസ് ഓഫീസറുടെ വാക്കുകള്‍. ഇന്ത്യന്‍ സൈന്യമായിരുന്നു എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നതും, നടപ്പില്‍ വരുത്തിയിരുന്നതും. മകന് വേണ്ടിയുള്ള കാത്തിരിപ്പിന്റെ വേദന ശരീരത്തെയും മനസ്സിനെയും കാര്‍ന്ന് തിന്നുണ്ടെങ്കിലും, ഭയന്ന് പിന്‍മാറാന്‍ ഹലീമ ഒരുക്കമല്ല. എന്നിരുന്നാലും, വിജയിക്കാന്‍ സാധ്യതയില്ലാത്ത ഒരു യുദ്ധമാണ് താന്‍ നടത്തുന്നതെന്ന് ഹലീമക്ക് നല്ല ബോധ്യമുണ്ട്.

അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ പ്രതീകമാണ് ഹലീമ. മര്‍ദ്ദകര്‍ക്ക് വിധേയപ്പെടാന്‍ അവള്‍ നിര്‍ബന്ധിക്കപ്പെട്ടു. ഹലീമയുടെ മാത്രം കഥയല്ല ഇത്. ഇന്ത്യന്‍ സൈന്യത്തിന്റെ കിരാത നടപടികള്‍ക്ക് കീഴില്‍ ദുരിതജീവിതം നയിക്കുന്ന പതിനായിരങ്ങളുടെ പ്രതിനിധിയാണ് ഹലീമ. അവരിലൂടെ കാശ്മീരിലെ കുട്ടികളും, മാതാപിതാക്കളും, ആണ്‍കുട്ടികളും, പെണ്‍കുട്ടികളും, ഭാര്യമാരും, മര്‍ദ്ദക ഭരണകൂടവും സംസാരിക്കുന്നു. ഇവരുടെ വീക്ഷണകോണുകളിലൂടെ സഞ്ചരിക്കുന്ന നോവല്‍ കാശ്മീര്‍ ചരിത്രത്തെ തന്നെയാണ് അടയാളപ്പെടുത്തുന്നത്. നോവലിലെ എല്ലാ കഥാപാത്രങ്ങളും ഈ ചരിത്ര നിയോഗത്തില്‍ സജീവ പങ്കാളികളായി മാറുന്നു.

കാശ്മീരിലെ സായുധ സംഘര്‍ഷത്തെ കുറിച്ച അധികൃത ഭാഷ്യവും, മാധ്യമ റിപ്പോര്‍ട്ടുകളും യഥാര്‍ത്ഥ്യത്തില്‍ നിന്നും വളരെ അകലെയായിരുന്നു. അതിന്റെ ഫലമായി, പുറംലോകം സത്യമെന്താണെന്ന് അറിഞ്ഞില്ല. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, കാശ്മീരികളുടെ ജീവിതത്തിലൂടെ കടന്ന് പോയ അടിച്ചമര്‍ത്തല്‍ യുഗത്തെ സംബന്ധിച്ച വിവരങ്ങള്‍ മര്‍ദ്ദകരുടെ കൈകളില്‍ സുരക്ഷിതമായിരുന്നു. ഇത് നോവലില്‍ ഹലീമയുടെ പിതാവിന്റെ (അബ്ബാ ജാന്‍) വാക്കുകളില്‍ പ്രതിഫലിക്കുന്നുണ്ട്. ഒരിക്കല്‍ കാശ്മീരിന്റെ ചരിത്രത്തെ കുറിച്ച് ചോദിച്ചതിന് തന്റെ പണ്ഡിറ്റ് അധ്യാപകനില്‍ നിന്നും ഇംറാന് ശകാരം കേള്‍ക്കേണ്ടി വന്നു. ഇതറിഞ്ഞ പിതാവ് ഇംറാനോട് പറഞ്ഞു, 'എല്ലാത്തിനും ഒരു ചരിത്രമുണ്ട്. നമുക്കും ഒരു ചരിത്രമുണ്ട്. നമ്മുടെ സ്വന്തം ചരിത്രം. പക്ഷെ ആ ചരിത്രം വെളിച്ചം കണ്ടിട്ടില്ലെന്നതാണ് സത്യം... കാരണം ചില ആളുകള്‍ ആ ചരിത്രം പുറത്ത് വരുന്നത് ഇഷ്ടമില്ല. ആ ചരിത്രത്തിന്റെ ഒരംശം പോലും പുറത്തു വരരുതെന്ന് ആഗ്രഹിക്കുന്നവരാണ് അവര്‍. നാം പോലും നമ്മുടെ ആ ചരിത്രം അറിയരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. നാം ആരാണെന്നതിനെ കുറിച്ച് നാം പഠിക്കുന്നത് പോലും അവര്‍ക്ക് ഇഷ്ടമല്ല' (പേജ്: 34). തങ്ങളുടെ അധികാരരാഷ്ട്രീയത്തിന് അനുയോജ്യമായ രീതിയില്‍ ഇന്ത്യയും പാകിസ്ഥാനും കൂടി ഉണ്ടാക്കിയെടുത്ത കാശ്മീരിന്റെ ചരിത്രത്തില്‍ നിന്നും ഭിന്നമായി, കാശ്മീരിന് സ്വന്തമായി മറ്റൊരു ചരിത്രമുണ്ടെന്ന വസ്തുതയിലേക്കാണ് നോവലിസ്റ്റ് ഈ വാക്കുകളിലൂടെ നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്.

നിശബ്ദതയുടെ മൂടുപടം അണിയിക്കപ്പെട്ട അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ ശബ്ദവും, ആഗ്രഹാഭിലാഷങ്ങളുമാണ് ഈ നോവലിലെ ഓരോ വാക്കുകളിലും മുഴങ്ങുന്നത്.

കടപ്പാട്: countercurrents
മൊഴിമാറ്റം: irshad shariathi

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics