അശ്ലീലചിത്രങ്ങളിലെ നായികമാരോട് താരതമ്യം ചെയ്യുന്ന ഭര്‍ത്താവ്

കുടുംബങ്ങള്‍ തമ്മില്‍ നിശ്ചയിച്ചുറപ്പിച്ച് നടത്തിയ ഒരു വിവാഹമായിരുന്നു എന്റേത്. എന്റെ പ്രകൃതിയും ശരീരഘടനയും ഇഷ്ടമായില്ലെന്ന് ഭര്‍ത്താവ് ദാമ്പത്യത്തിന്റെ ഒന്നാം ദിവസം തന്നെ എന്നോട് പറഞ്ഞു. 'നീ സുന്ദരിയായിരിക്കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്?' എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നെ വളരെയധികം അത് വിഷമിപ്പിച്ചു. ഞാനിക്കാര്യം ആരോടും പറഞ്ഞില്ലെങ്കിലും മാനസികമായി ഞാന്‍ തകര്‍ന്നു. അദ്ദേഹത്തിന്റെ വാക്കുകളുടെ പേരില്‍ അല്‍പാല്‍പമായി ഞാനദ്ദേഹത്തെ വെറുക്കാന്‍ തുടങ്ങി. അദ്ദേഹം സെക്‌സ് ചാറ്റിനും അശ്ലീല വീഡിയോകള്‍ക്കും അടിമയാണെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ മനസ്സിലാക്കി. അതിലെ സ്ത്രീകളുമായിട്ടാണ് അദ്ദേഹം എന്നെ താരതമ്യം ചെയ്യുന്നത്. കാല്‍പാദം മുതല്‍ മുടി വരെ മറ്റു സ്ത്രീകളോട് എന്നെയദ്ദേഹം താരതമ്യപ്പെടുത്തുന്നു. എന്നെ എന്നെ വളരെയേറെ പ്രയാസപ്പെടുത്തുന്നു. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെ സ്‌നേഹിക്കാനും പൊരുത്തപ്പെട്ട് ജീവിക്കാനും എനിക്ക് സാധിക്കുന്നില്ല. 'എന്തിനാണ് ഇങ്ങനെ ഹറാമുകള്‍ ചെയ്യുന്നത്?' എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ശബ്ദമുയര്‍ത്തുകയും തന്റെ പ്രവര്‍ത്തനങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുകയുമാണദ്ദേഹം ചെയ്തത്. എന്നെ ശരിക്കുമത് ദേഷ്യം പിടിപ്പിച്ചു. ഇസ്‌ലാമനുസരിച്ച് ജീവിക്കുന്ന എനിക്ക് ഈ സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതിന് സഹായം ആവശ്യമാണ്. എങ്ങനെ മറക്കാനും പൊറുക്കാനും സാധിക്കും? മറ്റു പെണ്‍കുട്ടികളുമായി അദ്ദേഹം ഇപ്പോഴും ചാറ്റ് ചെയ്യുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.

മറുപടി: വൈവാഹിക ജീവിതത്തില്‍ അങ്ങേയറ്റം പ്രയാസകരമായ ഒരു സാഹചര്യത്തിലൂടെയാണ് സഹോദരി കടന്നു പോകുന്നത് എന്നതില്‍ സംശയമില്ല. സഹോദരിക്ക് അല്ലാഹു ആശ്വാസം നല്‍കട്ടെയെന്ന് ആദ്യമായി പ്രാര്‍ഥിക്കുകയാണ്. നിശ്ചയിച്ചുറപ്പിച്ച ഒരു വിവാഹമായിരുന്നു നിങ്ങളുടേത് എന്നും ദാമ്പത്യത്തിന്റെ ആദ്യദിനം തന്നെ നിങ്ങളുടെ ശാരീരിക ഘടനയില്‍ അദ്ദേഹം നിരാശ രേഖപ്പെടുത്തിയെന്നും ചോദ്യത്തില്‍ നിന്ന് മനസ്സിലായി. സ്വാഭാവികമായും അത് നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടാവും, പ്രത്യേകിച്ചും ഭര്‍ത്താവ് നിങ്ങളില്‍ ആകൃഷ്ടനാകുമെന്ന് പ്രതീക്ഷിക്കുന്ന ഒരു സന്ദര്‍ഭത്തില്‍. അദ്ദേഹത്തിന്റെ വേദനിപ്പിക്കുന്ന വാക്കുകളെ കുറിച്ച് ആരോടും പറയാതിരിക്കുകയാണ് നിങ്ങള്‍ ചെയ്തത്. അദ്ദേഹം അശ്ലീല ചിത്രങ്ങള്‍ക്ക് അടിമയാണെന്നും അതിലെ സ്ത്രീകളുമായിട്ടാണ് നിങ്ങളെ താരതമ്യം ചെയ്യുന്നതെന്നും പിന്നീട് നിങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ഇതെല്ലാം അദ്ദേഹം നിഷേധിക്കുന്നുണ്ടെങ്കിലും ദാമ്പത്യത്തിലെ ദുരിതം തുടരുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ തെറ്റുകളും നിഷിദ്ധമാക്കപ്പെട്ട പ്രവര്‍ത്തനങ്ങളും മറക്കാനും പൊറുക്കാനും അതിലൂടെ സമാധാനപരമായ ജീവിതം നേടാനും എന്തുണ്ട് വഴി എന്നാണിപ്പോള്‍ സഹോദരി അന്വേഷിക്കുന്നത്.

ഒരു മനുഷ്യന്‍ എന്ന നിലക്കും ഒരു ഭാര്യ എന്ന നിലക്കുമുള്ള നിങ്ങളുടെ സ്ഥാനവും വിലയും പരിഗണിച്ചാണ് ഈ പ്രത്യേക വിഷയത്തെ സഹോദരി കൈകാര്യം ചെയ്യേണ്ടത്. മനുഷ്യരെന്ന നിലയില്‍ അല്ലാഹു അവന് വഴിപ്പെടുന്നതിനും ഭൂമിയുടെ പരിപാലനത്തിനുമാണ് നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. നിന്ദിക്കപ്പെടാനും നിഷിദ്ധങ്ങളോടും തെറ്റുകളോടും സഹനം കൈകൊള്ളാനുമല്ല അവന്‍ നമ്മെ പടച്ചിരിക്കുന്നത്. മറിച്ച് സത്യത്തിനൊപ്പം നിലകൊള്ളുന്ന കരുത്തരായ മുസ്‌ലിംകളാവണം നാം എന്നാണ് അവന്‍ താല്‍പര്യപ്പെടുന്നത്.

അശ്ലീലത്തിന് അടിമപ്പെട്ട മിക്ക ഭര്‍ത്താക്കന്‍മാരെയും പോലെയാണ് നിങ്ങളുടെ ഭര്‍ത്താവിന്റെ ശബ്ദവും. അദ്ദേഹത്തിന്റെ ഈ ആസക്തി വിവാഹത്തിന് മുമ്പേ ആരംഭിച്ചിട്ടുണ്ടാവാം. നിഷിദ്ധം എന്നതിലുപരിയായി സ്ത്രീയെ കേവലം ചരക്കും തനിക്ക് ആസ്വദിക്കാനുള്ള ഉപകരണവും മാത്രമായി വിലകുറച്ച് കാണുന്നതാണ് അശ്ലീല ചിത്രങ്ങള്‍. തന്റെ ഭാര്യ എങ്ങനെയായിരിക്കണം എന്ന അയാളുടെ സങ്കല്‍പം രൂപീകരിക്കുന്നതില്‍ അശ്ലീലചിത്രങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടാവും. നിങ്ങളുടെ പ്രതീക്ഷകളില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും അത്. തന്റെ ഭാര്യയെ നിന്ദിക്കുന്നത് അയാളെ സംബന്ധിച്ചടത്തോളം സാധാരണമായ ഒരു നിസ്സാരകാര്യമായിരിക്കാം. എന്നാല്‍ സ്ത്രീയെ സംബന്ധിച്ചടത്തോളം അംഗീകരിക്കാനാവാത്ത ഒന്നാണത്.

നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങളില്‍ മിക്കപ്പോഴും പരസ്പരം അടുത്ത് മനസ്സിലാക്കാന്‍ ദമ്പതികള്‍ക്ക് സാധിക്കാറില്ല. ഭര്‍ത്താവിനെ ശരിയായി മനസ്സിലാക്കാതെയാണ് നിങ്ങളുടെ വിവാഹം നടന്നതെന്നാണ് മനസ്സിലാക്കുന്നത്. അതാണ് തുടക്കത്തില്‍ തന്നെ സംഘര്‍ഷത്തിന് കാരണമായത്. ശരിയായി കൈകാര്യം ചെയ്യാത്തതിനാല്‍ അത് രൂക്ഷമാവുകയും ചെയ്തു.

സഹോദരി ഒന്നാമതായി ചെയ്യേണ്ടത് ഭര്‍ത്താവിനൊപ്പം ഇരുന്ന് അദ്ദേഹവുമായുള്ള ബന്ധം എങ്ങനെയാണ് നിങ്ങള്‍ അനുഭവിക്കുന്നതെന്ന് അയാളെ അറിയിക്കലാണ്. അദ്ദേഹത്തിന് നിങ്ങളോട് അനുതാപം ഉണ്ടാക്കിയെടുക്കലാണ് നിങ്ങളുടെ ഉദ്ദേശ്യം. അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും നിങ്ങളെ ഏറെ വേദനിപ്പിക്കുന്നുണ്ടെന്നും വിവാഹബന്ധം ശക്തവും തൃപ്തികരവുമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് ഒരു മാറ്റം ആവശ്യമാണെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്തണം. വിവാഹത്തെ കുറിച്ച ഓരോരുത്തരുടെയും പ്രതീക്ഷകള്‍ ഇരുവരും പരസ്പരം പങ്കുവെക്കേണ്ടതുണ്ട്. അതിനായി ഒരുമിച്ചിരുന്ന് സംസാരിക്കല്‍ അനിവാര്യമാണ്. എങ്ങനെയായിരിക്കണം ദാമ്പത്യ ജീവിതമെന്നത് അതില്‍ ചര്‍ച്ച ചെയ്യപ്പെടണം.

നിങ്ങളുടേത് ഒരു മാതൃകാപരമായ വിവാഹമായിരുന്നില്ല എന്നാണ് ചോദ്യത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത്. അതുകൊണ്ടു തന്നെ ഒരു വൈവാഹിക കൗണ്‍സലിങിലൂടെ വൈവാഹിക ജീവിതത്തെ മെച്ചപ്പെടുത്തണമെന്നാണ് എന്റെ പ്രധാന നിര്‍ദേശം. പരസ്പര ബന്ധം മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍കരിക്കാന്‍ ഒരു കൗണ്‍സിലര്‍ സഹായകമാകും. ജീവിതത്തെ കുറിച്ച നിങ്ങളുടെ കാഴ്ച്ചപ്പാടും അതിലൂടെ മെച്ചപ്പെടും. ഇരുവരെയും സംബന്ധിച്ച് പ്രധാനമാണത്.

ദാമ്പത്യ ജീവിതത്തെ കുറിച്ച പ്രതീക്ഷകള്‍ ഓരോരുത്തരും പങ്കുവെച്ച് ബന്ധത്തിന് ശക്തമായ അടിത്തറയൊരുക്കിയ ശേഷം രണ്ടാമതായിട്ടാണ് 'പോണ്‍ അഡിക്ഷന്‍' എന്ന ഭര്‍ത്താവിന്റെ പ്രശ്‌നത്തെ കൈകാര്യം ചെയ്യേണ്ടത്. അദ്ദേഹത്തിന്റെ ആ ദുശ്ശീലം അവസാനിപ്പിക്കുന്നതിന് തനിക്ക് അങ്ങനെ ഒരു പ്രശ്‌നമുണ്ടെന്നും അത് പരിഹരിക്കുന്നതിന് സഹായം ആവശ്യമാണെന്നും അദ്ദേഹത്തെ കൊണ്ട് അംഗീകരിപ്പിക്കേണ്ടതുണ്ട്. താന്‍ അശ്ലീലത്തിന് അടിമയാണെന്ന് അംഗീകരിക്കാന്‍ തയ്യാറാവാത്ത വ്യക്തിയാണെന്ന് ഭര്‍ത്താവ് എന്നാണ് സഹോദരിയുടെ വിവരണത്തില്‍ നിന്നും മനസ്സിലാവുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങൡ നിന്ന് താനത് മനസ്സിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹത്തെ അറിയിക്കുക. നിങ്ങളെങ്ങനെയാണ് അതനുഭവിക്കുന്നതെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളും തുടരുക. വൈവാഹിക കൗണ്‍സലിങില്‍ ഭര്‍ത്താവിന്റെ അഡിക്ഷന്‍ തീര്‍ച്ചയായും പരിഗണിക്കപ്പെടും. എന്നാല്‍ ദാമ്പത്യത്തിന്റെ അടിത്തറയാണ് ആദ്യം രൂപപ്പെടുത്തേണ്ടത്.

ഈ വഴികളൊക്കെ പരീക്ഷിക്കുകയും ഭര്‍ത്താവിനെ അദ്ദേഹത്തിന്റെ പോണ്‍ അഡിക്ഷനില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായിക്കുകയും ചെയ്തിട്ടും കാര്യങ്ങള്‍ നിങ്ങളുദ്ദേശിച്ച തലത്തിലേക്ക് എത്തുന്നില്ലെങ്കില്‍, അന്ത്യദിനത്തില്‍ ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ മാത്രമായിരിക്കും ഉത്തരവാദിയെന്ന കാര്യം ഓര്‍ക്കുക. ഒരാള്‍ മാറ്റം ആഗ്രഹിക്കുന്നില്ലെങ്കില്‍ അയാളില്‍ നിര്‍ബന്ധം ചെലുത്തി മാറ്റമുണ്ടാക്കാന്‍ നമുക്ക് സാധിക്കില്ല. ഇതുപോലൊരു സന്ദര്‍ഭത്തില്‍ വൈവാഹിക ജീവിതത്തിന്റെ ഭാവിയെ സംബന്ധിച്ച സുപ്രധാനമായ തീരുമാനം നിങ്ങളെടുക്കേണ്ടി വരും. ബന്ധം തുടരാനാണ് നിങ്ങള്‍ താല്‍പര്യപ്പെടുന്നതെങ്കില്‍ നിലവിലെ അവസ്ഥയില്‍ ഭര്‍ത്താവിനെ അംഗീകരിക്കേണ്ടി വരും. ഈ മാര്‍ഗമാണ് തെരെഞ്ഞെടുക്കുന്നതെങ്കില്‍ പ്രയാസകരമായിരിക്കും. കാരണം തുടക്കം മുതല്‍ നിങ്ങളനുഭവിക്കുന്ന വിഷമങ്ങളെ നേരിടുന്നതിന് വൈകാരികമായി രണ്ട് വ്യത്യസ്ത ജീവിതം നയിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതയാവും. തീരുമാനം നിങ്ങളുടേതാണ്. ഏറ്റവും ശരിയായ തീരുമാനമെടുക്കുന്നതിന് ധൈര്യം നല്‍കാന്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുക.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics