നജീബ് എവിടെ?

ഒരു ദിവസം നമ്മളെ കാണാതായാല്‍ നമ്മുടെ മാതാപിതാക്കള്‍ക്കുണ്ടാകുന്ന ആധി എന്തായിരിക്കുമെന്ന്, ചിലപ്പോഴെങ്കിലും വീട്ടില്‍ നേരം വൈകി എത്തുമ്പോള്‍ നമ്മോടുള്ള അവരുടെ സംസാരത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. അങ്ങനെയെങ്കില്‍, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിയുടെ സംഘടിതമായ ആക്രമണത്തിന് ഇരയായ നജീബ് അഹമദ് എന്ന വിദ്യാര്‍ത്ഥിയെ കാണാതായിട്ട് നൂറ് ദിവസങ്ങള്‍ പിന്നിട്ട് കഴിഞ്ഞു. എന്നുവെച്ചാല്‍, ഉമ്മ ഫാത്തിമ നഫീസ് മകന്‍ നജീബിന്റെ ശബ്ദമൊന്ന് കേട്ടിട്ട് നൂറ് ദിവസങ്ങള്‍ കഴിഞ്ഞു. ആ ശബ്ദം എന്നെന്നേക്കുമായി നിശബ്ദമാക്കപ്പെട്ടിട്ടുണ്ടാകുമോ? അറിയില്ല.

'ഞാന്‍ രാത്രി വീട്ടിനുള്ളില്‍ ഉറങ്ങാറില്ല, എന്റെ മകന്‍ വന്ന് വാതില്‍ മുട്ടിയാല്‍ ഞാന്‍ കേട്ടില്ലെങ്കിലോ?' എന്നാണ് നജീബിന്റെ പിതാവ് നഫീസ് അഹമദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ വാക്കുകള്‍. നജീബിനെ മറവിക്ക് വിട്ടുകൊടുക്കില്ലെന്ന വാശിയില്‍ തന്നെയാണ് ഇന്ത്യയിലെ പ്രബുദ്ധരായ വിദ്യാര്‍ത്ഥി സമൂഹം. അവര്‍ അധികാരികളോട് നിരന്തരം ചോദിച്ച് കൊണ്ടിരിക്കുന്നു, 'നജീബ് എവിടെ?' എന്ന്.

നജീബിനെ കാണാതാകുന്നതിന് മുമ്പ് അവനെ മര്‍ദ്ദിച്ച ഒമ്പത് എ.ബി.വി.പി പ്രവര്‍ത്തകരായ ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ ഇതുവരെ അന്വേഷണത്തെ നേരിടാന്‍ മുന്നോട്ട് വന്നിട്ടില്ല. നജീബിന്റെ ഉമ്മക്ക് വേണ്ടി കോടതിയില്‍ ഹാജറാവുന്ന മുതിര്‍ന്ന അഡ്വാക്കറ്റ് കോളിന്‍ ഗോണ്‍സാല്‍വെസ് പറഞ്ഞത്, ആ ഒമ്പത് പേര്‍ക്കും പോലിസ് വി.ഐ.പി പരിഗണനയാണ് നല്‍കുന്നത് എന്നാണ്. പോലിസ് ഇതുവരെ അവരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങിയിട്ടില്ല. എന്തുകൊണ്ടാണ് സര്‍വകലാശാല അധികൃതരും, ഭരണകൂടവും ആ ഒമ്പത് എ.ബി.വി.പി പ്രവര്‍ത്തകരുടെ കാര്യത്തില്‍ മൃദുസമീപനം വെച്ചുപുലര്‍ത്തുന്നത് എന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ടതില്ല.

ഒക്ടോബര്‍ 14-ലെ രാത്രിക്ക് ശേഷം നജീബിന് എന്താണ് സംഭവിച്ചത് എന്ന് ആരും അറിയരുതെന്നാണ് അധികൃതര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് അവര്‍ നജീബിന് മാനസികാസ്വസ്ഥ്യം ഉണ്ടെന്നും മറ്റുമുള്ള കള്ളപ്രചാരണങ്ങള്‍ നടത്തുന്നത്. അതുകൊണ്ടാണ് അവര്‍ നജീബിന്റെ ഉമ്മക്ക് വന്ന വ്യാജ കോളുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്ത് വലിയ വാര്‍ത്തയാക്കുന്നത്. അതുകൊണ്ടാണ് അവര്‍ ഇടക്കിടക്ക് ജാമിഅ നഗറിലും, അലിഗഢിലും, ബിഹാറിലും നജീബിനെ കണ്ടതായ വ്യാജ വാര്‍ത്തകള്‍ പുറത്ത് വിടുന്നത്. ദാദ്രിയിലെ അഖ്‌ലാക്കിന്റെ കാര്യത്തിലും നാം ഇതു തന്നെയല്ലെ കണ്ടത്. ബീഫ് വീട്ടില്‍ സൂക്ഷിച്ചു എന്ന പേരില്‍ സംഘ് പരിവാറുകാര്‍ ഒരു ഇന്ത്യന്‍ സൈനികന്റെ പിതാവായ മുഹമ്മദ് അഖ്‌ലാക്ക് എന്ന വൃദ്ധനെ അടിച്ച് കൊന്നപ്പോള്‍, കൊന്നവരെ അറസ്റ്റ് ചെയ്യുന്നതിന് പകരം അഖ്‌ലാക്ക് വീട്ടില്‍ സൂക്ഷിച്ചത് ബീഫാണോ മട്ടനാണോ എന്ന് അന്വേഷിക്കാനായിരുന്നു ഭരണകൂട പോലിസിന്റെ ഉത്സാഹം. രോഹിത് വെമുല എന്ത് കൊണ്ട് ആത്മഹത്യ ചെയ്തു എന്ന് അന്വേഷിക്കുന്നതിന് പകരം, രോഹിത് വെമുലയുടെ ജാതി സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കാനായിരുന്നു ഭരണകൂട പാദസേവകര്‍ക്ക് തിടുക്കം.

കാമ്പസിലെ അച്ചടക്കലംഘനങ്ങളുടെ അന്വേഷണ ചുമതലയുള്ള ചീഫ് പ്രോക്ടര്‍ എ.പി ദിമ്രി രാജിവെച്ചതാണ് ജെ.എന്‍.യുവില്‍ നിന്നും കേട്ട പുതിയ വാര്‍ത്ത. നജീബിന്റെ തിരോധാനമടക്കമുള്ളതിന്റെ അന്വേഷണത്തിന് ചുക്കാന്‍ പിടിച്ചിരുന്ന ആളാണ് എ.പി ദിമ്രി. നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നാല് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് അടുത്തിടെ ദിമ്രി ഷോകോസ് നോട്ടീസ് അയച്ചിരുന്നു. ഇത് ദിമ്രിയും സര്‍വകലാശാല അധികൃതരും തമ്മില്‍ ഏറ്റുമുട്ടലിന് വഴിവെച്ചിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പുതിയ വി.സി ചുമതലയേറ്റ ശേഷം ഇത് രണ്ടാമത്തെ ചീഫ് പ്രോക്ടറാണ് ജെ.എന്‍.യുവില്‍ നിന്നും രാജിവെക്കുന്നത്.

എതിരഭിപ്രായമുള്ളവര്‍ ഒന്നുകില്‍ രാജിവെച്ചൊഴിയുക, അല്ലെങ്കില്‍ സ്വയം ആത്മഹത്യ ചെയ്യുക, അല്ലെങ്കില്‍ കൊല്ലപ്പെടാനോ എന്നെന്നോക്കുമായി അപ്രത്യക്ഷരാകാനോ ഒരുങ്ങുക എന്ന ഭീഷണിയാണ് നിലവിലെ ഭരണകൂടം അധികാരത്തിലേറിയതിന് ശേഷം രാജ്യമൊട്ടാകെ മുഴങ്ങുന്നത്. നജീബിനെ തിരോധാനത്തിന് പിന്നില്‍ ഭാരതാമ്മയുടെ പ്രിയപുത്രന്‍മാര്‍ തന്നെയാണ് എന്നതിലേക്കാണ് സാഹചര്യതെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് എന്നിരിക്കെ, മാതൃസ്‌നേഹത്തിന്റെ വിലയറിയാത്ത ആ കാപാലികരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരേക്കും നമ്മള്‍ ചോദിച്ച് കൊണ്ടിരിക്കണം, 'നജീബ് എവിടെ?'

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics