ഇസ്രായേലിന്റെ ആഗോള മരണസ്‌ക്വാഡുകള്‍

ക്രൂരതയുടെ കാര്യത്തില്‍ ഇസ്രായേലി ചാരസംഘടനയായ മൊസാദിന് ഒരു പേരും പ്രശസ്തിയുമൊക്കെയുണ്ട്. മോഷ്ടിച്ചതും, വ്യാജവുമായ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് ലോകം ചുറ്റുകയും, ഇസ്രായേലിന്റെ ശത്രുക്കളെ തട്ടിക്കൊണ്ടുപോയി, പീഡിപ്പിച്ച് കൊന്നുകളയുകയും ചെയ്യുന്ന ചരിത്രമാണ് മൊസാദിന്റെ ഏജന്റുമാര്‍ക്കുള്ളത്.

ഉദാഹരണമായി, 1972-ല്‍, ഫലസ്തീനിയന്‍ മാര്‍ക്‌സിസ്റ്റും, നോവലിസ്റ്റുമായ ഗസ്സാന്‍ കനഫാനിയെ മൊസാദ് വധിക്കുകയുണ്ടായി. അറബ് ലോകത്തെ അറിയപ്പെടുന്ന ബുദ്ധിജീവിയും, എഴുത്തുകാരനുമായ കനഫാനി 'പി.എഫ്.എല്‍.പി'യുടെ (പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍) പ്രവര്‍ത്തകനുമായിരുന്നു. ബൈറൂത്തില്‍ വെച്ച് ഒരു ഇസ്രായേലി കാര്‍ ബോംബ് സ്‌ഫോടനത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. കൂടെ 17 വയസ്സുള്ള അനന്തരവനുമുണ്ടായിരുന്നു.

മൊസാദിന്റെ ഇരകളില്‍ കൂടുതലും ഫലസ്തീനികളും അറബികളുമാണെന്നത് ശരിയായിരിക്കെ തന്നെ, 1986-ല്‍, ഇസ്രായേലി വിമതശബ്ദവും, വിസില്‍ ബ്ലോവറുമായ മൊര്‍ദഷായ് വനൂനുവിനെ മൊസാദ് മയക്കുമരുന്ന് നല്‍കി ബോധംകെടുത്തി, തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിക്കുകയുണ്ടായി. മുന്‍ ന്യൂക്ലിയര്‍ ടെക്‌നീഷ്യനായിരുന്ന വനൂനു ഇസ്രായേലിന്റെ ആണവരഹസ്യങ്ങള്‍ ലോകത്തിന് മുമ്പാകെ വെളിപ്പെടുത്തിയിരുന്നു. ലണ്ടനിലെ 'സണ്‍ഡേ ടൈംസ്'നാണ് അദ്ദേഹം തെളിവുകള്‍ കൈമാറിയത്. അവര്‍ അത് പിന്നീട് അച്ചടിക്കുകയും ചെയ്തു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, 'മിറര്‍' എന്ന പത്രത്തിനും അദ്ദേഹം തന്റെ കൈവശമുള്ള രഹസ്യവിവരങ്ങള്‍ നല്‍കിയിരുന്നു. ഇസ്രായേലി ഇന്റലിജന്‍സുമായി വളരെ അടുത്ത ബന്ധമുള്ള റോബര്‍ട്ട് മാക്‌സ്‌വെല്ലായിരുന്നു അന്ന് 'മിറര്‍'-ന്റെ ഉടമസ്ഥന്‍. പുറത്ത് വരാന്‍ പോകുന്ന വാര്‍ത്തയെ കുറിച്ച് ലണ്ടനിലെ ഇസ്രായേല്‍ എംബസിക്ക് മുന്നറിയിപ്പ് നല്‍കപ്പെട്ടു. ഒരു വനിതാ മൊസാദ് ഏജന്റിനെ ഉപയോഗിച്ച് തന്ത്രപൂര്‍വ്വം വനൂനുവിനെ റോമിലേക്ക് വരുത്തിച്ച മൊസാദ്, അവിടെ വെച്ച് അദ്ദേഹത്തെ തട്ടിക്കൊണ്ടു പോവുകയും, ഇസ്രായേലിലേക്ക് കടത്തുകയും ചെയ്തു. അവിടെ വെച്ച് ഒരു കംഗാരും കോടതി അദ്ദേഹത്തിന് 18 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. അതില്‍ 11 വര്‍ഷം ഏകാന്തതടവായിരുന്നു. ഇസ്രായേലിന്റെ മര്‍ദ്ദക ഭരണകൂടം ഇന്നും അദ്ദേഹത്തെ രാജ്യം വിട്ട് പോകാന്‍ അനുവദിക്കുന്നില്ല.

എന്തൊക്കെയാണ് മൊസാദ് ചെയ്തു കൊണ്ടിരിക്കുന്നത് എന്നതിന്റെ രണ്ട് ഉദാഹരണങ്ങളാണ് കനഫാനിയും, വനൂനുവും. ഇനിയും ഒരുപാട് പേരുണ്ട്. കഴിഞ്ഞ വര്‍ഷവും, ഇസ്രായേലിന്റെ ആഗോള മരണ സ്‌ക്വാഡുകള്‍ തങ്ങളുടെ ജോലി സാധാരണ പോലെ തന്നെ നിര്‍വഹിച്ചിരുന്നു. ഫലസ്തീന്‍ ചെറുത്ത് നില്‍പ്പ് പോരാളികളെയും, നിരായുധരായ ആക്റ്റിവിസ്റ്റുകളെയും കൊന്ന് തള്ളുന്ന കാര്യത്തില്‍ അവര്‍ യാതൊരു വിവേചനവും കാണിച്ചില്ല.

ഡിസംബറില്‍, തുനീഷ്യയില്‍ വെച്ച് ഏവിയേഷന്‍ എഞ്ചിനീയര്‍ മുഹമ്മദ് സവ്വാരിയെ മൊസാദ് വധിച്ചിരുന്നു. ഫലസ്തീനിയന്‍ ഇസ്‌ലാമിസ്റ്റ് ചെറുത്ത് നില്‍പ്പ് പ്രസ്ഥാനമായ ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സിന്റെ ഡ്രോണ്‍ നിര്‍മാണ പദ്ധതിയുടെ തലവനായിരുന്നു സവ്വാരി.

ഇസ്രായേലിന്റെ വംശീയവാദി 'പ്രതിരോധ' മന്ത്രി അവിഗ്‌ദോര്‍ ലിബര്‍മാന്‍ സവ്വാരിയുടെ കൊലപാതകത്തിലെ മൊസാദിന്റെ പങ്ക് വ്യക്തമാക്കുകയും ചെയ്തിരുന്നു. 'ഇതെല്ലാം ഞങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്' എന്നായിരുന്നു സവ്വാരിയുടെ കൊലപാതകത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ പ്രതികരണം. ഇസ്രായേലാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി തുനീഷ്യന്‍ പ്രസിഡന്റ് ബെജി സെയ്ദ് അസ്സിബ്‌സി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഡിസംബര്‍ 15-ന് സ്ഫാക്‌സിലെ വീടിന് പുറത്ത് വെച്ചാണ് സവ്വാരി വെടിയേറ്റ് മരിച്ചത്. ഇതിനെ തുടര്‍ന്ന് തുനീഷ്യയില്‍ വ്യാപക പ്രതിഷേധ പരിപാടികള്‍ അരങ്ങേറിയിരുന്നു. കൊലപാതകത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ലാ എന്നായിരുന്നു അസ്സിബ്‌സിക്ക് നേരെ ഉയര്‍ന്ന പ്രധാന ആരോപണം. കൊലപാതകം നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ മോഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. (2010-ല്‍ ദുബൈയില്‍ വെച്ച് ഹമാസ് കമാണ്ടര്‍ മുഹമ്മദ് അല്‍മബ്ഹൂഹിനെ വധിച്ച മൊസാദ് ഏജന്റുമാര്‍ സി.സി.ടി.വി കാമറയില്‍ കുടുങ്ങിയിരുന്നു. ഇതിന് ശേഷമായിരിക്കാം മൊസാദ് സി.സി.ടി.വി ദൃശ്യങ്ങള്‍ മോഷ്ടിക്കാന്‍ തുടങ്ങിയത്)

സവ്വാരിയുടെ വധത്തെ വാഴ്ത്തി കൊണ്ട് ഇസ്രായേലി പത്രമായ ഹാരെറ്റ്‌സില്‍ ഒരു ലേഖനവും വന്നിരുന്നു. 'പകരം വീട്ടാനല്ല, മറിച്ച് ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആക്രമണങ്ങള്‍ ഇല്ലാതാക്കുന്നതിന് വേണ്ടി ഭീകരവാദികള്‍ക്കെതിരെ ആക്രമണം നടത്തുന്നതാണ്' ഇസ്രായേലിന്റെ നയമെന്ന് പത്രം യാതൊരു സങ്കോചവുമില്ലാതെ അവകാശപ്പെടുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍, ആ വാദത്തെ മൊത്തത്തില്‍ തള്ളികളയുന്നതാണ് മുന്‍ മാര്‍ക്‌സിസ്റ്റ് പി.എഫ്.എല്‍.പി ആക്റ്റിവിസ്റ്റ് ഉമര്‍ നയിഫ് സായിദിന്റെ കൊലപാതകം. 25 വര്‍ഷത്തോളമായിരുന്നു അദ്ദേഹം അധിനിവിഷ്ഠ ഫലസ്തീനില്‍ കാലുകുത്തിയിട്ട്, അതൊന്നും പക്ഷെ, മൊസാദിനാല്‍ കൊല്ലപ്പെടുന്നതില്‍ നിന്നും അദ്ദേഹത്തിനെ രക്ഷിച്ചില്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസം ബള്‍ഗേറിയയിലെ ഫലസ്തീന്‍ അതോറിറ്റി എംബസിക്ക് മുന്നില്‍ മരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തി.

'മൊസാദ് ഏജന്റുമാര്‍ സായിദിനെ എംബസിയുടെ ബാല്‍കണിയില്‍ നിന്നും താഴെക്കെറിഞ്ഞ് കൊല്ലുകയായിരുന്നു' എന്ന് സായിദിന്റെ സഹോദരന്‍ പറഞ്ഞു. ബള്‍ഗേറിയയില്‍ സമാധാനപരമായി ജീവിക്കുകയായിരുന്ന സായിദിനെ പെട്ടെന്ന് ഒരു ദിവസം കൈമാറാന്‍ ഇസ്രായേല്‍ ബള്‍ഗേറിയയോട് ആവശ്യപ്പെട്ടതോടെയാണ് അദ്ദേഹം ഫലസ്തീന്‍ അതോറിറ്റി എംബസിയില്‍ അഭയം തേടിയത്. രണ്ട് ദശാബ്ദകാലത്തോളം ബള്‍ഗേറിയയിലെ ഫലസ്തീന്‍ അഭയാര്‍ത്ഥി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്നു സായിദ്. 1986-ല്‍ ഒരു ഇസ്രായേലി കുടിയേറ്റക്കാരനെ വധിച്ചതിന്റെ പേരില്‍ സൈനിക കോടതി ശിക്ഷിച്ച സായിദ്, 1990-ല്‍ ജയില്‍ ചാടി രക്ഷപ്പെടുകയായിരുന്നു എന്നതാണ് ചരിത്രം.

സായിദിനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ ഫലസ്തീന്‍ അതോറിറ്റിക്കും പങ്കുണ്ടെന്ന സംസാരം ഉയര്‍ന്ന് വന്നിരുന്നു. ബള്‍ഗേറിയയിലെ ഫലസ്തീന്‍ അതോറിറ്റി അംബാസഡര്‍ സായിദിനോട്, നിന്നെ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് കൊല്ലുമെന്നും, ഇസ്രായേലിലേക്ക് കൊണ്ടുപോകാനായി ഒരു വിമാനം കാത്തുനില്‍കുന്നുണ്ടെന്നും പറഞ്ഞതായി സായിദിന്റെ സഹോദരന്‍ ഹംസ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, സായിദ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് ധ്വനിപ്പിക്കുന്ന വാര്‍ത്തയാണ് ഇസ്രായേലി മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. ഉദാഹരണമായി, 'അദ്ദേഹം മുകള്‍ നിലയില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു' എന്നാണ് ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ റിച്ചാര്‍ഡ് സില്‍വര്‍സ്റ്റീന്‍ പറയുന്നത്, പുതിയ മൊസാദ് ഡയറക്ടര്‍ യോസ്സി കോഹന്റെ വ്യക്തിപരമായ പകവീട്ടലിന്റെ ഭാഗമായാണ് യഥാര്‍ത്ഥത്തില്‍ സായിദ് വധിക്കപ്പെട്ടത് എന്നാണ്. സായിദ് ജയില്‍ ചാടുന്ന സമയത്ത് മൊസാദിന്റെ യൂറോപ്യന്‍ മേഖല ചീഫായിരുന്നു കോഹന്‍. സായിദിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് ഒരു മാസം മുമ്പാണ്, അതായത് 2016 ജനുവരിയിലാണ് കോഹന്‍ മൊസാദിന്റെ പുതിയ ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്.

സമാധാനകാംക്ഷിയായ ജനാധിപത്യ രാഷ്ട്രം എന്ന നിലയില്‍ സ്വയം അവതരിപ്പിക്കാനാണ് ഇസ്രായേല്‍ എപ്പോഴും ശ്രമിക്കാറുള്ളത്. പക്ഷെ യഥാര്‍ത്ഥ്യത്തില്‍ ആ വിശേഷണങ്ങള്‍ക്ക് കാതങ്ങള്‍ അകലെയാണ് ഇസ്രായേലിന്റെ ചെയ്തികളെന്ന് കാണാന്‍ കഴിയും. മൊസാദിന്റെ കൊലപാതക പ്രവര്‍ത്തനങ്ങള്‍ അതിനുള്ള തെളിവാണ്.

കടപ്പാട്: middleeastmonitor

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics