ഇസ്രയേല്‍ അധിനിവേശവും ബൈബിളും

ഫലസ്തീന്‍; ഒരു കൊളോണിയല്‍ അധിനിവേശം 9

ഫലസ്തീന്‍; ഒരു കൊളോണിയല്‍ അധിനിവേശം 9

2013 നവംബര്‍ 13നാണ് ഇസ്രയേലിനോടുള്ള ഒബാമ ഭരണകൂടത്തിന്റെ നയത്തെ വിമര്‍ശിച്ച് കൊണ്ട് ലൂയി ഗോഹ്മെര്‍ട്ട് വൈറ്റ്ഹൗസില്‍ വെച്ച് ഒരു പ്രഭാഷണം നടത്തിയത്. പ്രസിഡന്റിനെതിരായ തന്റെ വാദത്തിന് ബലമേകാന്‍ അദ്ദേഹം ധാരാളം ബൈബിള്‍ ഉദ്ധരണികള്‍ പരാമര്‍ശിക്കുകയുണ്ടായി. അദ്ദേഹം പറയുന്നത് നോക്കൂ: 'നാമെല്ലാം ബൈബിള്‍ വായിക്കുന്നവരാണല്ലോ. ഇസ്രയേലും ബൈബിളും തമ്മിലുള്ള ബന്ധം നമുക്കറിയാം. ഇസ്രയേലിനെതിരായ നയം സ്വീകരിച്ചതിലൂടെ ഒബാമ ഭരണകൂടം ബൈബിള്‍ അധ്യാപനങ്ങളെയാണ് ധിക്കരിച്ചിരിക്കുന്നത്. ഇസ്രയേല്‍ ഈ രാജ്യത്തിലര്‍പ്പിച്ച വിശ്വാസത്തെയാണ് ഒബാമ ഇല്ലാതാക്കിയിരിക്കുന്നത്.''

ബൈബിളിനെയും ഇസ്രയേലിനെയും പരസ്പരം ബന്ധിപ്പിച്ച് കൊണ്ട് അദ്ദേഹം പ്രസംഗിച്ച രീതി വളരെ ശ്രദ്ധേയമാണ്. അദ്ദേഹം പറുന്നത് ഇസ്രയേലിനെതിരായ ഒരു നയം സ്വീകരിച്ചതിലൂടെ ഒബാമ ബൈബിളിന്റെ അധ്യാപനങ്ങളെയാണ് വെല്ലുവിളിച്ചിരിക്കുന്നത് എന്നാണ്. അഥവാ, ചരിത്രവും വസ്തുതകളൊന്നുമല്ല, മറിച്ച് ബൈബിളാണ് ഇസ്രയേലിന്റെ നിലനില്‍പ്പിനെ നിര്‍വ്വചിക്കുന്നത്. അതിനാല്‍ തന്നെ ഇസ്രയേലിനെതിരായ ഏതൊരു നീക്കവും ദൈവകോപം വരുത്തിവെക്കുന്ന പ്രവര്‍ത്തിയാണ്. ഫലസ്തീനെ പിന്തുണച്ച് കൊണ്ട് നയം രൂപപ്പെടുത്തിയതിലൂടെ ഒബാമ ഭരണകൂടം ഇസ്രയേലിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുക മാത്രമല്ല ചെയ്തിരിക്കുന്നത്. മറിച്ച്, ക്രൈസ്തവ അധ്യാപനങ്ങളെ ധിക്കരിക്കുക കൂടിയാണ്.

അമേരിക്കന്‍-ഇസ്രയേല്‍ ബന്ധത്തെക്കുറിച്ചും ഗോഹ്മെര്‍ട്ട് സംസാരിക്കുകയുണ്ടായി. അദ്ദേഹം പറയുന്നു: 'ഇസ്രയേല്‍ ഒരു ദേശരാഷ്ട്രമായി രൂപം പ്രാപിച്ച ഉടന്‍ തന്നെ അമേരിക്ക ഇസ്രയേലിന്റെ സഖ്യകക്ഷിയായി മാറിയത് വെറുതെയല്ല. ഇസ്രയേലിനെ ലോകത്ത് ആദ്യമായി അംഗീകരിക്കുന്ന രാഷ്ട്രം അമേരിക്കയാണ്. വാഗ്ദത്ത ഭൂമിയെക്കുറിച്ച് പഴയ നിയമത്തിലെ പരമാര്‍ശമാണ് ഇസ്രയേലിനോട് തുടക്കത്തില്‍ തന്നെ സൗഹൃദം സ്ഥാപിക്കാന്‍ അമേരിക്കക്ക് പ്രചോദിതമായത്.' ഇവിടെ അമേരിക്കയുടെ വിദേശനയത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ഒരു ഘടകമായി ബൈബിള്‍ മാറുന്നതാണ് നാം കാണുന്നത്.

ഫലസ്തീനിലെ ഭൂമി നിരന്തരമായി കയ്യേറുക എന്നത് കുടിയേറ്റ അധിനിവേശത്തിന്റെ ഒരു രീതിയാണ്. എന്നാല്‍ ഫലസ്തീനിലെ കുടിയേറ്റ അധിനിവേശത്തെ വ്യത്യസ്തമാക്കുന്നത് അതിന് ദൈവശാസ്ത്രപരമായ പിന്‍ബലമുണ്ടായിരുന്നു എന്നതാണ്. The Bible and the Zionism എന്ന പുസ്തകത്തില്‍ നൂര്‍ മസാല്‍ഹ എഴുതുന്നത് നോക്കൂ: 'ഇസ്രയേല്‍ എന്ന രാഷ്ട്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ബൈബിള്‍ സിംബലുകളുടെയും കഥകളുടെയും അടിസ്ഥാനത്തിലാണ്. ദൈവം ജൂതന്‍മാര്‍ക്ക് ഫലസ്തീനിലെ ഭൂമി വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് സയണിസ്റ്റുകള്‍ അവകാശപ്പെടുന്നത്.' ഇവിടെ സയണിസ്റ്റ് രാഷ്ട്രീയത്തെയും ഇസ്രയേല്‍ അധിനിവേശത്തെയും ന്യായീകരിക്കാന്‍ ഒരു മതഗ്രന്ഥം അടിസ്ഥാനപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇസ്രയേലീ അധിനിവേശത്തെ വ്യത്യസ്തമാക്കുന്നതും അത് തന്നെയാണ്.

ബൈബിളില്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കപ്പെടുന്ന വാഗ്ദത്ത ഭൂമിയെക്കുറിച്ച പരമാര്‍ശമാണ് സയണിസ്റ്റുകള്‍ പ്രധാന ആയുധമായെടുക്കുന്നത്. അബ്രഹാം പ്രവാചകനോടും ഇസാക്ക് പ്രവാചകനോടും ബൈബിള്‍ വിശുദ്ധ ഭൂമി വാഗ്ദത്തം ചെയ്യുന്നുണ്ട്. അവയില്‍ ചിലത് ഞാനിവിടെ ഉദ്ധരിക്കാം: ഒന്ന്, നിന്റെ വേരിനാണ് ഞാനീ ഭൂമി നല്‍കിയിരിക്കുന്നത്. രണ്ട്, നീ ഇപ്പോള്‍ നിന്റെ കണ്‍മുമ്പില്‍ കാണുന്ന ഭൂമിയെല്ലാം നിനക്കുള്ളതാണ്. മൂന്ന്, നിന്റെ വേരിനാണ് ഞാനീ ഭൂമി നല്‍കിയിരിക്കുന്നത്. ഈജിപ്തിലെ ഈ ചെറിയ നദി മുതല്‍ യൂഫ്രട്ടീസ് വരെ പരന്ന് കിടക്കുന്ന ഭൂമിയെല്ലാം നിനക്കുള്ളതാണ്. എന്നാല്‍ ഈ വാഗ്ദാനങ്ങളെല്ലാം നടത്തുമ്പോഴും തദ്ദേശീയരായ ജനങ്ങളുടെ അവകാശത്തെയും നിലനില്‍പ്പിനെയും ഒരിക്കല്‍ ബൈബിള്‍ ചോദ്യം ചെയ്യുകയോ അവരെ പുറത്താക്കാന്‍ ആഹ്വാനം ചെയ്യുകയോ ചെയ്യുന്നില്ല. മറിച്ച് അബ്രഹാം പ്രവാചകനോടും ഇസാഖ് പ്രവാചകനോടും അവരുടെ നേതൃത്വം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.

എങ്ങനെയാണ് ഒരു മതഗ്രന്ഥത്തിന് കൊളോണിയല്‍ അധിനിവേശത്തെ ന്യായീകരിക്കാന്‍ കഴിയുക എന്ന ചോദ്യമാണ് എന്നെ അലട്ടുന്നത്. ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് ബൈബിള്‍ എന്ന ഗ്രന്ഥത്തിന്റെ വിശ്വാസ്ത്യതയെക്കുറിച്ചും അത് എഴുതിയുണ്ടാക്കിയവരുടെ താല്‍പര്യങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടി വരുന്നത്. കാരണം, ഒരു ജനതക്ക് മേല്‍ മറ്റൊരു ജനതയുടെ അധികാരത്തെ അടിച്ചേല്‍പ്പിക്കുക എന്നത് ദൈവിക നീതിക്ക് വിരുദ്ധമാണ്. പിന്നെങ്ങനെയാണ് വാഗ്ദത്ത ഭൂമി എന്ന ബൈബിളിന്റെ പ്രയോഗം ഒരു ജനതയുടെ അധിനിവേശത്തിന് തന്നെ കാരണമാകുന്നത്? അബ്രഹാം പ്രവാചകനോട് വാഗ്ദത്ത ഭൂമി ഏറ്റെടുക്കുക എന്ന പറഞ്ഞതിനെ കൊളോണിയല്‍ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് സയണിസ്റ്റുകള്‍ ചെയ്തത്. മാത്രമല്ല, ഒരു മതഗ്രന്ഥത്തില്‍ മനുഷ്യര്‍ കൈകടത്തിയതിന്റെ പരിണിതഫലം കൂടിയാണത്. (തുടരും)

ഖിലാഫത്തിന്റെ രണ്ടാം ജന്മം സ്വപ്‌നം കണ്ട സുല്‍ത്താന്‍

ബ്രിട്ടീഷ് കൊളോണിയലിസവും സയണിണിസ്റ്റ് ചിന്താപദ്ധതിയും

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics