എന്താണ് യഥാര്‍ഥ ദാരിദ്ര്യം?

ദാരിദ്ര്യത്തെ കുറിച്ചാണ് ഞാന്‍ ഇന്നിവിടെ പറയാന്‍ പോകുന്നത്. പക്ഷെ, നമുക്കെല്ലാവര്‍ക്കും സുപരിചിതമായ ദാരിദ്ര്യത്തെ കുറിച്ചല്ല അത്. ഭൗതിക ദാരിദ്ര്യം, ആന്തരിക ദാരിദ്ര്യം എന്നിങ്ങനെ രണ്ട് തരം ദാരിദ്ര്യമുണ്ട്. ഇതില്‍ ഒന്ന് മറ്റൊന്നിനേക്കാള്‍ വളരെ അപകടകരമാണ്. കാരണം, ഭൗതിക ദാരിദ്ര്യം നമ്മുടെ താത്കാലിക ജീവിതത്തെ നിര്‍ണയിക്കുമ്പോള്‍, ആന്തരിക ദാരിദ്ര്യം നമ്മുടെ ശാശ്വത ജീവിതത്തെ നിര്‍ണയിക്കും.

ആന്തരിക ദാരിദ്ര്യത്തെ കുറിച്ചാണ് ഇപ്പോഴിവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്. ആത്മാവിന്റെ ദാരിദ്ര്യമാണ് ആന്തരിക ദാരിദ്ര്യം. ജീവനില്ലാത്ത ആത്മാവിനെയാണ് അത് കുറിക്കുന്നത്. എന്തിന് വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ട ആത്മാവ്. ഒരു ഉദ്ദേശലക്ഷ്യവുമില്ലാതെ ജീവിക്കുന്ന ആത്മാവാണത്. ഹൃദയം മിടിക്കുന്നുണ്ടാവും, പക്ഷെ മരിച്ചതിന് തുല്ല്യമായിരിക്കും. ശരീരത്തിന് വേദനിച്ചാലും, കണ്ണീര്‍ പൊഴിഞ്ഞാലും, ചോര പൊടിഞ്ഞാലും ശരി, ഉള്ളില്‍ ഒരുതരത്തിലുള്ള നീറ്റലും ഉണ്ടാകില്ല.

ആത്മീയ ദാരിദ്ര്യമാണ് യഥാര്‍ത്ഥ ദാരിദ്ര്യം. വിധി ദിനത്തില്‍ സമ്പാദ്യമായി സല്‍കര്‍മങ്ങളൊന്നുമില്ലാതെ നില്‍ക്കേണ്ടി വരുന്നവനാണ് യഥാര്‍ഥ ദരിദ്രന്‍. ഇതാണ് യാഥാര്‍ത്ഥ്യമെന്നിരിക്കെ, നാം നമ്മുടെ ശരീരത്തിന് മാത്രം ആവശ്യമായതെല്ലാം നല്‍കി, ആത്മാവിനെ പട്ടിണിക്കിട്ട് ജീവിതം തുടരുകയാണ്. നാം അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന നമ്മുടെ ശരീരം താല്‍കാലികം മാത്രമാണ്, അതേസമയം നാം അവഗണിച്ച് തള്ളുന്ന നമ്മുടെ ആത്മാവ് മാത്രമാണ് ശാശ്വതം. ഒരു ശരീരം മരിക്കുമ്പോള്‍ നാം കരയുന്നു. പക്ഷെ ശരീരത്തിന്റെ മരണമല്ല യഥാര്‍ത്ഥ മരണം. ഒരു ലോകത്ത് നിന്നും മറ്റൊരു ലോകത്തേക്കുള്ള, അതായത് യഥാര്‍ത്ഥ ലോകത്തേക്കുള്ള ആത്മാവിന്റെ സഞ്ചാരത്തെയാണ് നാം മരണം എന്ന് പേരിട്ട് വിളിക്കുന്നത്. ആത്മാവില്ലാതെ മരിച്ച് കിടക്കുന്ന ശരീരത്തിന് വേണ്ടി നാം കരയുന്നു. പക്ഷെ ജീവിച്ചിരിക്കുന്നവരുടെ കഷ്ടപ്പാടുകള്‍ക്ക് മുന്നില്‍ നമ്മുടെ ഹൃദയം അലിയുന്നില്ല. ആരാണോ ഹൃദയത്തിനും, ആത്മാവിനും ജീവന്‍ നല്‍കിയത്, അവനില്‍ നിന്നും അകന്നു പോകുന്നത് കാരണമാണ് അവയ്ക്ക് മരണം സംഭവിക്കുന്നത്.

എന്താണ് ഹൃദയത്തെ ദരിദ്രമാക്കുകയും, കൊല്ലുകയും ചെയ്യുന്നത്? ദൈവത്തെ മാത്രം സ്‌നേഹിക്കേണ്ട ഹൃദയത്തെ, മറ്റു പലതിനെയും സ്‌നേഹിക്കാന്‍ അനുവദിക്കുമ്പോഴാണ് ഹൃദയം ദരിദ്രമാവുക. ഒരു പ്രത്യേക പ്രകൃതത്തിലും, ഒരു പ്രത്യേക ലക്ഷ്യത്തിനും വേണ്ടിയാണ് ഹൃദയം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഒരു വസ്തു, അത് ഏതൊരു ലക്ഷ്യത്തിന് വേണ്ടിയാണോ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്, ആ ലക്ഷ്യത്തിന് വേണ്ടി അതിനെ ഉപയോഗിക്കുന്നതില്‍ നാം പരാജയപ്പെടുമ്പോള്‍ അത് തകരും, ഉപയോഗശൂന്യമാവും.

ദൈവത്തിന് വേണ്ടി, ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ് ഹൃദയം. ദൈവത്തെ അറിയുവാനും, സ്‌നേഹിക്കുവാനുമാണ് ഹൃദയം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ദൈവത്താല്‍ നിറക്കപ്പെടുന്നതിന് വേണ്ടിയാണത്. മറ്റു കാര്യങ്ങള്‍ക്ക് ഹൃദയം നല്‍കപ്പെട്ടാല്‍, മറ്റു കാര്യങ്ങളാല്‍ ഹൃദയം നിറക്കപ്പെട്ടാല്‍ വേദനാജനകമായ മരണമാണ് അതിന് പിന്നീട് സംഭവിക്കുക.

ദുനിയാവ് എന്ന സമുദ്രത്തിലെ കപ്പല്‍ പോലെയാണ് മനുഷ്യഹൃദയം. കടല്‍വെള്ളം അകത്ത് കയറാന്‍ പാകത്തില്‍ കപ്പലിന് തുള വീണാല്‍ കപ്പല്‍ മുങ്ങാന്‍ തുടങ്ങും. ഭൗതിക ലോകത്തോടുള്ള ആസക്തിക്ക് അകത്ത് കയറാന്‍ പാകത്തില്‍ ഹൃദയത്തില്‍ തുള വീണ് കഴിഞ്ഞാല്‍, ഹൃദയം തകരും, അത് ഭൗതികാസക്തിയില്‍ മുങ്ങിത്താഴാന്‍ തുടങ്ങും. ഹൃദയം പിന്നീട് ഈ ഭൗതികജീവിതത്തിനും, പണത്തിനും, ഫാഷന്‍ ട്രെന്‍ഡുകള്‍ക്കും, വിപണിക്കും, സ്വാധീനത്തിനും, പദവിക്കും അടിമപ്പെടും.

മനുഷ്യരെന്ന നിലയില്‍ നാം പലതിന്റെയും അടിമകളാണ്. നാം സ്വയം അടിമകളായി മാറിയതാണ്. നമ്മില്‍ ചിലര്‍ പണത്തിനാണ് അടിമപ്പെട്ടിരിക്കുന്നത്. മറ്റു ചിലരാകട്ടെ ചില ആളുകളുടെ അടിമകളാണ്. അല്ലാഹുവിനെ മാത്രം സ്‌നേഹിക്കേണ്ടിടത്ത് നാം മറ്റു പലരെയും, പലതിനെയുമാണ് സ്‌നേഹിക്കുന്നത്. മറ്റു ചിലര്‍ തങ്ങളുടെ പദവിക്കും, സ്ഥാനമാനങ്ങള്‍ക്കും, ഉദ്യോഗങ്ങള്‍ക്കും അടിമപ്പെട്ടിരിക്കുന്നതായി കാണാം. എന്തിനെയാണ് നിങ്ങള്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നതെന്ന് സ്വയം ചോദിച്ച് നോക്കുക. ഇത് വായിക്കുന്നവരില്‍ ഭൂരിഭാഗവും പറയും, ഞങ്ങള്‍ ദൈവത്തെയാണ് ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നതെന്ന്. നാവ് കൊണ്ട് ഇത് പറയാന്‍ എളുപ്പം സാധിക്കും. പക്ഷെ നമ്മുടെ ഹൃദയങ്ങള്‍, നമ്മുടെ പ്രവര്‍ത്തനങ്ങള്‍ മറ്റു പലതുമാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്.

ഭൗതികജീവിതത്തിന്റെ തുറുങ്കിലടക്കപ്പെട്ട ഹൃദയമാണ് ഏറ്റവും നികൃഷ്ടനായ തടവുകാരന്‍. യഥാര്‍ത്ഥ യജമാനനായ ദൈവത്തിന് മുന്നിലല്ലാതെ, മറ്റു പല സ്വയം പ്രഖ്യാപിത യജമാനന്‍മാരുടെയും മുന്നില്‍ യാതൊരുവിധ ലജ്ജയുമില്ലാതെ താണ് വണങ്ങുന്ന ഹൃദയമാണ് അടിമകളില്‍ വെച്ച് ഏറ്റവും ദുര്‍ബലനായ അടിമ. ഇതാണ് യഥാര്‍ത്ഥ മരണം. ഇത് യഥാര്‍ത്ഥ ദാരിദ്ര്യം.

മൊഴിമാറ്റം: ഇര്‍ഷാദ് കാളാചാല്‍

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics