നാഥന്‍ കൂടെയുണ്ടെങ്കില്‍ ട്രംപിനെ കുറിച്ച് ആശങ്കയെന്തിന്

ഞാന്‍ എന്നെയും നിങ്ങളെയും ഒരു കാര്യത്തെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുകാണ്. നാമെല്ലാവരും വളരെ എളുപ്പത്തില്‍ ചെയ്തു പോകുന്ന ഒരു കാര്യമാണത്. അതൊരു ചെറിയ കാര്യമാണ്, പക്ഷെ അങ്ങേയറ്റം അപകടകരമാണത്. അതായത്, നാം എന്ത് പ്രശ്‌നത്തെയാണോ അഭിമുഖീകരിക്കുന്നത്, പ്രസ്തുത പ്രശ്‌നത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന പ്രവണതയെ കുറിച്ചാണ് എനിക്ക് മുന്നറിയിപ്പ് നല്‍കാനുള്ളത്.

എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും കരുത്തുറ്റ ചരിത്രങ്ങളില്‍ ഒന്ന് നൈല്‍ നദിക്ക് മുന്നില്‍ നില്‍ക്കുന്ന മൂസ(അ)യുടെ ചരിത്രമാണ്. നമ്മുടെ ഇന്നത്തെ അവസ്ഥയെ മൊത്തത്തില്‍ ഉള്‍ക്കൊള്ളുന്നതും, വെല്ലുവിളികള്‍ അഭിമുഖീകരിക്കുമ്പോള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന പ്രതികരണങ്ങളെ സംബന്ധിച്ചും വിശദീകരിക്കുന്ന ചരിത്രമാണത്. ഒരേ സംഭവത്തോടുള്ള, അഥവാ ഒരേ വെല്ലുവിളിയോടുള്ള വ്യത്യസ്ത ആളുകളുടെ പ്രതികരണങ്ങളെ അല്ലാഹു ഈ കഥയില്‍ താരതമ്യം ചെയ്യുന്നുണ്ട്. 'ഇരുസംഘവും പരസ്പരം കണ്ടുമുട്ടിയപ്പോള്‍ മൂസായുടെ അനുയായികള്‍ പറഞ്ഞു: 'ഉറപ്പായും, അവര്‍ നമ്മെ പിടികൂടാന്‍ പോകുകയാണ്.'' (അശ്ശുഅറാഅ്: 61). മൂസ (അ) ഫിര്‍ഔനില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ചരിത്ര സന്ദര്‍ഭമാണിത്. ഫിര്‍ഔന്‍ തന്റെ വന്‍സൈന്യവുമായി മൂസയുടെ പിറകില്‍ തന്നെയുണ്ട്. അങ്ങനെ മൂസ ചെങ്കടലിന്റെ മുന്നില്‍ എത്തിപ്പെടുന്നു. പിറകില്‍ ഫിര്‍ഔന്റെ സൈന്യം അടുത്തടുത്ത് വന്നു കൊണ്ടിരിക്കുന്നു. അന്നത്തെ അതിശക്തരായ സൈന്യമായിരുന്നു അത്. മൂസയുടെ കൂടെയുള്ളവരാകട്ടെ ഒരു കൂട്ടം അടിമകളും. അത്യന്തം അപകടകരവും, പ്രയാസകരവുമായ സാഹചര്യത്തിലാണ് അവര്‍ അകപ്പെട്ടിരിക്കുന്നത്. നമ്മളും അത്തരത്തിലുള്ള ഒരു പ്രയാസകരമായ സാഹചര്യത്തിലാണോ അകപ്പെട്ടിരിക്കുന്നത്? അതെ, നമ്മള്‍ വളരെയധികം പ്രയാസകരമായ സാഹചര്യത്തിലാണ് ഉള്ളത്.

അങ്ങനെ, ഫിര്‍ഔന്റെ വന്‍ സൈന്യം അടുത്ത് കൊണ്ടിരിക്കുമ്പോള്‍ മൂസയുടെ ജനത പറഞ്ഞു, 'തീര്‍ച്ചയായും, നാമിതാ പിടികൂടപ്പെടാന്‍ പോകുന്നു'. ഇതാണ്, ഇതു തന്നെയാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് (അമേരിക്കന്‍ തെരഞ്ഞെടുപ്പ്) ശേഷം നമ്മില്‍ പലരുടെയും മനസ്സുകളില്‍ ഇന്ന് ഉള്ളത്. ചെങ്കടലിനും, ഫിര്‍ഔന്റെ സൈന്യത്തിനും ഇടയില്‍ കുടുങ്ങി പോയ ഒരു കൂട്ടം ദുര്‍ബലരായ അടിമകളുടെ സ്വഭാവിക പ്രതികരണം മാത്രമാണ്. നമ്മുടെ ഉള്ളില്‍ ഉണ്ടാകുന്ന സ്വഭാവിക പ്രതികരണം മാത്രമാണിത്.

പക്ഷെ അത്ഭുതകരമായ മറ്റൊരു കാര്യമാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. ഈ സാഹചര്യത്തോടുള്ള മൂസ(അ)യുടെ പ്രതികരണം എന്തായിരുന്നു എന്ന് നമുക്ക് നോക്കാം. ഫിര്‍ഔന്റെ സൈന്യത്തിനും, ആര്‍ത്തിരമ്പുന്ന ചെങ്കടലിനും ഇടയില്‍ തന്നെയാണ് മൂസ(അ)യും നില്‍ക്കുന്നത്. ആര്‍ത്തട്ടഹസിച്ച് വരുന്ന ആ വന്‍സൈന്യത്തെ അദ്ദേഹം കാണുന്നുണ്ടായിരുന്നെങ്കിലും പക്ഷെ അദ്ദേഹത്തിന്റെ 'ബസീറ്വ' അതായത് ഹൃദയം മറ്റൊന്നിലേക്കായിരുന്നു ഉറ്റു നോക്കികൊണ്ടിരുന്നത്. 'മൂസ പറഞ്ഞു, 'ഒരിക്കലുമില്ല. എന്നോടൊപ്പം എന്റെ നാഥനുണ്ട്. അവന്‍ എനിക്കു രക്ഷാമാര്‍ഗം കാണിച്ചുതരികതന്നെ ചെയ്യും.'' (അശ്ശുഅറാഅ്: 62) ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട് എന്നതാണ് ഈ കഥ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതായി തീരാനുള്ള പ്രധാനകാരണം. പക്ഷെ അധികമാളുകള്‍ക്കും ഈ ദൃഷ്ടാന്തമെന്താണെന്ന് മനസ്സിലാകാറില്ല.

ഞാനോ നിങ്ങളോ ചിലപ്പോള്‍ ഒരു വലിയ സൈന്യത്തിനും സമുദ്രത്തിനും ഇടയില്‍ കുടുങ്ങി പോകണമെന്നില്ല. എന്നാല്‍ സമാനമായ സാഹചര്യങ്ങളില്‍ ചിലപ്പോള്‍ കുടുങ്ങി പോകാന്‍ ഇടയുണ്ട്. രക്ഷപ്പെടാന്‍ ഒരു മാര്‍ഗവും കാണാത്ത അവസ്ഥ. അത്തരമൊരു അവസ്ഥയിലാണ് ഇന്ന് നാം ഉള്ളത്. ഇപ്പോഴത്തെ രാഷ്ട്രീയ-സാമൂഹിക സാഹചര്യം വലിയ അളവില്‍ തന്നെ അത്തരത്തിലുള്ളതാണ്. പക്ഷെ മൂസ(അ)യുടെ പ്രതികരണമാണ് ഇവിടെ ഏറ്റവും കൂടുതല്‍ പ്രസക്തമാവുന്നത്. എങ്ങനെയാണ് അത്തരത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്. 'ഒരിക്കലുമില്ല, എന്നോടൊപ്പം എന്റെ നാഥനുണ്ട്, ആ വന്‍സൈന്യത്തെ ഞാന്‍ ഭയപ്പെടുന്നില്ല. അവര്‍ക്ക് എന്നെ കീഴടക്കാന്‍ കഴിയില്ല. അവര്‍ക്ക് മുന്നില്‍ ഞാന്‍ ഒരിക്കലും കീഴടങ്ങില്ല' എന്ന് യാതൊരു ഭയവുമില്ലാതെ പറയാന്‍ അദ്ദേഹത്തിന് എങ്ങനെയാണ് സാധിച്ചത്?

ഉത്തരം എന്താണെന്നാല്‍, അദ്ദേഹത്തിന്റെ ശ്രദ്ധ നേരിടാന്‍ പോകുന്ന, അല്ലെങ്കില്‍ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്‌നത്തിലായിരുന്നില്ല. ചെങ്കടലോ, ഫിര്‍ഔന്റെ സൈന്യമോ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു വിഷയമേ ആയിരുന്നില്ല. അവയെ കുറിച്ച് അദ്ദേഹം ആശങ്കാകുലനായിരുന്നില്ല. അവയെ അദ്ദേഹം ശ്രദ്ധിച്ചു പോലുമില്ല. അദ്ദേഹത്തിന്റെ ശ്രദ്ധ ട്രംപിലായിരുന്നില്ല. മറിച്ച്, അല്ലാഹുവിലായിരുന്നു അദ്ദേഹത്തിന്റെ ഹൃദയം കേന്ദ്രീകരിച്ചിരുന്നത്. അല്ലാഹുവിലേക്കായിരുന്നു അദ്ദേഹം ഉറ്റുനോക്കി കൊണ്ടിരുന്നത്. അല്ലാഹുവായിരുന്നു അദ്ദേഹത്തിന്റെ ഹൃദയം മുഴുവന്‍ നിറഞ്ഞു നിന്നത്. 'എന്നോടൊപ്പം എന്റെ നാഥനുണ്ട്'. നാഥന്‍ നമ്മുടെ കൂടെയുണ്ടെങ്കില്‍ നമുക്ക് ഒന്നിനെയും ഭയപ്പെടേണ്ടതില്ല. 'അവന്‍ എനിക്ക് ഒരു രക്ഷാമാര്‍ഗം കാണിച്ച് തരിക തന്നെ ചെയ്യും.'

കാലാതിവര്‍ത്തിയായ ഒരു പാഠമാണ് അല്ലാഹു നമുക്ക് പഠിപ്പിച്ചു തരുന്നത്. പുറത്ത് കടക്കാന്‍ സാധിക്കാത്ത ഒന്നില്‍ നമ്മള്‍ അകപ്പെടാന്‍ പോകുകയാണ്. മൂസ(അ)യുടെ കഥയില്‍ എന്നെ ആശ്ചര്യപ്പെടുത്തിയ മറ്റൊരു കാര്യമെന്താണെന്നാല്‍, എങ്ങനെ ഈ വെല്ലുവിളിയെ അതിജീവിക്കും, അഥവാ എങ്ങനെയാണ് താന്‍ ഇതില്‍ നിന്നും രക്ഷപ്പെടാന്‍ പോകുന്നതെന്ന് എന്നതിനെ കുറിച്ച് മൂസ(അ)ക്ക് യാതൊരു രൂപവും ഇല്ലായിരുന്നു. മുന്നിലുള്ളത് ആര്‍ത്തിരമ്പുന്ന കടലാണ്. എങ്ങനെ രക്ഷപ്പെടും എന്നതിനെ കുറിച്ച് ഒരു രൂപവുമില്ലായിരുന്നെങ്കില്‍ കൂടിയും അദ്ദേഹത്തിന്റെ മനസ്സില്‍ ഭയം എന്ന വികാരം ലവലേശം പോലും ഇല്ലായിരുന്നു.

കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കില്‍, 'ഇതൊന്നും പ്രശ്‌നമല്ല, എന്റെ അടുക്കല്‍ ചില പദ്ധതികളൊക്കെയുണ്ട്' എന്ന് പറയാന്‍ വളരെ എളുപ്പമാണ്. പക്ഷെ വരാന്‍ പോകുന്നതിനെ കുറിച്ചും, പിന്നീട് എന്ത് സംഭവിക്കുമെന്നതിനെ കുറിച്ചുമൊന്നും നിങ്ങള്‍ക്ക് ഒരു ധാരണയുമില്ല, എന്നിട്ടും നിങ്ങള്‍ അല്ലാഹുവില്‍ വിശ്വാസമര്‍പ്പിക്കുന്നതിനെയാണ് 'തവക്കുല്‍' എന്ന് പറയുന്നത്. അല്ലാഹു തന്റെ കൂടെയുണ്ടെന്നും, അല്ലാഹു തനിക്കൊരു രക്ഷാമാര്‍ഗം കാണിച്ചു തരുമെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു.

ഇനി നാമെന്താണ് ചെയ്യേണ്ടത്. അല്ലാഹു മൂസ(അ)യെ രക്ഷിക്കുമെന്നത് ഉറപ്പാണ്. പക്ഷെ രക്ഷപ്പെടണമെങ്കില്‍ എന്തെങ്കിലുമൊന്ന് ചെയ്യാന്‍ മൂസ(അ)യോട് പറയുന്ന അല്ലാഹുവിനെയാണ് ആ കഥാസന്ദര്‍ഭത്തില്‍ നാം കാണുന്നത്. മൂസ(അ)യോട് ഒരു വടിയെടുത്ത് സമുദ്രത്തില്‍ അടിക്കാന്‍ അല്ലാഹു ആവശ്യപ്പെടുന്നു. രക്ഷപ്പെടാന്‍ എന്തെങ്കിലുമൊന്ന് ചെയ്യാന്‍ തന്നെയാണ് അല്ലാഹു മൂസ(അ)യോട് ആവശ്യപ്പെടുന്നത്. പ്രവര്‍ത്തിക്കാന്‍ തന്നെയാണ് നമ്മോടും ഈ ചരിത്രം ആവശ്യപ്പെടുന്നത്. 'തവക്കുല്‍'-ഉം, 'പ്രവര്‍ത്തനവും' രണ്ട് വ്യത്യസ്ത കാര്യങ്ങളല്ല. അവ രണ്ടും ഒരിമിച്ച് സംഭവിക്കേണ്ടതുണ്ട്. അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നതിനോടൊപ്പം തന്നെ ഒട്ടകത്തെ കെട്ടിയിടുകയും ചെയ്യേണ്ടതുണ്ട് എന്നാണ് നബി(സ) നമുക്ക് പഠിപ്പിച്ചു തന്നിട്ടുള്ളത്. ഭരമേല്‍പ്പിക്കലും പ്രവര്‍ത്തനവും ഒരുമിച്ച് സംഭവിക്കേണ്ടതുണ്ട്.

നാം നമ്മുടെ പ്രവര്‍ത്തനങ്ങളിലും, പ്രവര്‍ത്തനങ്ങളുടെ ഫലങ്ങളിലും വിശ്വാസമര്‍പ്പിക്കാറാണ് പതിവ്. അങ്ങനെയല്ല, നാം പ്രവര്‍ത്തിക്കുന്നു, ഫലങ്ങളുടെ കാര്യത്തില്‍ അല്ലാഹുവില്‍ വിശ്വാസമര്‍പ്പിക്കുന്നു. ഇത് വളരെ പ്രധാനപ്പെട്ട സംഗതിയാണ്. ആക്റ്റിവിസ്റ്റുകള്‍ പലപ്പോഴും ചെന്ന് വീഴാറുള്ള ഒരു ചതിക്കുഴിയാണിത്. നാം നമ്മുടെ ആക്റ്റിവിസത്തില്‍ മാത്രം വിശ്വാസമര്‍പ്പിക്കുന്നു. പിന്നെ എന്താണ് സംഭവിക്കുകയെന്നാല്‍, നാം ആഗ്രഹിച്ച ഫലം നമുക്ക് കിട്ടിയിട്ടില്ലെങ്കില്‍ നാം നിരാശരായി തീരും. 'തീര്‍ച്ചയായും, അവര്‍ നമ്മെ പിടികൂടും', മൂസ(സ)യുടെ ജനതക്കുണ്ടായിരുന്ന മനോഭാവം നമുക്കും ഉണ്ടാവും.

പക്ഷെ, എന്തു തന്നെ സംഭവിച്ചാലും, കണ്‍മുന്നില്‍ സംഭവിക്കാന്‍ പോകുന്നത് എത്രമാത്രം ഭയാനകമായ സംഗതിയായാലും ശരി, നിങ്ങള്‍ അല്ലാഹുവില്‍ വിശ്വാസമര്‍പ്പിക്കുന്ന പക്ഷം അവന്‍ നിങ്ങളുടെ കൂടെ തന്നെയുണ്ടാവും. മൂസ(സ)യുടെ കാര്യത്തില്‍ അതാണ് സംഭവിച്ചത്. എന്ന് കരുതി നാം ഒരു വടിയെടുത്ത് സമുദ്രത്തില്‍ അടിച്ചാല്‍ കടല്‍ പിളരാന്‍ പോകുന്നില്ല എന്നതാണ് സത്യം. എന്തുകൊണ്ട്? കാരണം, മൂസ(സ) വടി കൊണ്ട് അടിച്ചത് കാരണമല്ല ചെങ്കടല്‍ പിളര്‍ന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായല്ല ഇത് സംഭവിച്ചത്. എന്തായിരുന്നു പിന്നെ മൂസ(അ) വടി കൊണ്ട് സമുദ്രത്തില്‍ അടിക്കാനുള്ള കാരണം? കാരണം അല്ലാഹു അദ്ദേഹത്തോട് അടിക്കാന്‍ പറഞ്ഞതു കൊണ്ട്. അദ്ദേഹത്തിന്റെ ആരാധനയുടെ ഭാഗമായിരുന്നു ആ അനുസരണ. ആക്റ്റിവസത്തിന്റെ ഭാഗമായി നാം ചെയ്യുന്ന ഏതൊരു ചെറിയ സംഗതിയും നമ്മുടെ ആരാധനയുടെ ഭാഗമായിരിക്കേണ്ടതുണ്ട്. അതിനെ ആരാധനയായാണ് കാണേണ്ടത്. നമ്മുടെ വിജയം, പ്രതിസന്ധിയില്‍ നിന്നുള്ള മോചനം എന്നിവയെല്ലാം നമ്മുടെ പ്രവര്‍ത്തനഫലമായാണ് ഉണ്ടായത്, നമ്മുടെ ആക്റ്റിവിസം കൊണ്ടാണ് സാധ്യമായത് എന്ന് നാം ഒരിക്കലും കരുതാന്‍ പാടില്ല. നാം രക്ഷപ്പെടുന്നത് നമ്മുടെ ആക്റ്റിവിസം കൊണ്ടല്ല, അല്ലാഹുവാണ് നമ്മെ രക്ഷപ്പെടുത്തുന്നത്. തൗഹീദിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു പോയന്റാണിത്. അല്ലാഹു മാത്രമാണ് നമുക്ക് രക്ഷനല്‍കുന്നത്, അവന്‍ മാത്രമാാണ് നമുക്ക് വിജയം പ്രദാനം ചെയ്യുന്നത്. അവന്‍ മാത്രമാണ് 'അല്‍ഫത്താഹ്'. ഞാനോ, നിങ്ങളോ 'അല്‍ഫത്താഹ്' അല്ല. നമ്മുടെ സംഘടനകള്‍ ഒന്നും തന്നെ 'അല്‍ഫത്താഹ്' അല്ല. നാമല്ല നമ്മുടെ സാഹചര്യങ്ങളും അവസ്ഥകളും മാറ്റുന്നത്. അല്ലാഹുവാണ് നമ്മുടെ സാഹചര്യങ്ങളിലും, അവസ്ഥകളിലും മാറ്റങ്ങള്‍ വരുത്തുന്നത്. 'അല്ലാഹു ഒരു ജനതയുടെയും അവസ്ഥയില്‍ മാറ്റം വരുത്തുകയില്ല; അവര്‍ തങ്ങളുടെ അവസ്ഥ സ്വയം മാറ്റുംവരെ' (അറഅ്ദ്: 11). അതെ, അല്ലാഹുവാണ് നമ്മുടെ അവസ്ഥകളില്‍ മാറ്റങ്ങള്‍ വരുത്തവന്‍. പക്ഷെ, നമ്മുടെ അവസ്ഥകള്‍ നാം സ്വയം മാറ്റാന്‍ തയ്യാറാവാതെ, അല്ലാഹു ഒരിക്കലും നമ്മുടെ അവസ്ഥകളില്‍ മാറ്റങ്ങള്‍ വരുത്തില്ല.

ഇവിടെ നമ്മള്‍ ചെയ്തിരിക്കേണ്ട ഒരു കാര്യമുണ്ട്. സമുദ്രം പിളരണമെങ്കില്‍ നാം വടിയെടുത്ത് അടിക്കേണ്ടതുണ്ട്. അതേസമയം തന്നെ ഒരിക്കലും നാം നിരാശക്ക് അടിപ്പെടരുത്. അതേസമയം തന്നെ, 'ഒരിക്കലുമില്ല, എന്റെ കൂടെ എന്റെ നാഥനുണ്ട്, അവന്‍ എനിക്ക് ഒരു രക്ഷാമാര്‍ഗം കാണിച്ചു തരിക തന്നെ ചെയ്യും' എന്ന മനോഭാവവും നമുക്ക് ഉണ്ടാവേണ്ടതുണ്ട്. ഈ മനോഭാവം ഉണ്ടായിരിക്കേണ്ടത് വളരെയധികം അനിവാര്യമാണ്.

അഭിമുഖീകരിക്കേണ്ടി വെല്ലുവിളികളിലാണ്, അല്ലെങ്കില്‍ പ്രശ്‌നങ്ങളിലാണ് നിങ്ങള്‍ വളരെയധികം ശ്രദ്ധ ചെലുത്തുന്നതെങ്കില്‍, പ്രശ്‌നങ്ങളെ കുറിച്ചാണ് നിങ്ങള്‍ ആശങ്കപ്പെടുന്നതെങ്കില്‍, ബനീ ഇസ്രാഈലികളുടെ പ്രതികരണം തന്നെയായിരിക്കും നിങ്ങളില്‍ നിന്നും ഉണ്ടാവുക. കാരണം, പ്രശ്‌നങ്ങളെ കുറിച്ചാണ് നാം എല്ലായ്‌പ്പോഴും സംസാരിക്കുന്നതെങ്കില്‍, പ്രശ്‌നങ്ങളെ കുറിച്ചാണ് നാം എല്ലായ്‌പ്പോഴും ചിന്തിക്കുന്നതെങ്കില്‍, പ്രശ്‌നങ്ങളെ കുറിച്ചാണ് നാം എല്ലായ്‌പ്പോഴും ചര്‍ച്ച ചെയ്യുന്നതെങ്കില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നാല്‍, നിങ്ങള്‍ എന്തിലാണോ ശ്രദ്ധകേന്ദ്രീകരിക്കുന്നത്, നിങ്ങള്‍ എന്തിനെ കുറിച്ചാണോ കൂടുതല്‍ ആശങ്കപ്പെടുന്നത്, അത് വളര്‍ന്ന് വലതാവും. ഇതൊരു മനശാസ്ത്ര യാഥാര്‍ത്ഥ്യമാണ്. നിങ്ങള്‍ എന്തിലാണോ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് അത് വളര്‍ന്ന് വലുതാവും. ഇതുകൊണ്ടാണ് അല്ലാഹു നമ്മോട് പറഞ്ഞത്, അവനെ സ്മരിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന്. അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയില്‍, ദിക്‌റില്‍ നാം കൂടുതല്‍ കൂടുതല്‍ മുഴുകും തോറും, നമ്മുടെ ജീവിതത്തില്‍ അല്ലാഹുവിനുള്ള പ്രധാന്യം വര്‍ദ്ധിക്കും.

നമ്മുടെ ഊന്നല്‍ എന്തിലാണ്, ആരിലാണ് എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ പ്രശ്‌നം വലുതാവുന്നതും, പരിഹരിക്കപ്പെടുന്നതും. ഈ ഊന്നല്‍ കൊടുക്കുന്നിടത്ത് വളരെയധികം അപകടങ്ങള്‍ സംഭവിക്കാറുണ്ട്. നമ്മുടെ ഊന്നല്‍ 'എന്റെ നാഥന്‍ എന്റെ കൂടെയുണ്ട്' എന്നതിലായിരിക്കണം. വളരെയധികം വ്യത്യസ്തമായ ഒരു ഊന്നലാണിത്. മൂസ(അ)യുടെ ശ്രദ്ധമുഴുവന്‍ കേന്ദ്രീകരിക്കപ്പെട്ടത് ഈ ഊന്നലിലായിരുന്നു. അതെ, ഞാന്‍ ചെയ്യേണ്ടത് ചെയ്തു. പക്ഷെ അതിനോടൊപ്പം അല്ലാഹുവിലേക്കാണ് ഞാന്‍ ദൃഷ്ടിപായിച്ചത്. മറിച്ച് പ്രശ്‌നങ്ങളിലേക്കോ, ട്രംപ് എന്ത് പറയുന്നതിലേക്കോ, ട്രംപ് എന്താണ് ചെയ്തു കൊണ്ടിരിക്കുന്നതിലേക്കോ, എന്താണ് ചെയ്യാന്‍ പോകുന്നതിലേക്കോ അല്ല ഞാന്‍ എന്റെ ശ്രദ്ധപതിപ്പിക്കുന്നത്, അതൊന്നും തന്നെ എന്റെ ആശങ്കയേറ്റുന്നില്ല. അല്ലാഹുവാണ് എന്റെ ശ്രദ്ധാകേന്ദ്രം. നിങ്ങളുടെ ശ്രദ്ധാകേന്ദ്രം അല്ലാഹുവാണെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും നിരാശപ്പെടേണ്ടി വരില്ല. കാരണം നിങ്ങള്‍ക്കറിയാം അല്ലാഹുവാണ് നിങ്ങള്‍ക്ക് നേര്‍മാര്‍ഗം കാണിച്ചു തരുന്നതെന്ന്. വളരെയധികം പ്രാധാന്യത്തോടെ മനസ്സില്‍ സൂക്ഷിക്കേണ്ട കാര്യമാണിത്.
(15ാമത്  MAS-ICNA കണ്‍വെന്‍ഷനില്‍ യാസ്മിന്‍ മുജാഹിദ് നടത്തിയ പ്രഭാഷണത്തില്‍ നിന്നും)

മൊഴിമാറ്റം: irshad shariathi

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics