ഇതൊന്നും തുടങ്ങിവെച്ചത് ട്രംപ് അല്ല

തെറ്റായ കാരണങ്ങളുടെ പേരിലാണ് നമ്മളില്‍ ഭൂരിഭാഗവും ട്രംപിനെ വെറുക്കുന്നത് എന്നാണ് ഞാന്‍ കരുതുന്നത്. അര്‍ദ്ധ സത്യങ്ങളുടെ അടിസ്ഥാനത്തിലുള്ള മാധ്യമങ്ങളുടെ ട്രംപ് വേട്ടയില്‍ പതിനായിരങ്ങള്‍ വന്നുചേര്‍ന്നു. അമേരിക്കന്‍ സര്‍ക്കാറിന്റെ നടപടികളെ പിന്തുണക്കുന്നതില്‍ നിന്നും വളരെ അപൂര്‍വ്വമായി മാത്രം വ്യതിചലിച്ചു പോകാറുള്ള അമേരിക്കന്‍ മുഖ്യധാര മാധ്യമങ്ങള്‍ ഇന്ന് പക്ഷെ, ട്രംപിനെ അമേരിക്ക കാത്ത് സൂക്ഷിക്കുന്ന സകലവിധ മൂല്യങ്ങള്‍ക്കും (അങ്ങനെയൊന്ന് ഉണ്ടെങ്കില്‍) വിരുദ്ധനായ ഒരാളായാണ് ചിത്രീകരിക്കുന്നത്.

ഇവിടെ ഒരു കാര്യം നിങ്ങള്‍ മറക്കരുത്. ട്രംപിന് പകരം ഹിലാരി ക്ലിന്റനെയാണ് നിങ്ങള്‍ പിന്തുണക്കുന്നതെങ്കില്‍, നിങ്ങള്‍ക്ക് കാര്യത്തെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് അതിന്റെ അര്‍ത്ഥം.

ബറാക് ഒബാമയുടെ ഭരണകാലം അയവിറക്കുമ്പോള്‍, അദ്ദേഹത്തിന്റെ പ്രഭാഷണ പാടവം, സുതാര്യത, മാതൃകാജീവിതം, കുടുംബം എന്നിവയാണ് നിങ്ങള്‍ക്ക് ഓര്‍മവരുന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്നാണ് അതിന്റെ അര്‍ത്ഥം. ഈ സന്ദര്‍ഭത്തില്‍, നാം അങ്ങേയറ്റം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം വിട്ടുപോകുന്നത് മരണതുല്ല്യമാണ്.

കഴിഞ്ഞ മാസം യമനിലെ അല്‍ഖാഇദ കേന്ദ്രമെന്ന് ആരോപിക്കപ്പെടുന്ന പ്രദേശത്ത് അമേരിക്കന്‍ സൈന്യം ഡ്രോണ്‍ ആക്രമണം നടത്തുകയും, ഒരുപാട് സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. എത്ര പെട്ടെനാണ് യമനിലെ സാധാരണക്കാരുടെ ജീവിതം ഒരു വിഷയമായി മാറിയത്. 8 വയസ്സുകാരി നവാര്‍ അല്‍ഔലകിയും പ്രസ്തുത ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണം ഒബാമ സര്‍ക്കാര്‍ പദ്ധതിയിട്ടതാണ്. പക്ഷെ നടപ്പാക്കിയത് ട്രംപ് ആണെന്ന് മാത്രം. ഇതേ നവാറിന്റെ 16 വയസ്സുകാരനായ സഹോദരന്‍- രണ്ടു പേരും അമേരിക്കന്‍ പൗരന്‍മാരാണ്-കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് ഒബാമയുടെ ഉത്തരവ് പ്രകാരമുള്ള ഡ്രോണ്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത് എന്ന വസ്തുത ഭൂരിഭാഗം പേരും സൗകര്യപൂര്‍വ്വം മറന്നുപോകുന്നു.

'ഭീകരവിരുദ്ധ യുദ്ധ'ത്തിന്റെ പേരില്‍ ഒരുപാട് വര്‍ഷങ്ങളായി യമനില്‍ അമേരിക്ക ഡ്രോണ്‍ ആക്രമണവും മറ്റും നടത്താന്‍ തുടങ്ങിയിട്ട്. ഇതിനോടകം ഒരുപാട് സിവിലിയന്‍മാര്‍ കൊല്ലപ്പട്ടു കഴിഞ്ഞു. മനുഷ്യാവകാശ സംഘടനകള്‍ മാത്രമാണ് ഇതെല്ലാം ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നത്. മുഖ്യധാര മാധ്യമങ്ങള്‍ ഈ അതിക്രമങ്ങളെ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല.

അമേരിക്കന്‍ ഭരണകൂടം യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ ഒന്നാണ് യമന്‍. ട്രംപിന്റെ മനുഷ്യത്വവിരുദ്ധമായ നടപടിക്കെതിരെ ഉയര്‍ന്ന് വന്ന ജനങ്ങളുടെ വൈകാരിക പ്രതിഷേധം സന്തോഷം പകരുന്നതും അതേസമയം ആശയകുഴപ്പം ഉണ്ടാക്കുന്നതുമാണ്. ഒബാമയുടെ കീഴില്‍ ഒരുപാട് പ്രമുഖയുദ്ധങ്ങളില്‍ നിന്നും അമേരിക്ക പിന്‍മാറുകയുണ്ടായി, പകരം എണ്ണമറ്റ ചെറുസംഘട്ടനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുകയാണ് ഒബാമ ചെയ്തത്. 'ഒബാമക്ക് കീഴില്‍ യുദ്ധത്തെ കുറിച്ചുള്ള മുഴുവന്‍ ധാരണക്കും മാറ്റം സംഭവിച്ചു' ഒരു മിഡിലീസ്റ്റ് വിദഗ്ദന്റെ വാക്കുകളാണിത്.

കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍, 2016-ല്‍ ഒബാമ ഭരണകൂടം വര്‍ഷിച്ചത് 26,171 ബോംബുകളാണ്. ഈ ബോംബുകള്‍ വന്ന് പതിച്ച രാജ്യങ്ങളില്‍ യമന്‍, ഇറാഖ്, സിറിയ, ലിബിയ, സൊമാലിയ എന്നിവ ഉള്‍പ്പെടും. ട്രംപ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ അഞ്ചെണ്ണം ഇവയാണ്. യുദ്ധം പിച്ചിച്ചീന്തിയ, ചില ദരിദ്രരാഷ്ട്രങ്ങളെ ഭൂമിയില്‍ നിന്ന് തന്നെ തുടച്ച് നീക്കാന്‍ ഒബാമ നടപ്പാക്കിയ കൊടുംചെയ്തികള്‍ക്ക് മുന്നില്‍ ട്രംപ് ഒന്നുമല്ല.

ഇറാഖും, ലിബിയയും ദരിദ്ര രാഷ്ട്രങ്ങളായിരുന്നില്ല. അവരുടെ എണ്ണസമ്പത്ത്, പ്രകൃതിവാതക സമ്പത്ത് തുടങ്ങിയ മറ്റനേകം കാരണങ്ങളാണ് ട്രംപിന് മുമ്പുണ്ടായിരുന്ന നാല് അമേരിക്കന്‍ സര്‍ക്കാറുകളുടെയും യുദ്ധകണ്ണുകള്‍ അവരുടെ നേര്‍ക്ക് തിരിയാനുള്ള പ്രധാനകാരണം.

ആഫ്രിക്കയിലെ ഏറ്റവും സമ്പന്ന രാജ്യം ലിബിയയായിരുന്നു. ഹിലാരി ക്ലിന്റന്‍ ലിബിയക്ക് മേല്‍ നോട്ടമിടുന്നതിന് മുമ്പ് വരെ താരതമ്യേന സമാധാനാന്തരീക്ഷമായിരുന്നു ലിബിയയില്‍. ഒബാമ ആദ്യമായി അധികാരത്തിലേറിയപ്പോള്‍ ഹിലാരിയായിരുന്നു സ്‌റ്റേറ്റ് സെക്രട്ടറി. 2011-ല്‍, അവരുടെ യുദ്ധകൊതി മൂത്തു. യുദ്ധത്തിന് പോകാനുള്ള തീരുമാനത്തിന് പിന്നിലെ പ്രധാന പ്രേരകശക്തി ഹിലാരി ക്ലിന്റനായിരുന്നു എന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് അമ്പതോളം അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് കൊണ്ട് 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലിബിയയില്‍ യുദ്ധത്തിന് വേണ്ടി വാശിപിടിക്കുന്ന ഹിലാരിയുടെ നിലപാടില്‍ പ്രതിഷേധിച്ചു കൊണ്ട് മുന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സ്, തന്റെ സൈന്യം ഇപ്പോള്‍ തന്നെ ഒരുപാട് യുദ്ധങ്ങളില്‍ പങ്കെടുത്തു കഴിഞ്ഞെന്ന്, ഒബാമയോടും ഹിലാരിയോടും തുറന്നടിച്ച് പറഞ്ഞിരുന്നു. 'ഇപ്പോള്‍ തന്നെയുള്ള രണ്ട് യുദ്ധങ്ങള്‍ ഞാനൊന്ന് അവസാനിപ്പിച്ചോട്ടെ, എന്നിട്ട് പോരെ നിങ്ങളുടെ പുതിയ യുദ്ധം' എന്ന് ഗേറ്റ്‌സ് ചോദിച്ചു.

ട്രംപിന്റെ കോമാളിത്തരങ്ങള്‍ കാരണം, കഴിഞ്ഞകാലത്തെ യുദ്ധകൊതിയന്‍മാരെല്ലാം സമാധാനദൂതന്‍മാരായിരുന്നു എന്ന് നാം വിശ്വസിച്ചു പോവുന്നു.

പാര്‍ട്ടി ഗോത്രവത്കരണവും, ലിംഗ രാഷ്ട്രീയവും ഒഴിച്ച് നിര്‍ത്തിയാല്‍, യുദ്ധങ്ങള്‍, ഭയം, ഇസ്‌ലാമോഫോബിയ, കുടിയേറ്റക്കാരോടുള്ള വിദ്വേഷം എന്നിവ നിര്‍ബാധം അഴിച്ച് വിട്ട കഴിഞ്ഞ കാല അമേരിക്കന്‍ ഭരണകൂടങ്ങളുടെ അജണ്ടകളുടെ ഒരു സ്വഭാവിക തുടര്‍ച്ച മാത്രമാണ് ട്രംപ്.

ട്രംപ് ഇതുവരെ നടപ്പാക്കിയിട്ടുള്ളതും, ഇനി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതുമായ ഓരോ ചീത്തകാര്യവും കഴിഞ്ഞകാല ഭരണകൂടങ്ങളുടെ നയങ്ങളില്‍ ഊന്നിനിന്ന് കൊണ്ടുള്ളതാണ്.

അമേരിക്കന്‍-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ഒരു വന്‍മതില്‍ പണിയാന്‍ ട്രംപ് ഉദ്ദേശിക്കുന്നുണ്ടെങ്കിലും, ഈ ആശയം പക്ഷെ മുന്‍പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ തലയിലാണ് ആദ്യം ഉദിച്ചത്. 1995-ല്‍ മന്ത്രിസഭയെ അഭിസംബോധന ചെയ്തു കൊണ്ട്, മതില്‍ നിര്‍മിക്കാനും, കുടിയേറ്റക്കാരെ അടിച്ചമര്‍ത്താനുമുള്ള തന്റെ നിര്‍ദ്ദേശം മുന്നോട്ട് വെച്ചപ്പോള്‍, എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുകയാണ് ഡെമോക്രാറ്റുകള്‍ ചെയ്തത്.

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം, 20 വര്‍ഷത്തോളമായി അവരുടെ മേല്‍ ആര്‍ക്കും കുതിരകയറാമെന്ന സ്ഥിതിവിശേഷമാണ് ഉള്ളത്. 1996-ലെ 'സീക്രട്ട് എവിഡന്‍സ് ലോ'യുടെ മുഖ്യ ഇരകള്‍ മുസ്‌ലിംകളായിരുന്നു. 'സംശയിക്കപ്പെടുന്ന' മുസ്‌ലിംകള്‍ ഒന്നുകളില്‍ അനന്തമായി ജയിലിലടക്കപ്പെടും, അല്ലെങ്കില്‍ കോടതിനടപടികളൊന്നും ഇല്ലാതെ നാടുകടത്തപ്പെടും. ഈ നിയമം പിന്നീട് Antiterrorism and effective death penalty act എന്ന പേരില്‍ പരിഷ്‌കരിക്കപ്പെട്ടു. ഇതോടു കൂടിയാണ് ഗ്രീന്‍ കാര്‍ഡ് ഉള്ളവരെ കൂടി നാടുകടത്താനുള്ള അധികാരം ഇമിഗ്രേഷന്‍ അധികൃതര്‍ കൈവന്നത്. ഈ ജനാധിപത്യവിരുദ്ധ നിയമത്തിനെതിരെ കുറച്ചാളുകള്‍ പ്രതിഷേധവുമായി മുന്നോട്ട് വന്നെങ്കിലും മാധ്യമങ്ങള്‍ അവരെ പാടെ അവഗണിച്ചു. ഫലസ്തീനിയന്‍ ആക്റ്റിവിസ്റ്റുകള്‍, ബുദ്ധിജീവികള്‍, സര്‍വകലാശാല പ്രൊഫസര്‍മാര്‍ എന്നിവരാണ് ആ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

2001-ലെ സെപ്റ്റംബര്‍ 11 ആക്രമണത്തെ തുടര്‍ന്ന്, നേരത്തെ സൂചിപ്പിച്ച 1996-ലെ നിയമം 'പാട്രിയേറ്റ് ആക്ട്' ആയി രൂപമാറ്റം വരുത്തപ്പെട്ടു. അമേരിക്കന്‍ ഭരണഘടനക്ക് പാടെ വിരുദ്ധമായ ഈ പുതിയ നിയമം, ഒരു നിയമനടപടിയും ഭയക്കാതെ ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാനും, തടവിലിടാനും, വിവരങ്ങള്‍ ചോര്‍ത്താനും ഉള്ള അധികാരം സര്‍ക്കാറിന് നല്‍കി. ഇത്തരത്തിലുള്ള ജനാധിപത്യവിരുദ്ധവും, ഭരണഘടനാവിരുദ്ധവുമായ നിയമങ്ങള്‍ ഉപയോഗിക്കാനും, ദുരുപയോഗം ചെയ്യാനും ഒബാമ ഭരണകൂടത്തിന് യാതൊരു മടിയും ഉണ്ടായിരുന്നില്ല.

പക്ഷെ ഇന്ന് നാം തെരുവില്‍ കണ്ടുകൊണ്ടിരിക്കുന്ന, ഈ ലക്ഷണക്കിന് വരുന്ന 'ഫാസിസ്റ്റ് വിരുദ്ധര്‍' അന്ന് എവിടെയായിരുന്നു? ട്രംപിന്റെ അതേ ആഭ്യന്തരനയങ്ങള്‍ നടപ്പാക്കിയിരുന്ന ഒബാമയും 'ഫാസിസ്റ്റ്' എന്ന വിശേഷണത്തിന് എന്തു കൊണ്ടും അര്‍ഹനായിരുന്നില്ലെ?

അതിസമ്പന്നരില്‍ ഒരാളാണ് ട്രംപ്. പക്ഷെ ഒബാമയുടെ ഭരണത്തിന് കീഴിലെ സാമ്പത്തിക അസന്തുലിതത്വം പരിശോധിച്ചാല്‍ ചില അപ്രിയ സത്യങ്ങള്‍ ബോധ്യപ്പെടും. ഒബാമക്ക് കീഴില്‍ ധനികര്‍ കൂടുതല്‍ ധനികരായി മാറി. സമ്പന്നര്‍ക്കും അതിസമ്പന്നര്‍ക്കും ഇടയിലുള്ള വിടവ് കൂടി കൂടി വന്നു. അമേരിക്കയിലെ സമ്പത്ത് വിതരണത്തിലെ അപാകതകളെ കുറിച്ച് 2014-ല്‍ ഒരു റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു: 'അടിത്തട്ടിലെ 90 ശതമാനം വരുന്ന ആളുകളുടെ കൈയ്യിലുള്ള സമ്പത്തിനേക്കാള്‍ വളരെയധികമാണ് 0.1 ശതമാനം സമ്പന്നര്‍ കൈയ്യടക്കിവെച്ചിരിക്കുന്നത്.'

അതുകൊണ്ട് തന്നെ, റിയല്‍എസ്റ്റേറ്റ് ഭീമന്‍മാരും, സാമ്പത്തിക ചൂഷകരും നിയന്ത്രിക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥയില്‍ നിന്നും ലാഭമുണ്ടാക്കുന്നവരില്‍ ഒരാള്‍ മാത്രമാണ് ട്രംപ്. സത്യമെന്താണെന്നാല്‍, അമേരിക്കയിലെ ഇന്നത്തെ ഈ രാഷ്ട്രീയ സംഘട്ടനം, 'മൂല്യങ്ങള്‍ക്ക്' എതിരെയുള്ളതല്ല, മറിച്ച് വരേണ്യവര്‍ഗവും, വരേണ്യവര്‍ഗവും തമ്മിലുള്ള യുദ്ധമാണ് നടന്നു കൊണ്ടിരിക്കുന്നത്.

ജോര്‍ജ്ജ് ഡബ്യൂ. ബുഷ് ഉണ്ടാക്കിയ ചീത്തപേര് മറ്റാനായിരുന്നു ഒബാമ എട്ട് വര്‍ഷം ചെലവഴിച്ചത്. പക്ഷെ, ബുഷിന്റെ അപമാനകരമായ ചെയ്തികളില്‍ ഒന്ന് പോലും ഒബാമ തിരുത്തിയില്ല. നേരെമറിച്ച്, ഒബാമ യുദ്ധത്തെ പുനഃനിര്‍വചിക്കുകയും, അതിനെ കൂടുതല്‍ വ്യാപിപ്പിക്കുകയും, ആണവായുധങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുകയും, കൂടുതല്‍ രാഷ്ട്രങ്ങളെ അസ്ഥിരപ്പെടുത്തുകയുമാണ് ചെയ്തത്.

ട്രംപും ഇതു തന്നെയാണ് ചെയ്യുന്നത്. സൈനിക അതിക്രമമം, വംശീയത, ഇസ്‌ലാമോഫോബിയ, കുടിയേറ്റ വിരുദ്ധ നയങ്ങള്‍, സാമ്പത്തിക അസമത്വം തുടങ്ങിയ എന്തുമാകട്ടെ, ഉല്‍പ്പന്നങ്ങളില്‍ യാതൊരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല.

മൊഴിമാറ്റം: irshad shariathi

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics