കാനഡയില്‍ നിന്നും പുതിയൊരു നജ്ജാശി

പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ പിതൃവ്യന്‍ അബൂതാലിബ് നബി കൊണ്ടുവന്ന സന്ദേശത്തില്‍ വിശ്വസിച്ചില്ലെങ്കിലും അദ്ദേഹത്തിന് സംരക്ഷണം നല്‍കിയിരുന്നു. മുസ്‌ലിംകളുടെ ആദര്‍ശം സ്വീകരിച്ചില്ലെങ്കിലും മുസ്‌ലിംകള്‍ക്ക് വേണ്ടി അദ്ദേഹം നിലകൊണ്ടു. എത്രത്തോളമെന്നാല്‍ അതിന്റെ പേരില്‍ മലഞ്ചെരുവില്‍ ഉപരോധിക്കപ്പെടുക വരെ ചെയ്തു. പില്‍ക്കാലത്ത് അദ്ദേഹത്തിലേക്ക് ചേര്‍ത്ത് ശിഅ്ബു അബീതാലിബ് എന്നാണ് ആ മലഞ്ചെരിവ് അറിയപ്പെട്ടത്. ഇസ്‌ലാമില്‍ വിശ്വസിച്ചില്ലെങ്കിലും ഇസ്‌ലാമിന്റെ പേരില്‍ ഖുറൈശികളില്‍ നിന്നും അദ്ദേഹത്തിന് പഴികേള്‍ക്കേണ്ടി വന്നു. ശിഅ്ബു അബീതാലിബില്‍ ഉപരോധിക്കപ്പെട്ടവര്‍ക്കൊപ്പം നിന്ന് സ്വന്തം സുരക്ഷിതത്വം പോലും അദ്ദേഹം ബലിയര്‍പിച്ചു. താന്‍ സംരക്ഷിക്കുന്നവരുടെ ആദര്‍ശത്തിന് വിരുദ്ധമായ ആദര്‍ശത്തോടൊപ്പമായിരുന്നിട്ട് പോലും മുഴുവന്‍ ഖുറൈശികളുടെയും ശത്രുത അദ്ദേഹം ഏറ്റുവാങ്ങി.

നബി(സ) താഇഫില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട് മക്കയില്‍ തിരികെ പ്രവേശിക്കാനാഗ്രഹിച്ചപ്പോള്‍ ആണത്തം പ്രകടിപ്പിച്ചു കൊണ്ട് ഖുറൈശികളില്‍ നിന്നും രംഗത്ത് വന്ന മറ്റൊരാളെ നമുക്ക് കാണാം. ചരിത്രഗ്രന്ഥങ്ങള്‍ അത് വിവരിക്കുന്നു. സൈദ് ബിന്‍ ഹാരിഥ നബി(സ)യോട് ചോദിച്ചു: അവര്‍ (ഖുറൈശികള്‍) താങ്കളെ പുറത്താക്കിയതായിരിക്കെ എങ്ങനെ നിങ്ങളവിടെ പ്രവേശിക്കും? അദ്ദേഹം പറഞ്ഞു: സൈദേ, അല്ലാഹു എല്ലാറ്റിനും ഒരു വഴികാണിക്കുകയും അവന്റെ ദീനിനെയും ദൂതനെയും സഹായിക്കുകയും ചെയ്യും.

മക്കക്ക് അടുത്തെത്തിയ നബി(സ) മുത്ഇം ബിന്‍ അദിയ്യ് അടുത്തേക്ക് അഭയം ആവശ്യപ്പെട്ടു കൊണ്ട് ആളെ അയച്ചു. അഭയം നല്‍കാന്‍ തയ്യാറായ മുത്ഇം മക്കളെയും ബന്ധുക്കളെയും വിളിച്ചു വരുത്തി പറഞ്ഞു: നിങ്ങള്‍ ആയുധമണിയുക, കഅ്ബയുടെ പാര്‍ശ്വങ്ങളില്‍ സന്നിഹിതരാവുകയും ചെയ്യുക. ഞാന്‍ മുഹമ്മദിന് അഭയം നല്‍കിയിരിക്കുന്നു. പിന്നീട് വരാന്‍ ആവശ്യപ്പെട്ടു കൊണ്ട് നബി(സ)യുടെ അടുക്കലേക്ക് സന്ദേശം അയച്ചു. നബി(സ)യും സൈദ് ബിന്‍ ഹാരിഥയും മസ്ജിദുല്‍ ഹറാമില്‍ എത്തിയപ്പോള്‍ മുത്ഇം എഴുന്നേറ്റു നിന്ന് വിളിച്ചു പറഞ്ഞു: ഖുറൈശി സമൂഹമേ, ഞാന്‍ മുഹമ്മദിന് അഭയം നല്‍കിയിരിക്കുന്നു, അതുകൊണ്ട് നിങ്ങളിലൊരാളും അദ്ദേഹത്തെ ആക്രമിക്കരുത്. നബി(സ) രണ്ട് റക്അത്ത് അവിടെ വെച്ച് നമസ്‌കരിച്ച് വീട്ടിലേക്ക് മടങ്ങി. അദ്ദേഹം വീട്ടില്‍ പ്രവേശിക്കുന്നത് വരെ മുത്ഇമും മക്കളും ആയുധവുമായി അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

മക്കയില്‍ മുസ്‌ലിംകള്‍ക്ക് കടുത്ത പ്രയാസം നേരിട്ട സന്ദര്‍ഭത്തില്‍ നബി(സ) പറഞ്ഞു: നിങ്ങള്‍ അബിസീനിയയിലേക്ക് പോകുകയാണെങ്കില്‍ അവിടെയൊരു രാജാവുണ്ട്. അദ്ദേഹം ആരോടും അനീതി കാണിക്കുകയില്ല. സത്യം നിലനില്‍ക്കുന്ന ഭൂമിയാണത്. നിങ്ങളുടെ ഈ അവസ്ഥയില്‍ നിന്ന് അതിലൂടെ അല്ലാഹും മോചനം നല്‍കും. അവിടത്തെ ഭരണാധികാരിയായ നജ്ജാശി ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പാണിത് പറയുന്നത്. അബിസീനിയയില്‍ അഭയം തേടിയ മുസ്‌ലിംകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നജ്ജാശിയെ സമീപിച്ച ഖുറൈശി ദൂതന്‍മാരോട് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പൊയ്‌ക്കൊള്ളൂ, അല്ലാഹുവാണ, ഒരിക്കലും ഞാനവരെ നിങ്ങള്‍ക്ക് വിട്ടുതരില്ല.

അബൂതാലിബിനെയും മുത്ഇമിനെയും നജ്ജാശിയെയും പോലുള്ള, മനുഷ്യത്വം ഉള്ളിലുണ്ടായിരുന്ന വ്യക്തിത്വങ്ങള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഇന്നും നമുക്ക് അത്തരക്കാരെ കാണാം. ഏഴ് മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തി കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് വന്ന് അടുത്ത ദിവസം തന്നെ 21ാം നൂറ്റാണ്ടിലെ അബൂതാലിബെന്നോ നജ്ജാശിയെന്നോ മുത്ഇം എന്നോ വിശേഷിപ്പിക്കാവുന്ന ഒരാള്‍ കാനഡയില്‍ രംഗത്ത് വന്നു. കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ ആണത്. തന്റെ ടിറ്റര്‍ അക്കൗണ്ടില്‍ അദ്ദേഹം കുറിച്ചു: ''പീഡനങ്ങളില്‍ നിന്നും ഭീകരതയില്‍ നിന്നും യുദ്ധത്തില്‍ നിന്നും അഭയം തേടുന്നവരോട്... നിങ്ങളുടെ വിശ്വാസം പരിഗണിക്കാതെ കാനഡക്കാര്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു. വൈവിധ്യമാണ് ഞങ്ങളുടെ ശക്തി. നിങ്ങളെ കാനഡയിലേക്ക് ഞങ്ങല്‍ സ്വാഗതം ചെയ്യുന്നു.''

കനേഡിയന്‍ പ്രധാനമന്ത്രിയുടെ നന്മ ഓര്‍ക്കപ്പെടേണ്ടതും പ്രശംസിക്കപ്പെടേണ്ടതുമാണ്. നന്ദിയര്‍ഹിക്കുന്നതാണ് അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തനം. നിലപാടുകളുടെ പേരില്‍ നാമദ്ദേഹത്തെ ആദരിക്കുകയാണ്. വാക്കുകള്‍ കൊണ്ട് അദ്ദേഹത്തിനിപ്പോള്‍ നന്ദി രേഖപ്പെടുത്തുന്നു. ദൈവാനുഗ്രഹമുണ്ടെങ്കില്‍ പ്രവര്‍ത്തനം കൊണ്ടും നന്ദി രേഖപ്പെടുത്തപ്പെടേണ്ടതുണ്ട്. നബി(സ) അതാണ് നമ്മെ പഠിപ്പിച്ചിട്ടുള്ളത്. മുത്ഇമിന്റെ പ്രവര്‍ത്തനം നബി(സ) മനസ്സില്‍ സൂക്ഷിക്കുകയും ബദ്‌റിലെ ബന്ദികളുടെ കാര്യത്തില്‍ ഇങ്ങനെ പറയുകയും ചെയ്തു: ''മുത്ഇം ബിന്‍ അദിയ്യ് ഇപ്പോള്‍ ജീവിച്ചിരിക്കുകയും ഇവരെയെല്ലാം വെറുതെ വിടാന്‍ ആവശ്യപ്പെടുകയും ചെയ്താല്‍ അദ്ദേഹത്തിന് വേണ്ടി ഇവരെ വിട്ടയക്കുമായിരുന്നു.''

ദൈവനിഷേധികള്‍ ഒറ്റ വിഭാഗമാണ് എന്ന ന്യായം പറഞ്ഞ് മുസ്‌ലിംകളല്ലാത്ത എല്ലാവരോടും ഒരേ സമീപനം സ്വീകരിക്കുന്നത് ശരീഅത്തിനോ യുക്തിക്കോ നിരക്കുന്നതല്ല. നിഷേധികളെയെല്ലാം ഒറ്റ വിഭാഗമായി കാണുന്നത് വിശ്വാസ കാര്യത്തില്‍ മാത്രമാണ്, അവരോടുള്ള പെരുമാറ്റത്തിലല്ല. ഖുര്‍ആന്‍ വളരെ വ്യക്തമായി അക്കാര്യം പറയുന്നുണ്ട്. ''മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല. നിശ്ചയം, നീതിമാന്മാരെ അല്ലാഹു സ്‌നേഹിക്കുന്നു. മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളെ സ്വന്തം വീടുകളില്‍നിന്ന് ആട്ടിയോടിക്കുകയും ആട്ടിയോടിക്കുന്നതില്‍ സഹായിക്കുകയും ചെയ്ത ജനത്തോട് മൈത്രി പുലര്‍ത്തുന്നതില്‍നിന്ന് മാത്രമാകുന്നു അല്ലാഹു നിങ്ങളെ നിരോധിക്കുന്നത്. അത്തരക്കാരോട് മൈത്രി പുലര്‍ത്തുന്നവര്‍ അതിക്രമകാരികള്‍തന്നെയാകുന്നു.'' (അല്‍മുംതഹിന: 8)

ഇവ്വിഷയകമായി മുസ്‌ലിംകള്‍ ചില അടിസ്ഥാനങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. അവയില്‍ പെട്ടതാണ് മുസ്‌ലിംകള്‍ക്കും മുസ്‌ലിംകളല്ലാത്തവര്‍ക്കുമിടയിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം യുദ്ധമല്ല, സമാധാനമാണ്. സൃഷ്ടികള്‍ പരസ്പരം നന്മ ചെയ്യുക എന്നതാണ് ദൈവികചര്യ. കേവലം വിശ്വാസത്തിലെ വ്യത്യാസം ശത്രുതക്കും വെറുപ്പിനും കാരണമായി കൂടാ. നമ്മുടെ ദീനിലല്ലാത്തവരുമായി ബന്ധം പുലര്‍ത്തുകയും സഹകരിക്കുകയും ചെയ്യുന്നതിന് ഒരു തടസ്സവുമില്ല. നമ്മുടേതല്ലാത്ത വിശ്വാസം വെച്ചുപുലര്‍ത്തുന്നവന്‍ നമ്മോട് അതിക്രമം പ്രവര്‍ത്തിക്കാത്ത കാലത്തോളം നന്മയിലാണ് അവനോട് വര്‍ത്തിക്കേണ്ടത്. അടിമകളെ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പരലോകത്ത് അല്ലാഹു ചോദ്യം ചെയ്തുകൊള്ളും. ആളുകള്‍ക്ക് മേല്‍ ഇസ്‌ലാം കെട്ടിവെക്കേണ്ട ചുമതല നമ്മെ ആരും ഏല്‍പിച്ചിട്ടില്ല. ദീനില്‍ യാതൊരു നിര്‍ബന്ധവുമില്ല, ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ ഇഷ്ടമുള്ളവര്‍ നിഷേധിക്കട്ടെ, നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍ എനിക്ക് എന്റെ ദീന്‍ എന്നൊക്കെയാണല്ലോ ഖുര്‍ആന്‍ പറയുന്നത്. നീതിയും മനുഷ്യര്‍ക്കുള്ള ആദരവും അന്തസ്സും ഇസ്‌ലാമിന്റെ മൂല്യങ്ങളാണ്. വലിയ മാനുഷിക മൂല്യങ്ങളാണവ. 'മനുഷ്യനെ നാം ആദരിച്ചിരിക്കുന്നു' എന്നാണ് അല്ലാഹു പറയുന്നത്. അതുകൊണ്ട് മനുഷ്യന്റെ ആദരവും അന്തസ്സും പിച്ചിചീന്തുന്നത് മുസ്‌ലിമാണെങ്കില്‍ പോലും നാമതിനെ എതിര്‍ക്കേണ്ടതുണ്ട്.

അബൂ താലിബിനെ പോലെ അബൂലഹബും നബിയുടെ പിതൃവ്യന്‍ തന്നെയായിരുന്നു. എന്നാല്‍ നബിയില്‍ വിശ്വസിക്കാത്ത അവരിരുവരെയും ഒരുപോലെ കാണാന്‍ മനുഷ്യബുദ്ധി അനുവദിക്കുമോ? മുത്ഇം ബിന്‍ അദിയ്യും അബൂ ജഹ്‌ലും ബഹുദൈവവിശ്വാസികളായിരുന്നു എന്നതുകൊണ്ട് അവരിരുവരെയും ഒരുപോലെ കാണാനാവുമോ? മുസ്‌ലിംകളല്ലെങ്കിലും മുസ്‌ലിംകളെ നാട്ടില്‍ നിന്ന് ആട്ടിയോടിക്കുന്നയാളും മുസ്‌ലിംകളെ സ്വാഗതം ചെയ്യുന്നയാളും ഒരുപോലെയാകുമോ? നമ്മളോട് സമാധാനത്തില്‍ വര്‍ത്തിക്കുന്നവനും ശത്രുത വെച്ചുപുലര്‍ത്തുന്നവനും നമ്മുടെ ആദര്‍ശം അംഗീകരിക്കാത്തവരാണ് എന്ന കാരണത്താല്‍ തുല്ല്യരാവുമോ? അവര്‍ ഒരിക്കലും സമന്‍മാരാവുകയില്ലെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.

വിവ: നസീഫ്

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus