13 വര്‍ഷം ഹനീഫ് ഭീകരവാദിയായിരുന്നു

2003 ഏപ്രില്‍ 28 തിങ്കളാഴ്ച്ച, മറ്റെല്ലാ ദിവസങ്ങളിലെയും പോലെ, ഹനീഫ് പകിട്‌വാല കുടുംബസമേതം രാത്രിഭക്ഷണം കഴിക്കുകയും, കിടന്നുറങ്ങുകയും ചെയ്തു. രാത്രി ഏകദേശം 2 മണിയോടടുത്ത സമയത്ത് അദ്ദേഹം ഞെട്ടിയെഴുന്നേറ്റു: അറസ്റ്റ് വാറണ്ടുമായി എത്തിയ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ആ അസമയത്ത് അദ്ദേഹത്തെ വിളിച്ചുണര്‍ത്തിയത്. മറുത്തൊരക്ഷരം പോലും ഉരിയാടാതെ അവരുടെ കൂടെ ഇറങ്ങി പോവുകയല്ലാതെ ഹനീഫിന് നിവൃത്തിയുണ്ടായിരുന്നില്ല.

'എന്താണ് അപ്പോള്‍ സംഭവിച്ചത് എന്നതിനെ കുറിച്ച് എനിക്കൊന്നുമറിയില്ലായിരുന്നു. അടുത്ത 13 വര്‍ഷത്തേക്ക് ഞാന്‍ എന്റെ വീട് ഒരിക്കലും കാണില്ലെന്ന് പിന്നെ എനിക്കെങ്ങനെ അറിയാന്‍ കഴിയും?' ഹനീഫ് പറഞ്ഞു.

2002 മെയ് മാസം നടന്ന അഹ്മദാബാദ് ബോംബ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞാഴ്ച്ച സുപ്രീംകോടതി നിരപരാധികളെന്ന് വിധിച്ച് കുറ്റവിമുക്തരാക്കിയ രണ്ട് പേരില്‍ ഒരാളാണ് ഹനീഫ്. കഴിഞ്ഞ 13 വര്‍ഷക്കാലത്തോളം ഭീകരവാദി എന്ന പേരിലാണ് ഹനീഫ് അറിയപ്പെട്ടത്. 2003 ഏപ്രില്‍ 28-ലെ ആ ദൗര്‍ഭാഗ്യകരമായ രാത്രിയിലായിരുന്നു ഹനീഫ് ജീവിതത്തിലാദ്യമായി പോലിസ് സ്‌റ്റേഷന്‍ കാണുന്നത്. ആദ്യം ഹനീഫ് കരുതിയത് ഗോധ്ര കലാപാനന്തര ദുരിതാശ്വാസ ക്യാമ്പുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സംഭവിച്ച എന്തെങ്കിലും നിയമലംഘനത്തിന്റെ പേരിലായിരിക്കും തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ്. 'ഞാന്‍ എന്റെ പ്രദേശത്തുള്ള മറ്റു ചിലരും ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടായിരുന്നു. അതിന്റെ പേരിലായിരിക്കും എന്നാണ് ഞാന്‍ ആദ്യം കരുതിയത്.' 2003 മെയ് 1-ന് കോടതിയില്‍ ഹാജറാക്കപ്പെട്ടപ്പോഴാണ് അഹ്മദാബാദ് ബോംബ് സ്‌ഫോടനത്തിന്റെ പേരില്‍ കുറ്റാരോപിതരായ 21 പേരുടെ കൂടെ താനുമുണ്ടെന്ന കാര്യം ഹനീഫ് അറിയുന്നത്. 'ഇതിന്റെ പേരില്‍ എന്തിനാണ് എന്നെ അറസ്റ്റ് ചെയ്തതെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു.' അന്ന് നിലവിലുള്ള പോട്ട നിയമമാണ് ഹനീഫ് അടക്കമുള്ളവര്‍ക്ക് മേല്‍ ചാര്‍ത്തപ്പെട്ടത്. അതോടെ ജാമ്യം നിഷേധിക്കപ്പെട്ടു. പക്ഷെ, താന്‍ നിരപരാധിയായതിനാല്‍ തന്നെ, തനിക്കൊന്നും സംഭവിക്കില്ലെന്ന് തന്നെ ഹനീഫ് ഉറച്ചുവിശ്വസിച്ചു.

'കോടതിയില്‍ ഹാജറാക്കപ്പെട്ട ആദ്യ ദിവസത്തിന് ശേഷമുള്ള ദിവസങ്ങള്‍ ദുരിതപൂര്‍ണ്ണമായിരുന്നു. രാത്രിയില്‍, ഒരു ബെല്‍ അടിക്കും, പോലിസ് വന്ന് ചോദ്യം ചെയ്യാനായി ഞങ്ങളില്‍ ആരെയെങ്കിലും വിളിച്ച് കൊണ്ടു പോകും. തീര്‍ച്ചയായും ഞങ്ങള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഭീഷണിപ്പെടുത്തി വെള്ളപേപ്പറുകളില്‍ ഒപ്പിടുവിച്ചു. ഒരു പൗരനെന്ന നിലയിലുള്ള അവകാശങ്ങളെ കുറിച്ച് ഞങ്ങള്‍ ബോധവാന്‍മാരായിരുന്നു, പക്ഷെ, നിയമ നടപടികളെ കുറിച്ച് ഞങ്ങള്‍ക്കൊന്നും അറിയില്ലായിരുന്നു. നിരപരാധിത്വം എങ്ങനെ തെളിയിക്കും എന്നതിനെ കുറിച്ച് എനിക്ക് ഒരു ധാരണയും ഉണ്ടായിരുന്നില്ല.' അടുത്ത ദിവസങ്ങളില്‍ കാര്യങ്ങള്‍ ഓരോന്നോരോന്നായി ചുരുളഴിഞ്ഞു വന്നു, ഹനീഫിന് വക്കീലുമാരെ കാണാനുള്ള അവസരം ലഭിച്ചു, അടുത്ത കാലത്തൊന്നും ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് ഹനീഫ് തിരിച്ചറിഞ്ഞു. 'പ്രതീക്ഷ കൈവിടരുതെന്ന് പറഞ്ഞ് കുടുംബം എന്നെ ആശ്വസിപ്പിച്ചു. ചെയ്ത കുറ്റം എന്താണെന്ന് പോലും അറിയാത്ത ഒരാളെ സംബന്ധിച്ചിടത്തോളം എന്താണ് പ്രതീക്ഷിക്കാന്‍ കഴിയുക?' ഹനീഫ് ചോദിച്ചു. അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി, 21 പേരില്‍ 16 പേര്‍ക്കെതിരെയുള്ള കേസുകള്‍ കോടതി തള്ളിക്കളഞ്ഞു. ഹനീഫ് അടക്കമുള്ള അഞ്ച് പേര്‍ക്കും പ്രതീക്ഷക്ക് വകനല്‍കുന്ന ഒന്നായിരുന്നു അത്. 'ചില സമയങ്ങളില്‍ പ്രതീക്ഷ എന്നത് വളരെ അപകടം പിടിച്ച ഒന്നാണ്. അത് നിങ്ങള്‍ക്കും ചുറ്റും സംഭവിച്ച് കൊണ്ടിരിക്കുന്നതിനെ സംബന്ധിച്ച് നിങ്ങളെ അശ്രദ്ധയിലാക്കും,' ഹനീഫ് പറഞ്ഞു. അത് ശരിയാണെന്ന് തെളിയിക്കപ്പെട്ടു. 21 പേരില്‍ 16 കുറ്റവിമുക്തരാക്കപ്പെട്ടപ്പോള്‍, ബാക്കി അഞ്ച് പേര്‍ക്ക് പോട്ട കോടതി 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. തിരിഞ്ഞ് നോക്കുമ്പോള്‍, വക്കീലുമാര്‍ വരുത്തിവെച്ച എന്തെങ്കിലും പാകപിഴവുകള്‍ കാരണമാകാം കോടതി തങ്ങളെ കുറ്റക്കാരെന്ന് വിധിച്ചത് എന്നാണ് ഹനീഫ് പറയുന്നത്. 'നിയമ വശങ്ങളെ കുറിച്ച് എനിക്കോ എന്റെ കുടുംബത്തിനോ ഒന്നുമറിയില്ല. അതുകൊണ്ട് തന്നെ വക്കീലിന്റെ ഭാഗത്ത് എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് ഞങ്ങള്‍ക്കറിയില്ല.' ഹനീഫ് പറഞ്ഞു.

അങ്ങനെ പീഡനങ്ങളും മര്‍ദ്ദനങ്ങളും അവസാനിച്ചു. പക്ഷെ ഹനീഫിനെ സംബന്ധിച്ചിടത്തോളം, ശിക്ഷ വിധിക്കപ്പെട്ടതിന് ശേഷമുള്ള ദിവസങ്ങളായിരുന്നു ഏറ്റവും ദുരിതപൂര്‍ണ്ണം. 'ആഴ്ച്ചയില്‍ 20 മിനുട്ടാണ് കുടുംബവുമായി സംസാരിക്കാന്‍ അവസരം ലഭിക്കുക. അതില്‍ തന്നെ ഭൂരിഭാഗം സമയവും ഞങ്ങള്‍ കരയുകയായിരിക്കും. ആദ്യം എന്റെ ഉമ്മ മരണപ്പെട്ടു, ഒരു വര്‍ഷം കഴിഞ്ഞ് ഭാര്യയും മരണപ്പെട്ടു, നിസ്സഹായനായി നോക്കി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളു.' അദ്ദേഹം പറഞ്ഞു. ഈ സമയങ്ങളിലെല്ലാം, പ്രാര്‍ത്ഥനയും, നമസ്‌കാരവുമായിരുന്നു ഹനീഫിനുള്ള ഏക ആശ്വാസം, അവ മനസ്സിന്റെ താളം തെറ്റാതെ ഹനീഫിനെ കാത്തുരക്ഷിച്ചു. 'മതനിഷ്ഠയുള്ള കുടുംബമായിരുന്നു ഞങ്ങളുടേത്. അഹ്മദാബാദ് ജയിലിലെ കനത്ത സുരക്ഷയുള്ള ജയിലില്‍ അടക്കപ്പെട്ടപ്പോള്‍, പ്രാര്‍ത്ഥനയായിരുന്നു എന്റെ കൈയ്യിലുള്ള ഏക ആയുധം. അഞ്ചു നേരവും നമസ്‌കരിച്ചു, ഖുര്‍ആന്‍ പാരായണം ചെയ്തു. അല്ലാഹുവിന്റെ മുന്നില്‍ ഞാന്‍ നിരപരാധിയാണെന്ന കാര്യത്തില്‍ എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു,' ഹനീഫ് പറഞ്ഞു. ആ ദിനങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ ഹനീഫിന്റെ വാക്കുകള്‍ കണ്ണീരില്‍ കുതിര്‍ന്നു. പക്ഷെ അദ്ദേഹത്തിന്റെ പോരാട്ടം കൂടുതല്‍ കഠിനമാകാന്‍ പോകുന്നതേ ഉണ്ടായിരുന്നുള്ളു.

കേസ് ഹൈകോടതിയില്‍ എത്തിയപ്പോള്‍, ഹനീഫിന് കൂടുതല്‍ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ, പോലീസ് പറഞ്ഞ് കൊടുത്ത കാര്യങ്ങള്‍ അപ്പടി ഏറ്റുപറയുക മാത്രമാണ് സര്‍ക്കാര്‍ ഹാജറാക്കിയ സാക്ഷികള്‍ ചെയ്യുന്നതെന്ന് ഹനീഫ് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. 'എനിക്കെതിരെയുള്ള സാക്ഷി മൊഴികള്‍ നുണയാണെന്ന് പറയാന്‍ പോലും എനിക്ക് സാധിച്ചില്ല. ആര്‍ക്കറിയാം, ചിലപ്പോള്‍ ആ സാക്ഷികളെ പോലിസ് ഭീഷണിപ്പെടുത്തിയിട്ടുണ്ടാകാം?'

ജയില്‍ കാലഘട്ടത്തിനിടയില്‍, ഒരു പ്രവണത സര്‍വ്വസാധാരണമാകുന്നത് ഹനീഫ് ശ്രദ്ധിക്കുകയുണ്ടായി: ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന മുസ്‌ലിംകള്‍ ദീര്‍ഘകാലം ജയിലിലടക്കപ്പെടുന്ന പ്രതിഭാസം. 'ഞങ്ങളും അതേ പ്രതിഭാസത്തിന്റെ ഭാഗമാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. അതേ കേസിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട നിരവധി പേര്‍ അവിടെയുണ്ടായിരുന്നു. ഇപ്പോഴും അവിടെ നിരവധി പേരുണ്ട്.' പക്ഷെ വിചാരണ നാളിലും, ഹനീഫിനും മറ്റുള്ളവര്‍ക്കും പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍, കൂട്ടത്തിലെ അഹ്മദ് ഹുസൈന്‍ മന്‍സൂരി എന്നയാളെ ഗുജറാത്ത് ഹൈകോടതി കുറ്റവിമുക്തനാക്കുകയും, മറ്റു നാല് പേരുടെ തടവുശിക്ഷ ജീവപര്യന്തമാക്കി ഉയര്‍ത്തുകയും ചെയ്തതോടെ എല്ലാ പ്രതീക്ഷകളും തകര്‍ന്നടിഞ്ഞു.

'ഒരേ തെളിവുകള്‍ തന്നെയാണ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും എതിരെയുണ്ടായിരുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഒരാളെ കുറ്റവിമുക്താക്കുകയും, മറ്റു നാലു പേരെ ശിക്ഷിക്കുകയും ചെയ്തത്. എന്തോ പിഴവുണ്ടെന്ന കാര്യം വ്യക്തമായിരുന്നു.' ഹനീഫ് പറഞ്ഞു. പക്ഷെ ജയിലില്‍ തിരിച്ചെത്തിയപ്പോള്‍, നീതി ലഭിക്കുമെന്ന തരത്തിലുള്ള സംസാരമാണ് സഹതടവുകാരില്‍ നിന്നും കേള്‍ക്കാന്‍ കഴിഞ്ഞത്. 'നിങ്ങള്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി സ്വീകരിക്കുകയാണെങ്കില്‍, നീതി ലഭിക്കുമെന്ന കാര്യം നിങ്ങള്‍ക്ക് ഉറപ്പിക്കാം,' സഹതടവുകാരില്‍ ഒരാള്‍ പറഞ്ഞു. വക്കീലുമാരും അതു തന്നെ പറഞ്ഞു. അപ്പോഴേക്കും ജയില്‍ ജീവിതം എട്ട് വര്‍ഷം കഴിഞ്ഞ് പോയിരുന്നു. ഹനീഫും മറ്റുള്ളവരും ഒരിക്കല്‍ കൂടി തങ്ങളുടെ പ്രതീക്ഷയും, ജീവിതവും സുപ്രീംകോടതിയുടെ കൈകളില്‍ ഏല്‍പ്പിച്ചു.

അങ്ങനെ, വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം ആദ്യമായി ആ സന്തോഷ വാര്‍ത്ത കേട്ടു: നാലു പേരും സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി സ്വീകരിച്ചിരിക്കുന്നു. അങ്ങനെ ജംഇയ്യത്തുല്‍ ഉലമ ഹിന്ദിന്റെ നിയമസഹായത്തോടെ ആദ്യമായി, നീതിപൂര്‍വ്വമായ കോടതി വിചാരണ യാഥാര്‍ത്ഥ്യമായി. 'ഞങ്ങള്‍ക്കെല്ലാവര്‍ക്കും നമ്മുടെ ഭരണഘടനയില്‍ പ്രതീക്ഷയുണ്ടായിരുന്നു.. വേറെ എന്തിനാണ് ഞങ്ങളെ രക്ഷിക്കാന്‍ സാധിക്കുക? ജീവിതകാലം മുഴുവന്‍ ഞങ്ങള്‍ ജയിലില്‍ കിടന്ന് നരകിക്കണമെന്ന വാശിയിലായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍,' ഹനീഫ് പറഞ്ഞു.

ഫെബ്രുവരി 2-ന്, രാത്രി 2 മണിയോടടുത്ത സമയത്ത്, ഗാര്‍ഡ് വന്ന് ഹനീഫിനെ വിളിച്ചു, 'സാഹബ്, മുബാറക് ഹൊ,' അതെ, ഞാന്‍ കുറ്റവിമുക്തനായിരിക്കുന്നു. അന്നേരത്തെ എന്റെ അവസ്ഥ വാക്കുകള്‍ കൊണ്ട് വിശദീകരിക്കാന്‍ സാധിക്കില്ല. 13 വര്‍ഷം, ഇതൊന്ന് കേള്‍ക്കാന്‍ വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്. അവസാനം എനിക്ക് നീതി ലഭിച്ചിരിക്കുന്നു. കരയണോ, ചിരിക്കണോ എന്നറിയാത്ത അവസ്ഥ. ഒരുപാട് കരഞ്ഞു. അല്ലാഹുവിനെ സ്തുതിച്ചു. വുളു എടുത്ത് വന്ന് രണ്ട് റക്അത്ത് നമസ്‌കരിക്കുകയാണ് ആദ്യം ചെയ്തത്. അല്ലാഹുവിന്റെ അനുഗ്രഹമുള്ളത് കൊണ്ടാണ് എനിക്ക് പുതിയ ജീവിതം ലഭിച്ചത്.' ഹനീഫ് പറഞ്ഞു.

തുടര്‍ന്നുള്ള ഒരാഴ്ച്ച ഹനീഫിന് ഉറങ്ങാന്‍ കഴിഞ്ഞില്ല. അവസാനം, ബുധനാഴ്ച്ച അദ്ദേഹം ജയില്‍ മോചിതനായി. 13 വര്‍ഷത്തിന് ശേഷം അദ്ദേഹം തന്റെ കുടുംബത്തെ വാരിപ്പുണര്‍ന്നു. 'ഞങ്ങള്‍ ഒരുപാട് കരഞ്ഞു.. ഈയൊരു ദിവസത്തിന് വേണ്ടി കാത്തിരുന്ന, മരണപ്പെട്ട എന്റെ ഉമ്മയേയും, ഭാര്യയേയും കുറിച്ചോര്‍ത്തായിരുന്നു ഏറ്റവും കൂടുതല്‍ സങ്കടം. അയല്‍വാസികള്‍ വളരെ സന്തോഷപൂര്‍വ്വമാണ് എന്നെ സ്വീകരിച്ചത്. ഒരുപാട് കാലത്തിന് ശേഷം സ്വന്തം വീട്ടില്‍ കിടന്നുറങ്ങുന്നതിന്റെ അനുഭൂതി പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്.' ഹനീഫ് പറഞ്ഞു.

സഹോദരനെ ബിസിനസ്സില്‍ സഹായിക്കാനാണ് തല്‍കാലം തീരുമാനിച്ചിരിക്കുന്നത്. കള്ളക്കേസില്‍ കുടുക്കിയതിനും, ജീവിതത്തിന്റെ നല്ലൊരു ഭാഗം നഷ്ടപ്പെടുത്തിയതിനും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊണ്ട് കേസ് കൊടുക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ഹനീഫ് പറഞ്ഞു, 'സത്യം പറയുകയാണെങ്കില്‍, കോടതി വെറുതെ ഒന്ന് കാണണം എന്ന് പോലും ഞാനിപ്പോള്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ക്ഷീണിതനാണ്. നഷ്ടപരിഹാരം... ചിലപ്പോള്‍ കേസ് ഫയല്‍ ചെയ്‌തേക്കാം.. പക്ഷെ ഒരു കേസിന്റെ പിന്നാലെ കൂടി പോകാനുള്ള ക്ഷമ എനിക്കുണ്ടോ എന്ന കാര്യം സംശയമാണ്. ജീവിതത്തില്‍ ഇങ്ങനെയുള്ള ഒരു കേസ് തന്നെ ധാരാളമാണ്. ഇങ്ങനെയൊരു ഗതി ആര്‍ക്കും വരരുത്.' ഹനീഫ് കൂട്ടിച്ചേര്‍ത്തു.

കടപ്പാട്: twocircles
മൊഴിമാറ്റം: irshad shariathi

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics