യൂറോപ്പിന്റെ സെമിറ്റിക്ക് വിരുദ്ധതയും സയണിസ്റ്റ് ഇരട്ടത്താപ്പും

ഫലസ്തീന്‍; ഒരു കൊളോണിയല്‍ അധിനിവേശം 11

ഫലസ്തീന്‍; ഒരു കൊളോണിയല്‍ അധിനിവേശം 11

സലാഹുദ്ദീന്‍ അയ്യൂബിയുടെ മഖ്ബറയുടെ മേല്‍ കയറി നിന്ന് കൊണ്ട് ഫ്രഞ്ച് കമാന്‍ഡറായ ഗൗരൗഡ് പറയുന്ന പറയുന്ന വാക്കുകള്‍ പ്രമുഖ പാക്കിസ്ഥാന്‍ ബുദ്ധിജീവിയും ഗ്രന്ഥകാരനുമായ താരീഖ് അലി ഉദ്ധരിക്കുന്നുണ്ട്. ഗൗരൗഡ് പറയുന്നത് നോക്കൂ: ' കുരിശ് യുദ്ധങ്ങള്‍ അവസാനിച്ചിരിക്കുന്നു. എഴുന്നേല്‍ക്കൂ സലാഹുദ്ദീന്‍, ഞങ്ങളിതാ തിരിച്ചെത്തിയിരിക്കുന്നു. ചന്ദ്രക്കലയുടെ മേല്‍ കുരിശിന്റെ വിജയമാണ് ഞങ്ങളിപ്പോള്‍ ആഘോഷിക്കുന്നത്.' കഴിഞ്ഞ അധ്യായത്തില്‍ ബൈബിള്‍ വ്യാഖ്യാനങ്ങള്‍ എങ്ങനെയാണ് ഫലസ്തീന്‍ അധിനിവേശത്തിന് ന്യായീകരണങ്ങള്‍ നിര്‍മ്മിക്കുന്നതെന്നും യൂറോപ്പ് അതില്‍  വഹിക്കുന്ന പങ്കിനെക്കുറിച്ചും ഞാന്‍ വിശദീകരിക്കുകയുണ്ടായി. അതിന്റെ ഒരു നേര്‍ച്ചിത്രമാണ് ഗൗരൗഡിന്റെ പ്രസ്താവന നല്‍കുന്നത്.

1917 ല്‍ ബ്രിട്ടനാണ് ആദ്യമായി ഫലസ്തീന്‍ കീഴടക്കുന്നത്. അവര്‍ ജൂതര്‍ക്ക് വേണ്ടി ഒരു നഗരം പണിയുകയാണ് ആദ്യം ചെയ്തത്. എന്നാലത് ജൂതരോടുള്ള സ്‌നേഹത്തിന്റെ പേരിലായിരുന്നില്ല. മറിച്ച് യൂറോപ്പിന്റെ ജൂതപ്പേടിയെ ഫലസ്തീനിലേക്ക് പറിച്ച് നടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്. സെമിറ്റിക്ക് വിരുദ്ധരായ സയണിസ്റ്റുകളും അവരെ അനുകൂലിക്കുന്നവരും ചേര്‍ന്നൊരുക്കിയ നാടകമായിരുന്നു യഥാര്‍ഥത്തില്‍ ബ്രിട്ടീഷ് അധിനിവേശം. അങ്ങനെ സെമിറ്റിക്ക് വിരുദ്ധര്‍ എന്ന ആരോപണത്തില്‍ നിന്ന് യൂറോപ്പ് രക്ഷപ്പെടുകയും ഫലസ്തീനികള്‍ അതിന്റെ ഭാരമേറ്റെടുക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. അങ്ങനെയാണ് ഇസ്രയേല്‍ അധിനിവേശത്തെ എതിര്‍ക്കുന്നവരല്ലാം സെമിറ്റിക്ക് വിരുദ്ധരായി മുദ്രകുത്തപ്പെട്ടത്.

സയണിസ്റ്റ് ലോബിക്ക് അമേരിക്കയിലെ വലതുപക്ഷ ക്രൈസ്തവ ഗ്രൂപ്പുകള്‍ക്കിടയില്‍ ലഭ്യമാകുന്ന സ്വീകാര്യത പരിശോധിച്ചാല്‍ തന്നെ സെമിറ്റിക്ക് വിരുദ്ധതയെക്കുറിച്ച വ്യവഹാരങ്ങളിലെ ഇരട്ടത്താപ്പ് മനസ്സിലാകും. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന വലതുപക്ഷ ക്രൈസ്തവ ഗ്രൂപ്പുകള്‍ കടുത്ത സെമിറ്റിക്ക് വിരുദ്ധത വെച്ചുപുലര്‍ത്തുന്നവരാണ്. അതേസമയം തന്നെ സയണിസ്റ്റുകളോട് അവര്‍ക്ക് കടുത്ത ആരാധനയുമാണ്. ജൂതരാഷ്ട്രത്തെക്കുറിച്ചും സെമിറ്റിക്ക് പാരമ്പര്യത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന സയണിസ്റ്റുകള്‍ക്കാകട്ടെ അവരോട് യാതൊരു പ്രശ്‌നവുമില്ല. അമേരിക്കന്‍ ഭരണകൂടത്തിന്റെ നയങ്ങളെപ്പോലും പലപ്പോഴും നിര്‍ണ്ണയിക്കുന്നത് ഈ രണ്ട് ഗ്രൂപ്പുകളാണ്.

ക്രിസ്തുവിന്റെ രണ്ടാം വരവിനെക്കുറിച്ചാണ് വലതുപക്ഷ ക്രൈസ്തവര്‍ സംസാരിക്കുന്നത്. അതിന് ശേഷം ലോകത്തുടനീളമുള്ള ജൂതരെ ക്രിസ്തു വകവരുത്തുമെന്നും ലോകത്ത് ക്രൈസ്തവ ആധിപത്യത്തിന് തുടക്കം കുറിക്കപ്പെടുമെന്നും അവര്‍ വിശ്വസിക്കുന്നു. ഇത്തരത്തില്‍ പ്രകടമായ ജൂതവിരുദ്ധത വെച്ചുപുലര്‍ത്തുന്ന ഒരു ഗ്രൂപ്പുമായി സഹകരിക്കുന്നതില്‍ സയണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് യാതൊരു വിധ പ്രശ്‌നവുമില്ല എന്നതാണ് രസകരം. ഇവിടെ വംശീയതയും സെമിറ്റിക്ക് വിരുദ്ധതയും തോളോട് തോള്‍ ചേര്‍ന്നാണ് അധിനിവേശം സാധ്യമാക്കുന്നത്.

യൂറോപ്പിന്റെ ചരിത്രം പരിശോധിച്ചാല്‍ തന്നെ എത്രത്തോളം ജൂതവിരുദ്ധവും സെമിറ്റിക്ക് വിരുദ്ധവുമാണ് അവരുടെ പാരമ്പര്യം എന്ന് മനസ്സിലാകും. ജൂതരോട് ദൈവശാസ്ത്രപരമായിത്തന്നെ യൂറോപ്പിന് ചില പ്രശ്‌നങ്ങളുണ്ട്. അഥവാ, മുസ്‌ലിം കര്‍തൃത്തത്തെ എങ്ങനെയാണോ യൂറോപ്പ് അപരവല്‍ക്കരിക്കുന്നത് അത്‌പോലെത്തന്നെയാണ് യൂറോപ്പിന്റെ ജൂതരോടുള്ള സമീപനവും. 1492 ലെ സ്‌പെയ്‌നില്‍ നിന്നുള്ള ജൂതരുടെ ഉന്‍മൂലനത്തില്‍ നിന്ന് തുടങ്ങി ഹോളോകോസ്റ്റ് വരെ അത് എത്തി നില്‍ക്കുന്നു. വംശീയവും സെമിറ്റിക്ക് വിരുദ്ധവുമായ വ്യവഹാരത്തിനകത്ത് തന്നെയാണ് ഇതും മനസ്സിലാക്കേണ്ടത്. സയണിസം യഥാര്‍ത്ഥത്തില്‍ സെമിറ്റിക്ക് വിരുദ്ധതക്കെതിരെയല്ല നിലകൊള്ളുന്നത്. മറിച്ച്, യൂറോപ്പിന്റെ വംശീയതയെയും സെമിറ്റിക്ക് വിരുദ്ധതയെയും സ്വാംശീകരിക്കുകയാണത് ചെയ്യുന്നത്.

സയണിസം യൂറോപ്പിന്റെ സെമിറ്റിക്ക് വിരുദ്ധതയെ ചോദ്യം ചെയ്യാതെ തന്നെ ആ ഭാരം ഫലസ്തീനികളുടെ മേല്‍ കെട്ടിവെക്കുകയാണ് ചെയ്തത്. അഥവാ, ജ്ഞാനശാസ്ത്രപരമായും ഘടനാപരമായും സെമിറ്റിക്ക് വിരുദ്ധ വ്യവഹാരങ്ങളെ നേരിടാനുള്ള ശേഷി സയണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുണ്ടായിരുന്നില്ല. കാരണം, ജൂതര്‍ക്കിടയില്‍ തന്നെ സയണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണയുണ്ടായിരുന്നില്ല. എന്നാല്‍, കാലക്രമേണ ഭൂരിപക്ഷ ജൂതരും സയണിസ്റ്റ് പ്രൊജക്ടിനെ പിന്തുണക്കുകയും വിശുദ്ധ ഭൂമി എന്ന സങ്കല്‍പ്പത്തെ ദൈവശാസത്രപരമായി തന്നെ ഏറ്റെടുക്കാന്‍ ആരംഭിക്കുകയും ചെയ്തു. അഥവാ, ഭൂരിപക്ഷം വരുന്ന ജൂതസമൂഹവും സയണിസ്റ്റ് ചിന്താ പദ്ധതിയെ അംഗീകരിക്കുന്നവരും ഫലസ്തീനിന്റെ നിലനില്‍പ്പിനെ അംഗീകരിക്കാത്തവരുമാണ്. (തുടരും)

ബ്രിട്ടീഷ് കൊളോണിയലിസവും സയണിണിസ്റ്റ് ചിന്താപദ്ധതിയും

അധിനിവേശത്തിന് മണ്ണൊരുക്കിയ കരാറുകള്‍

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics