സന്തുഷ്ട ദാമ്പത്യം തേടുന്നവര്‍ക്ക്

യാഥാര്‍ഥ്യ ലോകത്തിന്റെ പരിധിയിലായിരിക്കണം ജീവിക്കേണ്ടതെന്നത് ദാമ്പത്യത്തില്‍ വളരെ പ്രധാനമാണ്. യാഥാര്‍ഥ്യത്തെ പ്രതിനിധീകരിക്കാത്ത ഭാവനാ ലോകം ഒരിക്കലും ദമ്പതികളെ വഞ്ചിതരാക്കരുത്. അത് കൃത്രിമമാണെന്ന് തിരിച്ചറിയാന്‍ സാധിക്കണം. നീ ഉദ്ദേശിക്കുന്ന എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ഒരു ഇണയെ ഒരിക്കലും നിനക്ക് കിട്ടില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് ഇണയെ സ്വീകരിക്കാന്‍ സാധിക്കേണ്ടതുണ്ട്.

ഭാര്യ ജീവിതപങ്കാളിയില്‍ നിന്നും സംതൃപ്തമായ നോട്ടമാണ് പ്രതീക്ഷിക്കുന്നത്, നിരൂപകന്റെ നോട്ടമല്ല. അദ്ദേഹം തന്റെ വ്യക്തിത്വത്തെയും താല്‍പര്യങ്ങളെയും മാനിക്കുകയും തന്നെ പരിഗണിക്കുകയും സ്‌നേഹിക്കുകയും ചെയ്യണമെന്നാണ് അവളാഗ്രഹിക്കുന്നത്. മറ്റേതെങ്കിലും സ്ത്രീയുടെ ഒരു പതിപ്പല്ല അവള്‍ എന്ന് പുരുഷന്‍ മനസ്സിലാക്കണം. അതുകൊണ്ടു തന്നെ അവളുടെ വ്യക്തിത്വത്തിന്റെ സവിശേഷതകളെ മായ്ച്ചു കളയാനോ മാറ്റാനോ ശ്രമിക്കരുത്. വിവാഹിതരാവുന്ന മിക്ക പുരുഷന്‍മാര്‍ക്കും സംഭവിക്കുന്ന തെറ്റാണിത്. അവര്‍ കരുതുന്നത് പങ്കാളിയെ താനുദ്ദേശിക്കുന്ന രീതിയിലേക്ക് മാറ്റാനുള്ള അവകാശം തനിക്കുണ്ടെന്നാണ്. അവളും ഒരു മനുഷ്യനാണെന്നത് പരിഗണിക്കാതെയാണത് ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് തൊട്ടുടനെ ഈ രീതി സ്വീകരിക്കുന്നവരാണ് മിക്ക പുരുഷന്‍മാരും. നിലവിലെ അവരിലെ പ്രകൃതത്തെ തകര്‍ത്ത് പുനര്‍നിര്‍മാണത്തിനവര്‍ ശ്രമിക്കുന്നു. അവളുടെ വ്യക്തിത്വത്തിന്റെ സവിശേഷതകളെ മാറ്റിയെടുക്കാന്‍ ശേഷിയുള്ള എന്ത് ഗുണമാണ് തന്റെ കൈവശമുള്ളതെന്ന് പലപ്പോഴും അവര്‍ ആലോചിക്കാറില്ല.

''പുരുഷന്മാര്‍ സ്ത്രീകളുടെ രക്ഷാധികാരികളാണ്. അല്ലാഹു മനുഷ്യരിലൊരു വിഭാഗത്തിന് മറ്റുള്ളവരെക്കാള്‍ കഴിവു കൊടുത്തതിനാലും പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതിനാലുമാണിത്.'' (അന്നിസാഅ്: 34) എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം ദാമ്പത്യ ബന്ധം. അതില്‍ ഓരോരുത്തരും തങ്ങളുടെ അവകാശങ്ങളെയും ബാധ്യതകളെയും പരിഗണിക്കണം. അവകാശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ബാധ്യതകള്‍ മറക്കുകയും ചെയ്യുന്നവരാവരുത്. ഉള്ളു തുറന്ന് സംവദിക്കാനുള്ള ചാനലുകള്‍ ദമ്പതികള്‍ക്കിടയില്‍ തുറന്നു വെച്ചിരിക്കേണ്ടതും വളരെ അനിവാര്യമാണ്.

രസകരമായ ഒരു കഥയുണ്ട്. ഒരിടത്ത് രണ്ട് കൂട്ടുകാരും അവരുടെ അടുത്ത് ഒരു ഓറഞ്ചും ഉണ്ടായിരുന്നു. ആ ഓറഞ്ച് തനിക്ക് ലഭിക്കുമെന്ന് അവരിരുവരും കരുതി. കാരണം അത്രത്തോളം അവര്‍ പരസ്പരം സ്‌നേഹിച്ചിരുന്നു. അവസാനം അത് പകുത്ത് രണ്ടു പേരും ഓരോ പകുതിയെടുത്തു. എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ചതില്‍ ഇരുവരും തൃപ്തരായിരുന്നില്ല. കാരണം പിന്നീടാണ് വ്യക്തമായത്. ഓറഞ്ചിന്റെ തൊലിയില്‍ നിന്ന് ജാം ഉണ്ടാക്കാനാണ് ഒരാള്‍ ആഗ്രഹിച്ചിരുന്നത്. അതേസമയം രണ്ടാമന്‍ താല്‍പര്യപ്പെട്ടത് അതിന്റെ നീര് മാത്രം പിഴിഞ്ഞെടുത്ത് കുടിക്കാനുമായിരുന്നു. എന്നാല്‍ ഓറഞ്ചു കൊണ്ട് എന്താണ് താന്‍ ഉദ്ദേശിക്കുന്നത് ഇരുവരും പറഞ്ഞില്ല. പറഞ്ഞിരുന്നെങ്കില്‍ ഇരുവര്‍ക്കും തങ്ങളാഗ്രഹിച്ചത് സാധിക്കുമായിരുന്നു.

പ്രശ്‌നങ്ങള്‍ കൂടുതലായി അടിഞ്ഞു കൂടുന്നതിന് മുമ്പ് തുടക്കത്തില്‍ തന്നെ അവ പരിഹരിക്കുക എന്നതാണ് മറ്റൊരു കാര്യം. രണ്ട് കക്ഷികള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഇരു കക്ഷികളും ചില വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറായാലല്ലാതെ അവ പരിഹരിക്കപ്പെടുകയില്ല. പരസ്പരം മനസ്സിലാക്കാനും പരസ്പരം വിട്ടുവീഴ്ച്ച ചെയ്യാനുമുള്ള കഴിവ് ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിന് അനിവാര്യമാണെന്ന് ദമ്പതികള്‍ ഒരിക്കലും മറക്കരുത്. അതിന്റെ ഭാഗമായി ചെറിയ ചെറിയ വീഴ്ച്ചകള്‍ക്ക് നേരെ കണ്ണടക്കുകയും അവഗണിക്കുകയും ചെയ്യേണ്ടി വരും. അഹംഭാവവും തെറ്റുകള്‍ തേടിപ്പിടിക്കുന്ന സ്വഭാവവും മാറ്റി വെക്കേണ്ടതും സന്തോഷകരമായ ജീവിതത്തിന് ആവശ്യമാണ്.

നേരിട്ട് കുറ്റപ്പെടുത്തുന്ന രീതി ഉപേക്ഷിച്ച് പരോക്ഷമായി കാര്യങ്ങള്‍ ഗ്രഹിപ്പിക്കുന്ന ശൈലി സ്വീകരിക്കാം. ആഗ്രഹ പ്രകടനത്തിലൂടെയോ മറ്റൊരു വ്യക്തിയിലൂടെയുള്ള സൂചനയിലൂടെയോ ആവാം അത്. 'എന്റെ ഒരു കൂട്ടുകാരി പാവമാണ്, അവള്‍ക്ക് അവളുടെ ഭര്‍ത്താവ് ഒരു വര്‍ഷമായി സമ്മാനമൊന്നും നല്‍കിയിട്ടില്ല' എന്ന് പറയുന്നത് അതിനൊരു ഉദാഹരണമാണ്. ഒരിക്കലും കുട്ടികളുടെ മുമ്പില്‍ വെച്ച് ഇണയെ കുറ്റപ്പെടുത്തരുത്. നിങ്ങളില്‍ നിന്ന് അനാവശ്യ വാക്കുകള്‍ മക്കള്‍ ഒരിക്കലും കേള്‍ക്കാന്‍ ഇടവരരുത്. നിങ്ങളെ അനുകരിച്ച് അവരും ആ പദങ്ങളും പ്രയോഗങ്ങളും ഉപയോഗിക്കുമെന്ന് ഓര്‍ക്കുക.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics