എന്തുകൊണ്ടാണ് ഭീകരവാദികളെല്ലാം മുസ്‌ലിംകളാവുന്നത്?

എല്ലാ മതങ്ങളിലും ഭീകരവാദികളുണ്ട്. പക്ഷെ എന്തുകൊണ്ടാണ് ലോകത്തുള്ള ഭീകരവാദികളില്‍ അധികവും മുസ്‌ലിംകളില്‍ പെട്ടവരാകുന്നത്? കുറ്റകൃത്യങ്ങളാണ് ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്. മുസ്‌ലിം അല്ലാത്ത ഒരാളാണ് ഒരു കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍, അത് കേവലം കുറ്റകൃത്യം മാത്രമാണ്. എന്നാല്‍ ഒരു മുസ്‌ലിമാണ് കുറ്റകൃത്യം ചെയ്യുന്നതെങ്കില്‍ ആ കൃത്യം ഭീകരവാദം എന്ന് വിളിക്കപ്പെടും.

അവര്‍ മാറ്റി മറിച്ച ഒരു വാക്ക് മാത്രമാണിത്. ഭീകരവാദത്തിന്റെ പുതിയ നിര്‍വചനം 'മുസ്‌ലിംകള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍' എന്നായി മാറിയിട്ടുണ്ട്. മുസ്‌ലിംകളല്ലാത്തവരെല്ലാം ഭീകരവാദ നിര്‍വചനത്തിന്റെ പുറത്താണ്. ഞാന്‍ ഇങ്ങനെ പറയാന്‍ കാരണം മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിയുന്നത് ഇങ്ങനെയാണ്. മാധ്യമങ്ങള്‍ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് നമുക്ക് അറിയാം. ഇപ്പോള്‍ എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നത് എന്നതിനെ കുറിച്ച് എനിക്കും നിങ്ങള്‍ക്കും നല്ല ധാരണയുണ്ട്. വിഷയം ഇത്തരത്തിലുള്ളതാകുമ്പോള്‍ മുന്‍ധാരണയോടു കൂടിയുള്ള പെരുമാറ്റങ്ങള്‍ നമുക്ക് അനുഭവപ്പെടാന്‍ തുടങ്ങും.

ഇവിടെ തിമോത്തി മക്‌വെയ് ഉണ്ട്. പക്ഷെ അയാളെ ആരും ഭീകരവാദി എന്ന് വിളിച്ചില്ല. ഇവിടെ ലോഡ്‌സ് റെസിസ്റ്റന്‍സ് ആര്‍മി ഉണ്ട്, റുവാണ്ടയില്‍ ഹുതൂസ്, തൂത്സിസ് എന്നീ സംഘങ്ങളുണ്ട്. ഒരുപാട് രാജ്യങ്ങളില്‍ വംശീയ ഉന്മൂലനം നടന്നു. ദശലക്ഷകണക്കിന് ആളുകളെയാണ് ഈ സംഘങ്ങള്‍ കൊന്ന് തള്ളിയത്. പക്ഷെ ആരും ഇവരെ ഭീകരവാദികള്‍ എന്ന് വിളിച്ചില്ല. എന്തുകൊണ്ട്? തീര്‍ച്ചയായും, ഇസ്‌ലാമിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന കാര്യത്തില്‍ എന്തോ തരത്തിലുള്ള ഒരു യോജിപ്പ് ഇവിടെ രൂപപ്പെട്ടിട്ടുണ്ട്.

ഭീകരവാദ കഥകളില്‍ എനിക്ക് വിശ്വാസമില്ല. ഈ സിദ്ധാന്തങ്ങളെ കുറിച്ച് ഞാനൊരുപാട് ചിന്തിച്ചിരുന്നു. അവയെല്ലാം തെറ്റാണ്. പക്ഷെ ഏറ്റവും കൂടുതല്‍ വളര്‍ച്ചയുള്ള മതം ഇസ്‌ലാം തന്നെയാണെന്നത് വളരെ വ്യക്തമാണ്. നിങ്ങള്‍ക്ക് അതറിയുമോ എന്ന് എനിക്കറിയില്ല.

ഇക്കൂട്ടര്‍ക്ക് അത് മനസ്സിലാകില്ല. എന്തുകൊണ്ടാണ് ഇസ്‌ലാമിലേക്കുള്ള ആളുകളുടെ ഒഴുക്ക് വര്‍ദ്ധിച്ച് വരുന്നത് എന്ന് അവര്‍ എന്നോട് ചോദിച്ചിരുന്നു. അതിന്റെ കാരണം എനിക്ക് മനസ്സിലായത് ഒരുപാട് സ്ത്രീകളോട് സംസാരിച്ചപ്പോഴാണ്. കാരം ഇസ്‌ലാമിലേക്ക് കടന്ന് വരുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ് എന്നതാണ് സത്യം. അതായത്, സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ വിപണിക്ക് അടിമകളാക്കപ്പെട്ട സ്ത്രീകള്‍ക്ക് മടുപ്പ് അനുഭവപ്പെട്ട് തുടങ്ങിയിരിക്കുന്നു. വീട്ടിന് പുറത്തേക്ക് ഒന്നിറങ്ങണമെങ്കില്‍, ഒരുപാട് സമയം മുഖം മാത്രം മിനുക്കുന്നതിന് വേണ്ടി അവര്‍ക്ക് ചെലവഴിക്കേണ്ടി വരുന്നു. ഇതൊരു യാഥാര്‍ത്ഥ്യമാണ്. മുഖവും മറ്റു ശരീരഭാഗങ്ങളും മിനുക്കാത്തെ അവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയില്ല.

അവരിപ്പോള്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതെ, പുരുഷാധിപത്യ വ്യവസ്ഥിതിക്ക് വേണ്ടിയാണോ ഞങ്ങള്‍ വസ്ത്രങ്ങള്‍ അണിയുന്നത്, പുരുഷന്‍മാരുടെ കണ്ണുകള്‍ക്ക് കുളിരേകുന്നതിന് വേണ്ടിയാണോ ഞങ്ങള്‍ അണിഞ്ഞൊരുങ്ങുന്നത്?

ആളുകള്‍ക്കിത് അനുഭവപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ശരീരസൗന്ദര്യപ്രദര്‍ശനമല്ല യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്ന് അവര്‍ തിരിച്ചറിയുന്നു. ഞാന്‍ അടിമത്വത്തില്‍ നിന്നും മോചിതയാവേണ്ടതുണ്ടെന്ന് അവള്‍ക്ക് ബോധ്യപ്പെടുന്നു. രാഷ്ട്രത്തിന് നല്‍കുന്ന സംഭാവനങ്ങളുടെ പേരിലാണ് ആളുകള്‍ എന്നെ അറിയേണ്ടത്. മനുഷ്യകുലത്തിന് വേണ്ടി ചെയ്യുന്ന സേവനപ്രവര്‍ത്തനങ്ങളുടെ പേരിലാണ് ആളുകള്‍ എന്നെ ഓര്‍ക്കേണ്ടത്. എന്റെ ശരീര സൗന്ദര്യമല്ല, മറിച്ച് എന്റെ സ്വഭാവവും, പെരുമാറ്റവുമാണ് ആളുകള്‍ക്ക് അനുഭവേദ്യമാകേണ്ടത്.

ലോകത്ത് എന്താണ് നടന്നു കൊണ്ടിരിക്കുന്നത് എന്നതിനെ സംബന്ധിച്ച് ആളുകള്‍ പഠിക്കാന്‍ തുടങ്ങുമ്പോള്‍ സംഭവിക്കുന്നത് എന്താണെന്നാല്‍, ഇസ്‌ലാം എന്ന മതത്തെ എങ്ങനെയൊക്കെ താഴ്ത്തി കെട്ടാം അങ്ങനെയൊക്കെ താഴ്ത്തി കെട്ടാനുള്ള ശ്രമങ്ങള്‍ വളരെയധികം നടന്നു കൊണ്ടിരിക്കുമ്പോഴും, ഇസ്‌ലാം വളര്‍ന്നു കൊണ്ടേയിരിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുക.

ഉദാഹരണമായി, ഞാനിത് എവിടെയോ വായിച്ചതാണ്. ഒരാള്‍ ഒരു നായയെ രക്ഷിക്കുന്നു. അയാള്‍ നായയെ രക്ഷപ്പെടുത്തിയെന്ന് ആളുകള്‍ പരസ്പരം പറയുന്നു. അയാള്‍ ചെയ്തത് എന്താണെന്നാല്‍, നായ ഹൈവേയില്‍ നില്‍ക്കുകയായിരുന്നു, അയാള്‍ നായയെ അവിടെ നിന്നും ഓടിച്ചു വിട്ടു. യഥാര്‍ത്ഥത്തില്‍ അയാള്‍ ആ നായയെ രക്ഷിക്കുക തന്നെയാണ് ചെയ്തിട്ടുള്ളത്. അദ്ദേഹത്തെ കുറിച്ച് പത്രത്തില്‍ വാര്‍ത്ത വന്നു. എന്നാല്‍, ഈ നായയെ രക്ഷപ്പെടുത്തിയ ആള്‍ മുസ്‌ലിമാണെന്ന് അവര്‍ പിന്നീട് മനസ്സിലാക്കുന്നു. അവര്‍ ഉടനെ വാര്‍ത്തയുടെ തലവാചകം മാറ്റി, 'സമാധാനപരമായി റോഡ് മുറിച്ച് കടക്കുകയായിരുന്ന ഒരു നായയെ ഒരു മുസ്‌ലിം ഭീകരവാദി ശല്ല്യപ്പെടുത്തി'.

ഇത് കേവലമൊരു ഉദാഹരണം മാത്രമാണ്. ചിലപ്പോള്‍ ഇതൊരു സാങ്കല്‍പ്പിക കഥയായിരിക്കാം. പക്ഷെ അതേസമയം തന്നെ, ഇപ്പോഴത്തെ സ്ഥിതിവിശേഷത്തെ മനസ്സിലാക്കാന്‍ ഈ കഥ ഉപകരിക്കും. 'ഭീകരവാദം' എന്ന പദം ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് എല്ലാവരും മനസ്സിലാക്കാന്‍ വേണ്ടിയാണിത്.

ഏകദേശം, രണ്ട് ബില്ല്യണ്‍ മുസ്‌ലിംകളാണ് ഇന്ന് ലോകത്തുള്ളത്. ഇസ്‌ലാം ഒരു ഭീകരവാദ മതമാണെങ്കില്‍, ഇന്ന് ലോകത്ത് ആരും തന്നെ അവശേഷിക്കുന്നുണ്ടാവുമായിരുന്നില്ല. (ചോദ്യകര്‍ത്താവിനോടായി) നിങ്ങളൊരു അമുസ്‌ലിം അല്ലെ? ഈ മുറിയില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടോ? നിങ്ങള്‍ സുരക്ഷിതനല്ലെ? (അയാള്‍ അതെ, ഞാന്‍ സുരക്ഷിതനാണ് എന്ന് പറയുന്നു). എന്റെ ഉത്തരം നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു.

വിവ: ഇര്‍ഷാദ് കാളാചാല്‍

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics