സിന്‍വാറില്‍ എന്താണ് ഇസ്രയേല്‍ ഭയക്കുന്നത്?

Feb 17 - 2017

ഗസ്സയിലെ ഹമാസ് നേതൃസ്ഥാനത്തേക്ക് യഹ്‌യ സിന്‍വാന്‍ തെരെഞ്ഞെടുക്കപ്പെട്ടത് ഇസ്രയേല്‍ രാഷ്ട്രീയ രംഗത്തും സുരക്ഷാ രംഗത്തും ഉത്കണ്ഠകള്‍ക്കും ഭീതിക്കും കാരണമായിട്ടുണ്ടെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. സൈനികം വിംഗില്‍ നിന്നും ഒരാള്‍ ഹമാസ് നേതൃസ്ഥാനത്തേക്ക് ആദ്യമായാണ് കടന്നു വരുന്നത് എന്നതായിരിക്കാം അതിന്റെ കാരണം. സൈനിക വിംഗില്‍ നിന്നും ഒരാള്‍ ഹമാസ് നേതൃത്വത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത് സൈനിക വിഭാഗത്തിന്റെ വിജയമായിട്ടാണ് ഇസ്രയേല്‍ വൃത്തങ്ങള്‍ പരിഗണിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹമാസിന്റെ തീരുമാനങ്ങളില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുള്ള ഒരാള്‍ കൂടിയാണ് സിന്‍വാര്‍. രാഷ്ട്രീയ, സൈനിക വിഭാഗങ്ങളുടെ മാര്‍ഗരേഖ ഇനി അദ്ദേഹമായിരിക്കും വരക്കുക.

ഗസ്സയിലുള്ള ഇസ്രയേല്‍ ബന്ദികളുടെ കാര്യമായിരിക്കും സിന്‍വാറിന്റെ പേര് കേള്‍ക്കുമ്പോള്‍ ആദ്യം ഇസ്രയേലിന്റെ ചിന്തയില്‍ വരിക. ചര്‍ച്ചകളില്‍ അദ്ദേഹം സ്വീകരിക്കുന്ന രീതിയും നിലപാടുകളും ഇസ്രയേലിനെ സംബന്ധിച്ചടത്തോളം വളരെ പ്രധാനമായിരിക്കും. ഈ വിഷയത്തില്‍ അവര്‍ പരിചയിച്ച സിന്‍വാറിന്റെ കാര്‍ക്കശ്യമാണ് അവരെ ഭീതിയിലാക്കുന്നത്.

ഇസ്മാഈല്‍ ഹനിയ്യയുടെ പിന്‍ഗാമിയായി സിന്‍വാര്‍ തെരെഞ്ഞെടുക്കപ്പെട്ടത് അടുത്ത യുദ്ധത്തിന്റെ സൂചനയാണ് നല്‍കുന്നതെന്നാണ്  ഇസ്രയേല്‍ പത്രമായ 'ഹാരെറ്റ്‌സ്'ന്റെ സൈനികകാര്യ നിരീക്ഷകന്‍ ആമൂസ് ഹെരിയേല്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഹമാസിന്റെ അടുക്കല്‍ ബന്ദികളാക്കപ്പെട്ടിരിക്കുന്ന ഇസ്രയേല്‍ സൈനികരുടെ മോചനം സംബന്ധിച്ച ചര്‍ച്ചകളുടെ സ്വഭാവം എങ്ങനെയായിരിക്കുമെന്ന സൂചനയും അത് നല്‍കുന്നുണ്ടെന്ന് ലേഖകന്‍ പറയുന്നു. വരാനിരിക്കുന്ന ഏറ്റുമുട്ടലുകളുടെ തലക്കെട്ട് കൂടുതല്‍ ഇസ്രേയല്‍ സൈനികരെ ബന്ദികളാക്കുക എന്നതായിരിക്കുമെന്നും ലേഖകന്‍ ഉണര്‍ത്തുന്നുണ്ട്.

അതേസമയം ഇനിയുണ്ടായേക്കാവുന്ന ഏറ്റുമുട്ടലുകളുടെ അപകടത്തെ കുറിച്ച സൂചനയാണ് 'മആരീവ്' ലേഖകന്‍ നൗആം അമീര്‍ മുന്നില്‍ വെക്കുന്നത്. മധ്യമമായ പരിഹാരങ്ങള്‍ അറിയാത്ത വ്യക്തിയാണ് സിന്‍വാര്‍ എന്നും മുന്‍ഗാമിയായ ഹനിയ്യയേക്കാള്‍ തീവ്രമായ ചിന്തയാണ് അദ്ദേഹം വഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇസ്രേയേലുമായുള്ള ഏറ്റുമുട്ടല്‍ എന്നും തുടരണമെന്നതിലാണ് അദ്ദേഹം വിശ്വസിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

ഹമാസിന്റെ മുന്‍നിര പോരാളിയും ശാലിതിന്റെ മോചന കരാറിലൂടെ മോചിപ്പിക്കപ്പെട്ട വ്യക്തിയുമായ സിന്‍വാറിനെ പോലുള്ള ഒരാള്‍ ഹമാസ് നേതൃത്വത്തില്‍ വരുന്നത് വരാനിരിക്കുന്ന ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച് ഒരുപാട് ചോദ്യങ്ങള്‍ ഇസ്രയേലിന് മുമ്പില്‍ ഉയര്‍ത്തുന്നുണ്ടെന്ന് 'ചാനല്‍-2'ന്റെ സൈനിക നിരീക്ഷകന്‍ റോണി ഡാനിയേല്‍ പറയുന്നു. വരും നാളുകളില്‍ ഗസ്സയില്‍ നിന്നുള്ള തിരിച്ചടിയുടെ സ്വഭാവമെന്തായിരിക്കുമെന്നാണ് ഇസ്രേയലികള്‍ ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് ഇസ്രയേല്‍ സൈനികരെ ബന്ദികളാക്കുകയാണ് മാര്‍ഗമെന്ന് വിശ്വസിക്കുന്ന ഒരാളാണ് അദ്ദേഹമെന്നും അതുകൊണ്ടു തന്നെ സിന്‍വാര്‍ ഏറ്റെടുത്ത ശേഷമുള്ള അവസ്ഥ സൂക്ഷ്മമായി വിലയിരുത്തിയ ശേഷമായിരിക്കണം ഇസ്രയേലിന്റെ പ്രതികരണമെന്നും അദ്ദേഹം ഉണര്‍ത്തുകയും ചെയ്തു.
അവലംബം: qudsn.ps

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics