കഴുതയെ മൊഴിചൊല്ലിയിട്ട് മതി വിവാഹം

വിവാഹത്തിന്റെ ആദ്യ രാവില്‍ ഒരു യുവാവ് തന്റെ മണവാട്ടിയോട് അല്‍പസമയം കൊണ്ട് മടങ്ങി വരാമെന്ന് പറഞ്ഞ് പുറത്തു പോയി. തനിക്കെന്തെങ്കിലും സമ്മാനവുമായി വരാന്‍ പോയതായിരിക്കുമെന്ന ചിന്തയില്‍ അവള്‍ കാത്തിരുന്നു. മടങ്ങിയെത്തിയ അയാളുടെ കൈകളില്‍ കാലികള്‍ക്ക് കൊടുക്കുന്ന തീറ്റയുടെ അവശിഷ്ടങ്ങള്‍ പറ്റിപ്പിടിച്ചിരുന്നു. അവള്‍ ചോദിച്ചു: ഇതെന്താണ്?
ചെറിയൊരു പുഞ്ചിരിയോടെ അയാള്‍ പറഞ്ഞു: എന്റെ കഴുത ഒന്നും കഴിച്ചിരുന്നില്ലെന്ന കാര്യം ഇപ്പോഴാണ് ഓര്‍മ വന്നത്. അതിന് തീറ്റകൊടുക്കാനും വെള്ളം കുടിപ്പിക്കാനും പോയതായിരുന്നു.
പ്രത്യേകിച്ചൊന്നും പറയാതെ അവള്‍ മൗനം പാലിച്ചു. നേരം വെളുക്കുന്നതിന് മുമ്പേ അയാള്‍ അവളെ വിളിച്ചുണര്‍ത്തി പറഞ്ഞു: കഴുത... കഴുത... നേരം വെളുത്തു കഴുതയൊന്നും കഴിച്ചിട്ടില്ല. അതിന് ഭക്ഷണം കൊടുക്കണം....

ഇങ്ങനെ മധുവിധുവിന്റെ ആദ്യമാസം കഴിഞ്ഞുപോയി. 'നീ കഴുതക്ക് തീറ്റ കൊടുത്തോ..? എന്നിട്ട് അതെന്താണ് ചെയ്തത്...? എന്താണ് കഴുത പറഞ്ഞതെന്ന് നിനക്ക് മനസ്സിലായോ...?' തുടങ്ങിയ കാര്യങ്ങള്‍ മാത്രമായിരുന്നു മണവാളന് അന്വേഷിക്കാനുണ്ടായിരുന്നത്. ഒരു പുരുഷനെയല്ല, ഒരു കഴുതയെയാണ് താന്‍ വിവാഹം ചെയ്തിരിക്കുന്നതെന്ന് മനസ്സിലാക്കിയ അവള്‍ തന്റെ വസ്ത്രങ്ങളെല്ലാം പെറുക്കി ബാഗിലാക്ക് തന്റെ വീട്ടിലേക്ക് പോയി. വീട്ടിലെത്തി വിവാഹമോചനത്തിനുള്ള നപടികളെടുക്കാനും അവള്‍ ആവശ്യപ്പെട്ടു.

നാട്ടിലെ പ്രധാനികള്‍ വിഷയത്തില്‍ ഇടപെട്ടു. കഴുതയെ മറക്കണമെന്നും അതിന് നല്‍കുന്നതിനേക്കാള്‍ പരിഗണന അവള്‍ക്ക് ലഭിക്കേണ്ടതുണ്ടെന്നും അവര്‍ മണവാളനെ പറഞ്ഞു മനസ്സിലാക്കി. കഴുതയെ മറന്ന് അവളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അവളുടെ വീട്ടിലെത്താമെന്ന് അദ്ദേഹം വാക്കുനല്‍കി. പറഞ്ഞ സമയം കഴിഞ്ഞിട്ടും അദ്ദേഹം ഭാര്യയുടെ വീട്ടില്‍ എത്തിയില്ല. ഒരു മണിക്കൂറോളം വൈകിയെത്തിയ അദ്ദേഹത്തോട് വൈകിയതിന്റെ കാരണമന്വേഷിച്ചു.

തലകുലുക്കി കൊണ്ട് ദുഖത്തോടെ അയാള്‍ പറഞ്ഞു: ട്രെയിനാണ് എന്നെ വൈകിപ്പിച്ചത്... എന്റെ കഴുതപ്പുറത്താണ് വന്നിരുന്നതെങ്കില്‍ ട്രെയിനിനേക്കാള്‍ വേഗത്തില്‍ എത്തുമായിരുന്നു!
ഇതുകേട്ടതും ആ പെണ്‍കുട്ടി പറഞ്ഞു: 'എന്നാല്‍ വന്ന ട്രെയിനിന് തന്നെ തിരിച്ചു പോയ്‌ക്കൊള്ളൂ...'

ഈ കഥയിലെ കഴുത ഒരു പ്രതീകമാണ്. പല ഭര്‍ത്താക്കന്‍മാരുടെയും ചിന്തയെ പിടികൂടിയിരിക്കുന്നത് പല കാര്യങ്ങളായിരിക്കാം. ചിലര്‍ക്കത് മൊബൈല്‍ ഫോണായരിക്കും, മറ്റു ചിലര്‍ക്ക് കമ്പ്യൂട്ടറോ കാറോ മറ്റെന്തെങ്കിലും ആയിരിക്കും. ഭാര്യ തന്റെ എന്തെങ്കിലും വേദനയെയോ അസുഖത്തെയോ കുറിച്ച് ആവലാതി പറയുമ്പോള്‍ മൊബൈലിനും കമ്പ്യൂട്ടറിനും കാറിനുമൊന്നും ലഭിക്കുന്ന പരിഗണന പോലും അത്തരക്കാരില്‍ നിന്നവര്‍ക്ക് ലഭിക്കാറില്ല.

വലിയൊരു കച്ചവടക്കാരന്റെ അനുഭവം എനിക്കറിയാം. ഉള്ളിയുടെ കച്ചവടമാണ് അയാള്‍ നടത്തിയിരുന്നത്. എവിടെ പെണ്ണുകാണാന്‍ പോയാലും പെണ്‍കുട്ടിയുമായി അയാള്‍ ഉള്ളിയുടെ ഇനങ്ങളെയും അതിന്റെ വിലകളെയും കുറിച്ചെല്ലാം സംസാരിക്കും. അത് കേള്‍ക്കേണ്ട താമസം ആ പെണ്‍കുട്ടി ആ ബന്ധം വേണ്ടെന്ന് വെക്കുകയും ചെയ്യും. അങ്ങനെ പത്തിലേറെ തവണ പെണ്ണുകാണാന്‍ പോയിട്ടും തനിക്ക് പറ്റിയ ഒരു പെണ്‍കുട്ടിയെ കണ്ടെത്താന്‍ അയാള്‍ക്ക് സാധിച്ചില്ല. അവസാനം ഉള്ളിയെ പ്രണയിച്ച ആ മനുഷ്യന്‍ അവിവാഹിതനായിട്ടാണ് മരണപ്പെട്ടത്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics