സ്വയംഭോഗം ചെയ്യുന്ന മകനെ തിരുത്തേണ്ടതെങ്ങനെ?

ഞാന്‍ മൂന്ന് മക്കളുടെ പിതാവാണ്. എന്റെ പതിമൂന്ന് വയസ്സുള്ള മകന്‍ സ്വയംഭോഗം ചെയ്യുന്നത് എന്റെ ശ്രദ്ധയില്‍ പെടുകയുണ്ടായി. അവന്‍ ഒരുപാട് സമയം റൂമില്‍ ഒറ്റക്കിരിക്കുകയും ദീര്‍ഘനേരെ കുളിമുറിയില്‍ ചെലവഴിക്കുകയും ചെയ്യാറുണ്ട്. ഒരുദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ എനിക്ക് അവന്‍ സ്വയംഭോഗം ചെയ്യുന്നത് കാണേണ്ടി വരികയുണ്ടായി. ഞാനാകെ ഞെട്ടിത്തരിച്ച് പോയി. എന്താണ് ചെയ്യേണ്ടത് എന്നെനിക്കറിയില്ല. ഞാനെങ്ങനെയാണ് ഈ വിഷയത്തില്‍ എന്റെ മകനെ സമീപിക്കേണ്ടത്?

തീര്‍ച്ചയായും നിങ്ങളും നിങ്ങളുടെ മകനും ഈ സംഭവത്തിന് ശേഷം മാനസികമായ പ്രയാസം നേരിട്ടിട്ടുണ്ടാകും. ഈ പ്രായം വൈകാരികമായി ഉദ്ദീപിപ്പിക്കപ്പെടുന്ന സമയമാണ്. ഒരുപാട് മാറ്റങ്ങള്‍ ശാരീരിക ഘടനയില്‍ ഉണ്ടാകും. ലൈംഗിക താല്‍പര്യങ്ങള്‍ വര്‍ധിക്കുകയും ചെയ്യും.

അല്ലാഹു കാരുണ്യവാനും പൊറുത്ത് തരുന്നവനുമാണ്. ഇസ്‌ലാമിക വീക്ഷണപ്രകാരം സ്വയംഭോഗം ഹറാമാണ്. ചില കുട്ടികള്‍ എത്ര തന്നെ സമ്മര്‍ദ്ദമുണ്ടായാലും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാറുണ്ട്. എന്നാല്‍ പലപ്പോഴും തങ്ങളുടെ ലൈംഗിക താല്‍പര്യങ്ങളെ ശമിപ്പിക്കാന്‍ കഴിയാതെ തെറ്റിലേക്ക് വീണുപോകുന്ന വലിയൊരു വിഭാഗമുണ്ട്.

ഇപ്പോള്‍ താങ്കള്‍ ചെയ്യേണ്ടത് താങ്കളുടെ മകനുമായി അടുത്ത ബന്ധം സ്ഥാപിക്കുക എന്നതാണ്. നിങ്ങളുടെ ചെറുപ്രായത്തില്‍ എങ്ങനെയാണ് ഈ പ്രതിസന്ധിയെ നിങ്ങള്‍ മറികടന്നത് എന്ന് ഓര്‍ക്കുകയും അതനുസരിച്ച് നിങ്ങളുടെ മകനെ സ്‌നേഹപൂര്‍വ്വം ഉപദേശിക്കുകയും ചെയ്യാവുന്നതാണ്. കോപത്തോടും അധികാരത്തിന്റെ സ്വരത്തിലും അവനോട് സംസാരിക്കരുത്. അതൊരിക്കലും ഫലം ചെയ്യില്ല. മറിച്ച് സ്‌നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുകയാണ് വേണ്ടത്.

നിങ്ങള്‍ ചെറുപ്പത്തില്‍ ഈ പ്രശ്‌നത്തെ മറികടന്നത് എങ്ങനെയെന്ന് അവനുമായി പങ്ക് വെക്കേണ്ടതുണ്ട്. അത്‌പോലെ സ്വയംഭോഗത്തില്‍ നിന്ന് വിട്ട് നിന്നാല്‍ ആത്മസ്‌നേഹവും ആത്മാഭിമാനവും വര്‍ധിക്കുമെന്ന് അവനെ പറഞ്ഞ് മനസ്സിലാക്കേണ്ടതുണ്ട്. അത്‌പോലെ ലൈംഗികതയെക്കുറിച്ചും ശരീരത്തെക്കുറിച്ചുമുള്ള അവന്റെ ഏത് ചോദ്യത്തെയും നേരിടാന്‍ നിങ്ങള്‍ സ്വയം തയ്യാറാവേണ്ടതുണ്ട്. നിങ്ങളുടെ പ്രദേശത്തുള്ള ഇസ്‌ലാമിക് സെന്ററുകള്‍ ഈ വിഷയത്തില്‍ ക്ലാസുകള്‍ നല്‍കുന്നുണ്ടെങ്കില്‍ നിങ്ങളുടെ മകനെ അവയുമായി സഹകരിപ്പിക്കാന്‍ ശ്രദ്ധിക്കുക. ഈ ചെറുപ്രായത്തില്‍ അവന്‍ പാലിക്കേണ്ട ഇസ്‌ലാമിക മര്യാദകളെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും അവന് പറഞ്ഞു കൊടുക്കുകയും ചെയ്യേണ്ടതുണ്ട്. അനുവദനീയമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിലക്കിക്കൊണ്ടുള്ള ഖുര്‍ആനിക അധ്യാപനത്തെ പ്രാധാന്യപൂര്‍വ്വം അവന് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യുക. ഖുര്‍ആന്‍ പറയുന്നു: ''നിങ്ങള്‍ വ്യഭിചാരത്തോടടുക്കുക പോലുമരുത്. അത് നീചമാണ്. ഹീനമായ മാര്‍ഗവും.'' (അല്‍ഇസ്‌റാഅ്: 32)

അല്ലാഹു എപ്പോഴും നമ്മെ വീക്ഷിക്കുന്നുണ്ടെന്ന് അവന് പറഞ്ഞു കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. തെറ്റുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അതവന് പ്രേരണയായേക്കും. അതുപോലെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ മകനെ ഉപദേശിക്കുക. അനാവശ്യമായ വിനോദങ്ങളില്‍ നിന്ന് അതവനെ തടയുമെന്നത് തീര്‍ച്ചയാണ്. എപ്പോഴും അനാവശ്യമായ ആഗ്രഹങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സഹായിക്കും വിധം അനുവദനീയമായ കളികളിലും വിനോദങ്ങളിലും മുഴുകാന്‍ മകനെ ഗുണദോഷിക്കുക. കൂടാതെ ആരാധനാ കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാന്‍ പള്ളികളില്‍ സ്ഥിരമായി പോകാനും ഉപദോശിക്കുകയും ചെയ്യുക. ഈ ലോകത്തും പരലോകത്തും ഗുണമുള്ള സുഹൃദ് വലയം സ്ഥാപിക്കാനും പ്രചോദനനം നല്‍കുക.

നിങ്ങള്‍ക്ക് നല്ലത് വരാനായി പ്രാര്‍ഥിക്കുന്നു. കൗമാര കാലം എന്നത് പ്രശ്‌നങ്ങളുടെ കാലമാണ്. അതിനാല്‍ ഇസ്‌ലാമിന്റെ അധ്യാപനങ്ങളെ ആശ്രയിക്കുകയും പ്രതിസദ്ധികളെ നേരിടാന്‍ അല്ലാഹുവിനോട് തേടുകയും ചെയ്യുക. ഇന്‍ശാ അല്ലാഹ്, തീര്‍ച്ചയായും പ്രശ്‌നങ്ങളില്‍ നിന്ന് കരകയറാന്‍ അവന്‍ നമ്മെ സഹായിക്കും.

വിവ: ഇബ്‌നു അബ്ദുല്ലതീഫ്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics