ഹിന്ദുത്വവും ഔറംഗസീബിനെക്കുറിച്ച പൊതുഭാവനകളും

'ചരിത്രത്തില്‍ നിലനിന്നിട്ടുള്ള ഭരണാധികാരിയുമായി ചെറിയ സാദൃശ്യം മാത്രമാണ് ജനപ്രിയ ഓര്‍മയില്‍ ഔറംഗസീബിനുള്ളത്' Aurangazeb: The Man and the Myth എന്ന പുസ്തകത്തിന്റെ അവസാന ഭാഗത്ത് ഓഡ്രി ട്രുഷ്കെ (Audrey Truschke) നടത്തുന്ന നിരീക്ഷണമാണിത്. അവരുടെ പുസ്തകത്തിന്റെ കേന്ദ്ര ആശയമാണിത്. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി മിത്തുകളില്‍, പ്രത്യേകിച്ച് ജനപ്രിയ ഭാവനകളില്‍ നിലനില്‍ക്കുന്ന ഒരു ഭരണാധികാരിയെ അവയില്‍ നിന്ന് വിമോചിപ്പിക്കാനുള്ള ശ്രമമാണ് ഈ പുസ്തകത്തിലൂടെ അവര്‍ നടത്തുന്നത്.

മധ്യകാല ഇന്ത്യന്‍ ചരിത്ര പഠനങ്ങളുടെ ചക്രവാളത്തിലൂടെയുള്ള ഒരു യാത്രയായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ Culture of Encounters: Sanskrit at the the Mughal Court എന്ന അവരുടെ പുസ്തകം. അതിലവര്‍ വാദിക്കുന്നത് 1560 നും 1660 നും ഇടയിലുള്ള കാലങ്ങളില്‍ (അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍ എന്നിവരുടെ ഭരണകാലമടക്കം) മുഗള്‍ ദര്‍ബാറുകള്‍ സംസ്‌കൃത ഭാഷയെ പരിപോഷിപ്പിച്ചു എന്നാണ്. മാത്രമല്ല, സംസ്‌കൃത സംസ്‌കാരത്തെ തങ്ങളുടെ ദര്‍ശനത്തിന്റെയും ഭരണനിര്‍വ്വഹണത്തിന്റെയും ഭാഗമായി മുഗള്‍ ഭരണാധികാരികള്‍ സ്വീകരിച്ചു എന്നും അവര്‍ പറയുന്നു. വളരെ ആഴമേറിയ ഗവേഷണത്തെ അടിസ്ഥാനമാക്കിയാണ് തന്റെ വാദം അവര്‍ മുന്നോട്ട് വെക്കുന്നത്. മധ്യകാലഘട്ടത്തെക്കുറിച്ച പഠനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരെ ഉദ്ദേശിച്ചാണ് അവര്‍ ഈ പുസ്തകം രചിച്ചിരിക്കുന്നത്.

ഞാനിവിടെ നിരൂപണം ചെയ്യുന്ന ഓഡ്രിയുടെ പുസ്തകം അവരുടെ ആദ്യത്തെ പുസ്തകത്തെക്കാള്‍ വളരെ ചെറുതാണ്. സാധാരണ വായനക്കാരെ ഉദ്ദേശിച്ചാണ് ഇതെഴുതപ്പെട്ടിരിക്കുന്നത്. സൂചികയോ സങ്കീര്‍ണ്ണമായ വാദങ്ങളോ പുസ്തകത്തിലില്ല. ഔറംഗസീബിനെക്കുറിച്ച് നിലനില്‍ക്കുന്ന പൊതു ചിത്രവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം അവരെ അസ്വസ്ഥയാക്കിയിട്ടുണ്ട്. അതേസമയം ക്ഷമാപണ സ്വരമില്ലാതെ തന്നെ ആ അന്തരം കുറക്കാനാണ് അവര്‍ ശ്രമിക്കുന്നത്. 'ബഹുമുഖ വ്യക്തിത്വമായിരുന്ന ഔറംഗസീബിന് ഇസ്‌ലാമുമായി ആഴത്തിലുള്ള ബന്ധമാണുണ്ടായിരുന്നത്. എന്നാല്‍ അദ്ദേഹത്തെ മതത്തിലേക്ക് ചുരുക്കാന്‍ കഴിയില്ല. യഥാര്‍ത്ഥത്തില്‍ അനായാസം നമുക്ക് ഔറംഗസീബിനെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല. അധികാരം, നീതി, ഭരണവികാസം എന്നിവക്ക് വേണ്ടിയെല്ലാം സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. മെച്ചപ്പെട്ട ഭരണാധികാരിയായിരുന്നു അദ്ദേഹമെങ്കിലും ഒരുപാട് അബന്ധങ്ങളും സംഭവിച്ചിട്ടുണ്ട്. മുഗള്‍ സാമ്രാജ്യത്വത്തെ അതിന്റെ ഉന്നതിയിലേക്കുയര്‍ത്തിയത് അദ്ദേഹമാണ്. ഒരുപക്ഷെ അതിന്റെ തകര്‍ച്ചക്കും അദ്ദേഹം കാരണമായിട്ടുണ്ടാകാം. ഏതെങ്കിലും ഔരു സ്വഭാവം കൊണ്ടോ പ്രവൃത്തി കൊണ്ടോ ഔറംഗസീബിനെ നമുക്ക് മനസ്സിലാക്കാന്‍ കഴിയില്ല.

ഒരു ഭരണാധികാരിയെക്കുറിച്ച യാഥാര്‍ത്ഥ്യത്തെയും പൊതുവായ ധാരണകളെയും ലഘൂകരിക്കുമ്പോഴുള്ള പ്രശ്‌നമാണിത്. രാഷ്ട്രീയവും ഭരണപരവും സാമ്പത്തികവും സാംസ്‌കാരികവും മതപരവുമായ സങ്കീര്‍ണ്ണ സമ്മര്‍ദ്ദങ്ങളുമായി സംവദിച്ച് കൊണ്ട് രൂപപ്പെട്ട് വന്ന ഔറംഗസീബ് എന്ന ഭരണാധികാരിയെയാണ് ഓഡ്രി പരിശോധിക്കുന്നത്. പൊതുഭാവനകളില്‍ ഔറംഗസീബിന്റെ ഏകാത്മകവും നിശ്ചിതവുമായ ചിത്രമാണ് നിലനില്‍ക്കുന്നത്.

ഔറംഗസീബും അദ്ദേഹത്തിന്റെ സഹോദരനായ ദാരാ ഷുക്കോവും തമ്മില്‍ നിലനിന്നിരുന്ന എന്ന് പറയപ്പെടുന്ന യുദ്ധം യഥാര്‍ത്ഥത്തില്‍ യാഥാസ്ഥികതയും ഉദാരതയും തമ്മിലായിരുന്നില്ല. അത്‌പോലെ യാഥാസ്ഥികരും ഉദാരവാദികളും അല്ലെങ്കില്‍ മുസ്‌ലിംകളും ഹിന്ദുക്കളും എന്നിങ്ങനെ പരസ്പരം ചേരിതിരിഞ്ഞ് കൊണ്ടുള്ള പിന്തുണയൊന്നും അവര്‍ക്കുണ്ടായിരുന്നില്ല എന്നത് ചരിത്രരേഖകളില്‍ വ്യക്തമാണ്. 1966 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട എം. അത്താര്‍ അലിയുടെ Mughal Nobiltiy Under Aurangazeb എന്ന പുസ്തകം അതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. രജപുത് കുടുംബത്തില്‍ പെട്ട ജയ്‌സിംഗ്, ജസ്‌വന്ത് സിംഗ് എന്നിവരടക്കം ഉന്നതമായ പദവികളുള്ള ഇരുപത്തൊന്ന് ഹിന്ദു പ്രഭുക്കന്‍മാരുടെ പിന്തുണയുണ്ടായിരുന്നു. ദാരയെ ഇരുപത്തിനാല് പേര്‍ പിന്തുണച്ചിരുന്നുവെങ്കിലും ഈ രണ്ട് പേരുടെയത്ര അധികാരവും ആഭിജാത്യവും അവര്‍ക്കുണ്ടായിരുന്നില്ല.

ഹിന്ദുക്കളെയും ശിയാക്കളെയും ഔറംഗസീബ് തന്റെ ദര്‍ബാറില്‍ നിന്നും ഭരണസമിതിയില്‍ നിന്നും പുറത്താക്കിയില്ല എന്ന വസ്തുത എല്ലാ ചരിത്രകാരന്‍മാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മുഗള്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഹിന്ദുക്കള്‍ ഭരണസമിതിയിലുണ്ടായിരുന്നത് ഔറംഗസീബിന്റെ കാലത്തായിരുന്നു. കാശിയിയിലടക്കമുള്ള ഡസണ്‍ കണക്കിന് അമ്പലങ്ങള്‍ പൊളിച്ച് കൊണ്ട് അവിടെ പള്ളികള്‍ പണിയാന്‍ അദ്ദേഹം കല്‍പന കൊടുത്തിട്ടുണ്ടെങ്കിലും അമ്പലങ്ങള്‍ നിര്‍മ്മിക്കാനും ഹൈന്ദവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനും ബ്രാഹ്മണര്‍ക്കും അദ്ദേഹം സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. ചരിത്രപുസ്തകങ്ങളില്‍ അത് നമുക്ക് കാണാന്‍ സാധിക്കും. മാത്രമല്ല, ഭരണസാരഥ്യം ഏറ്റെടുക്കുന്ന സമയത്ത് വിഷ്ണു, ബ്രഹ്മ, മഹേഷ് തുടങ്ങിയ ഹിന്ദു ദൈവങ്ങളുടെ അനുഗ്രഹം അദ്ദേഹം തേടിയിരുന്നു. (മാനേജര്‍ പാണ്ഡെയുടെ Mughal Badashahon ki Hindi kavita എന്ന പുസ്തകം കാണുക)

ഏകാത്മകമായ വ്യക്തിനമത സ്വത്വത്തിലേക്ക് ചുരുക്കാന്‍ സാധിക്കാത്ത വിധം ബഹുമുഖ വ്യക്തിത്വമായിരുന്നു ഔറംഗസീബ്. അദ്ദേഹത്തെ മാത്രമല്ല, ഒരു ഭരണാധികാരിയെയും നമുക്കങ്ങനെ ചുരുക്കാന്‍ കഴിയില്ല. ഓരോ ഭരണാധികാരിക്കും വ്യത്യസ്തവും വൈരുദ്ധ്യപൂര്‍ണ്ണവുമായ തെരെഞ്ഞെടുപ്പുകളുണ്ട്. അവ തമ്മില്‍ പൊരുത്തം കണ്ടെത്തുക എന്നതാണ് അവരുടെ ബാധ്യത. ചില സന്ദര്‍ഭങ്ങളില്‍ ഈ പൊരുത്തം വിജയിക്കുകയും മറ്റ് ചില സന്ദര്‍ഭങ്ങളില്‍ പരാജയപ്പെടുകയും ചെയ്യും.

ഇതിനെക്കുറിച്ചെല്ലാം നിരൂപിക്കാന്‍ നമ്മള്‍ പതിനേഴാം നൂറ്റാണ്ടിലേക്ക് പോകേണ്ട ആവശ്യമില്ല. ഷാബാനു കേസില്‍ മുസ്‌ലിം പണ്ഡിതരില്‍ നിന്നുള്ള സമ്മര്‍ദ്ദവും രാമ ജന്‍മഭൂമി വിഷയത്തില്‍ ഹിന്ദു തീവ്രവാദികളുടെ സമ്മര്‍ദ്ദത്തെയും ഒരേസമയം അനുരജ്ഞനത്തിലൂടെ നേരിട്ട പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ നിലപാട് നമ്മിലധിക പേരും ഓര്‍ക്കുന്നുണ്ടാകും. എന്നാലദ്ദേഹത്തിന്റെ ശ്രമം വിജയിച്ചില്ല. ഔറംഗസീബിന്റെ സ്ഥിതിയും അത് തന്നെയായിരുന്നു. അതേസമയം രണ്ട് പേരും ശ്രമിച്ചത് പരസ്പരം ഏറ്റുമുട്ടുന്ന രണ്ട് വിഭാഗങ്ങളെ ഒരേസമയം അനുനയിപ്പിക്കാനായിരുന്നു.

ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇത് സങ്കീര്‍ണ്ണമായ വാദമാണോ? ഭാഗികമായി ആണ്. കാരണം ഭരണാധികാരിയുടെ ഒരിക്കലും മാറാത്ത സ്വഭാവത്തെക്കുറിച്ച ചിത്രം അത് നല്‍കുന്നില്ല. അത്‌പോലെ ഭൂതകാലമല്ല വര്‍ത്തമാനത്തെ നിര്‍ണ്ണയിക്കുന്നതിലുപരി വര്‍ത്തമാനം ഭൂതകാലത്തെയാണ് നിര്‍ണ്ണയിക്കുന്നത് എന്ന യാഥാര്‍ത്ഥ്യവും ഈ വാദത്തെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. വര്‍ത്തമാന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ആവശ്യപ്പെടുന്നത് ഭൂതകാലത്തെ ചിത്രങ്ങളുടെ രൂപപ്പെടുത്തലുകളാണ്. തന്റെ കാലത്ത് ഒരിക്കലും ഔറംഗസീബിനെ ഭീം സേനനയെയും ഈശ്വർ ദാസിനെയും പോലുള്ള ഹിന്ദു ചരിത്രകാരന്‍മാരും അല്ലാത്തവരും മതമൗലികവാദി എന്ന് വിളിച്ചിട്ടില്ല. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും അതിന് ശേഷവുമാണ് മതമൗലികവാദി എന്ന ആരോപണം ഔറംഗസീബിന് മേല്‍ ചാര്‍ത്തപ്പെടുന്നത്. മാത്രമല്ല, ഇരുപതാം നൂറ്റാണ്ടിനും അതിന് ശേഷവുമുള്ള ദേശീയ, കൊളോണിയല്‍ ചരിത്ര രചനകളില്‍ അതിന് കൃത്യമായ അടിത്തറ ലഭിക്കുകയും ചെയ്യുന്നുണ്ട്.

ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കൊളോണിയല്‍ തന്ത്രത്താല്‍ പ്രചോദിതമാണ് ഭരണപാര്‍ട്ടിയുടെ രാഷ്ട്രീയ ചുവടുകള്‍. ഈ സന്ദര്‍ഭത്തില്‍ തന്നെയാണ് മുസ്‌ലിംകളെ അപരമാക്കിക്കൊണ്ടുള്ള സാമൂഹ്യ കാഴ്ച്ചപ്പാട് ആര്‍.എസ്.എസ് മുന്നോട്ട് വെക്കുന്നത്. അപ്പോഴാണ് എല്ലാ തിന്‍മകളുടെയും മൂര്‍ത്തീകരണമായി ഔറംഗസീബ് അവതരിപ്പിക്കപ്പെടുന്നത്. ചരിത്രമെന്നത് തീര്‍ച്ചയായും എല്ലാവരുടെയും അടിമയാണ്. എല്ലാവരും ചരിത്രത്തിന്റെ നായകരാണ്. അത് ഇലക്ട്രീഷ്യനോ ദന്തരോഗ വിദഗ്ദനോ കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ഗവേഷണം പൂര്‍ത്തിയാക്കിയവനോ ആയിക്കൊള്ളട്ടെ. ചരിത്രത്തിന്റെ സങ്കീര്‍ണ്ണതകളെ പുറത്ത് കൊണ്ടുവരാനാണ് അവര്‍ ജീവിതം ഉഴിഞ്ഞ് വെക്കുന്നത്.

ഇവിടെയാണ് ഔറംഗസീബിനെക്കുറിച്ച പൊതുഭാവനകളെ തിരുത്തുന്ന ട്രുഷ്കെയെപ്പോലുള്ളവരുടെ പണ്ഡിതോചിതമായ ഇടപെടലുകള്‍ എതിര്‍ക്കപ്പെടാനുള്ള സാധ്യതയുള്ളത്. കാരണം രാഷ്ട്രീയത്തില്‍ നടക്കുന്ന ചരിത്രത്തിന്റെ ഭാഗികമായ പഠനമാണ്. തങ്ങള്‍ക്ക് കഴിയുന്നവരെയെല്ലാം 'മതേതര' കവര്‍ച്ചക്ക് വിധേയമാക്കിയ മറാത്തികളെക്കുറിച്ച മറവിയെ ഇവിടെ പരാമര്‍ശിക്കേണ്ട കാര്യമില്ല. 1950 വരെയുള്ള ചരിത്ര പുസ്തകങ്ങളുടെ ഭാഗമായിരുന്നു അതെങ്കിലും ക്രമേണ മറക്കപ്പെടുകയാണുണ്ടായിരുന്നത്. രാജസ്ഥാനിലെ ഹിന്ദു രാജാക്കന്‍മാരായിരുന്നു അവരിലധികവും. എന്നാല്‍ ഹിന്ദു രാഷ്ട്രത്തിന്റെ രാഷ്ട്രീയ പദ്ധതിക്ക് സഹായകമാവുന്ന ഔറംഗസീബിനെക്കുറിച്ച ആരോപണങ്ങള്‍ എല്ലായിടത്തും ഓര്‍മ്മിക്കപ്പെടുന്നുണ്ട്. ചരിത്രകാരന്‍മാര്‍ പുറത്ത് കൊണ്ടുവരുന്ന സങ്കീര്‍ണ്ണതകള്‍ അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്. ചരിത്രമെന്നത് ഭൂതകാലത്തെയാണ് പരിഗണിക്കുന്നതെന്ന് ആരാണ് പറയുന്നത്? അത് എല്ലായ്‌പ്പോഴും വര്‍ത്തകാല സംബന്ധമാണ്. എന്നിരുന്നാലും ആര്‍.എസ്.എസ് ആഖ്യാനത്തോട് താല്‍പര്യമില്ലാത്തവരെ സംബന്ധിച്ചിടത്തോളം ചരിത്ര സത്യം എന്നത് വളരെ പ്രധാനമാണ്. ആ സങ്കീര്‍ണ്ണ സത്യത്തിലെത്തിച്ചേരാന്‍ ഈ പുസ്തകം വിലയേറിയ സഹായമാവും എന്നത് തീര്‍ച്ചയാണ്.

വിവ: ഇബ്‌നു ലത്തീഫ്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics