രഹസ്യങ്ങള്‍ രഹസ്യമായിരിക്കട്ടെ

ഒരു ദിവസം ദമ്പതികള്‍ക്കിടയില്‍ വഴക്കുണ്ടാവുന്നു. അതിനെ തുടര്‍ന്ന് ഭാര്യ കരയാന്‍ തുടങ്ങി. അപ്പോഴാണ് വാതില്‍ ആരോ മുട്ടുന്നത്. അവളെ കാണുന്നതിന് അവളുടെ വീട്ടുകാര്‍ വന്നതാണ്. അവളെ കണ്ടതും അവര്‍ ചോദിച്ചു: എന്തിനാണ് നീ കരയുന്നത്? അവള്‍ മറുപടി പറഞ്ഞു: ഞാന്‍ ഒറ്റക്കിരുന്നപ്പോള്‍ നിങ്ങളെ ഓര്‍ത്തുപോയി, നിങ്ങളെ കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി... അപ്പോള്‍ അറിയാതെ കണ്ണുനീര്‍ വന്നതാണ്.
ഇതുകേള്‍ക്കുന്ന ഭര്‍ത്താവ് അവളുടെ മഹത്വം തിരിച്ചറിയുന്നു. ദാമ്പത്യത്തിലെ രഹസ്യം വെളിപ്പെടുത്താത്തതിന്റെ പേരില്‍ അവളോടുള്ള ആദരവ് വര്‍ധിക്കുകയും ചെയ്യുന്നു.

ദമ്പതികള്‍ പല വിഷയങ്ങളും ചര്‍ച്ച ചെയ്യുകയും അവര്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടാവുകയും ചെയ്യും. ദാമ്പത്യത്തിലെ രഹസ്യങ്ങള്‍ രഹസ്യങ്ങളായി തന്നെ നിലനില്‍ക്കണം. വളരെ ഉറ്റവരോടാണെങ്കില്‍ പോലും -അത് ഉമ്മയാവാം സഹോദരിയാവാം- നിനക്കും നിന്റെ ഭര്‍ത്താവിനും ഇടയിലുള്ള കാര്യങ്ങള്‍ പങ്കുവെക്കരുത്.

ജീവിതത്തിലെ മോശപ്പെട്ട അവസ്ഥയെയും ദാമ്പത്യത്തിലെ അസംതൃപ്തികളെയും കുറിച്ച് അയല്‍ക്കാരോടോ കൂട്ടുകാരികളോടോ ഫോണിലൂടെയോ അല്ലാതെയോ മണിക്കൂറുകളോളം സംസാരിക്കുന്ന ചില സ്ത്രീകളുണ്ട്. വീട്ടിലെ സ്വകാര്യമായ പ്രശ്‌നങ്ങള്‍ പ്രചരിപ്പിക്കുകയാണവര്‍. ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ക്ക് ഭാര്യ ബന്ധുക്കളോടും അയല്‍ക്കാരോടും പരിഹാരം മാര്‍ഗങ്ങള്‍ തേടുന്നത് അറിയുന്ന പുരുഷന് വലിയ ആഘാതമാണ് അതുണ്ടാക്കുക. ഒരു ഭര്‍ത്താവ് പറയുന്നു: ഞാന്‍ എന്തൊരു കാര്യം ചെയ്താലും എന്റെ ഭാര്യയത് അവളുടെ സഹോദരിമാര്‍ക്കും ഉമ്മക്കും കൂട്ടുകാരികള്‍ക്കും അയല്‍ക്കാര്‍ക്കുമിടയില്‍ പ്രചരിപ്പിക്കുന്നു. അതില്‍ എന്റെ ജോലി സംബന്ധമായ കാര്യങ്ങളെന്നോ വീട്ടിലെ കാര്യങ്ങളെന്നോ വ്യത്യാസമൊന്നുമില്ല. എല്ലാവര്‍ക്കും എന്റെ ജീവിതവും അതിലെ രഹസ്യങ്ങളും അറിയാം. പലതവണ ഞാന്‍ അവളെ ഉപദേശിച്ചു നോക്കിയെങ്കിലും ഒരു ഫലവുമില്ല. അവള്‍ക്കൊപ്പമുള്ള ജീവിതം യാതൊരു സ്വസ്ഥതയുമില്ലാത്തതായി മാറിയിരിക്കുന്നു. കിടപ്പറ രഹസ്യങ്ങള്‍ പോലും കൂട്ടുകാരികളോടവള്‍ പറയുന്നു.

എന്തുകൊണ്ട്?
ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ അതില്‍ ഒട്ടും സഹനം കൈക്കൊള്ളാന്‍ സാധിക്കാതെ വരുന്നതാണ് അത് മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒന്നുകില്‍ ഒരു പരിഹാരം തേടിക്കൊണ്ടായിരിക്കാം അത്, അല്ലെങ്കില്‍ മനസ്സില്‍ അടക്കിവെക്കുന്നതിന്റെ പ്രയാസം ലഘൂകരിക്കാനാവാം. തനിക്കുള്ളതിനെയും ഇല്ലാത്തതിനെയും പറ്റിയുള്ള പെരുമനടിക്കലും ആളുകളുടെ മുമ്പില്‍ വെച്ച് അതിനെ കുറിച്ചുള്ള സംസാരവും അഹങ്കാരത്തിന്റെയും ആത്മവഞ്ചനയുടെയും ഫലമായിട്ടും ഉണ്ടാവാം.

ദാമ്പത്യ രഹസ്യങ്ങള്‍ അഥവാ കുടുംബത്തിലെ രഹസ്യങ്ങള്‍ അതിന്റെ വൃത്തത്തിന് പുറത്തു കടക്കുമ്പോള്‍ അതുണ്ടാക്കുന്ന ദോഷത്തിന്റെ തീവ്രത വര്‍ധിക്കുകയാണ് ചെയ്യുന്നത്. ദമ്പതികള്‍ക്കിടയില്‍ ശത്രുതയുടെയും വിദ്വേഷത്തിന്റെയും അഗ്നിയത് ജ്വലിപ്പിച്ചു നിര്‍ത്തും. ഭര്‍ത്താവിന്റെ രഹസ്യങ്ങള്‍ മറച്ചുവെച്ച് മറ്റാരുടെയും ഇടപെടല്‍ ഇല്ലാതെ അദ്ദേഹവുമായി സംസാരിച്ച് പരിഹരിക്കാനാണ് ബുദ്ധിമതിയായ സ്ത്രീ ശ്രമിക്കുക.

രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിവുള്ള സ്ത്രീകളെയാണ് പുരുഷന്‍ കൂടുതലായി ഇഷ്ടപ്പെടുന്നത്. ഭര്‍ത്താവിന്റെ രഹസ്യങ്ങള്‍ പുറത്തുവിടുന്നവര്‍ മനസ്സിന് വിശാലതയില്ലാത്തവരും ക്ഷമയില്ലാത്തവരുമാണെന്നാണ് ജ്ഞാനികള്‍ പറയുന്നത്. കവി പറയുന്നു:
'ഒരാള്‍ തന്റെ നാവുകൊണ്ട് തന്റെ രഹസ്യം പ്രചരിപ്പിച്ചാല്‍ മറ്റുള്ളവര്‍ അവനെ വിഡ്ഢിയെന്ന ആക്ഷേപിക്കും.
ഒരാളുടെ ഹൃദയം അവന്റെ രഹസ്യത്തേക്കാള്‍ ഇടുങ്ങിയതായാല്‍, ആ രഹസ്യം സൂക്ഷിക്കുന്ന ഹൃദയം അതിലേറെ ഇടുക്കം അനുഭവിക്കും.'

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics