കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിച്ച് വളരട്ടെ

മിക്കപ്പോഴും മാതാപിതാക്കള്‍ തലവേദനയായി കാണുന്ന ഒന്നാണ് മക്കളുടെ നിരന്തരമുള്ള ചോദ്യങ്ങള്‍. കുട്ടിയുടെ പ്രായത്തിന്റെ ഓരോ ഘട്ടത്തിലും ചോദ്യത്തിന്റെ പ്രകൃതത്തില്‍ മാറ്റം വരുന്നുണ്ടെന്നതും അറിയാനും മനസ്സിലാക്കാനുമുള്ള അവരുടെ ത്വരയുടെ അടയാളമാണ് അതെന്നും അവര്‍ തിരിച്ചറിയുന്നില്ല. മക്കളുടെ ചോദ്യങ്ങളെ സമീപിക്കുന്നതില്‍ പലപ്പോഴും മാതാപിതാക്കള്‍ക്ക് വലിയ വീഴ്ച്ച സംഭവിക്കാറുണ്ട്. ചോദ്യത്തില്‍ നിന്ന് ഒളിച്ചോടുക, മറുപടി നല്‍കുന്നതിന് പകരം മക്കളെ ആക്ഷേപിക്കുക, ബോധപൂര്‍വം മറുപടി നല്‍കുന്നത് വൈകിപ്പിക്കുക തുടങ്ങിയവയെല്ലാം അത്തരം വീഴ്ച്ചകളാണ്. കുട്ടിയുടെ മനസ്സില്‍ വലിയ സ്വാധീനം അതുണ്ടാക്കും. തന്റെ ചോദ്യം ശല്യമായി ഗണിക്കപ്പെടുമ്പോള്‍ കുട്ടിയുടെ മനസ്സില്‍ കുറ്റബോധം ജനിപ്പിക്കാന്‍ അത് കാരണമായേക്കും. ചോദ്യത്തിന് മാതാപിതാക്കളില്‍ നിന്ന് തൃപ്തികരമായ മറുപടി ലഭിക്കാതിരിക്കുകയും പിന്നീട് അത് സംബന്ധിച്ച തൃപ്തികരമായ വിവരം കുട്ടി മറ്റെവിടെ നിന്നെങ്കിലും കരസ്ഥമാക്കുകയും ചെയ്യുമ്പോള്‍ മാതാപിതാക്കളിലുള്ള കുട്ടിയുടെ വിശ്വാസമാണ് കുറയുന്നത്.

കുട്ടികളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുകയും അവരുമായി നല്ല ആശയവിനിമയം നടക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് മാനസികാരോഗ്യ വിദഗ്ദരും സാമൂഹ്യമനശാസ്ത്ര വിദഗ്ദരും അഭിപ്രായപ്പെടുന്നു. അതുകൊണ്ട് വലിയ ഫലങ്ങളുണ്ട്. കുട്ടിയുടെ വ്യക്തിത്വ വികാസം, ഭാഷാ പരിജ്ഞാനം, പുതിയ പദങ്ങളുടെയും പ്രയോഗങ്ങളുടെയും ഉപയോഗം, കേള്‍ക്കാനുള്ള പരിശീലനം, മാതാപിതാക്കളുമായുള്ള വൈകാരിക പങ്കാളിത്തം തുടങ്ങിയവയെല്ലാം അതിന്റെ ഫലങ്ങളാണ്. ആത്മവിശ്വാസത്തോടൊപ്പം മറ്റുള്ളവരിലുള്ള വിശ്വാസം കൂടി വര്‍ധിക്കാന്‍ അത് സഹായകമാകും.

കാടിനെ കുറിച്ച് ഒന്നും അറിയാത്ത ഒരാള്‍ കാട്ടിലെത്തിയാലുള്ള അവസ്ഥയോടാണ് കുട്ടിയുടെ അവസ്ഥയെ മനശാസ്ത്ര വിദഗ്ദര്‍ താരതമ്യപ്പെടുത്തിയിട്ടുള്ളത്. കാടിനെ കുറിച്ച സംശയങ്ങള്‍ നീങ്ങി ഉത്കണ്ഠയും ഭീതിയും ഉണ്ടാകുന്നത് വരെ അവന്‍ ചോദിച്ചു കൊണ്ടേയിരിക്കും. അപ്രകാരമാണ് ഒരു കുട്ടിയും ചുറ്റുപാടിനെ കാണുന്നത്. ജീവിതത്തിന്റെ അര്‍ഥം അവന്‍ മനസ്സിലാക്കിയിട്ടില്ല. എവിടെയാണ് സൂര്യന്‍ പോയി മറയുന്നത്? എന്തുകൊണ്ട് രാത്രിയുണ്ടാവുന്നു? എന്തുകൊണ്ട് മഴ വര്‍ഷിക്കുന്നു? എന്താണ് മരണം? എന്നതിനെ കുറിച്ചൊന്നും അവന് അറിയില്ല. തനിക്ക് മനസ്സിലാവാത്തതിനെ കുറിച്ചെല്ലാം അവന്‍ ചോദിക്കും. അതുകൊണ്ടു തന്നെ അവന്റെ ചോദ്യങ്ങള്‍ അവസാനിക്കുകയുമില്ല. അതുകൊണ്ട് ആ ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ നല്‍കുന്ന പ്രാധാന്യം തിരിച്ചറിഞ്ഞ് അതേ പ്രാധാന്യത്തോടെ അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന രീതിയില്‍ മറുപടി നല്‍കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കണം.

മക്കളുടെ ചോദ്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് പ്രധാനം. കുട്ടി മൂന്നാം വയസ്സില്‍ തന്റെ ചുറ്റുപാടുമുള്ളവയെ കുറിച്ച് യാതൊരു മടുപ്പുമില്ലാതെ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങും. അവര്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങളെ കുറിച്ചന്വേഷിച്ച് ഉപ്പയുടെയും ഉമ്മയുടെയും പുറകെ അവരുണ്ടാവും. മക്കളുടെ ഈ ജിജ്ഞാസ അവരുടെ പ്രകൃതിയുടെ ഭാഗമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. അവരുടെ ബുദ്ധിശക്തിയെയും ചുറ്റുപാടിനെ അറിയാനുള്ള താല്‍പര്യത്തെയുമാണത് കുറിക്കുന്നത്. ഒരാളുടെ ജീവിതത്തിലെ സുപ്രധാന ഘട്ടമാണ് അയാളുടെ കുട്ടിക്കാലം. അയാളുടെ അറിവും വസ്തുക്കളെ കുറിച്ച ധാരണയും സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്ന കാലമാണത്.

കുട്ടികള്‍ക്ക് ചെവികൊടുക്കണമെന്നും അവരുടെ ചോദ്യങ്ങള്‍ക്ക് അവരുടെ പ്രായത്തിനുള്‍ക്കൊള്ളാന്‍ സാധിക്കുന്ന മറുപടികള്‍ നല്‍കുകയും വേണമെന്നാണ് മനശാസ്ത്രജ്ഞര്‍ ഉപദേശിക്കുന്നത്. കുട്ടിയുടെ സംസാരത്തിന് തടയിടുന്നതിനായി തെറ്റായതോ യുക്തിരഹിതമായതോ ആയ മറുപടികള്‍ നല്‍കുന്നതും അവന്‍ സംസാരം പൂര്‍ത്തീകരിക്കാന്‍ അനുവദിക്കാതെ ഇടപെടുന്നതും ഒട്ടും ശരിയല്ല. 'അതിന്നുള്ള ഉത്തരമെല്ലാം നീ വലുതാകുമ്പോല്‍ മനസ്സിലാവും' എന്ന തരത്തിലുള്ള മറുപടികള്‍ നല്‍കി മറുപടി നല്‍കാതിരിക്കുന്നതും തെറ്റായ സമീപനമാണ്.

മക്കളോടുള്ള ആശയവിനിമയങ്ങളില്‍ യുക്തിയോടെയും സദുപദേശത്തോടെയും ആയിരിക്കണമെന്നാണ് അവസാനമായി മാതാപിതാക്കളോട് എനിക്ക് പറയാനുള്ളത്. തങ്ങളുടെ ചിന്തകള്‍ ആദരിക്കപ്പെടുന്നുണ്ടെന്ന ബോധം കുഞ്ഞുമനസ്സുകളില്‍ പാകാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ വ്യക്തിത്വ വികാസത്തില്‍ ഏറെ ഫലം ചെയ്യുന്ന ഒന്നാണത്. ശരീരം പോലെ വളരുന്ന ഒന്നാണ് വ്യക്തിത്വവും. കുട്ടികളുടെ ചോദ്യങ്ങള്‍ ഒരുപക്ഷേ നമ്മെ ശല്യപ്പെടുത്തിയേക്കാം. എന്നാല്‍ അതില്‍ നിന്നുള്ള ഒളിച്ചോട്ടമോ അവര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത മറുപടികള്‍ നല്‍കി വായടപ്പിക്കലോ അല്ല പരിഹാരം. മറിച്ച് ക്ഷമയോടെ അവരുടെ ബുദ്ധിക്ക് ഉള്‍ക്കൊള്ളാനാവുന്ന നിലവാരത്തിലുള്ള സത്യസന്ധവും യുക്തവുമായ മറുപടി നല്‍കുകയാണ് വേണ്ടത്.

മൊഴിമാറ്റം: നസീഫ്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics