എന്തുകൊണ്ട് യൂറോപ്പ് എര്‍ദോഗാനെ വെറുക്കുന്നു?

സമീപ വര്‍ഷങ്ങളില്‍ തുര്‍ക്കിയിലെ എര്‍ദോഗാന്റെ നേതൃത്വത്തെക്കുറിച്ച പടിഞ്ഞാറിന്റെ, പ്രത്യേകിച്ചും യൂറോപ്പിന്റെ കാഴ്ചപ്പാടെന്താണെന്നും യൂറോപ്പിന്റെ തുര്‍ക്കിയോടുള്ള നിലപാടെന്താണെ്‌നും ശരിക്കും വ്യക്തമായിട്ടുണ്ട്. വ്യക്തിപരമായി എര്‍ദോഗാനോട് പടിഞ്ഞാറ് കടുത്ത വിദ്വേഷമാണ് വെച്ചുപുലര്‍ത്തിക്കൊണ്ടിരിക്കുന്നത്. കൂടാതെ ഔപചാരികവും അനൗപചാരികവുമായ രീതികളിലൂടെയുള്ള അവഹേളനങ്ങളാണ് അദ്ദേഹത്തിനെതിരെ നടക്കുന്നത്.

2016 ജൂണില്‍ നടന്ന പട്ടാള അട്ടിമറി ശ്രമത്തോടും അടുത്ത മാസം നടക്കാനിരിക്കുന്ന തുര്‍ക്കിയുടെ ഹിതപരിശോധനയോടുമുള്ള പ്രതികരണത്തിലൂടെയുമാണ് യൂറോപ്പിന്റെ നിലപാട് പ്രകടമായിരിക്കുന്നത്. വളരെ സാവധാനത്തിലായിരുന്നു യൂറോപ്പ് പട്ടാള അട്ടിമറി ശ്രമങ്ങളെ അപലപിച്ചത്. മാത്രമല്ല, തങ്ങളുടെ തന്നെ ജനാധിപത്യ സ്വഭാവങ്ങളെ ചോദ്യം ചെയ്യാന്‍ സഹായിക്കും വിധം തുര്‍ക്കിയുടെ ന്യായമായ രാഷ്ട്രീയ സംവിധാനങ്ങളെ പിന്തുണക്കുന്നതില്‍ അവര്‍ പരാജയപ്പെടുകയും ചെയ്തു.

തുര്‍ക്കിയുടെ ഇപ്പോള്‍ നടക്കുന്ന ഹിതപരിശോധനാ പ്രചരണത്തിന്റെ പശ്ചാത്തലത്തില്‍ എര്‍ദോഗാനെതിരെയും എ.കെ പാര്‍ട്ടിക്കെതിരെയും നടക്കുന്ന ടര്‍ക്കിഷ്‌സംവാദത്തെ പ്രചോദിപ്പിക്കാനാണ് യൂറോപ്യന്‍ ഭരണകൂടങ്ങള്‍ ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. യൂറോപ്പിലുള്ള നാല് മില്യണോളം വരുന്ന തുര്‍ക്ക് വംശജര്‍ (അവരിലധികവും ജീവിക്കുന്നത് ജര്‍മനിയിലാണ്) ഇപ്പോള്‍ എര്‍ദോഗാനും യൂറോപ്പും തമ്മിലുള്ള തുറന്ന സംഘര്‍ഷത്തിന്റെ ഇരകളായിരിക്കുകയാണ്. ഇത് വരെ ജര്‍മനിയും നെതര്‍ലാന്‍ഡ്‌സുമാണ് അത് മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടിരിക്കുനന്ത്.

ഭരണഘടനാ ഭേതഗതികള്‍ക്കായുള്ള നിര്‍ദേശങ്ങളെ പിന്തുണച്ച് കൊണ്ടുള്ള ടര്‍ക്കിഷ് റാലികളെ ജര്‍മ്മനി, ആസ്ട്രിയ, സ്വിറ്റ്‌സര്‍ലാന്റ് തുടങ്ങിയ രാഷ്ട്രങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. അതേസമയം തുര്‍ക്കി ഭരണകൂടത്തിന്റെ അജണ്ടകളെ എതിര്‍ക്കുന്നവരുടെ റാലികകള്‍ നടത്താന്‍ അവര്‍ അനുമതി കൊടുക്കുകയും ചെയ്യുന്നു.
തുര്‍ക്കിയുടെ വിദേശകാര്യമന്ത്രി യാത്ര ചെയ്തിരുന്ന വിമാനം നെതര്‍ലാന്‍ഡ്‌സ് തടഞ്ഞതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഹിതപരിശോധനക്ക് അനുകൂലമായി നടക്കുന്ന പരിപാടികളില്‍ സംബന്ധിക്കാന്‍ വന്നതായിരുന്നു അദ്ദേഹം.

തുര്‍ക്കിയുടൈ ആഭ്യന്തര വിഷയങ്ങളിലുള്ള ബാഹ്യ ഇടപെടലായാണ് ഇവയെല്ലാം കണക്കാക്കപ്പെടുന്നത്. അതേസമയം, തുര്‍ക്കിയുമായ ബന്ധത്തിലടങ്ങിയിരിക്കുന്ന യൂറോപ്പിന്റെ സങ്കീര്‍ണ്ണമായ ആശങ്കകളെയാണ് അവ സൂചിപ്പിക്കുന്നത്. ഈ ആശങ്കകള്‍ സ്വത്വവുമായും കോളനീകരണവുമായും അത്‌പോലെ യൂറോപ്പിലെ വലത്പക്ഷ രാഷ്ട്രീയത്തിന്റെ ഉദയവുമായും ബന്ധപ്പെട്ട് കിടക്കുന്നുണ്ട്.

ആഭ്യന്തര തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കണക്കുകൂട്ടലുകള്‍ക്കപ്പുറം ഈ പ്രശ്‌നത്തെക്കുറിച്ച് വേറെയും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. എര്‍ദോഗാനോടുള്ള യൂറോപ്പിന്റെ വിദ്വേഷത്തിലേക്കും യൂറോപ്യന്‍ യൂനിയനിലേക്കുള്ള തുര്‍ക്കിയുടെ അംഗത്വ ശ്രമങ്ങളെ നിരസിക്കുന്ന അതിന്റെ നിലപാടിലേക്കും വിരല്‍ ചൂണ്ടുന്ന എണ്ണമറ്റ സംഭവങ്ങളാണ് ഈയടുത്ത് നടന്നത്. അവയെക്കുറിച്ചും ചിലതെല്ലാം സൂചിപ്പിക്കേണ്ടതുണ്ട്.

ബൈസന്റൈന്‍ സാമ്രാജ്യത്വത്തില്‍ നിന്നും പിടിച്ചെടുത്ത കോണ്‍സ്റ്റാന്റിനോപ്പിള്‍ കിഴക്കിലേക്കും മധ്യയൂറോപ്പിലേക്കും ഒട്ടോമന്‍ സാമ്രാജ്യം വികസിപ്പിച്ചത് കൊണ്ടായിരിക്കാം ഒരുപക്ഷേ തുര്‍ക്കിയെക്കുറിച്ച ഭയം പാശ്ചാത്യ ബോധത്തില്‍ കാലങ്ങളായി പ്രതിധ്വനിച്ച് കൊണ്ടിരിക്കുന്നത്. അതുപോലെ രണ്ട് യൂറോപ്യന്‍ വിഭാഗങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ സൈക്ക്‌സ്-പിക്കോ കരാര്‍ യഥാര്‍ത്ഥത്തില്‍ ഒട്ടോമന്‍ സാമ്രാജ്യത്വത്തിന്റെ അതിര്‍ത്തിയെ വിഭജിക്കുകയാണ് ചെയ്തത് എന്ന് നാം ഓര്‍ക്കേണ്ടതുണ്ട്.

ഒന്നാം ലോകമഹായുദ്ധത്തിലെ നേരിട്ടുള്ള മിലിട്ടറി ഇടപെടലുകളുടെ ഫലങ്ങള്‍ ഒട്ടോമന്‍ സാമ്രാജ്യത്വത്തിന്റെ കീഴിലുണ്ടായിരുന്ന അറബ് രാഷ്ട്രങ്ങളുടെ അധിനിവേശത്തില്‍ മാത്രം പരിമിതമായിരുന്നില്ല.മറിച്ച് സ്വാതന്ത്ര്യ യുദ്ധത്തിന് ശേഷം ആധുനിക തുര്‍ക്കിയായി മാറിയ വലിയൊരു ഭാഗം വരുന്ന അതിര്‍ത്തികളുടെ അധിനിവേശം കൂടിയായിരുന്നു അത് സാധ്യമാക്കിയത്.

യൂറോപ്യന്‍ ശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിക്കൊണ്ടുള്ള ഒട്ടോമന്‍ സൈന്യത്തിന്റെ പിന്‍വാങ്ങലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഒട്ടോമന്‍ രാഷ്ട്രത്തിനകത്ത് നടന്ന പരിഷ്‌കരണങ്ങളുമാണ് യൂറോപ്പിനോടുള്ള തുര്‍ക്കിയുടെ കീഴടങ്ങലിന് അടിത്തറ പാകിയത്. കമ്മറ്റി ഓഫ് യൂണിയന്‍ ആന്‍ഡ് പ്രോഗ്രസ്സിന് കീഴിലുള്ള ഭരണകൂടമാണ് അതിനെ ബലപ്പെടുത്തിയത്. അതേസമയം തുര്‍ക്കിയുടെ സ്വാതന്ത്ര്യ യുദ്ധത്തിന്റെ നേതാവ് പടിഞ്ഞാറിന് കൂടുതല്‍ വിധേയപ്പെടുന്ന രാഷ്ട്രമാക്കി അതിനെ മാറ്റുകയാണ് ചെയ്തത്.

നാറ്റോയിലുള്ള തുര്‍ക്കിയുടെ  അംഗത്വത്തെ  യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ എതിര്‍ത്തെങ്കിലും (ഈ വര്‍ഷാദ്യം സി.ഐ.എ പുറത്തിറക്കിയ രഹസ്യ രേഖകള്‍ പ്രകാരം) തുര്‍ക്കിയെ ഉപയോഗിച്ച് സോവിയറ്റ് യൂനിയനോടും കിഴക്ക് ഭാഗങ്ങളിലുള്ള രാഷ്ട്രങ്ങളോടും ഏറ്റ്മുട്ടാന്‍ അവര്‍ക്ക് സാധിക്കുകയുണ്ടായി. തുര്‍ക്കിക്ക് പൂര്‍ണ്ണ അംഗത്വമുണ്ടായിരുന്നെങ്കിലും യൂറോപ്പും തുര്‍ക്കിയും തമ്മിലുള്ള ബന്ധം തുല്യമായിരുന്നില്ല. മറിച്ച്, രാഷ്ട്രീയപരമായും ഭരണപരമായും തുര്‍ക്കി യൂറോപ്യന്‍ ആധിപത്യത്തിന് കീഴില്‍ വരികയാണുണ്ടായത്.

എര്‍ദോഗാന്റെ വരവോട് കൂടിയാണ് മാറിയത്. താന്‍ അഭിമുഖീകരിച്ച ഭാരിച്ച തടസ്സങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ജോലി അസാധ്യമായിരുന്നു. എങ്കിലും യൂറോപ്യന്‍ യൂണിയനില്‍ ചേരുമെന്ന വാഗ്ദാനത്തെ ഉപയോഗിക്കാനും വലിയ തോതിലുള്ള സാമ്പത്തിക വിജയങ്ങളെ ഭരണനേട്ടമാക്കാനും എര്‍ദോഗാന് സാധിച്ചു. ആത്മനിശ്ചയത്തിലൂന്നുന്ന പ്രവര്‍ത്തനങ്ങളാണ് എര്‍ദോഗാന്‍ നടത്തുന്നത്. പല സന്ദര്‍ഭങ്ങളിലും അത് പ്രകടമായതാണ്. അറബ് വിപ്ലവങ്ങളിലുള്ള തുര്‍ക്കിയുടെ സാന്നിധ്യവും ഇറാഖിലും സിറിയയിലും അത് ഇടപെട്ട സ്വഭാവവും ഈജിപ്തിലെ പട്ടാള അട്ടിമറിയോടുള്ള അതിന്റെ എതിര്‍പ്പും ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. എന്നാലവയൊന്നും തന്നെ പാശ്ചാത്യ രാഷ്ട്രങ്ങളുടെയോ യു.എസിന്റെയോ യൂറോപ്പിന്റെയോ നിലപാടുമായി യോജിക്കുന്നതായിരുന്നില്ല.

എന്നാല്‍ പടിഞ്ഞാറിന്റെ പിടുത്തത്തില്‍ നിന്ന് വിമോചനം നേടാന്‍ സാമ്പത്തികമായ ഉയര്‍ച്ചയെ മാത്രം തുര്‍ക്കിക്ക് ആശ്രയിക്കാനാവില്ല. പാശ്ചത്യ ഇടപെടലില്‍ നിന്ന് രാഷ്ട്രത്തിന്റെ ഘടനകളെയും വിമോചിപ്പിക്കേണ്ടതുണ്ട്. അതൊരര്‍ത്ഥത്തില്‍ പടിഞ്ഞാറുമായുള്ള ഏറ്റുമുട്ടല്‍ തന്നെയാണ്. അതിനാല്‍ തന്നെ പരാജയപ്പെട്ട പട്ടാള അട്ടിമറി ശ്രമങ്ങള്‍ക്ക് ശേഷവും ഹിതപരിശോധനയുമായി ബന്ധപ്പെട്ടും യൂറോപ്പിന് തുര്‍ക്കിയോടുള്ള ഭയത്തെയും വിദ്വഷത്തെയും നമുക്ക് മനസ്സിലാക്കാം.

പട്ടാള അട്ടിമറി ശ്രമങ്ങള്‍ക്ക് ശേഷം തുര്‍ക്കി രണ്ടാം സ്വാതന്ത്ര്യ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണെന്ന എര്‍ദോഗാന്റെ പ്രസ്താവനയില്‍ അതിശയോക്തിയൊന്നുമില്ല. പടിഞ്ഞാറിന്റെ പതിറ്റാണ്ടുകള്‍ നീണ്ട ആധിപത്യത്തിന് ശേഷം ഒരു രാഷ്ട്രവും സമൂഹവും എന്ന നിലയില്‍ തുര്‍ക്കിയുടെ സ്വത്വം ദുര്‍ബലമായിട്ടുംം ഇപ്പോഴും വിമോചനത്തിന്റെ സാധ്യതകള്‍ അവശേഷിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

ഒരു പുതിയ മധ്യവര്‍ഗ്ഗത്തെ രൂപീകരിക്കാനുള്ള സാധ്യതകള്‍ ഉണ്ടെന്നിരിക്കെ യൂറോപ്പിലെ വലിയൊരളവോളം വരുന്ന ടര്‍ക്കിഷ് സമുദായങ്ങള്‍ യൂറോപ്പിന്റെ സ്വത്വത്തിന് മേല്‍ ഒരു സമ്മര്‍ദ്ദമായി ഉയര്‍ന്നേക്കാം.

ഭൂമിശാസ്ത്രപരമായി തുര്‍ക്കിയുടെ സ്ഥാനം അതിനെ ഊര്‍ജ്ജക്കൈമാറ്റത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നുണ്ട്. ഊര്‍ജ്ജത്തിന്റെ ഉത്ഭവ കേന്ദ്രങ്ങളായ മധ്യേഷ്യ, സെന്‍ട്രല്‍ ഏഷ്യ, ഊര്‍ജ്ജോപയോഗത്തിന്റെ പ്രധാനപ്പെട്ട മേഖലകളിലൊന്നായ യൂറോപ്പ് എന്നിവയുമായി യൂറോപ്പിന് ബന്ധമുണ്ട്. തുര്‍ക്കി-റഷ്യ ബന്ധം ശക്തിപ്പെടുകയാണെങ്കില്‍ ഊര്‍ജ്ജോത്പാദനവുമായും ഉപയോഗവുമായും ബന്ധപ്പെട്ട് പുതിയ വികാസങ്ങള്‍ മേഖലയില്‍ ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്. മാത്രമല്ല, അതിന് ചുക്കാന്‍ പിടിക്കുക തുര്‍ക്കിയായിരിക്കും.

ഏഷ്യയെ യൂറോപ്പുമായും പടിഞ്ഞാറിനെ കിഴക്കുമായും ബന്ധപ്പെടുത്തുന്ന തുര്‍ക്കിക്ക് കൂടുതല്‍ മെച്ചപ്പെട്ട പദവി ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ലഭിക്കേണ്ടതുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിലൂടെ ഇപ്പോഴത്തെ തുര്‍ക്കി ഭരണകൂടം അതിനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കൂടാതെ, 'ഒരു ബെല്‍റ്റ്, ഒരു റോഡ്' എന്ന്  ബീജിംഗ് ഭരണകൂടം വിശേഷിപ്പിക്കുന്ന ചൈനയുടെ പുതിയ സില്‍ക്ക് റോഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും ഭാഗവാക്കാകാന്‍ തുര്‍ക്കി ശ്രമിക്കുന്നുണ്ട്.

കിഴക്ക് ഭാഗങ്ങളിലുള്ള ഏത് ഇസ്‌ലാമിക മുന്നേറ്റങ്ങളും പാശ്ചാത്യ ഓറിയന്റലിസ്റ്റ് പ്രത്യയശാസ്ത്രത്തെ ബാധിക്കുമെന്നത് തീര്‍ച്ചയാണ്. എര്‍ദോഗാന്റെ പദ്ധതി യൂറോപ്പിന്റെ വിദ്വേഷം വിളിച്ച് വരുത്തുന്നതിനുള്ള ഒരു കാരണമിതാണ്. പടിഞ്ഞാറിന് തുര്‍ക്കിയോടുള്ള സ്വത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കാഴ്ചപ്പാട് മനസ്സിലാക്കണമെങ്കില്‍ ഫ്രഞ്ച് പ്രസിഡണ്ടായിരുന്ന നിക്കോളാസ് സര്‍ക്കോസി ഒരിക്കല്‍ പറഞ്ഞത് നാമോര്‍ക്കണം. എഴുപത് മില്യണിലധികം മുസ്‌ലിം ജനസംഖ്യയുള്ള ഒരു രാഷ്ട്രത്തിന് യൂറോപ്പ് അംഗത്വം കൊടുക്കരുത് എന്നാണദ്ദേഹം പറഞ്ഞത്. തുര്‍ക്കിയുടെ അംഗത്വവുമായി ബന്ധപ്പെട്ട ചര്‍ച്ച തന്നെയില്ല എന്ന ജര്‍മ്മന്‍ ചാന്‍സലറായ ആംഗല മെര്‍ക്കലിന്റെ പ്രസ്താവനയിലും ഈ കൊളോണിയല്‍ മനോഭാവം പ്രകടമാണ്.

ഫലസ്തീനുമായുള്ള കൂടിയാലോചനയെക്കുറിച്ച യിറ്റ്‌സാക്ക് ഷാമിറിന്റെ സിദ്ധാന്തവും ബെന്യമിന്‍ നെതന്യാഹുവിന്റെ സിദ്ധാന്തവുമായും ഇതിന് സാമ്യതയുണ്ട്. അനന്തമായ ഉടമ്പടികള്‍ സ്വാതന്ത്ര്യവും തുല്യതയും നേടിത്തരില്ല എന്നാണിതെല്ലാം കാണിക്കുന്നത്. മറിച്ച് സ്ഥിരമായ ആശ്രിതത്വവും കീഴ്‌പ്പെടുത്തലമാണ് അവ സൃഷ്ടിക്കുക.

വിവ: സഅദ് സല്‍മി

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics