ആരായിരുന്നു രിഫാഅഃ ത്വഹ്ത്വാവി?

ഈജിപ്ത് ഫ്രാന്‍സിലേക്ക് പഠനത്തിന് അയച്ച സംഘത്തിലെ പ്രധാനിയും അവരുടെ ഉപദേശകനുമായിരുന്നു രിഫാഅഃ ത്വഹ്ത്വാവി. പാശ്ചാത്യ നാഗരികതക്കെതിരെ കടുത്ത ആക്രമണം നടത്തിയിരുന്ന അദ്ദേഹം പെട്ടന്നൊരു നാള്‍ താന്‍ എതിര്‍ത്തിരുന്ന സംസ്‌കാരത്തിന്റെ വക്താവായി മാറുന്നതാണ് പിന്നീട് കണ്ടത്. അല്‍അസ്ഹറില്‍ നിന്നും ദീന്‍ പഠിച്ച ഒരാള്‍ പിന്നീടെങ്ങനെയാണ് പാശ്ചാത്യ സംസ്‌കാരത്തിന്റെ വക്താവായി മാറിയത്?

ഈജിപ്തിലെ സൊഹാഗ് പ്രവിശ്യയിലെ നഗരങ്ങളിലൊന്നായ ത്വഹ്ത്വായില്‍ 1801 ഒക്ടോബര്‍ 15നാണ് രിഫാഅഃ ത്വഹ്ത്വാവി ജനിച്ചത്. കുലീന കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അലി ബിന്‍ അബീത്വാലിബിന്റെ മകന്‍ ഹുസൈന്‍ ബിന്‍ അലിയിലാണ് അദ്ദേഹത്തിന്റെ പിതാവിന്റെ വംശപരമ്പര ചെന്നു ചേരുന്നത്. അദ്ദേഹത്തിന്റെ മാതാവ് ഫാതിമ ബിന്‍ ശൈഖ് അഹ്മദ് ഫര്‍ഗലിയുടെ കുടുംബ പരമ്പര ചെന്നുചേരുന്നത് അന്‍സാരികളിലെ ഖസ്‌റജ് ഗോത്രത്തിലുമായിരുന്നു.

ചെറുപ്പത്തില്‍ പിതാവിന്റെ പരിചരണത്തില്‍ തന്നെ രിഫാഅഃ ഖുര്‍ആന്‍ മനപാഠമാക്കി. പിതാവിന്റെ മരണ ശേഷം ത്വഹ്ത്വയിലേക്ക് മടങ്ങിയ അദ്ദേഹത്തിന് അമ്മാവന്‍മാരുടെ അടുത്ത് പ്രത്യേക പരിഗണ ലഭിച്ചു. പണ്ഡിതന്‍മാരാല്‍ സമ്പന്നമായ പ്രദേശമായിരുന്നു അത്. അവരുടെ അടുക്കല്‍ നിന്നും അദ്ദേഹം കര്‍മശാസ്ത്രവും അറബി ഭാഷാ നിയമങ്ങളും പഠിച്ചു. പിന്നീട് കെയ്‌റോയിലേക്ക് തിരിച്ച ത്വഹ്ത്വാവി പതിനാറാം വയസ്സില്‍ 1817ല്‍ അല്‍അസ്ഹറില്‍ ചേര്‍ന്നു. ഹദീഥ്, ഫിഖ്ഹ്, തഫ്‌സീര്‍, അറബിഭാഷാ നിയങ്ങള്‍ തുടങ്ങിയവയെല്ലാം അല്‍അസ്ഹറിലെ അദ്ദേഹത്തിന്റെ പഠനത്തില്‍ ഉള്‍പ്പെട്ടിരുന്നു.

ജീവിതത്തിലെ വഴിത്തിരിവ്
അല്‍അസ്ഹറിലെ പഠനത്തിന് ശേഷം ഫ്രാന്‍സിലേക്ക് അയക്കപ്പെട്ട വിദ്യാര്‍ഥികളുടെ സംഘത്തിനൊപ്പം ഈജിപ്ത് ഭരണകൂടം അദ്ദേഹത്തെയും ഫ്രാന്‍സിലേക്ക് അയച്ചു. മുസ്‌ലിംകള്‍ അറപ്പോടെ കണ്ടിരുന്ന പാശ്ചാത്യ നാഗരികതയുടെ ഇറക്കുമതിക്കാരായത് അത്തരം പ്രതിനിധി സംഘങ്ങളായിരുന്നു. യഥാര്‍ഥത്തില്‍ ആ സംഘത്തിന് നമസ്‌കാരത്തിന് നേതൃത്വം നല്‍കാനും ഉപദേശങ്ങള്‍ നല്‍കാനുമായിരുന്നു അദ്ദേഹം പോയത്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ഇസ്‌ലാമിക ശരീഅത്തിനെതിരെ തിരിച്ചുവിട്ട ഒരു ഘട്ടത്തിന്റെ തുടക്കവും ജീവിതത്തിലെ വഴിത്തിരിവുമായിരുന്നു അത്.

ഈജിപ്തിലേക്ക് മടങ്ങിയെത്തിയ രിഫാഅ ത്വഹ്ത്വാവിയെ മെഡിക്കല്‍ സ്‌കൂളില്‍ വിവര്‍ത്തനത്തിന്റെ നേതൃചുമതല ഏല്‍പിക്കപ്പെട്ടു. അതോടൊപ്പം തന്നെ 'അല്‍വഖാഇഉല്‍ മിസ്‌രിയ' എന്ന പേരില്‍ ഒരു പത്രം തുടങ്ങുകയും ഫ്രഞ്ചില്‍ നിന്ന് നിരവധി പുസ്തകങ്ങള്‍ അദ്ദേഹം വിവര്‍ത്തനം ചെയ്യുകയും സ്വന്തമായി പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തു. ഒരു ഭാഷാ ഇന്‍സ്റ്റിട്യൂട്ട് സ്ഥാപിക്കുകയും (ഫ്രഞ്ചുകാരായിരുന്നു അതിനദ്ദേഹത്തെ പ്രേരിപ്പിച്ചത്) അതില്‍ പ്രധാനാധ്യാപകനായി അദ്ദേഹം സേവനം ചെയ്യുകയും ചെയ്തു. വിജ്ഞാനത്തിന്റെയും സംസ്‌കാരത്തിന്റെയും പേരില്‍ അറബ് വിദ്യാര്‍ഥികള്‍ക്കിടയില്‍ പാശ്ചാത്യ സംസ്‌കാരം പ്രചരിപ്പിക്കുന്നതിനുള്ള കേന്ദ്രമായിരുന്നു അത്. ആ സ്‌കൂളില്‍ പഠിപ്പിക്കാന്‍ ഫ്രാന്‍സില്‍ നിന്നും ഈജിപ്തിലെത്തിയ അധ്യാപകര്‍ ഇസ്‌ലാമിക നാഗരികതയെ വികൃതമായി അവതരിപ്പിച്ചു. അല്‍അസ്ഹറിനെ ഒരു വശത്തും ആധുനിക വിജ്ഞാനങ്ങളെ മറുവശത്തുമായി വേര്‍തിരിക്കാന്‍ അവര്‍ക്ക് സാധിച്ചു. പരസ്പര വിരുദ്ധമായ രണ്ട് ഭാഗങ്ങളായി അവ മാറ്റപ്പെട്ടു.

പാശ്ചാത്യ നാഗരികതക്ക് കീഴില്‍ ഇടം കണ്ടെത്തിയ അദ്ദേഹത്തെ മുഹമ്മദ് അലിയ ഗവര്‍ണര്‍മാരായിരുന്ന അദ്ദേഹത്തിന്റെ മക്കളും ഏറെ ഇഷ്ടപ്പെട്ടു. മരിക്കുന്ന സമയത്ത് രിഫാഅ ത്വഹ്ത്വാവിക്ക് 1600 എക്കര്‍ ഭൂമിയുണ്ടായിരുന്നു എന്നാണ് പറയുന്നത്. അതിനെ കുറിച്ച് മുബാറക് ബാഷ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഇബ്‌റാഹീം പാഷ അദ്ദേഹത്തിന് വിശിഷ്ടമായ ഒരു തോട്ടം സമ്മാനിച്ചു. നഗരത്തിലെ ആ തോട്ടം 36 എക്കര്‍ വിസ്തൃതിയുണ്ടായിരുന്നു. അപ്രകാരം മുഹമ്മദ് അലി അദ്ദേഹത്തിന് ത്വഹ്ത്വയില്‍ 250 എക്കര്‍ ഭൂമി സമ്മാനിച്ചു. ഖുദൈവി സഈദ് 200 എക്കറും ഖുദൈവി ഇസ്മാഈല്‍ 250 ഏക്കറും ഭൂമി അദ്ദേഹത്തിന് നല്‍കി. അതിന് പുറമെ ത്വഹ്ത്വാവി 900 എക്കര്‍ സ്വന്തം നിലക്ക് വാങ്ങുകയും ചെയ്തു. ഇങ്ങനെ അദ്ദേഹം മരണപ്പെടുന്ന സമയത്ത് 1600 എക്കര്‍ ഭൂമിയുടെ ഉടമയായിരുന്നു. അതിന് പുറമെ ത്വഹ്ത്വയിലും കെയ്‌റോയിലും നിരവധി കെട്ടിടങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics