പാതയോര മദ്യനിരോധനം; കോടതി വിധി ആശ്വാസകരം

ദേശീയസംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂട്ടുന്നത് സംബന്ധിച്ച സുപ്രീം കോടതിയുടെ ഉത്തരവ് ആശ്വാസകരമാണ്. സമൂഹത്തെയാകമാനം ദുരന്തത്തിലേക്കാഴ്ത്താന്‍ നിദാനമായ മദ്യം പോലുള്ളവ നിരോധിക്കുക തന്നെ വേണം. സമ്പൂര്‍ണ മദ്യനിരോധനമെന്നും, മദ്യവര്‍ജനമെന്നും വാഴ്ത്താരികള്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായിട്ടും ഒരു ശമനവും വരാത്ത സ്ഥിതിയിലേക്ക് സുപ്രീം കോടതി വിധി കൂടി വരുന്നതോടെ നിലവില്‍ മദ്യം മൂലം ഉണ്ടായികൊണ്ടിരിക്കുന്ന എല്ലാ വിപത്തുകളില്‍ നിന്നും തെല്ലെങ്കിലും മോചനം കിട്ടുമെന്ന് വേണം കരുതാന്‍. അതേസമയം, സര്‍ക്കാറിന്റെ മുഖ്യ വരുമാന സ്രോതസ്സാണെന്ന് പറയപ്പെടുന്ന മദ്യ വില്‍പന മുടക്കുന്നത് വഴി സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും, നികുതി വരുമാനത്തില്‍ 4,000 കോടിയുടെ കുറവുണ്ടാക്കുമെന്ന വിലയിരുത്തലും മ റു പുറത്ത് തകൃതിയായുണ്ട്.

വിധിയുടെ പശ്ചാത്തലത്തില്‍ 1956 മദ്യശാലകളാണ് സംസ്ഥാനത്ത് അടച്ചു പൂട്ടിയത്.സമൂഹ ഘടനയുടെ മുഖ്യഘടകമായ കുടുംബത്തിന്റെ സുഭദ്രവും സുരക്ഷിതത്വവും നഷ്ടപ്പെടുത്തുന്നതിലും സമൂഹത്തിന്റെ ഉറക്കം കെടുത്തുന്നതിലും മദ്യം വഹിക്കുന്ന പങ്ക് ഒരു പാട് കലഹങ്ങളും നഷ്ടങ്ങളും വരുത്തി തീര്‍ക്കാന്‍ മാത്രമേ ഉപകരിച്ചിട്ടുള്ളൂവെന്ന യാഥാര്‍ത്ഥ്യം സുപ്രീം കോടതി കണ്ണു തുറന്നതോടെ ഒരു പാട് കുടുംബങ്ങളുടെ നഷ്ടപ്പെട്ട മനസമാധാനം വീണ്ടെടുക്കാമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. പാതയോരത്തെ മദ്യശാലകള്‍ വഴി ഒരു പാട് വാഹനാപകടങ്ങളും അതുവഴി ഒരു പാട് ജീവന്‍ പൊലിയുകയും ചെയ്തിട്ടുണ്ടെന്ന ഗൗരവതരമായ കാര്യം ഈ സന്ദര്‍ഭത്തില്‍ മറക്കാവതല്ല. സമൂഹത്തിനും ശരീരത്തിനും ഒരു പോലെ ബാധിക്കുന്ന മദ്യമെന്ന സമൂഹത്തിന്റെ അന്തകന്റെ വില്‍പനയെ പാതയോരത്ത് നിന്നും മാത്രമല്ല, മറ്റു ഗ്രാമ നഗരത്തില്‍ നിന്നുമെല്ലാം നിരോധിക്കുക തന്നെ വേണം.

പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന വിധി ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ് പുറപ്പെടുവിച്ചതെങ്കില്‍, അത് മാറ്റി സ്ഥാപിക്കാനുള്ള കുറുക്ക് വഴികള്‍ തേടുന്നത് നമ്മുടെ ആശ്വാസങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്താന്‍ മാത്രം പോന്നതാണ്. മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്നും, അത് സമൂഹത്തിലാകമാനം വന്‍ വിപത്തുകള്‍ സൃഷ്ടിക്കുമെന്നറിഞ്ഞിട്ടും അതിനെ ലാഘവത്തോടെ സമീപിക്കുന്ന മനോഭാവം മാറ്റാത്തിടത്തോളം കാലം ഇത്തരം യഥോചിതമായ വിധികള്‍ അപ്രസക്തമായി കൊണ്ടിരിക്കുക തന്നെ ചെയ്യും. ഇവ്വിഷയകമായുള്ള സര്‍ക്കാറുകളുടെ അഴകൊഴമ്പന്‍ സമീപനത്തിലാണ് മാറ്റം വരേണ്ടത്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics