അറബികളെ അധിനിവേശകരാക്കുന്ന സയണിസ്റ്റ് തന്ത്രം

ഫലസ്തീന്‍; ഒരു കൊളോണിയല്‍ അധിനിവേശം 21

ഫലസ്തീന്‍; ഒരു കൊളോണിയല്‍ അധിനിവേശം 21

ജോര്‍ദാനില്‍ വെച്ച് ഒരു ഓപ്പറേഷന്‍ കഴിഞ്ഞ എന്റെ ഉമ്മയെ സന്ദര്‍ശിക്കാന്‍ ഫലസ്തീനിലെത്തിയ ഞാന്‍ കുടുംബ ഫോട്ടോകളെല്ലാം വെറുതെ ഒന്ന് നോക്കുകയായിരുന്നു. അതിനിടയിലാണ് എന്റെ ഉപ്പയുടെ ഫലസ്തീന്‍ പാസ്‌പോര്‍ട്ട് എന്റെ ശ്രദ്ധയില്‍ പെട്ടത്. എന്റെ കുട്ടിക്കാലത്ത് ഞാനത് വളരെ ആശ്ചര്യത്തോടെ തന്നെ നോക്കി നില്‍ക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാനത് പരിശോധിക്കുന്നത് കുടിയേറ്റ അധിനിവേശത്തെക്കുറിച്ചും സയണിസത്തെക്കുറിച്ചും നിരന്തരമായി എഴുതിക്കൊണ്ടിരിക്കുന്ന ഒരു ചരിത്രകാരന്‍ എന്ന നിലക്കാണ്. സയണിസ്റ്റ് അധിനിവേശത്തിന് മുമ്പുള്ള ഫലസ്തീനെക്കുറിച്ച ചരിത്രമാണ് യഥാര്‍ത്ഥത്തില്‍ എന്റെ ഉപ്പയുടെ പഴയ ആ പാസ്‌പോര്‍ട്ട് എനിക്ക് നല്‍കുന്നത്. 1943 ലാണ് ആ പാസ്‌പോര്‍ട്ട് എന്റെ ഉപ്പക്ക് ലഭിക്കുന്നത്. പാസ്‌പോര്‍ട്ടുകള്‍, മാപ്പുകള്‍, കറന്‍സികള്‍ തുടങ്ങിയ എല്ലാ കൊളോണിയല്‍ രേഖകളും ഫലസ്തീന്‍ എന്ന് തന്നെയാണ് ഒന്നാം ലോക യുദ്ധത്തിന്റെ സമയത്തും അതിന് ശേഷവും ഉപയോഗിക്കുന്നത്. ഒട്ടോമന്‍ കാലത്തും ഫലസ്തീന്‍ എന്ന് തന്നെയാണ് ഉപയോഗിച്ചിരുന്നത്.

അതേസമയം ഫലസ്തീനിലെ തദ്ദേശീയരായ ജനത അവര്‍ ജീവിക്കുന്ന പ്രദേശങ്ങളുമായി ബന്ധപ്പെടുത്തിയാണ് തങ്ങളുടെ സ്വത്വത്തെ അടയാളപ്പെടുത്തിയിരുന്നത്. അതിനര്‍ത്ഥം അവര്‍ ഫലസ്തീനെ ഒരു ദേശമായി തിരിച്ചറിഞ്ഞിരുന്നില്ല എന്നല്ല. എന്നാല്‍ ഇങ്ങനെ ഫലസ്തീനികള്‍ക്ക് സ്വയം തങ്ങളെ അടയാളപ്പെടുത്താന്‍ കഴിയുന്ന പ്രദേശങ്ങളെ പതിയെ മായ്ച്ച് കളഞ്ഞ് കൊണ്ട് ഒരു ദേശത്തെക്കുറിച്ച ഭാവനകള്‍ ഇല്ലാതാക്കിക്കൊണ്ട് പുതിയൊരു ചരിത്രത്തെ നിര്‍മ്മിക്കുകയാണ് സയണിസം ചെയ്തത്. അവര്‍ ചെയ്യുന്നത് ഫലസ്തീനികള്‍ക്ക് ഒരു ദേശീയ സ്വത്വം നിര്‍മ്മിച്ച് കൊടുക്കുകയാണ്. എന്നാല്‍ ഒരു ആധുനിക പ്രതിഭാസമായ ദേശീയതക്ക് ഒരിക്കലും ഫലസ്തീനികളുടെ അനുഭവങ്ങളെയും ജീവിത യാഥാര്‍ത്ഥ്യങ്ങളെയും ഒരിക്കലും മനസ്സിലാക്കാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആധുനിക ദേശരാഷ്ട്രങ്ങളുടെ നിലനില്‍പ്പിനെ തന്നെ നിര്‍ണ്ണയിക്കുന്ന ദേശീയത എന്ന സങ്കല്‍പ്പത്തെ മുന്‍നിര്‍ത്തി മുസ്‌ലിം സമൂഹത്തെ വായിക്കാന്‍ ശ്രമിക്കുന്നത് തന്നെ അബന്ധമാണ്. കാരണം അവരുടെ സാമൂഹ്യഭാവനകള്‍ ദേശഭാവനകള്‍ക്ക് പുറത്താണ് നിലനില്‍ക്കുന്നത്.

ഇനി തദ്ദേശീയ ഫലസ്തീനികള്‍ അവരുടേതായ ഒരു ദേശത്തെ നിര്‍വചിക്കുന്നുണ്ടെങ്കില്‍ അതൊരിക്കലും യൂറോപ്യന്‍ ദേശീയതയെ അടിസ്ഥാനപ്പെടുത്തിയുള്ള ദേശഭാവനയല്ല. അതിനാല്‍ സയണിസ്റ്റുകള്‍ക്ക് ഒരിക്കലും ദേശീയതയെക്കുറിച്ച തങ്ങളുടെ നിര്‍വചനങ്ങളെ ഫലസ്തീനികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള അധികാരമില്ല. മാത്രമല്ല, ദേശം, ഭൂമി, പ്രദേശങ്ങള്‍ എന്നിവയൊക്കെ നിര്‍ണ്ണിതമായ അടയാളങ്ങളല്ല. അവ നിരന്തരം മാറിക്കൊണ്ടിരിക്കുന്നതാണ്, പ്രത്യേകിച്ചും തദ്ദേശീയ ജനതയുടെ കാര്യത്തില്‍. അതിനാല്‍ തന്നെ ഫലസ്‌നികള്‍ക്ക് ഒരു സുനിശ്ചിതമായ ദേശസ്വത്വം കല്‍പ്പിച്ച് കൊടുക്കുന്ന സയണിസ്റ്റ് പദ്ധതി നിരര്‍ത്ഥകമാണ് എന്നാണ് ഞാന്‍ പറയുന്നത്. അമേരിക്കയിലെ കറുത്ത വംശജര്‍ക്കെതിരെയും ഇതേ നയമാണ് കൊളോണിയലിസ്റ്റുകള്‍ സ്വീകരിച്ചിരുന്നത്. അങ്ങനെയാണ് കൊളംബസിന് ഒരു ദേശനിര്‍മ്മിതി സാധ്യമായത്. ഇതേ കൊളോണിയല്‍ തന്ത്രമാണ് സയണിസ്റ്റുകളും ഫലസ്തീനില്‍ സ്വീകരിച്ചിരിക്കുന്നത്.

ഫലസ്തീനികള്‍ക്ക് തങ്ങളെ സ്വന്തം അടയാളപ്പെടുത്താനുള്ള നാമമാണ് സയണിസ്റ്റുകള്‍ നിഷേധിക്കുന്നത്. ഒരു പേരിലെന്തിരിക്കുന്നു എന്നൊരു പക്ഷെ നമ്മള്‍ ചോദിച്ചേക്കാം. എന്നാല്‍ ഈ ലോകത്ത് നമ്മെ അടയാളപ്പെടുത്തുന്നതും നമ്മുടെ അസ്തിത്വത്തെ നിര്‍ണ്ണയിക്കുന്നതും നമ്മുടെ നാമങ്ങളാണ്. അതിലൂടെയാണ് നാം ഈ ലോകത്തെ തന്നെ മനസ്സിലാക്കുന്നത്. പുതിയ ചക്രവാളങ്ങളെ വികസിപ്പിക്കാനുള്ള സങ്കീര്‍ണ്ണമായ ആശയങ്ങള്‍ രൂപപ്പെടുന്നതും നമ്മെ അടയാളപ്പെടുത്തുന്ന ഈ നാമങ്ങള്‍ വഴിയാണ്. അപ്പോള്‍ ഒരു ജനവിഭാഗം തങ്ങള്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന പേരില്‍ നിന്നും ഘടനാപരമായി നീക്കം ചെയ്യപ്പെടുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? എല്ലാ കൊളോണിയല്‍ പദ്ധതികളുടെയും അടിസ്ഥാന ലക്ഷ്യമായി ഇത് മാറുന്നത് എന്ത്‌കൊണ്ടാണ്? ഫലസ്തീനികളുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. അവരെ തിരിച്ചറിയുന്ന, ലോകം അവരെ വിളിക്കുന്ന നാമത്തെ മായ്ച്ച് കളയുകയാണ് സയണിസം ആദ്യം ചെയ്തത്. ഭൂമി പിടിച്ചടക്കലിലൂടെയാണ് അത് സാധ്യമായത്.

സയണിസ്റ്റുകള്‍ പറയുന്നത് ഏഴാം നൂറ്റാണ്ടില്‍ എത്തിച്ചേര്‍ന്ന അറബികളാണ് ഫലസ്തീന്‍ എന്ന നാമം ആദ്യമായി ഉപയോഗിച്ചത് എന്നാണ്. ഇതവര്‍ പറയുന്നത് അറബികളാണ് ഫലസ്തീന്‍ അധിനിവേശപ്പെടുത്തിയത് എന്ന അവരുടെ വാദത്തെ സ്ഥാപിക്കാന്‍ വേണ്ടിയാണ്. വലിയൊരു സൈന്യവുമായി വന്ന് തദ്ദേശീയ ജനതയെ മുഴുവനായും വംശഹത്യ ചെയ്ത് അറബികള്‍ ഫലസ്തീന്‍ കീഴടക്കുകയായിരുന്നു എന്നാണ് സയണിസ്റ്റുകള്‍ പറയുന്നത്. അറബ് പാരമ്പര്യത്തില്‍ നിന്നും ഫലസ്തീനെ എന്നെന്നേക്കുമായി വേര്‍പ്പെടുത്താനുള്ള സയണിസ്റ്റ് തന്ത്രമായാണ് ഇതിനെ മനസ്സിലാക്കേണ്ടത്. അതേ സമയം തന്നെ ഇസ്‌ലാം അക്രമം കൊണ്ടാണ് പ്രചരിച്ചതെന്ന ഓറിയന്റലിസ്റ്റ് വ്യവഹാരത്തെയും അത് ഏറ്റെടുക്കുന്നുണ്ട്. അഥവാ, പഴയ അറബികളാണ് ഫലസ്തീന്‍ കീഴടക്കിയതെങ്കില്‍ ഇപ്പോഴത്തെ അറബികളായ ഫലസ്തീനികള്‍ക്ക് അതിന്റെ പേരില്‍ ഇസ്രയേലിനെ കുറ്റപ്പെടുത്താനുള്ള ധാര്‍മ്മികമായ അവകാശമില്ല എന്നാണ് സയണിസ്റ്റുകള്‍ വാദിക്കുന്നത്.

സയണിസ്റ്റുകള്‍ പറയുന്നത് അവര്‍ തങ്ങളുടെ 'പുരാതനമായ' ഭൂമിയാണ് അവകാശപ്പെടുന്നത് എന്നാണ്. എന്നാല്‍ ഇത്തരം വാദങ്ങള്‍ക്ക് ചരിത്രപരമായ വസ്തുതകളുടെ പിന്തുണയില്ല. കാരണം അറബികളുടെ ഫലസ്തീനിലേക്കുള്ള ആഗമനത്തിന് അധിനിവേശത്തിന്റെ സ്വഭാവമല്ല ഉണ്ടായിരുന്നത്. അറബികളുടെ ഒരു പ്രധാനപ്പെട്ട ഒരു പ്രത്യേകത തന്നെ അവര്‍ ലോകത്തുടനീളം കച്ചവട ആവശ്യങ്ങള്‍ക്കായി സഞ്ചരിക്കാറുണ്ട് എന്നതാണ്. ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തിത്തന്നെയാണ് അവര്‍ ഫലസ്തീനിലേക്കും വന്നത്. എന്നാല്‍ അധിനിവേശ കണ്ണിലൂടെ മാത്രം യാത്ര ചെയ്യുന്ന കൊളോണിയലിസ്റ്റുകള്‍ക്ക് ചിലപ്പോള്‍ അറബികളുടെ സഞ്ചാരം അധിനിവേശമായി തോന്നിയിട്ടുണ്ടാകാം. മാത്രമല്ല, ഏഴാം നൂറ്റാണ്ടില്‍ തന്നെ ഫലസ്തീനില്‍ ഭൂരിപക്ഷവും അറബികളായിരുന്നു. അപ്പോള്‍ സ്വന്തം നാടിനെ തന്നെയാണോ അവര്‍ അധീനപ്പെടുത്തിയത് എന്ന് നമുക്ക് സയണിസ്റ്റുകളോട് ചോദിക്കാവുന്നതാണ്. യഥാര്‍ത്ഥത്തില്‍ കോളനീകരണത്തിന് പറ്റിയ ചരിത്രങ്ങളെ നിര്‍മ്മിക്കുകയായിരുന്നു സയണിസം ചെയ്തിരുന്നത്. എന്നാല്‍ ആ അധീശമായ ചരിത്ര നിര്‍മ്മിതികളെ ലോകം വളരെ പെട്ടെന്ന് സ്വീകരിച്ചു എന്നതാണ് ആശ്ചര്യകരമായി തോന്നുന്നത്. (തുടരും)

വിവ: സഅദ് സല്‍മി

കുടിയേറ്റം എന്ന ആധുനിക കൊളോണിയല്‍ പദ്ധതി

പൗരത്വത്തിലെ സയണിസ്റ്റ് മാനദണ്ഡം

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics