നേര്‍ച്ചകള്‍ അല്ലാഹുവിന് മാത്രം അവകാശപ്പെട്ടത്

സാധാരണ ജനം ഏറെ തെറ്റിധരിച്ച ഒന്നാണ് നേര്‍ച്ചകള്‍. എത്രത്തോളമെന്നാല്‍ സൃഷ്ടികളുടെ പേരില്‍ നേര്‍ച്ച നേരുന്നതില്‍ തെറ്റില്ലായെന്നു ധരിക്കപ്പെടുമാറ് അതിഗുരുതരമാണ് കാര്യങ്ങള്‍. (അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.) അല്ലാഹുവിനോട് നാം ചെയ്യുന്ന പ്രതിജ്ഞയാണ് നേര്‍ച്ച. അതുകൊണ്ടുതന്നെ ഉന്നതമായ ഇബാദത്ത് ആകുന്നു നേര്‍ച്ചകള്‍. സ്വര്‍ഗവാസികളെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: 'അവര്‍ നേര്‍ച്ചകള്‍ വീട്ടുകയും സര്‍വ്വത്ര ആപത്തു ഗ്രസിച്ച ആ ദിനത്തെ ഭയപ്പെടുകയും ചെയ്യുന്നവരത്രെ.' (അല്‍ഇന്‍സാന്‍: 7)

എന്നാല്‍ ഇസ്‌ലാം വലിയ പ്രാധാന്യം നല്‍കി പ്രോത്സാഹിപ്പിച്ചിട്ടുള്ള ഒന്നല്ല നേര്‍ച്ച എന്നാണ് മനസ്സിലാകുന്നത്. നബി(സ) അരുള്‍ ചെയ്യുന്നു: 'നേര്‍ച്ച ഒരു കാര്യത്തെയും മുന്തിക്കുകയോ പിന്തിക്കുകയോ ചെയ്യുന്നില്ല. നേര്‍ച്ച മുഖേന ലുബ്ധന്‍മാരില്‍ നിന്നും ധനം ചെലവഴിക്കപ്പെടുന്നുവെന്നു മാത്രം.' (ബുഖാരി)

ഇപ്പറഞ്ഞത് അല്ലാഹുവിനു മാത്രം നേരുന്ന, ശരീഅത്തില്‍ അനുവദിക്കപ്പെട്ട നേര്‍ച്ചകളെ കുറിച്ചാണ്. അപ്പോള്‍ പിന്നെ അല്ലാഹു അല്ലാത്തവര്‍ക്ക് നേര്‍ച്ച നേരുന്നത് എത്രത്തോളം ഗുരുതരമായ കാര്യമാണെന്ന് പറയേണ്ടതില്ല. അത് കൊടിയ ശിര്‍ക്കാകുന്നു.

ഇസ്‌ലാമിക ലോകത്ത് ഏറെ അംഗീകരിക്കപ്പെട്ട ഉസ്താദ് സയ്യിദ് സാബിഖിന്റെ ഫിഖ്ഹുസ്സുന്നഃ കാണുക: 'എന്റെ ശൈഖേ, കാണാതായവനെ തിരിച്ചു തന്നാല്‍ അങ്ങേക്ക് ഇത്ര പണം, ഇത്ര ഭക്ഷണം, മെഴുകുതിരി, എണ്ണ, വഴിപാടര്‍പ്പിച്ചു കൊള്ളാം എന്നും മറ്റും പറഞ്ഞു കൊണ്ട് പുണ്യാത്മാക്കളുടെ പ്രീതിക്കായി അവരുടെ മഖ്ബറകളിലേക്ക് വഴിപാടായി കൊണ്ടു പോകുന്ന നാണയങ്ങള്‍, തിരികള്‍, എണ്ണകള്‍ മുതലായവയും ഹറാമും അസാധുവുമാണെന്ന് ഇജ്മാഅ് (പണ്ഡിതന്‍മാരുടെ ഏകാഭിപ്രായം) കൊണ്ട് സ്ഥിരപ്പെട്ടിരിക്കുന്നു.' (ഫിഖ്ഹുസ്സുന്ന: 10:42)

'ഖുര്‍ആന്‍ ബോധനം' രചയിതാവ് ടി.കെ.ഉബൈദ് സാഹിബ് എഴുതുന്നു: 'ഒരു തരം പ്രാര്‍ത്ഥനയും ഇബാദത്തുമാകുന്നു നേര്‍ച്ചകള്‍. അതിനാല്‍ അത് അല്ലാഹുവിന്റെ പേരില്‍ മാത്രമേ പാടുള്ളൂ. അല്ലാഹു അല്ലാത്തവരുടെ പേരില്‍ നേര്‍ച്ചകള്‍ നേരുന്നത് അല്ലാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിക്കുന്നത് പോലെ തന്നെ അല്ലാഹുവിന്റെ അവകാശങ്ങളില്‍ മറ്റുള്ളവരെ പങ്കുചേര്‍ക്കലാകുന്നു.' (പ്രശ്‌നങ്ങള്‍ വീക്ഷണങ്ങള്‍, പുറം: 430)

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus