പഴയവീഞ്ഞ് പുതിയ കുപ്പിയില്‍

മുത്വലാഖ് മുസ്‌ലിം സ്ത്രീയുടെ അന്തസ്സ് കെടുത്തുന്നതാണെന്ന വാദവുമായി കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. അതോടൊപ്പം, നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നിവയും അവരുടെ സാമൂഹിക പദവിക്ക് ആഘാതമേല്‍പ്പിക്കുമെന്നും അതോടൊപ്പം കൂട്ടിച്ചേര്‍ക്കുന്നു. മറ്റുമതങ്ങളിലുള്ളതു പോലെ പുരുഷന് തുല്യമായ പദവി ഇസ്‌ലാം നല്‍കുന്നില്ലെന്ന വാദവും ഉന്നയിക്കുന്നുണ്ട്. കുറെക്കാലമായി ഏകസിവില്‍കോഡ് നടപ്പാക്കുമെന്ന് മുറവിളികൂട്ടുന്നതിന്റെ ബാക്കിപത്രമായിട്ട് വേണം ഇതിനെ മനസ്സിലാക്കാന്‍. ഇതുവരെയില്ലാത്ത താല്‍പര്യങ്ങള്‍ ഇപ്പോള്‍ പൊട്ടിമുളച്ചതിന്റെ ഉദ്ദേശ്യവും മറിച്ചാവാന്‍ വഴിയില്ല. മുത്വലാഖ് ഭരണഘടനാവിരുദ്ധമാക്കണമെന്ന ഹരജിയും ഇതോടൊപ്പം സമര്‍പ്പിക്കുന്നുണ്ട്. ഇസ്‌ലാം ഉദ്‌ഘോഷിക്കുന്ന നിയമങ്ങളെല്ലാം മൗലികാവകാശങ്ങള്‍ക്കെതിരും ഭരണഘടനാവിരുദ്ധവുമാണെന്ന ആരോപണവും തൊടുത്തുവിടുന്നതോടെ തങ്ങളുടെ ഒളിയജണ്ടകള്‍ പുകച്ച് പുറത്ത് ചാടിക്കുകയാണ് ചെയ്യുന്നത്. ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്യത്തെ ചോദ്യം ചെയ്തവര്‍ മതനിയമങ്ങള്‍ ഭരണഘടനാവിരുദ്ധമാക്കണമെന്ന് പറയുമ്പോള്‍ അതിലും വലിയ വിരോധാഭാസം മറ്റെന്തുണ്ട്.

ജനാധിപത്യ മതേതര രാഷ്ട്രമെന്ന് വലിയവായില്‍ പറയുന്ന ഇന്ത്യയില്‍ ഭരണം കൈയ്യാളിയതിന്റെ പുറത്ത് നടത്തിയ എല്ലാവിധ കോപ്രായങ്ങളും എത്തിക്കുന്നത് ഏകശിലാത്മക ഒളിയജണ്ടകളിലേക്കാണ്. വര്‍ഗീയവിഷം വമിക്കുന്ന പ്രസ്താവനകള്‍ നടത്തിയും, തങ്ങള്‍ക്ക് ഹിതകരമല്ലാത്തത് ചെയ്തവരെ ഇല്ലാതാക്കിയുമായിരുന്നു കഴിഞ്ഞ കാലം എങ്കില്‍, വരാനിരിക്കുന്ന ഇന്ത്യന്‍ അവസ്ഥകള്‍ ആപത്കരമാണെന്നതിന്റെ സൂചനയാണ്. ഭരണലബ്ധി എന്തും ചെയ്യാനുള്ള സര്‍ട്ടിഫിക്കറ്റാണെന്ന് കരുതി അമിതാധികാരം പ്രയോഗിക്കുന്ന രീതിതന്നെയാണ് കാര്യങ്ങളെ ഇത്രത്തോളം വഷളാക്കിയത്. ജനാധിപത്യത്തിലുള്ള വിശ്വാസതകര്‍ച്ചയാണ് ഇതിന്റെയെല്ലാം പരിണിതഫലം.

എന്നാല്‍, ഇസ്‌ലാമിലെ നിയമങ്ങളെല്ലാം മാനുഷികവും യുക്തിഭദ്രവുമാണ്. സ്ത്രീക്കും പുരുഷനും തുല്യമായ അവകാശങ്ങളും സ്വാതന്ത്ര്യവും ഒരുസംശയത്തിനും ഇടയില്ലാത്ത വിധം വകവെച്ച് കൊടുക്കുമ്പോള്‍ മേല്‍ സൂചിപ്പിച്ച കേന്ദ്രസര്‍ക്കാറിന്റെ വാദം യുക്തിഹീനവും നിരര്‍ത്ഥതകവുമാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ബോധ്യമാകും. മുസ്‌ലിം സ്ത്രീയുടെ പേരും പറഞ്ഞ് കാര്യം ലാക്കാക്കാനുള്ള ഈ നീക്കം എത്രകണ്ട് വിലപ്പോവുമെന്ന് കണ്ട് തന്നെ അറിയണം. മുസ്‌ലിം സ്ത്രീയുടെ സാമൂഹികപദവിക്ക് ആഘാതമേല്‍ക്കുന്ന കാര്യത്തില്‍ ഭയാശങ്കയുളളവര്‍ അതെങ്ങനെയാണെന്ന് കൂടി വ്യക്തമാക്കുന്നത് നന്നായിരിക്കും. നിലനില്‍ക്കുന്ന മതനിയമങ്ങളെ കാറ്റില്‍ പറത്തി പുതിയ ഏകീകൃത നിയമങ്ങള്‍ കൊണ്ട് വരാനുള്ള ധാര്‍ഷ്ട്യ ബുദ്ധിയിലൂടെ ഉരുത്തിരിയുന്ന ഇത്തരം ഗൂഢനീക്കങ്ങള്‍ ജനാധിപത്യത്തിന്റെ അന്തസത്തക്ക് മേല്‍ കളങ്കം വരുത്തുന്നതാണ്.

ഇവിടെ മുത്വലാഖോ, മുസ്‌ലിം സ്ത്രീയുടെ അന്തസ്സോ അല്ല കേന്ദ്രസര്‍ക്കാറിന് പ്രധാനം. മറിച്ച് കാര്യം നേടിയെടുക്കാന്‍ എന്തെങ്കിലും കുറുക്ക് വഴികള്‍ വേണമെന്ന ആലോചനയില്‍ നിന്നും വന്നതായിരിക്കാനേ തരമുള്ളൂ. ഏകസിവില്‍ കോഡ് എങ്ങനെയെങ്കിലും യാഥാര്‍ഥ്യമാക്കി കിട്ടും വരെ ഇനിയും ഇത്തരം ഗിമ്മിക്കുകളും, ഉണ്ടയില്ലാവെടികളും ഉതിര്‍ത്ത് കൊണ്ടേയിരിക്കും. അതിനെ ചെറുത്ത് തോല്‍പ്പിക്കാനുള്ള വഴിയാരായാതെ കണ്ണും പൂട്ടി നോക്കിയിരുന്നാല്‍ വലിയ ദൂരവ്യാപക പ്രത്യാഘാതങ്ങളായിരിക്കും നാം അഭിമുഖീകരിക്കേണ്ടി വരിക.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics