ഫലസ്തീന്‍ വിമോചനം പുലരുക തന്നെ ചെയ്യും

വിദേശത്ത് കഴിയുന്ന ഫലസ്തീന്‍ പണ്ഡിതന്‍മാരെ ചേര്‍ത്തു നിര്‍ത്തുന്ന വേദിയുടെ ജനറല്‍ സെക്രട്ടറിയും ലോക മുസ്‌ലിം പണ്ഡിതവേദി അംഗവുമാണ് ശൈക് മുഹമ്മദ് ഇബ്‌റാഹീം അല്‍ഹാജ്. അല്‍ഖുദ്‌സ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപക അംഗം കൂടിയാണ് അദ്ദേഹം. അല്‍മുജ്തമഅ് മാസികക്ക് അദ്ദേഹം നല്‍കിയ അഭിമുഖം:

ആദ്യമായി ഖുദ്‌സിന്റെ ചരിത്രം വളരെ ചുരുക്കി ഒന്നു വിവരിക്കാമോ?
- ചരിത്രത്തിലെ വിശുദ്ധ നഗരമാണ് ഖുദ്‌സ്. പ്രവാചകത്വത്തിന്റെ മണ്ണായ അവിടെയാണ് മസ്ജിദുല്‍ അഖ്‌സ സ്ഥിതി ചെയ്യുന്നത്. മുസ്‌ലിംകളുടെ ഒന്നാമത്തെ ഖിബ്‌ലയായ അവിടെ നിന്നാണ് നബി(സ) മിഅ്‌റാജ് യാത്ര നടത്തിയത്. മുസ്‌ലിംകള്‍ തങ്ങളുടെ നമസ്‌കാരത്തില്‍ 16 മാസങ്ങള്‍ അവിടേക്കായിരുന്നു തിരിഞ്ഞിരുന്നത്. മുസ്‌ലിംകളുടെ വിശ്വാസവുമായി ബന്ധപ്പെട്ട പ്രദേശമാണ് ഖുദ്‌സ്. അനുഗ്രഹീത പ്രദേശമാണതെന്ന് പറയുന്ന വിശുദ്ധ ഖുര്‍ആന്‍ നിരവധി സൂക്തങ്ങളില്‍ അതിനെ പരാമര്‍ശിക്കുന്നുണ്ട്. ഇസ്‌റാഅ് മിഅ്‌റാജ് യാത്രയുടെ ഭാഗമെന്ന നിലയില്‍ പ്രവാചക ചരിത്രത്തിലും അതിന് വലിയ പ്രാധാന്യമുണ്ട്. അതിലുപരിയായി ഖുദ്‌സ് സന്ദര്‍ശിക്കുന്നത് പ്രവാചകന്‍ പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്. 'മൂന്ന് മസ്ജിദുകളിലേക്കല്ലാത്ത നിങ്ങള്‍ പുണ്യമുദ്ദേശിച്ച് യാത്ര ചെയ്യരുത്. മസ്ജിദുല്‍ ഹറാം, എന്റെ ഈ മസ്ജിദ് (മസ്ജിദുന്നബവി), മസ്ജിദുല്‍ അഖ്‌സ എന്നിവയാണവ.

ഖുദ്‌സിനെയും അഖ്‌സയെയും ജൂതവിശ്വാസികള്‍ എങ്ങനെയാണ് നോക്കികാണുന്നത്?
- ജൂതന്‍മാര്‍ ഖുദ്‌സിനെ നോക്കി കാണുന്നത് യാഥാര്‍ഥ്യങ്ങളെ വളച്ചൊടിച്ചും കെട്ടുകഥകളുടെ അടിസ്ഥാനത്തിലുമാണ്. അവിടെയുണ്ടായിരുന്നു എന്നവര്‍ വാദിക്കുന്ന ദേവാലയം സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണത്. ഖുദ്‌സിന് മേല്‍ ഫലസ്തീനികള്‍ക്കുള്ള അവകാശം ഉറപ്പിച്ചു കൊണ്ടുള്ള പ്രമേയം ഈയടുത്ത് യുനെസ്‌കോ അംഗീകരിച്ചിട്ടുണ്ട്. ജൂതന്‍മാരുടെ വാദത്തിലെ പൊള്ളത്തരമാണത് വ്യക്തമാക്കുന്നത്. അല്‍അഖ്‌സ പൂര്‍ണ ഇസ്‌ലാമിക പൈതൃകമാണെന്ന് 2016 ഒക്ടോബര്‍ 26ന് യുനെസ്‌കോ വ്യക്തമാക്കി. സയണിസ്റ്റ് അധിനിവേശകര്‍ ഖുദ്‌സില്‍ നടത്തുന്നത് കയ്യേറ്റവും അതിക്രമവുമാണ്. ഫലസ്തീനിലെ ജൂതന്‍മാരുടെ അവകാശത്തെ സംബന്ധിച്ച എല്ലാ അധിനിവേശ വാദങ്ങളെയും പ്രസ്തുത പ്രമേയം നിരാകരിക്കുന്നു.

എന്നാല്‍ ഇങ്ങനെയൊരു പ്രമേയം ഉണ്ടായിരിക്കെ തന്നെ ഖുദ്‌സിന്റെ അറബ് ഇസ്‌ലാമിക സ്വത്വം പിഴുതെറിയാനുള്ള ശ്രമങ്ങളും പ്രവര്‍ത്തനങ്ങളും തുടരുകയാണ്. 1967ലെ അധിനിവേശത്തിന് ശേഷം വിശുദ്ധ ഖുദ്‌സ് നഗരത്തിന് ജൂതവര്‍ണം പൂശാനുള്ള നടപടികളാണ് നടക്കുന്നത്. അതിനായി സാധ്യമായ എല്ലാ വഴികളും അവര്‍ തേടുന്നുണ്ട്. ഖുദ്‌സിനും ഫലസ്തീനികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും മസ്ജിദുല്‍ അഖ്‌സയെ വലയം ചെയ്തിരിക്കുന്ന കുടിയേറ്റ കേന്ദ്രങ്ങളും മുതല്‍ മസ്ജിദുല്‍ അഖ്‌സയുടെ സമീപത്തുമുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ വരെ അത് ലക്ഷ്യമാക്കിയുള്ളവയാണ്. കല്ലുകളും കത്തികളുമായി കാവലിരിക്കുന്ന യുവാക്കളും കുട്ടികളും സ്ത്രീകളും വൃദ്ധന്‍മാരും അടക്കമുള്ള ഫലസ്തീനികള്‍ അവിടെ ഉണ്ടായിരിക്കുമ്പോള്‍ നഗരത്തിന്റെ ചിത്രത്തിന് മാറ്റം വരുത്താന്‍ അധിനിവേശകര്‍ക്ക് സാധിക്കുകയില്ല.

എംബസി ഖുദ്‌സിലേക്ക് മാറ്റുമെന്നുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രഖ്യാപനത്തെ എങ്ങനെയാണ് നിങ്ങള്‍ കാണുന്നത്? ഇത്തരം ഒരു തീരുമാനത്തിന് പിന്നിലെ പ്രേരകങ്ങള്‍ എന്തെല്ലാമാണ്?
- അറബ് ലോകം നിലവില്‍ അഭിമുഖീകരിക്കുന്ന സങ്കീര്‍ണമായ സാഹചര്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെ ദൗര്‍ബല്യത്തിന്റെയും പശ്ചാത്തലത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രയേലിലെ എംബസി ഖുദ്‌സിലേക്ക് മാറ്റാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രയേല്‍ രാഷ്ട്രത്തിന്റെ ജൂതസ്വത്വം വ്യക്തമായും അന്തിമമായും അംഗീകരിച്ചു കൊടുക്കുന്നതാണ് ഈ നീക്കം എന്നതില്‍ ഒരു സംശയവുമില്ല. അങ്ങനെ അംഗീകരിച്ചാല്‍ ഖുദ്‌സ് വിഷയം അറബികളും ഫലസ്തീനികളുമായി ചര്‍ച്ച ചെയ്യുന്നതിന് പിന്നീടൊരു പ്രസക്തിയുമില്ല. അങ്ങനെയുള്ള അമേരിക്കക്ക് ഒരിക്കലും ഈ ചര്‍ച്ചയില്‍ മധ്യസ്ഥത വഹിക്കാനാവില്ല. അത്തരം ചര്‍ച്ചകളുടെ തന്നെ വിലയിടിക്കുകയാണത് ചെയ്യുന്നത്. എംബസി ഖുദ്‌സിലേക്ക് മാറ്റുന്നത് സംബന്ധിച്ച അമേരിക്കന്‍ തീരുമാനം ഫലസ്തീനില്‍ എല്ലായിടത്തും ഇന്‍തിഫാദക്ക് തിരികൊളുത്തും. അധിനിവേശകരുമായി ഉണ്ടാക്കിയ എല്ലാ ഉടമ്പടികളും പരാജയപ്പെട്ടതാണ് കഴിഞ്ഞ കാലത്ത് നാം കണ്ടത്. സയണിസ്റ്റുകള്‍ ഒരൊറ്റ ദിവസത്തേക്ക് പോലും വ്യവസ്ഥകള്‍ പാലിച്ചില്ല. അതുകൊണ്ടു തന്നെ അത്തരം കരാറുകള്‍ക്ക് ഇനി ഫലസ്തീന്‍ മണ്ണില്‍ യാതൊരു വിലയുമില്ല. അതേസമയം ഖുദ്‌സിനെയും മുഴുവന്‍ ഫലസ്തീനെയും മോചിപ്പിക്കാനുള്ള പ്രതിരോധം ശക്തിപ്പെടുകയും ചെയ്യുന്നു.

ഫലസ്തീന്‍ മണ്ണിലെ കുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കുന്ന നിയമം അധിനിവേശ ഭരണകൂടം ഈയടുത്ത് അംഗീകരിച്ചിരിക്കുന്നു. ഫലസ്തീന്‍ പ്രശ്‌നത്തിന്റെ ഗതിയെ ഏതര്‍ത്ഥത്തിലാണ് ഇത്തരം നിയമങ്ങള്‍ ബാധിക്കുക?
- അധിനിവേശ ഭരണകൂടത്തിന്റെ നിയമങ്ങളെ തെറ്റായതും നിയമവിരുദ്ധവുമായ നടപടിയായിട്ടാണ് ഞങ്ങള്‍ കാണുന്നത്. കാരണം നിയമവിരുദ്ധമായി അധിനിവേശം നടത്തി ഭൂമി കവര്‍ന്നെടുത്തവരാണ് നിയമങ്ങളുണ്ടാക്കുന്നത്. അതുകൊണ്ടു തന്നെ അവരുടെ നിയമങ്ങളും നിയമസാധുതയില്ലാത്തവയാണ്. ഫലസ്തീനികളുടെ ഭൂമി കൂടുതലായി കവര്‍ന്നെടുക്കാനും അവരെ കൊള്ളയടിക്കാനും ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ് ഇത്തരം നിയമങ്ങള്‍. ഫലസ്തീനികള്‍ക്കെതിരെ കൂട്ടകശാപ്പുകള്‍ക്ക് വഴിയൊരുക്കുന്ന വംശീയ നിയമങ്ങളാണവ. ഫലസ്തീന്‍ ജനതയിലെ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും മേല്‍ സമ്മര്‍ദം ചെലുത്തി അവരുടെ സ്വകാര്യസ്വത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ നിര്‍ബന്ധിക്കുകയും അവ കണ്ടുകെട്ടുകയുമാണ് ഇത്തരം നിയമങ്ങള്‍.

പ്രാദേശികവും അന്താരാഷ്ട്രവുമായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഖുദ്‌സിന്റെ ഭാവിയെ എന്തായിരിക്കും?
- പ്രാദേശികവും അന്തര്‍ദേശീയവുമായ നിരവധി പ്രശ്‌നങ്ങള്‍ക്കിടയിലും ഈ പ്രദേശത്തെ സംഘര്‍ഷത്തിന്റെ അച്ചുതണ്ട് ഖുദ്‌സ് തന്നെയായിരിക്കുമെന്നാണ് എന്റെ അഭിപ്രായം. മുസ്‌ലിം സമുദായത്തെ ആഭ്യന്തര യുദ്ധങ്ങളില്‍ മുക്കി ശിഥിലമാക്കാനുള്ള പദ്ധതികള്‍ പരാജയപ്പെടുക തന്നെ ചെയ്യും. ഖുദ്‌സിലെയും ഫലസ്തീനിലെയും ജനങ്ങള്‍ തങ്ങളുടെ ഭൂമിയും വീടുകളും വിശുദ്ധ മണ്ണില്‍ തങ്ങള്‍ക്കുള്ള ചരിത്രപരമായ അവകാശവും മുറുകെ പിടിച്ചു നിലകൊള്ളും. തക്ബീര്‍ മുഴക്കിയും ജീവന്‍ നല്‍കിയും അവരതിനെ പ്രതിരോധിക്കും. ഇടര്‍ച്ചകളും പിന്നോട്ടടിക്കലുകളുമെല്ലാം ഉണ്ടെങ്കില്‍ തന്നെയും അല്ലാഹുവിന്റെ വാഗ്ദാനത്തില്‍ ഉറച്ചു വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. ഫലസ്തീന്റെ വിമോചനം ഖുര്‍ആന്റെയും പ്രവാചകന്റെയും സന്തോഷവാര്‍ത്തയാണ്. അതിന്റെ അവകാശികളിലേക്ക് അത് എത്തിചേരുമെന്നതില്‍ സംശയം വേണ്ട. അധിനിവേശം എന്നെന്നേക്കുമായി ഇല്ലാതാക്കപ്പെടുമെന്ന് ചരിത്രം സ്ഥിരീകരിക്കുകയും ചെയ്യും.

വിവ: നസീഫ്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics