എന്താണ് ശരീഅത്ത്?

അറബ് മുസ്‌ലിം നാടുകള്‍ ഇസ്‌ലാമിക ശരീഅത്ത് കൈവെടിഞ്ഞത് കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടയിലുണ്ടായ മഹാദുരന്തങ്ങളില്‍ ഒന്നാണ്. മനുഷ്യനിര്‍മിത നിയമങ്ങളാണ് ഇസ്‌ലാമിക ശരീഅത്തിന് പകരം വെക്കപ്പെട്ടത്. ഇസ്‌ലാമിക സമൂഹത്തിന്റെ വിജയത്തിന്റെ താക്കോലായ ദൈവത്തിന്റെ നിയമനിര്‍മാണാധികാരമാണ് (ഹാകിമിയ്യത്ത്) അതുവഴി നഷ്ടപ്പെട്ടത്.

ആ ദുരന്തത്തിന്റെ ആഴം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഖുര്‍ആനല്ലാത്ത മറ്റൊരു ദൈവിക ഗ്രന്ഥമോ, നബിയുടേതല്ലാത്ത മറ്റൊരു ശരീഅത്തോ അതിന്റെ തനത് രൂപത്തില്‍ ഇന്ന് ഭൂമിയില്‍ നിലനില്‍ക്കുന്നില്ല. അതല്ലാത്തതെല്ലാം കൈകടത്തലുകള്‍ക്കും കൂട്ടിചേര്‍ക്കലുകള്‍ക്കും വിധേയമാക്കപ്പെട്ടവയാണ്. ദൈവികനിയമങ്ങളും, പ്രവാചകചര്യയും അടിസ്ഥാനമാക്കിയുള്ള വിധികള്‍ ഇസ്‌ലാമിക സമൂഹത്തിന് നഷ്ടപ്പെട്ടാല്‍ പിന്നെ ഭൂമിയില്‍ ദൈവത്തിന്റെ നിയമങ്ങള്‍ക്ക് ഒരു സ്ഥാനവുമുണ്ടാവില്ല. ഇസ്‌ലാമിക ശരീഅത്തിനെ കൈവെടിഞ്ഞ് ബലിഷ്ടമായ പാശ്വത്തെ ഉപേക്ഷിച്ചതിന് ശേഷം തങ്ങള്‍ക്ക് അവലംബിക്കാവുന്ന മറ്റൊരു ആധികാരിക സ്രോതസ്സ് കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ദൈവികേതര ശക്തികളെ പിന്‍പറ്റുന്നവര്‍ക്ക് തുല്ല്യരായി മുസ്‌ലിംകളും മാറി. ദൈവികേതര നിയമങ്ങളില്‍ അവര്‍ സംതൃപ്തരുമായി. കഴിഞ്ഞുപോയ എല്ലാ ദുരന്തങ്ങളെയും മറപ്പിക്കുന്ന വിപത്താണിത്. ഇതിനേക്കാള്‍ വലിയ എന്ത് വിപത്താണ് ഇനി വരാനുള്ളത്!

ശരീഅത്ത് കൈമോശം വന്ന കഥ സംക്ഷിപ്തമായി നിങ്ങളുടെ മുമ്പില്‍ വെക്കാം. ഓട്ടോമന്‍ ഭരണത്തില്‍ നിന്നായിരുന്നു അതിന്റെ തുടക്കം. പിന്നീട് അറബ് മുസ്‌ലിം നാടുകളിലുണ്ടായ അധിനിവേശങ്ങളിലും അതില്‍ നിന്നുള്ള വിമോചനങ്ങളിലുമെല്ലാം നാളിതുവരെ അത് തുടരുന്നു. ശരീഅത്ത് വിധി പുനസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള വ്യക്തികളുടെയും സംഘടനകളുടെയും ശ്രമങ്ങളും പരാമര്‍ശിക്കേണ്ടതാണ്. ഇസ്‌ലാമിക ശരീഅത്തനുസരിച്ചുള്ള വിധികളിലേക്കും വിശുദ്ധ ഖുര്‍ആനിലേക്കും മടങ്ങാന്‍ അല്ലാഹു തുണക്കുമെന്ന് നമുക്ക് പ്രത്യാശയര്‍പിക്കാം. അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടത്തില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തുമാറാകട്ടെ.

എന്താണ് ശരീഅത്ത്?
ശരീഅത്തിന്റെ ഭാഷാര്‍ഥം ജനങ്ങള്‍ വെള്ളം കുടിക്കാനുപയോഗിക്കുന്ന അരുവി എന്നതാണ്. അതിന്റെ തെളിമയും വ്യക്തതയുമാണ് ആ പേര് നല്‍കപ്പെടാനുണ്ടായ കാരണം. മാത്രമല്ല, ഏതൊരു ജീവിക്കും ജീവന്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ ഒന്നാണ് വെള്ളം. അല്ലാഹുവിന്റെ അടിമകളെ സംബന്ധിച്ചടത്തോളം അത്രതന്നെ പ്രധാനമാണ് ശരീഅത്തും. അതവരുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണ്. അല്ലാഹുവിന്റെ ശരീഅത്ത് ഇല്ലായിരുന്നുവെങ്കില്‍ അവരുടെ ജീവിതം സുഖകരമാവുകയില്ല.

അല്ലാഹു അവന്റെ അടിമകള്‍ക്ക് വേണ്ടി നിയമമാക്കപ്പെട്ട വിധികള്‍ എന്ന് ശരീഅത്തിനെ സാങ്കേതികമായി നിര്‍വചിക്കാം. ചിലര്‍ അതിനെ വിശദീകരിച്ചിട്ടുള്ളത് ഇങ്ങനെയാണ്: ഒരു മനുഷ്യന് തന്റെ രക്ഷിതാവുമായും മറ്റ് മനുഷ്യ സഹോദരങ്ങളുമായും പ്രപഞ്ചവുമായും ജീവിതവുമായുമുള്ള ബന്ധങ്ങളില്‍ പാലിക്കേണ്ട, അല്ലാഹു അനുശാസിച്ചിട്ടുള്ള നിയമങ്ങളോ നിയമങ്ങളുടെ അടിസ്ഥാനങ്ങളോ അടങ്ങിയ വ്യവസ്ഥയാണ് ശരീഅത്ത്. (1)

അല്ലാഹു അവതരിപ്പിച്ചിട്ടുള്ള എല്ലാ വിധികളും ഉള്‍ക്കൊള്ളുന്നതാണ് ശരീഅത്ത്. അതില്‍ വിശ്വാസപരമായ കാര്യങ്ങളും കര്‍മപരമായ കാര്യങ്ങളും സ്വഭാവഗുണങ്ങളുമെല്ലാം അടങ്ങുന്നു. എന്നാല്‍ ആധുനിക കാലത്ത് ശരീഅത്ത് എന്ന പ്രയോഗം കര്‍മശാസ്ത്രപരമായ കാര്യങ്ങളെ കുറിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. പില്‍ക്കാലത്ത് 'ഫിഖ്ഹ്'ന്റെ പര്യായമെന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്ന ഒന്നായി അത് മാറ്റപ്പെട്ടു. കര്‍മശാസ്ത്ര സരണികള്‍ പഠിപ്പിക്കുന്ന കോളേജുകള്‍ക്ക് 'കുല്ലിയ്യത്തു ശരീഅഃ' എന്ന് പേര് വിളിക്കപ്പെട്ടത് പോലും ആ അര്‍ത്ഥത്തിലായിരിക്കാം.

പൂര്‍ണാര്‍ഥത്തിലുള്ള ദീന്‍ തന്നെയാണ് ശരീഅത്ത് എന്നതാണ് ശരി. വിശ്വാസം, കര്‍മങ്ങള്‍, സ്വഭാവചര്യകള്‍ എല്ലാം അടങ്ങിയതാണത്. അല്ലാഹു പറയുന്നു:
ശരീഅത്തെന്നാല്‍ പൂര്‍ണമായും ദീനാണെന്നതാണതിന്റെ ശരി. വിശ്വാസം,ആരാധനകള്‍, സ്വഭാവം, ഇടപാടുകള്‍ എന്നിവയാണവ. അല്ലാഹു പറയുന്നു: ''നൂഹിനോടു കല്‍പിച്ചതും നിനക്കു നാം ദിവ്യബോധനമായി നല്‍കിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോടനുശാസിച്ചതുമായ കാര്യം തന്നെ അവന്‍ നിങ്ങള്‍ക്കു നിയമമായി നിശ്ചയിച്ചു തന്നിരിക്കുന്നു. 'നിങ്ങള്‍ ഈ ജീവിതവ്യവസ്ഥ സ്ഥാപിക്കുക; അതില്‍ ഭിന്നിക്കാതിരിക്കുക'യെന്നതാണത്.'' (അശ്ശൂറ: 13) പൂര്‍ണമായ ഇസ്‌ലാമിനെയാണല്ലോ അല്ലാഹു വഹ്‌യായി അവതരിപ്പിച്ചു തന്നിട്ടുള്ളത്.

വിവ: കെ.സി. കരിങ്ങനാട്‌

-------
(1)
مدخل الفقه الإسلامي

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics