പൗരത്വത്തിലെ സയണിസ്റ്റ് മാനദണ്ഡം

ഫലസ്തീന്‍; ഒരു കൊളോണിയല്‍ അധിനിവേശം 22

ഫലസ്തീന്‍; ഒരു കൊളോണിയല്‍ അധിനിവേശം 22

1950 ജൂലൈ അഞ്ചിനാണ് സയണിസ്റ്റുകള്‍ The law of return എന്ന പേരില്‍ ഒരു നിയമമുണ്ടാക്കുന്നത്. ജൂതകുടിയേറ്റത്തെ കൂടുതല്‍ ഉദാരമാക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. ഈ നിയമപ്രകാരം ലോകത്തെവിടെയുമുള്ള ജൂതര്‍ക്കും നിയന്ത്രണങ്ങളില്ലാതെ ഫലസ്തീനിലേക്ക് കുടിയേറാന്‍ സാധിക്കുകയുണ്ടായി. അതേ സമയം 1948ലെ യുദ്ധത്തെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട ഫലസ്തീനികള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ അനുവാദമില്ലാതെ ഫലസ്തീനിലേക്ക് തിരിച്ച് വരാനുള്ള അനുവാദമുണ്ടായിരുന്നില്ല. ചരിത്രകാരനായ വില്ല്യം സുക്കെര്‍മാന്‍ അതിനെക്കുറിച്ചെഴുതുന്നുണ്ട്: ' ജൂതര്‍മാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും നിയന്ത്രണങ്ങളില്ലാതെ പൗരത്വമെടുക്കാം. അവര്‍ക്ക് വേണമെങ്കില്‍ ഇരട്ട പൗരത്വവും സ്വീകരിക്കാവുന്നതാണ്. എന്നാല്‍ നൂറ്റാണ്ടുകളായി ഫലസ്തീനില്‍ ജീവിക്കുന്ന അറബികള്‍ക്ക് അതിനുള്ള അവകാശമില്ല. ഇത്ര ഭീകരമായ ഒരു നീതിനിഷേധം ചരിത്രത്തില്‍ എവിടെയും മുമ്പുണ്ടായിട്ടില്ല എന്ന് പറയുന്നതില്‍ അതിശയോക്തിയൊന്നുമില്ല'.

ഈ നിയമത്തെ കുറച്ച് കൂടി വികസിപ്പിച്ച് കൊണ്ടാണ് Nationality law എന്ന പേരില്‍ പുതിയൊരു നിയമം സയണിസ്റ്റുകള്‍ വികസിപ്പിക്കുന്നത്. ഞാന്‍ നേരത്തെ സൂചിപ്പിച്ച നിയമത്തിന്റെ അതേ രൂപം തന്നെയാണ് ഇതിനുമുണ്ടായിരുന്നത്. അതേസമയം ഫലസ്തീനികളുടെ കാര്യത്തില്‍ ഈ നിയമം ആദ്യത്തേതിനേക്കാള്‍ കുറച്ച് കൂടി കര്‍ശനമായിരുന്നു. ഈ നിയമപ്രകാരം ഫലസ്തീനികള്‍ ദേശവിരുദ്ധരായും സെമിറ്റിക്ക് വിരുദ്ധരായും മുദ്രകുത്തപ്പെടുകയും വ്യാപകമായ തോതില്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. മാത്രമല്ല, ആധുനിക ജനാധിപത്യ ദേശരാഷ്ട്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു അസതിത്വം അത് ഇസ്രയേലിന് നല്‍കുകയുണ്ടായി. കാരണം, ജീവശാസ്ത്രപരവും മതപരവുമായ കാരണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് തങ്ങളുടെ നിലനില്‍പ്പിനെ ഇസ്രയേല്‍ ന്യായീകരിക്കാറുള്ളത്. ജനാധിപത്യം, മതേതരത്വം തുടങ്ങിയ വാക്കുകള്‍ അവര്‍ ഉപയോഗിക്കാറു പോലുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതേസമയം ഫലസ്തീനികള്‍ക്ക് തങ്ങളുടേത് ഒരു ദേശമാണ് എന്ന് പറയാനുള്ള അവകാശത്തെയും അവര്‍ വകവെച്ച് കൊടുക്കാറില്ല. കാരണം, ദേശത്തെക്കുറിച്ച സയണിസ്റ്റുകളുടെ ഭാവനകള്‍ക്ക് പുറത്താണ് ഫലസ്തീനിന്റെ സ്ഥാനം.

കുടിയേറ്റ അധിനിവേശത്തിന്റെ ഒരു പ്രത്യേകത എന്നത് തന്നെ അത് നിയമത്തെ വളരെ ആസൂത്രിതമായി ഉപയോഗിക്കുന്നു എന്നതാണ്. അങ്ങനെയാണ് അധിനിവേശത്തെ നിയമത്തിന്റെ ഭാഷയുപയോഗിച്ച് തന്നെ ന്യായീകരിക്കാന്‍ കൊളോണിയലിസ്റ്റുകള്‍ക്ക് സാധിക്കുന്നത്. ഇസ്രയേലും അതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല. കാരണം, സമത്വത്തെയും പൗരത്വത്തെയും കുറിച്ച ഉദാരമായ സങ്കല്‍പ്പങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് ഇസ്രയേല്‍ നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ കൊളോണിയലിസ്റ്റുകള്‍ എന്ന പരിവേഷമില്ലാതെ നിലനില്‍ക്കാന്‍ ഇസ്രയേലിന് കഴിയുന്നത്. അതിനാല്‍ തന്നെ ഇസ്രയേലിലെ അറബികളോടുള്ള സയണിസ്റ്റ് സമീപനങ്ങളെ ഒരു രാഷ്ട്രത്തിന്റെ 'ജനാധിപത്യ പ്രക്രിയയായി' അവര്‍ മനസ്സിലാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ദേശക്കൂറിന്റെ പേരില്‍ ദിനേനയെന്നോണം വേട്ടയാടപ്പെടുന്ന അറബികളുടെ കാര്യത്തില്‍ ഒരു മനുഷ്യാവകാശ സംഘടനകളും ഇടപെടാത്തത്.

ഫലസ്തീനികള്‍ക്ക് ഇസ്രയേല്‍ പൗരത്വം നല്‍കിയിട്ടുണ്ടെങ്കിലും അവരെയൊരിക്കലും ദേശസ്‌നേഹികളായി ഇസ്രയേല്‍ കണക്കാക്കുന്നില്ല. തദ്ദേശീയര്‍ക്ക് കൊളോണിയലിസ്റ്റുകള്‍ പൗരത്വം നല്‍കുന്നു എന്ന വൈരുദ്ധ്യം അവിടെ നില്‍ക്കട്ടെ. അതിലേക്ക് ഞാനിപ്പോള്‍ കടക്കുന്നില്ല. പറഞ്ഞ് വരുന്നത് ഇസ്രയേലിലെ ജൂതര്‍ക്കും കുടിയേറ്റം ചെയ്യാന്‍ താല്‍പര്യപ്പെടുന്ന ലോകത്തുടനീളമുള്ള മറ്റ് ജൂതര്‍ക്കുമാണ് പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള പൗരത്വം ഇസ്രയേല്‍ നല്‍കിയിരുന്നത്. അറബികള്‍ക്ക് ഭാഗികമായ പൗരത്വമാണ് ഉണ്ടായിരുന്നത്. അത് കൊണ്ടാണ് ദേശവിരുദ്ധര്‍ എന്ന വിശേഷണം അവരുടെ മേല്‍ ചാര്‍ത്തിക്കൊടുക്കാന്‍ ഇസ്രയേലിന് സാധിച്ചത്. അതേസമയം ഇസ്രയേല്‍ അവകാശപ്പെടുന്നത് അറബികള്‍ക്ക് തങ്ങള്‍ പൗരത്വാവകാശങ്ങള്‍ നല്‍കുന്നുണ്ടെന്നും തെരെഞ്ഞെടടുപ്പില്‍ മത്സരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നുമൊക്കെയാണ്. എന്നാല്‍ പൊള്ളയായ വാദം മാത്രമാണിത്. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആര്‍ക്കും അത് പ്രകടമാം വിധം മനസ്സിലാകും.

ഞാന്‍ നേരത്തെ സൂചിപ്പിച്ച nationality law ചെയ്യുന്നത് ഇസ്രയേലില്‍ തന്നെയുള്ള വ്യത്യസ്ത സമുദായങ്ങള്‍ക്ക് വ്യത്യസതങ്ങളായ നിയമങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ്. അത്പ്രകാരം ഇസ്രയേലിന്റെ നിലനില്‍പ്പിനെയും സയണിസത്തെയും അംഗീകരിക്കുന്ന ജൂതന്‍മാര്‍ക്ക് മാത്രമാണ് നിയമത്തിന്റെ സമ്പൂര്‍ണ്ണമായ പരിരക്ഷ ഇസ്രയേല്‍ ഉറപ്പ് വരുത്തുന്നത്. സയണിസത്തിനെതിരെ നിലകൊള്ളുന്ന ജൂതന്‍മാരോടും അറബികളോടും ഒരേ നയമാണ് ഇസ്രയേല്‍ സ്വീകരിക്കുന്നത്. കാരണം അവര്‍ ദേശത്തിന്റെയും ദേശീയതയുടെയും നിര്‍വ്വചനങ്ങള്‍ക്ക് പുറത്താണ്. അഥവാ, മതപരമായ മുന്‍ഗണനകളാണ് ദേശീയതയെ തന്നെ നിര്‍ണ്ണയിക്കുന്നത്. പക്ഷെ, കേവലം ജൂതമതം മാത്രമല്ല, മറിച്ച് സയണിസ്റ്റ് പ്രത്യയശാസ്ത്രവും ഇസ്രയേല്‍ എന്ന ദേശരാഷ്ട്രത്തിന്റെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നുണ്ട്. അത്‌കൊണ്ടാണ് ജൂതമതത്തിന്റെ വാഹകരായിട്ടും സയണിസത്തെ എതിര്‍ക്കുന്നു എന്ന പേരില്‍ ചില ജൂതന്‍മാരോട് ഇസ്രയേല്‍ വിവേചനപരമായി പെരുമാറുന്നത്.

തങ്ങള്‍ ഒരു ഉദാര ജനാധിപത്യ രാഷ്ട്രമാണെന്ന ഇസ്രയേലിന്റെ അവകാശവാദം നിലനില്‍ക്കുന്നതല്ല. കാരണം രണ്ട് തരത്തിലുള്ള നിയമങ്ങളാണ് ഇസ്രയേലില്‍ നിലനില്‍ക്കുന്നത്. സയണിസ്റ്റുകളായ ജൂതരോട് ഒരു നിയമവും ഫലസ്തീനികളോടും സയണിസത്തെ എതിര്‍ക്കുന്ന ജൂതരോടും വേറൊരു നിയമവും. ദക്ഷിണാഫ്രിക്കയിലെ അപ്പാര്‍ത്തീഡിന് സമാനമായ അനുഭവമാണ് അവര്‍ അനുഭവിക്കുന്നത്. എത്രത്തോളമെന്നാല്‍ ഒരു ആധുനിക ദേശരാഷ്ട്രത്തിന്റെ സ്വഭാവത്തില്‍ നിന്നും വ്യത്യസ്തമായി ഇസ്രയേലിന് സാര്‍വ്വലൗകികമായ ഒരു മാനം നേടിക്കൊടുക്കാന്‍ സയണിസ്റ്റുകള്‍ക്ക് സാധിക്കുകയുണ്ടായി. കാരണം പൗരത്വത്തെക്കുറിച്ച് നിലവിലുള്ള ആധുനികമായ ധാരണകളെയെല്ലാം സയണിസം തകിടം മറിക്കുന്നുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ലോകത്തുടനീളമുള്ള ജൂതര്‍ ഇസ്രയേല്‍ പൗരന്‍മാരാണ്. ഇരട്ട പൗരന്‍മാര്‍ എന്നാണ് അവര്‍ വിശേഷിപ്പിക്കപ്പെടുന്നത്. അതിനാല്‍ തന്നെ അവര്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇസ്രയേല്‍ എന്ന 'വിമോചന ഭൂമി'യിലേക്ക് കുടിയേറാന്‍ അവര്‍ ബാധ്യസ്ഥരാണ്. ചുരുക്കത്തില്‍ പൗരത്വത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചുമൊക്കെ ആധുനികമല്ലാത്ത ഭാഷയില്‍ സംസാരിച്ച് കൊണ്ടും ഇടപെട്ട് കൊണ്ടുമാണ് സയണിസം അധിനിവേശം ഉറപ്പിക്കുന്നത്. (തുടരും)

വിവ: സഅദ് സല്‍മി

അറബികളെ അധിനിവേശകരാക്കുന്ന സയണിസ്റ്റ് തന്ത്രം

കോളോണിയല്‍ ലെന്‍സിലൂടെയല്ല ഫലസ്തീനെ വായിക്കേണ്ടത്

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics