ത്വഹ്ത്വാവിയുടെ ശരീഅത്ത് വിരുദ്ധത

ഇസ്‌ലാമിക ലോകത്തേക്ക് കടന്നു കയറാന്‍ പാശ്ചാത്യര്‍ ഉണ്ടാക്കിയെടുത്ത ആദ്യ വിടവാണ് റിഫാഅഃ ത്വഹ്ത്വാവി. ജ്ഞാനോദയത്തിന്റെയും പരിഷ്‌കരണത്തിന്റെയും നായകനായിട്ടാണ് അനുയായികള്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെടുന്നത്. പ്രമുഖ ഓറിയന്റലിസ്റ്റായ ഹാമില്‍ട്ടന്‍ ഗിബ്ബ് പറയുന്നു: ''മുഹമ്മദലി സ്ഥാപിച്ച ഉദ്യോഗസ്ഥ വൃത്തവും യൂറോപ്പിലേക്ക് അയക്കപ്പെട്ട വൈജ്ഞാനിക സംഘങ്ങളുമാണ് യൂറോപ്യന്‍ ചിന്തക്ക് പ്രചാരണം നല്‍കിയ പ്രഥമ സ്രോതസ്സുകള്‍. 'പ്രഗല്‍ഭ' പണ്ഡിതനായ റിഫാഅ ത്വഹ്ത്വാവിയുടെ മേല്‍നോട്ടത്തിലുണ്ടായിരുന്ന ഭാഷാ സ്‌കൂള്‍ അതില്‍ ശ്രദ്ധേയമാണ്.''

പാശ്ചാത്യ നാഗരികതയുടെ ശബളിമയില്‍ ആകൃഷ്ടനായ അദ്ദേഹം തന്റെ 'തഗ്‌ലീസുല്‍ ഇബ്‌രീസ് ഫി തല്‍ഗീസി പാരീസ്' (A Paris Profile) എന്ന പുസ്തകത്തില്‍ പറയുന്നു: ''പൊതുവെ ഇരുത്തം സ്ത്രീകള്‍ക്ക് അവകാശപ്പെട്ടതാണ്. സ്ത്രീകള്‍ക്ക് ഇരിപ്പിടം ലഭിച്ചിട്ടല്ലാതെ പുരുഷന്‍മാര്‍ ഇരിക്കുകയില്ല. ഒരു സദസ്സിലേക്ക് ഒരു സ്ത്രീ കടന്നു വരുമ്പോള്‍ ഒഴിഞ്ഞ ഇരിപ്പിടങ്ങള്‍ ഒന്നും അവിടെ ഇല്ലെങ്കില്‍ ഒരു സ്ത്രീ എഴുന്നേറ്റ് നിന്ന് തന്റെ ഇരിപ്പിടം നല്‍കുകയല്ല, മറിച്ച് ഒരു പുരുഷന്‍ എഴുന്നേറ്റ് അവള്‍ക്ക് ഇരിപ്പിടം നല്‍കുകയാണ് ചെയ്യുന്നത്. ഈ സദസ്സുകളില്‍ എല്ലായ്‌പ്പോഴും പുരുഷന്‍മാരേക്കാള്‍ ആദരിക്കപ്പെടുന്നത് സ്ത്രീകളാണ്. ഒരാള്‍ തന്റെ കൂട്ടുകാരന്റെ വീട്ടില്‍ ചെന്നാല്‍ വീട്ടുകാരന്‍ എന്ന ഉന്നതസ്ഥാനീയനാണെങ്കിലും വീട്ടുകാരിയെയായിരിക്കണം ആദ്യം അഭിവാദ്യം ചെയ്യേണ്ടത്. അദ്ദേഹത്തിന്റെ (വീട്ടുകാരന്റെ) സ്ഥാനം അയാളുടെ ഭാര്യക്ക് അല്ലെങ്കില്‍ വീട്ടിലെ സ്ത്രീകള്‍ക്ക് ശേഷമാണ്.''

പാരീസിലെ ഡാന്‍സ് ക്ലബ്ബുകളെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ഇമാമും ദീനീ ഉപദേശകനുമായ അദ്ദേഹത്തിന് അത്തരം സ്ഥലത്ത് പോവേണ്ട ആവശ്യം എന്തായിരുന്നു എന്നത് മനസ്സിലാവുന്നില്ല. അദ്ദേഹം പറയുന്നു: 'ഈജിപ്തില്‍ നിന്നും ഭിന്നമായി പാരീസിലെ നൃത്തം സ്ത്രീകളുടെ സവിശേഷതയായ ലജ്ജയുടെ പരിധിക്കുള്ളില്‍ നിന്നു കൊണ്ടുള്ളതാണ്. കാരണം (ഈജിപ്തില്‍) അത് വികാരങ്ങളെ ഇളക്കിവിടുന്നതാണ്. എന്നാല്‍ പാരീസില്‍ അതിനൊരിക്കലും ദുര്‍നടപ്പിന്റെ വാസനയുണ്ടായിരുന്നില്ല. ഒരോരുത്തരും തനിക്കൊപ്പം നൃത്തം ചെയ്യാനുള്ള സ്ത്രീ ആരായിരിക്കണമെന്ന് നിശ്ചയിക്കും. ആ നൃത്തം കഴിഞ്ഞാല്‍ അവള്‍ മറ്റൊരാള്‍ക്കൊപ്പം നൃത്തം ചെയ്യും. ഇപ്രകാരം അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കുമെല്ലാം ഒപ്പം നൃത്തം വെക്കുന്നു. തന്റെ കൂടെ നൃത്തം ചെയ്യാന്‍ താല്‍പര്യപ്പെടുന്നവരുടെ ആധിക്യം സ്ത്രീകളെ സന്തോഷിപ്പിക്കും.' നൃത്തത്തിന്റെ രീതിയും രൂപവുമെല്ലാം വിശദീകരിച്ചു കൊണ്ട് അദ്ദേഹം പറയുന്നു: 'നൃത്തങ്ങളില്‍ സവിശേഷമായൊരു നൃത്തമുണ്ട്. നൃത്തം ചെയ്യുന്ന പുരുഷന്‍ നര്‍ത്തകിയുടെ അരക്കെട്ടില്‍ പിടിച്ചു കൊണ്ടുള്ളതാണത്. നൃത്തത്തിന്റെ ഭൂരിഭാഗം സമയത്തും അയാള്‍ തന്റെ കൈകൊണ്ട് അവളെ പിടിച്ചിട്ടിയാരിക്കും ഉണ്ടാവുക.'

ഇതിനെ നിരൂപണം ചെയ്തുകൊണ്ട് ഡോ. അല്‍അഫാനി പറയുന്നു: ഇതിലൂടെ അദ്ദേഹം വായനക്കാരിലേക്ക് ചില ആശയങ്ങള്‍ പകര്‍ന്നു നല്‍കുന്നുണ്ട്. അതില്‍ രണ്ട് കാര്യങ്ങള്‍ മാത്രമാണ് നാം ഇവിടെ പരാമര്‍ശിക്കുന്നത്. ഒന്ന്, ധാര്‍മികതക്ക് ദീനുമായി ഒരു ബന്ധവുമില്ലെന്നുള്ള ആശയമാണ് ശൈഖിന്റെ (ത്വഹ്ത്വാവി) ചിന്തയെ പിടികൂടിയിരിക്കുന്നത്. എന്നാല്‍ അത് തെളിയിച്ച് പറയാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ദീന്‍ വെറുക്കുന്ന ലജ്ജാകരമായ പല പ്രവര്‍ത്തനങ്ങളും നടമാടുന്ന ഒരു സമൂഹത്തെ കുറിച്ച് അവിടെ ലജ്ജയുടെ പരിധികള്‍ ലംഘിക്കപ്പെടുന്നില്ലെന്നും ദുര്‍നടപ്പിന്റെ മണം പോലും അവിടെയില്ലെന്നും പറയുന്നതിലൂടെ അതാണ് ചെയ്യുന്നത്. എത്രത്തോളമെന്നാല്‍, മ്ലേച്ഛതകള്‍ മറച്ചു വെക്കാനുള്ള മാര്‍ഗമാണ് ഹിജാബ് എന്നും ശരീരം വെളിപ്പെടുത്തി നടക്കല്‍ അന്തസ്സും നിരപരാധിത്വത്തിന്റെ അടയാളവുമാണെന്ന് വരെ അദ്ദേഹം പറഞ്ഞു. അപ്പോള്‍ പിന്നെ ധാര്‍മിക ഗുണങ്ങളുമായി ദീനിന് എന്ത് ബന്ധമാണുള്ളത്!

ലജ്ജകെട്ട ഈ സമൂഹം സ്ത്രീയ ആദരിക്കുകയും മാനിക്കുകയും ചെയ്യുന്നു എന്നതാണ് രണ്ടാമത്തെ കാര്യം. അതേസമയം മറുവശത്ത് അവളുടെ അഭിമാനം സംരക്ഷിക്കുന്ന ഇസ്‌ലാം അവളെ നിന്ദിക്കുകയാണത്രെ. സ്ത്രീയുടെ അവകാശങ്ങള്‍ ദീനില്‍ നിന്നുള്ള അവളുടെ വിമോചനത്തിലാണെന്ന സങ്കല്‍പത്തിലാണ് അദ്ദേഹം എത്തുന്നത്. അതുകൊണ്ട് ദീനിനെ ഉപേക്ഷിക്കാതെ അവള്‍ക്ക് ഈ അവകാശങ്ങള്‍ ലഭിക്കില്ലെന്നാണ് പറയുന്നത്.

ആരായിരുന്നു രിഫാഅഃ ത്വഹ്ത്വാവി?

ത്വഹ്ത്വാവിയും മുസ്‌ലിം സ്ത്രീയും

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics