ഓങ് സാന്‍ സൂകിയുടെ മൗനത്തിനും പക്ഷമുണ്ടായിരുന്നു

നമ്മുടെ കാലത്തെ ഏറ്റവുമധികം കൊണ്ടാടപ്പെട്ട മനുഷ്യാവകാശ സമരനായികയാണ് ഓങ് സാന്‍ സൂകി. സമാധാനത്തിനുള്ള നോബല്‍ സമ്മാനം, സഖ്‌റോവ് പ്രൈസ്, പ്രസിഡന്‍ഷ്യല്‍ പ്രൈസ് ഫോര്‍ ഫ്രീഡം, ആംനസ്റ്റി ഇന്റര്‍നാഷണല്‍ അംഗീകരിച്ച പതിനഞ്ച് വര്‍ഷം നീണ്ട മനഃസ്സാക്ഷി തടവുകാരി - ഈ മഹദ് വ്യക്തിയുടെ പേരിലുള്ള ബഹുമതിപ്പട്ടങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഇന്ന് അവര്‍ കൂട്ടക്കുരുതിയുടെയും വംശീയ ഉന്മൂലനത്തിന്റെയും കൂട്ടബലാല്‍സംഗത്തിന്റെയും വക്താവായി മാറിയിരിക്കുകയാണ്.

റോഹിങ്ക്യന്‍ മുസ്‌ലിം ന്യൂനപക്ഷത്തില്‍പെട്ടവര്‍ ആയിരക്കണക്കിനെന്നോണം വെട്ടും കുത്തും വെടിവെപ്പും പട്ടിണിയും കൊള്ളയും ബലാല്‍സംഗവും നേരിടുകയും തങ്ങളുടെ വീടുകളില്‍ നിന്നും ആട്ടിയോടിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന വടക്കന്‍ രാഖേന്‍ സംസ്ഥാനം സ്ഥിതിചെയ്യുന്ന മ്യാന്മര്‍ സര്‍ക്കാറിന്റെ തലൈവിയാണ് ഇന്ന് ഓങ് സാന്‍ സൂകി.

ആലപ്പോയുടെ വീഴ്ചയില്‍ ലോകശ്രദ്ധ ഉടക്കിപ്പോയ കഴിഞ്ഞ ഡിസംബറില്‍, രാഖേന്‍ സംസ്ഥാനത്ത് ആസന്നമായ വംശീയ ഉന്മൂലനത്തിലേക്ക് നയിച്ചേക്കാവുന്ന വന്‍ദുരന്തത്തെ കുറിച്ച് താക്കീത് ചെയ്തുകൊണ്ട് ഒരു ഡസനിലധികം നോബല്‍ ജേതാക്കളടക്കം ഇരുപത്തിമൂന്ന് ബുദ്ധിജീവികള്‍ ചേര്‍ന്ന് ഒരു തുറന്ന കത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി.

ബര്‍മീസ് പട്ടാളം റോഹിങ്ക്യക്കാര്‍ക്കെതിരെ വ്യാപകമായും വ്യവസ്ഥാപിതമായും നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളെ സൂചിപ്പിക്കുന്നതാണെന്ന് ഐക്യരാഷ്ട്രസഭ കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. ബര്‍മന്‍ പട്ടാളക്കാര്‍ തങ്ങളെ ബലാല്‍സംഗം ചെയ്തുവെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണസംഘത്തിന് ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശങ്ങളില്‍ കാണാന്‍ സാധിച്ച നൂറ്റൊന്ന് റോഹിങ്ക്യന്‍ സ്ത്രീകളില്‍ പകുതിപേരും സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. തന്റെ ഭര്‍ത്താവിനെ അവര്‍ മര്‍ദ്ദിക്കുകയും പിന്നീട് കുത്തിക്കൊലപ്പെടുത്തുകയും ചെയ്തുവെന്ന് അവരിലൊരു സ്ത്രീ അന്വേഷണ സംഘത്തോട് പറഞ്ഞു. അവര്‍ പറയുന്നു: അഞ്ചുപേര്‍ ചേര്‍ന്ന് എന്റെ വസ്ത്രം വലിച്ചുകീറി. എന്നെ മാനഭംഗപ്പെടുത്തി. അവര്‍ വീട്ടിലുള്ളപ്പോള്‍ എട്ടു മാസം പ്രായമുള്ള എന്റെ മകന്‍ മുലപ്പാലിനുവേണ്ടി വിശന്നു കരയുകയായിരുന്നു. അവനെ നിശ്ശബ്ദനാക്കാന്‍ വേണ്ടി എന്റെ കുഞ്ഞിനെ അവര്‍ കഴുത്തറുത്ത് കൊന്നു കളഞ്ഞു.

ഇവക്ക് നേരെയുള്ള ഓങ് സാന്‍ സൂകിയുടെ പ്രതികരണമെന്താണ്?

ബര്‍മീസ് പട്ടാളത്തിന്റെ ബലാല്‍സംഗങ്ങള്‍ക്കും മനുഷ്യാവകാശ നിഷേധങ്ങള്‍ക്കുമെതിരെ ഒരു കാലത്ത് സമരം നടത്തിയിരുന്ന ഈ പോരാളി നിഷേധിക്കാനും തെന്നിമാറാനുമായി ഡൊനാള്‍ഡ് ട്രംപിന്റെ പുസ്തകത്തില്‍നിന്ന് പാഠങ്ങള്‍ കടംകൊണ്ടിരിക്കയാണിന്ന്. റോഹിങ്ക്യന്‍ സ്ത്രീകള്‍ ബലാല്‍സംഗങ്ങളെ കുറിച്ച് കള്ളക്കഥകള്‍ മെനയുകയാണെന്നാണ് മാന്യവനിതയുടെ ആധികാരിക പ്രഖ്യാപനം. അവരുടെ വെബ്‌സൈറ്റില്‍ വ്യാജ ബലാല്‍സംഗം (fake rape) എന്ന് ഒരു ബാന്നര്‍ ഒട്ടിച്ചതായി കാണാം. ഓങ് സാന്‍ സൂകിയുടെ തന്നെ നിയന്ത്രണത്തിലുള്ള വിദേശകാര്യ വക്താവ് എല്ലാം വെറും വ്യാജം - കെട്ടിച്ചമച്ച കഥകള്‍ - അതിശയോക്തികള്‍ - എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിരിക്കുന്നു.

അന്താരാഷ്ട്ര സമൂഹം പെരുപ്പിച്ച് പറയുന്നതുപോലുള്ള സംഭവങ്ങളൊന്നും നടന്നിട്ടേയില്ല എന്നാണ് കഴിഞ്ഞ ഫെബ്രുവരിയില്‍, ഓങ് സാന്‍ സൂകി, യാംഗോണ്‍ ആര്‍ച്ച്ബിഷപ്പ് ചാള്‍സ് ബോയോട് പറഞ്ഞത്.

ഇതാണ് ട്രംപിസത്തിന്റെ ആദ്യപാഠം; നിഷേധിക്കുക, അവഹേളിക്കുക, കള്ളപ്രചാരണം നടത്തുക!

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാകുമെന്ന് ആരും കരുതിയിരുന്നില്ല. അഞ്ച് പതിറ്റാണ്ടുകളുടെ പട്ടാള ഭരണത്തിനു ശേഷം 2015 നവംബറില്‍ മ്യാന്മറിലെ ദേശീയ തെരഞ്ഞെടുപ്പ് നടന്നു. ഭരണകൂട ചെയ്തികള്‍ക്കെതിരെയുള്ള സമരങ്ങളുടെ ഫലമായി വളരെക്കാലം രാഷ്ട്രീയ തടവിലായിരുന്ന, നാഷണല്‍ ലീഗ് ഫോര്‍ ഡമോക്രസി (National League for Democracy - NLD) എന്ന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവായ ഓങ് സാന്‍ സൂകി വന്‍ഭൂരിപക്ഷത്തിന് ജയിച്ചപ്പോള്‍, ജനാധിപത്യവും സാമൂഹിക നീതിയും ന്യൂനപക്ഷങ്ങളുടെ രക്ഷയും പുലരുന്ന ഒരു പുതിയ യുഗം പിറക്കുന്നു എന്നാണ് കരുതപ്പെട്ടത്. അങ്ങനെയൊക്കെയായിരുന്നു പ്രതീക്ഷ!

എന്നാല്‍ യാഥാര്‍ത്ഥ്യം വളരെ വ്യത്യസ്തമായിപ്പോയി. ഓങ് സാന്‍ സൂകി അധികാരമേറ്റ് ഒരു വര്‍ഷം തികയും മുമ്പ് ബര്‍മീസ് പട്ടാളം റോഹിങ്ക്യന്‍ പ്രദേശങ്ങളില്‍ നിഷ്ടൂരമായ അടിച്ചമര്‍ത്തലിന് തുടക്കമിട്ടു. രാഖിനിലെ അതിര്‍ത്തി പോസ്റ്റില്‍ ഒക്ടോബറില്‍ നടന്ന ഒരു അക്രമത്തിന്റെ ഫലമായി ഒമ്പത് പോലീസുകാര്‍ കൊല്ലപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. വിദേശ പത്രപ്രവര്‍ത്തകരെയോ മനുഷ്യാവകാശ പ്രവര്‍ത്തകരെയോ കടത്തിവിടാതെ വടക്കന്‍ മേഖല മൊത്തമായും പട്ടാളം സീല്‍ ചെയ്തു. ആ മേഖലയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതും പട്ടാളം തടഞ്ഞു. ആ നാളുകളില്‍ നൂറുകണക്കിന് റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ കൊല്ലപ്പെട്ടതായും പതിനായരക്കണക്കിന് ജനങ്ങള്‍ ബംഗ്ലാദേശിലേക്ക് ആട്ടിയോടിക്കപ്പെട്ടതായും കണക്കാക്കപ്പെടുന്നു.

റോഹിങ്ക്യന്‍ ദുരന്തകഥയിലെ ഏറ്റവും പുതിയ അധ്യായമാണ് ഈ സംഭവങ്ങള്‍. 2012 മുതല്‍ രാഖേനിലെ മുസ്‌ലിംകള്‍ പട്ടാളത്തിന്റെ അടിച്ചമര്‍ത്തലുകള്‍ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. 1982 ല്‍ തന്നെ അവരുടെ പൗരത്വം എടുത്തുകളയുകയും സ്വന്തം നാട്ടില്‍ തന്നെ അവരെ അഭയാര്‍ത്ഥികളാക്കി മാറ്റുകയും ചെയ്തിട്ടുണ്ടായിരുന്നു. നിഷ്ഠൂരമായ വര്‍ണ്ണവിവേചനം അനുഭവിച്ചുകൊണ്ടുള്ളതായിരുന്നു പത്ത് ലക്ഷം റോഹിങ്ക്യന്‍ ജനതയുടെ ജീവിതം. ജോലി, വിദ്യാഭ്യാസം, ചികിത്സ എന്നിവയെല്ലാം അവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. കല്യാണത്തിന് പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. കുട്ടികളുടെ എണ്ണം രണ്ട് മാത്രമേ പാടുള്ളൂ എന്നാണ് അവര്‍ക്കുമാത്രമായുള്ള നിയമം. പത്ത് ശതമാനത്തോളം ആളുകള്‍ എന്നും തടവിലാണെന്ന് പബ്ലിക് റേഡിയോ ഇന്റര്‍നാഷണലിന്റെ ഏഷ്യന്‍ കറസ്‌പോണ്ടന്റ് പാട്രിക് വിന്‍ പറയുന്നു. ബാക്കിയുള്ളവരുടെ കഥയും വ്യത്യസ്തമല്ല. തുറന്ന ജയിലിന് സമാനമായ പട്ടാള ജില്ലകളില്‍ യാത്ര നിരോധിക്കപ്പെട്ടിരിക്കുന്നു.

അവരുടെ ക്രൂരമൗനത്തിന്റെയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ എന്തെങ്കിലും ഉരിയാടുകപോലും ചെയ്യാത്ത അപഹാസ്യമായ പരാജയത്തിന്റെയും പേരില്‍ തന്റെ ആരാധകരുടെ ഇടയില്‍ ദ ലേഡി (The Lady) എന്നറിയപ്പെടുന്ന ഓങ് സാന്‍ സൂകിയെ വിമര്‍ശിക്കുകയാണ് പാശ്ചാത്യ മാധ്യമങ്ങള്‍. റോഹിങ്ക്യന്‍ വിഷയത്തില്‍ ഒരു ഭീരുവിനെ പോലെ ഓങ് സാന്‍ സൂകി പുലര്‍ത്തുന്ന അപഹാസ്യമായ നിലപാടിനെ അപലപിച്ചുകൊണ്ട് കഴിഞ്ഞ മെയ് മാസത്തില്‍ ന്യൂയോര്‍ക് ടൈംസ് എഡിറ്റോറിയല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

എന്നാല്‍ പട്ടാളത്തിന്റെ ചെയ്തികളെ അപലപിക്കാതിരിക്കുക, അല്ലെങ്കില്‍ തള്ളിപ്പറയാതിരിക്കുക, എന്ന കേവലമായ മൗനത്തിന്റെ കുറ്റകൃത്യം മാത്രമാണോ നാം കാണുന്നത്? അത്ര നിഷ്‌കളങ്കമെന്ന് കരുതാവുന്ന നിലപാടുകളാണോ അവരുടേത്? നിഷ്‌ക്രിയമായ മൗനത്തിന്റെ അപരാധമല്ല, മറിച്ച് അക്രമികളുടെ പക്ഷം ചേര്‍ന്നുള്ള വളരെ സജീവമായ ഇടപെടലുകള്‍ അവര്‍ നടത്തുന്നതായാണ് നാം കാണുന്നത്. മാനഭംഗത്തിനിരയായ റോഹിങ്ക്യയിലെ സ്ത്രീകളെ അപമാനിക്കാനും അവമതിക്കാനുമുള്ള ശ്രമങ്ങള്‍ ആലോചിച്ചുറപ്പിച്ച് എടുത്ത തീരുമാനമായിട്ടു തന്നെയാണ് നമുക്ക് മനസ്സിലാവുന്നത്. വിദേശ പത്രപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മേല്‍ അത്യുക്തിയും വ്യാജനിര്‍മ്മിതിയും ആരോപിക്കുക എന്ന അസാധാരണമായ അത്യന്തിക നിലപാടാണ് അവര്‍ കൈക്കൊണ്ടിട്ടുള്ളത്. അമേരിക്കന്‍ ഗവര്‍മ്മെന്റ് റോഹിങ്ക്യന്‍ ജനത എന്ന വിശേഷണം ഉപയോഗിക്കുന്നത് നിര്‍ത്തണം എന്ന് പോലും അവര്‍ ആജ്ഞാപിച്ചുകളഞ്ഞു. നൂറ്റാണ്ടുകളായി മ്യാന്മറില്‍ വസിച്ചിരുന്ന ഒരു ജനത എന്ന ചരിത്രയാഥാര്‍ത്ഥ്യം റോഹിങ്ക്യയിലെ മുസ്‌ലിംകള്‍ക്ക് അനുവദിക്കാതെ, ബംഗാളില്‍ നിന്നും നുഴഞ്ഞുകയറി വന്നവര്‍ എന്ന് ധ്വനിപ്പിക്കാന്‍ വേണ്ടിയാണ് ബര്‍മ്മീസ് വംശീയ വാദികള്‍ ഇങ്ങനെയൊരു വ്യാജം പ്രചരിപ്പിക്കുന്നത്. ആരോപണങ്ങളോടുള്ള പ്രതികരണമെന്ന നിലയില്‍, സമീപകാലത്തെ സംഭവങ്ങള്‍ അന്വേഷിക്കുന്നതിനായി ഒരു മുന്‍ ആര്‍മി ജനറലിനെ അവര്‍ നിയമിക്കുകയുണ്ടായി. ബര്‍മ്മീസ് പട്ടാളത്തിലെ തന്റെ സഹപ്രവര്‍കരുടെ ചെയ്തികളെയെല്ലാം വെള്ളപൂശുന്ന അന്വേഷണ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹം നല്‍കിയത് എന്നറിയുമ്പോള്‍ അത്ഭുതപ്പെടാനൊന്നുമില്ല!

മൗനമല്ല സൂകിയുടെ അപരാധം എന്ന് ചുരുക്കം. മൗനത്തെ വേണമെങ്കില്‍ നമുക്ക് നിഷ്പക്ഷത എന്നെങ്കിലും വ്യാഖ്യാനിക്കാമായിരുന്നു. സൂകിയുടെ നിലപാടില്‍ നിഷ്പക്ഷത നാം കാണുന്നതേയില്ല. അവര്‍ പക്ഷം ചേര്‍ന്നിരിക്കുന്നു. ബുദ്ധിസ്റ്റ് ദേശീയവാദത്തിന്റെയും തികഞ്ഞ ഇസ്‌ലാം വെറുപ്പിന്റെയും പക്ഷമാണ് അവര്‍ ചേര്‍ന്നിരിക്കുന്നത്.

2013ല്‍ ബി.ബി.സിയുടെ മിഷാല്‍ ഹുസൈനുമായുള്ള അഭിമുഖം കഴിഞ്ഞപ്പോള്‍ സൂകി പരാതിപ്പെട്ടു. ഒരു മുസ്‌ലിമാണ് എന്നെ അഭിമുഖം ചെയ്യാനെത്തുന്നതെന്ന് ഞാനറിഞ്ഞിരുന്നില്ല...!!

തന്റെ പാര്‍ട്ടിയിലെ എല്ലാ മുസ്‌ലിംകളെയും 2015ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ നോബല്‍ ജേതാവ് പുറത്താക്കുകയുണ്ടായി. ഇതിന്റെ ഫലമായി ഒരു മുസ്‌ലിം അംഗം പോലുമില്ലാത്ത നിയമസഭ ചരിത്രത്തിലാദ്യമായി മ്യാന്മറില്‍ നിലവില്‍വന്നു. അന്താരാഷ്ട്ര മുസ്‌ലിം സംഘടിതശക്തി വളരെ ഉഗ്രമാണെന്ന് ട്രംപിന്റെ കൂട്ടുകാരന്‍ സ്റ്റീവ് ബാനനെപ്പോലെ സൂകിയും പറയുന്നു. മ്യാന്മറിലെ മുസ്‌ലിം ജനസംഖ്യ വെറും നാല് ശതമാനമാണെന്ന കാര്യം അവര്‍ മറക്കുന്നു. ബര്‍മീസ് പട്ടാളം നടത്തുന്ന കൂട്ടക്കുരുതികളെ കുറിച്ച് മുസ്‌ലിംകള്‍ മുസ്‌ലിംകളെത്തന്നെ കൊല്ലുകയാണെന്നത്രെ അവരുടെ വാദം!

ആകര്‍ഷകത്വം തോന്നിപ്പിക്കുന്ന രൂപഭാവങ്ങളുമായി ടെലിവിഷന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ഒരു നോബല്‍ ജേതാവ്, പ്രൗഢമായ പതിഞ്ഞ സ്വരത്തില്‍, തന്റെ രാജ്യത്ത് നടക്കുന്ന കൂട്ടക്കുരുതികളെ നിഷേധിക്കുകയാണ്. വംശീയ ഉന്മൂലനം എന്ന് മ്യാന്മറിലെ കൂട്ടക്കുരുതികളെ വിശേഷിപ്പിക്കുമ്പോള്‍ അതിശയോക്തിയെന്ന് തോന്നുന്നുണ്ടോ? അതൊക്കെ റോഹിങ്ക്യന്‍ നുണപ്രചരണമായിരിക്കുമോ? എന്നാല്‍ ഒന്നിനു പിറകെ മറ്റൊന്നായി സ്വതന്ത്ര അന്വേഷകരെല്ലാവരും എത്തിച്ചേരുന്നത് ഒരേ നിഗമനത്തിലാണ് - ബര്‍മ്മീസ് പട്ടാളം റോഹിങ്ക്യന്‍ മുസ്‌ലിംകളെ വംശീയമായി ഉന്മൂലനം ചെയ്യുകയാണ് എന്ന ദുഃഖകരമായ യാഥാര്‍ത്ഥ്യമാണ് അവരൊക്കെയും കണ്ടെത്തിയിരിക്കുന്നത്.

ഉദാഹരണത്തിന്, റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ വംശീയമായ ഉന്മൂലനം തന്നെയാണ് നടക്കുന്നതെന്നതിനുള്ള പ്രബലമായ തെളിവുകളുണ്ടെന്ന് യൈല്‍ ലോ സ്‌കൂളിലെ അല്ലാര്‍ഡ് കെ. ലോവിന്‍സ്റ്റണ്‍ ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ക്ലിനിക് 2015 ഒക്ടോബറില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. ഭാഗികമായോ, കഴിയുമെങ്കില്‍ മുഴുവനുമായോ, റോഹിങ്ക്യന്‍ മുസ്‌ലിംകളെ നശിപ്പിക്കുക എന്നത് തന്നെയാണ് മ്യാന്മര്‍ പട്ടാളം ലക്ഷ്യമിടുന്നതെന്നും അവരുടെ പഠനത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.

റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ തങ്ങളുടെ വംശീയ ഉന്മൂലനത്തിന്റെ അവസാന ഘട്ടത്തിലാണുള്ളതെന്നും, ഒറ്റതിരിക്കലും അക്രമവും വിവേചനവും മുദ്രകുത്തലുമെല്ലാം സമന്വയിപ്പിച്ച ഔദ്യോഗിക നയങ്ങളുടെ അനന്തര ഫലമെന്നോണം അവരുടെ നിലനില്പുതന്നെ അപകടത്തിലായെന്നും, 2015 ഒക്ടോബറില്‍ തന്നെ പുറത്തുവന്ന ലണ്ടനിലെ ക്വീന്‍മേരി യൂനിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷണല്‍ ക്രൈം ഇനീഷ്യേറ്റീവ് നടത്തിയ പഠനത്തിലും പറയുന്നു.

റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നിഷ്ഠൂരമായ വംശീയ നിലപാടുകള്‍ തന്നെയാണ് ഓങ് സാന്‍ സൂകി പുലര്‍ത്തുന്നതെന്ന് ബര്‍മ്മീസ് പണ്ഠിതനും ഫ്രീ ബര്‍മ്മ കോയലീഷന്റെ സ്ഥാപകനുമായ മൗംഗ് സാര്‍ണി പറയുന്നു. റോഹിങ്ക്യക്കാരുടെ ചരിത്രമോ അസ്ഥിത്വമോ സൂകി അംഗീകരിക്കുന്നതേയില്ല എന്നാണ് അദ്ദേഹം പറയുന്നത്. അസ്ഥിത്വവും ചരിത്രവും നിഷേധിച്ചു കൊണ്ടാണ് വംശീയ ഉന്മൂലനം ആരംഭിക്കുക. ഇരകള്‍ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നതേയില്ല എന്നതാണ് അവരുടെ നിലപാട് - അദ്ദേഹം എന്നോട് പറഞ്ഞു.

ഓങ് സാന്‍ സൂകി വെറും കാഴ്ചക്കാരിയായി നോക്കിനില്‍ക്കുകയല്ല, മറിച്ച്, വംശീയ ഉന്മൂലനം നിയമവിധേയമാക്കുകയും അതിന് പ്രോത്സാഹനവും എല്ലാ സഹായങ്ങളും ചെയ്യുകയാണ് എന്നതാണ് പരമാര്‍ത്ഥം. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഐതിഹാസികമായ സമരങ്ങള്‍ നയിച്ച ഒരു വ്യക്തി നയിക്കുന്ന ഭരണകൂടം, മാനഭംഗത്തിനിരയായ സ്ത്രീകളെ അവമതിക്കുകയും, തീവ്രവാദ വേട്ടയുടെ പേരില്‍ ജനങ്ങളെ കൊന്നൊടുക്കുകയും, നാടുനിവാസികളെ ഒന്നടങ്കം ആട്ടിപ്പുറത്താക്കുകയും, ഗ്രാമങ്ങള്‍ ചുട്ടെരിക്കുകയുമൊക്കെ ചെയ്യുമ്പോള്‍, ഇത്തരം അക്രമങ്ങളെ തടയുന്നതിരിക്കട്ടെ, അവയെ പൊതുജനസമക്ഷം എത്തിക്കുന്നതു പോലും അന്താരാഷ്ട്ര സമൂഹത്തിന് വളരെ വിഷമകരമായിത്തീരുന്നു. സൂകിയുടെ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ജനാധിപത്യ മേഖലയിലുണ്ടായ പുരോഗതിയുടെ പേരില്‍ രാഷ്ട്രീയ-സാമ്പത്തിക മേഖലകളില്‍ മ്യാന്മറിലെ പട്ടാള ഗവര്‍മ്മെന്റിനുമേല്‍ മുമ്പ് ചുമത്തിയിരുന്ന പല ഉപരോധങ്ങളും പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഒന്നൊന്നായി നീക്കിക്കൊണ്ടിരിക്കുകയാണ്.

മൗംഗ് സാര്‍ണി പറയുന്നു: പാശ്ചാത്യ നാടുകളിലെ നേതാക്കളും ബുദ്ധിജീവികളും ഓങ് സാന്‍ സൂകിയെ തങ്ങളുടെ ഓമനയായ ഉത്പതിഷ്ണുവായി സ്വീകരിച്ചിരിക്കുന്നു. ഒതുങ്ങിയ ശരീരമുള്ള, ഒക്‌സ്‌ഫോര്‍ഡ് വിദ്യാഭ്യാസം നേടിയ, വെള്ളക്കാരനായ ഓക്‌സ്‌ഫോര്‍ഡ് പ്രഭുവിനെ വിവാഹം ചെയ്ത, ബ്രിട്ടീഷ് അധികാരികളുമായി അടുത്ത ബന്ധങ്ങളുള്ള, പൗരസ്ത്യ സുന്ദരി.  വൈകിയാണെങ്കിലും, തങ്ങള്‍ കരുതിയിരുന്നതുപോലുള്ള ഉത്പതിഷ്ണുവോ, ആദര്‍ശവാദിയോ അല്ല അവരെന്ന്  പാശ്ചാത്യ ബുദ്ധിജീവികളും നയതന്ത്രജ്ഞന്മാരും മനുഷ്യാവകാശ പ്രവര്‍ത്തകരും തിരിച്ചറിയുകയാണെന്നും മൗംഗ് സാര്‍ണി പറയുന്നു.

പക്ഷേ ഈ തിരിച്ചറിവ് വളരെ വൈകിപ്പോയെന്നും നിഷ്ഫലമാണെന്നും വേണം കരുതാന്‍. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ആയിരത്തോളം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ കൊല്ലപ്പെടുകയും എഴുപതിനായിരത്തോളം ആളുകള്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും, വംശീയ ഉന്മൂലനം നടക്കുന്നില്ല എന്നും, രാഖിന്‍ പ്രദേശങ്ങളില്‍ തടസ്സങ്ങളൊന്നുമില്ലാതെ ബലാല്‍സംഗവും കൊലയും കൊള്ളയും നടത്താനുള്ള സ്വാതന്ത്ര്യമൊന്നും പട്ടാളത്തിന് അനുവദിച്ചിട്ടില്ല എന്നും, ബി.ബി.സിയുടെ ഫെര്‍ഗല്‍ കീനിനെപ്പോലുള്ളവരോട് കഴിഞ്ഞ വാരം പറയുന്നതിന് സൂകിക്ക് യാതൊരു സങ്കോചവുമുണ്ടായില്ല. ഇത് ഒരു മണ്ടേലയുടെ സ്വഭാവമാണോ കാണിക്കുന്നത്? അതോ മുഗാബെയുടേതോ?

ഗാന്ധിജിയെ കുറിച്ചുള്ള 1949ലെ തന്റെ പ്രസിദ്ധമായ ലേഖനത്തില്‍ (Reflections on Gandhi) ജോര്‍ജ് ഓര്‍വെല്‍ എഴുതി: നിഷ്‌കളങ്കരാണെന്ന് അവര്‍ തെളിയിക്കുന്നത് വരെ പുണ്യവാളന്മാരെ നാം കുറ്റവാളികളെന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു. (Saints should always be judged guilty until they are proved innocent) റോഹിങ്ക്യന്‍ മുസ്‌ലിംകളോടുള്ള ഓങ് സാന്‍ സൂകിയുടെ നിലപാടില്‍ നിഷ്‌കളങ്കതയുടേതോ നിരപരാധിത്യത്തിന്റേതോ ആയ ഒരു തെളിവും നാം കാണുന്നില്ല. ഭീഭത്സമായ കുറ്റകൃത്യങ്ങളില്‍ സജീവമായ പിന്തുണയുടേയും പ്രോത്സാഹനത്തിന്റെയും തെളിവുകളാണ് അവര്‍ക്കെതിരെ നമുക്ക് ലഭിക്കുന്നത്. പുണ്യവാളത്തി എന്ന് നാം കരുതിയിരുന്ന ഈ വനിത ഇപ്പോള്‍ ഒരു പാപിയാണ് - ഒളിഞ്ഞ് പാപം ചെയ്യുന്നവളല്ല, പരസ്യമായിത്തന്നെ പാപം ചെയ്യുന്നവള്‍. മുന്‍-രാഷ്ട്രീയ തടവുകാരിയും മുന്‍-മനുഷ്യാവകാശ പോരാളിയുമായ ഈ മാന്യവനിത, മാനഭംഗത്തിനിരയായ സ്ത്രീകളെ അപമാനിക്കുകയും, മുസ്‌ലിംകളെ വെറുക്കുകയും, വംശീയ ഉന്മൂലത്തെ പിന്തുണക്കുകയും ചെയ്യുന്ന ബുദ്ധിസ്റ്റ് വംശീയവാദത്തിന്റെ വക്താവായി രൂപാന്തരപ്പെട്ടിരിക്കുന്നു. വീട്ടുതടങ്കലും നോബല്‍ സമ്മാനവും മറന്നേക്കുക. ഓങ് സാന്‍ സൂകിയുടെ ഈ പുതിയ മുഖമായിരിക്കും ചരിത്രം ഓര്‍ക്കുക.

കടപ്പാട്: ദ ഇന്റര്‍സെപ്റ്റ്‌

റോഹിങ്ക്യ; സൂകിയുടെ മൗനമുയര്‍ത്തുന്ന ദുരൂഹതകള്‍
ആരെയാണ് സൂകി ഭയക്കുന്നത്?
മ്യാന്‍മറിലെ ബുദ്ധിസ്റ്റ് ദേശീയതയില്‍ ഇസ്‌ലാമിന്റെ സ്ഥാനമെന്താണ്?

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics