യോഗിയുടെ ബീഫ് രാഷ്ട്രീയം

യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷം ആദ്യമെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടുകയെന്നുള്ളത്. രാജ്യത്ത് ഏറ്റവുമധികം മാംസം കയറ്റുമതി ചെയ്യുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. നേരിട്ടും അല്ലാതെയും 25 ലക്ഷം പേര്‍ക്ക് തൊഴിലവസരം ഒരുക്കുന്ന അവിടത്തെ മാംസോല്‍പാദന വിപണന മേഖലയില്‍ പ്രതിവര്‍ഷം 26,000 കോടി രൂപയുടെ ബിസിനസാണ് നടക്കുന്നത്. രാജ്യത്തെ സര്‍ക്കാര്‍ അംഗീകൃത അറവുശാലകളില്‍ 38ഉം ഉത്തര്‍പ്രദേശിലാണുള്ളത്. ഈ അംഗീകൃത അറവുശാലകളില്‍ നിന്നുള്ള മാംസം കയറ്റുമതി ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. പ്രാദേശികമായ ആവശ്യങ്ങള്‍ക്ക് മാംസം ലഭിച്ചിരുന്നത് വഴിയോരങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും വ്യക്തികള്‍ നടത്തുന്ന അനധികൃത അറവുശാലകളില്‍ നിന്നായിരുന്നു. മിക്കതും വൃത്തിഹീനവും അനാരോഗ്യകരവുമായ ചുറ്റുപാടിലായിരുന്നു ഉണ്ടായിരുന്നത്.

അനധികൃത അറവുശാലകള്‍ക്കെതിരെയുള്ള നടപടിയുടെ പേരില്‍ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താനാവില്ല. അതിനെതിരെ നടപടി സ്വീകരിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാറിനുണ്ട്. യന്ത്രവല്‍കൃത അറവുശാലകള്‍ക്കൊപ്പം മുഴുവന്‍ അനധികൃത അറവുശാലകളും അടച്ചുപൂട്ടുമെന്നത് ബി.ജെ.പി തെരെഞ്ഞെടുപ്പ് പ്രചരണ പത്രികയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ അജണ്ടയെ ന്യായീകരിക്കാന്‍ തെറ്റായ വിവരങ്ങള്‍ ചേര്‍ത്തുവെച്ചത് ചോദ്യം ചെയ്യപ്പെടേണ്ട കാര്യം തന്നെയാണ്. കഴിഞ്ഞ കാല സര്‍ക്കാറുകളുടെ കാലത്തെ വ്യാപകമായ കാലികള്ളക്കടത്തിന്റെ ഫലമായി കാലികളുടെ എണ്ണത്തിനൊപ്പം പാലുല്‍പാദനത്തിലും വന്‍ കുറവുണ്ടായി എന്നതായിരുന്നു അവരുടെ പ്രകടന പത്രികയിലെ പൊള്ളയായ വാദം. യാഥാര്‍ഥ്യം നേരെ തിരിച്ചാണ്. യു.പിയെ കാലികളുടെ സെന്‍സസ് കാണിക്കുന്നത് കാലികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ്. 2003ല്‍ 229 ലക്ഷം ഉണ്ടായിരുന്നത് 2012ല്‍ 306 ലക്ഷമായി ഉയര്‍ന്നു. പശുക്കളുടെ സംഖ്യയിലും 2007ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 6.5 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ നാഷണല്‍ ഡയറി ബോര്‍ഡിന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശിലെ പാലുല്‍പാദനം 2012ല്‍ 24,863 ടണ്‍ ആയിരുന്നത് കഴിഞ്ഞ വര്‍ഷം 29,086 ടണ്‍ ആയി വര്‍ധിച്ചിട്ടുണ്ട്. 17 ശതമാനം വര്‍ധനവാണിത് കാണിക്കുന്നത്.

യോഗി സര്‍ക്കാറിന്റെ നീക്കം നിയമപരവും രാഷ്ട്രീയപരമായി ശരിയും ആണെങ്കിലും പല ചോദ്യങ്ങളും അതുയര്‍ത്തുന്നുണ്ട്. ശാന്തമായി ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളാണവ. മാംസ വ്യവസായ രംഗത്ത് കൂടുതലായി പ്രവര്‍ത്തിക്കുന്നവരും ഈ തീരുമാനം ഏറ്റവുമേറെ ബാധിക്കുന്നവരുമെന്ന് കരുതപ്പെടുന്ന മുസ്‌ലിം ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്തുക എന്ന ഉദ്ദേശ്യം ഇതിലൂടെ ബി.ജെ.പിക്ക് ഉണ്ടോ? അനധികൃത അറവുശാലകള്‍ മാത്രമാണോ അടച്ചുപൂട്ടുന്നത്? എങ്കില്‍ ലൈസന്‍സുള്ളവര്‍ പോലും പീഡിപ്പിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? ഈ നടപടിയിലൂടെ ഉപജീവന മാര്‍ഗം നഷ്ടമാകുന്ന ലക്ഷക്കണക്കിനാളുകളെ പുനരധിവസിപ്പിക്കാനുള്ള എന്തെങ്കിലും മുന്നൊരുക്കം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടോ? അനധികൃത അറവുശാലകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് മുമ്പ് എന്തുകൊണ്ട് സര്‍ക്കാര്‍ അതിന്റെ ഉടമസ്ഥതയിലുള്ള അറവുശാലകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തിയില്ല? 2014ന് ശേഷം ലൈസന്‍സ് പുതുക്കി നല്‍കിയില്ല എന്നിരിക്കെ ലൈസന്‍സ് പുതുക്കാനുള്ള അവസരം സര്‍ക്കാര്‍ നല്‍കിയിരുന്നെങ്കില്‍ കൂടുതല്‍ വിവേകപരമായ നടപടിയാകുമായിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണല്‍ നിഷ്‌കര്‍ഷിക്കുന്ന പരിസ്ഥിത, ആരോഗ്യ മാനദണ്ഡങ്ങളാണോ, അതല്ല മത-സാസ്‌കാരിക പ്രേരകങ്ങളാണോ ഈ തീരുമാനത്തിന് പിന്നിലുള്ളത്?

അനധികൃത അറവുശാലകള്‍ക്കെതിരെയാണ് നടപടിയെന്ന് സര്‍ക്കാര്‍ വിശദീകരിക്കുമ്പോഴും നിയമപരമായി പ്രവര്‍ത്തിക്കുന്ന കശാപ്പുകാരും അതിന്റെ പ്രയാസങ്ങള്‍ നേരിടേണ്ടി വരുന്നു എന്നതാണ് വസ്തുത. ഭയങ്കരമായ റെയ്ഡുകളില്‍ നിയപരമായി പ്രവര്‍ത്തിച്ചിരുന്ന പല അറവുശാലകളും സീല്‍ വെക്കപ്പെട്ടു. CCTV പ്രവര്‍ത്തിക്കുന്നില്ല എന്നത് മുതല്‍ ഭൂഗര്‍ഭജലം ഉപയോഗിക്കാനുള്ള അനുമതി ലഭ്യമായിട്ടില്ല എന്നത് വരെയുള്ള നിസ്സാരമായ വീഴ്ച്ചകളുടെ പേരിലായിരുന്നു അത്. പോലീസിന്റെയും ഗോരക്ഷകരുടെയും ഭാഗത്തു നിന്നും പീഡനങ്ങള്‍ ഏല്‍ക്കുന്നതായും മാംസവ്യാപാരികള്‍ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.

അനധികൃത അറവുശാലകള്‍ക്കെതിരെയുള്ള നീക്കം ഹിന്ദുത്വ ഗ്രൂപ്പുകള്‍ക്ക് നിയമം കയ്യിലെടുക്കാനുള്ള അവസരവും ഒരുക്കിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ചില ഭാഗത്ത് ഇറച്ചിക്കടകള്‍ ഗോരക്ഷകര്‍ അടപ്പിക്കുകയും തീവെക്കുകയും ചെയ്തതായി റിപോര്‍ട്ടുകളുണ്ട്. ഒരിടത്ത് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ മാംസ കയറ്റുമതി യൂണിറ്റില്‍ സ്വന്തം നിലക്ക് റെയ്ഡ് നടത്താന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ബജ്‌റംഗ് ദല്‍ പ്രവര്‍ത്തകര്‍ മാംസം പാക്ക് ചെയ്യുന്ന യൂണിറ്റില്‍ ഭരണകൂടത്തിന്റെ അറിവില്ലാതെ സ്വന്തം നിലക്ക് റെയ്ഡ് നടത്തുകയും ഒരു ജോലിക്കാരനെ മര്‍ദിക്കുകയും ചെയ്തതായും റിപോര്‍ട്ടുണ്ടായിരുന്നു. മര്‍ദിക്കപ്പെട്ട ജോലിക്കാരന്‍ ബി.ജെ.പി അംഗമായിരുന്നു എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ചെറുകിട കച്ചവടക്കാര്‍ സര്‍ക്കാറിനേക്കാള്‍ ഏറെ ഭയക്കുന്നത് ഗോരക്ഷാ സംഘങ്ങളെയാണ്. വെറുതെ പീഡനം ഏറ്റുവാങ്ങേണ്ടതില്ലന്ന് തീരുമാനിച്ച് ഭീതികൊണ്ട് പലരും തങ്ങളുടെ കടകള്‍ അടച്ചിട്ടിരിക്കുകയാണ്.

നിയമവിരുദ്ധ അറവുശാലകള്‍ക്കെതിരെയുള്ള നീക്കത്തിലൂടെ മുഖ്യമന്ത്രി തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുകയും സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുകയുമാണ് ചെയ്യുന്നതെന്ന് പറയാം. എന്നാല്‍ ഇത്ര ധൃതിപ്പെട്ട് ഇത് നടപ്പാക്കുമ്പോള്‍ പല ചോദ്യങ്ങളും ഉയര്‍ന്നു വരുന്നു. മതിയായ അനുമതികളില്ലാതെ അറവുശാലകളോ ഇറച്ചിക്കടകളോ നടത്തുന്നവര്‍ക്ക് നിയമപരമായ രീതിയിലേക്കത് മാറ്റുന്നതിനുള്ള അവസരം നല്‍കേണ്ടിയിരുന്നു. അനധികൃത കശാപ്പുശാലകള്‍ ഇല്ലാതാക്കുന്നതിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അറവുശാലകള്‍ പൂര്‍ണ പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്യേണ്ടിരുന്നു. അവശേഷിക്കുന്ന അനധികൃത കശാപ്പുകാരെ കുടുതല്‍ വ്യവസ്ഥാപിതമായ രീതിയിലേക്ക് മാറ്റുന്നതിനുള്ള വിശദമായ രൂപരേഖ സര്‍ക്കാര്‍ തയ്യാറാക്കുകയും ചെയ്യേണ്ടിരുന്നു. പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്‌കരണം ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയവയിലെല്ലാം പാലിക്കേണ്ട വ്യവസ്ഥകള്‍ പാലിക്കാന്‍ എല്ലാവരും നിര്‍ബന്ധിക്കപ്പെടുകയും വേണം.

സംസ്ഥാന അന്തരീക്ഷം കൂടുതല്‍ വര്‍ഗീയമാക്കുന്നതിന് പലരും ഇതിനെ ഒരു മുസ്‌ലിം വിഷയമായി ഉയര്‍ത്തിക്കാണിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. മാംസ വ്യവസായ രംഗത്ത് ഭൂരിപക്ഷവും മുസ്‌ലിംകളാണെന്നത് ശരിയാണ്. എന്നാല്‍ ഹിന്ദു വിഭാഗത്തിലെ താഴ്ന്ന ജാതിയിലുള്ള നിരവധി ആളുകള്‍ക്ക് അത് തൊഴില്‍ നല്‍കുന്നുണ്ട്. മാത്രമല്ല സര്‍ക്കാറിന് വലിയ വരുമാനവും അത് ലക്ഷ്യമാക്കുന്നു. തികച്ചും രാഷ്ട്രീയ പ്രേരിതമായ ഈ നീക്കം വിപരീതഫലമാണ് ഉണ്ടാക്കുക. മാംസ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരെയുള്ള ഗോരക്ഷ സംഘങ്ങളും റെയ്ഡുകളും താക്കീതുകളുമാണ് ഇങ്ങനെയൊരു തോന്നല്‍ ഉണ്ടാക്കുന്നത്. മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പുറമെ ഹിന്ദുക്കളില്‍ വലിയൊരു വിഭാഗത്തിന്റെയും ഇഷ്ട ആഹാരമാണ് ബീഫ് എന്നത് സര്‍ക്കാര്‍ മറക്കരുത്.

അനധികൃത കശാപ്പുകാര്‍ക്ക് തഴച്ചുവളരാന്‍ അവസരമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയൊന്നും എടുക്കുന്നില്ല? ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത്ര വ്യാപകമായ തോതില്‍ അനധികൃത പ്രവര്‍ത്തനം സാധിക്കുമോ? സര്‍ക്കാര്‍ അറവുശാലകള്‍ അടച്ചുപൂട്ടിയതു കൊണ്ടാണ് ചെറുകിട അറവുശാലകള്‍ക്ക് വളര്‍ച്ചയുണ്ടായത്. നടപടികള്‍ കൂടുതല്‍ ദുഷ്‌കരമായതിനാലാണ് പല കശാപ്പുകാരും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചത്. മൃഗത്തെ പരിചരിക്കുന്നത് മുതല്‍ അതിനെ വെറ്റിനറി സര്‍ട്ടിഫിക്കറ്റിനായി കൊണ്ടുപോകുന്നതും മാലിന്യ സംസ്‌കരണം അടക്കമുള്ള രണ്ട് ഡസനോളം വ്യവസ്ഥകള്‍ നിര്‍ബന്ധമായും കശാപ്പുകാര്‍ പാലിക്കേണ്ടിയിരുന്നു. നിലവിലെ നിയമപ്രകാരം പ്രാദേശിക ഭരണകൂടങ്ങള്‍ പ്രദേശത്ത് ആവശ്യമായ മാംസത്തിന് അറവുശാലകള്‍ നിര്‍മിക്കുകയും നടത്തുകയും ലൈസന്‍സ് നല്‍കുകയും വേണം. ഭ്രാന്തമായ നടപടികള്‍ക്ക് പകരം കൂടുതല്‍ പ്രായോഗികമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. ഈ നടപടി ഏറെ ദോഷകരമായി ബാധിക്കുന്ന കര്‍ഷകരുടെ താല്‍പര്യം സര്‍ക്കാര്‍ അവഗണിക്കരുത്. ഉല്‍പാദക്ഷമത നഷ്ടപ്പെട്ട കാലികളെ വിറ്റൊഴിവാക്കാനോ തീറ്റിപ്പോറ്റാനോ സാധിക്കാത്ത അവയെ അശ്രദ്ധമായി അഴിച്ചുവിടാന്‍ അവര്‍ നിര്‍ബന്ധിതരാവും.
(അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറാണ് ലേഖകന്‍)

അവലംബം: countercurrents.org
വിവ: നസീഫ്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics