ഉയരക്കുറവ് എന്നെ നിരാശനാക്കുന്നു

ഞാനൊരു 26 വയസ്സുകാരനാണ്. ഉയരത്തിന്റെ പേരില്‍ പലപ്പോഴും ഞാന്‍ നിരാശപ്പെടാറുണ്ട് (5'6നും 5'7നും ഇടക്കാണ് എന്റെ ഉയരം). എന്റെ അതേ ഉയരമാണ് എന്റെ സഹോദരിക്കും. അതുകാരണം എന്നേക്കാള്‍ മൂത്തത് അവളാണെന്നാണ് എല്ലാവരും വിചാരിക്കുന്നത്. അതിന്റെ പേരില്‍ സങ്കടം സഹിക്കവയ്യാതെ ആത്മഹത്യയെ കുറിച്ച് പോലും പലപ്പോഴും ഞാനാലോചിച്ചിട്ടുണ്ട്. ഞാന്‍ ഉയരംവെക്കാന്‍ ആഗ്രഹിക്കുന്നു. ആത്മാര്‍ത്ഥമായി എന്നെ സഹായിക്കുകയും, എന്റെ ആത്മവിശ്വാസം വര്‍ധിക്കാനുള്ള വല്ല നിര്‍ദേശങ്ങളുമുണ്ടെങ്കില്‍ നല്‍കണമെന്നും ആവശ്യപ്പെടുന്നു.

മറുപടി: ഇത് നിങ്ങളുടെ ആത്മാഭിമാനത്തിന്റെ കുറവ് മൂലമുണ്ടാകുന്ന സാധാരണ മനോഭാവമാണ്. ഈയൊരു ആത്മാഭിമാന പ്രശ്‌നം പലരിലും കാണാറുണ്ട്. താങ്കള്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കാനും, നിങ്ങള്‍ക്ക് നല്ലത് വരുന്നതിനും വേണ്ടി ഞാന്‍ അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയാണ്.

ടെലിവിഷനും മറ്റ് മാധ്യമങ്ങളും സ്ത്രീയുടെയും പുരുഷന്റെയും സൗന്ദര്യം എന്തായിരിക്കണം എന്നത് സംബന്ധിച്ച ധാരണകള്‍ നമ്മുടെ ഉള്ളില്‍ നിരന്തരം ഊട്ടിയുറപ്പിക്കുകയാണ്. ഉയരത്തോടൊപ്പം മെലിഞ്ഞ ശരീരമാണ് സ്ത്രീ സൗന്ദര്യമെന്നും ഉയരവും പ്രകടമായ പേശികളുമാണ് പുരുഷ സൗന്ദര്യമെന്നുമാണ് പൊതുവെ നാം പഠിപ്പിക്കപ്പെടുന്നത്. എന്നാലിത് യാഥാര്‍ഥ്യത്തിന് വിരുദ്ധമാണ്. അല്ലാഹു എല്ലാവരെയും വ്യത്യസ്ത വര്‍ണത്തിലും, രൂപത്തിലുമാണ് സൃഷ്ടിച്ചിരിക്കുന്നത്. എല്ലാവരും ഒരേ പോലെയാവുകയെന്നത് അസാധ്യമാണ്. അല്ലാഹുവിന്റെ സൃഷ്ടിയായ നാമെല്ലാവരും സവിശേഷതകളിലും, വര്‍ണങ്ങളിലും, രൂപങ്ങളിലും, നീളത്തിലുമെല്ലാം വ്യത്യസ്തരാണ്. ഇവിടെ മീഡിയയും സമൂഹവും വെച്ച് പുലര്‍ത്തുന്ന ഈ തെറ്റായ ആശയങ്ങള്‍ യാഥാര്‍ത്ഥ്യവിരുദ്ധമാണെന്ന് മനസ്സിലാക്കല്‍ അനിവാര്യമാണ്.

സ്വന്തത്തിന്റെ വില നിര്‍ണയിക്കുന്നത് ഒരിക്കലും പുറംമോടികളല്ല. മറിച്ച്, ഖുര്‍ആന്‍ പറഞ്ഞതുപോലെ നമ്മുടെ വ്യക്തിത്വമായിരിക്കണം. അല്ലാഹു പറയുന്നു:
''മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.''(അല്‍ഹുജുറാത്ത്: 13). ഒരാളെ മറ്റൊരാളില്‍ നിന്നും വേര്‍തിരിച്ചറിയാനാണ് അല്ലാഹു നമ്മെ വ്യത്യസ്തരാക്കി സൃഷ്ടിച്ചിരിക്കുന്നതെന്ന് ഈ ആയത്ത് വ്യക്തമാക്കുന്നു. അതോടൊപ്പം സ്വന്തത്തെക്കുറിച്ച് നന്നായി അറിയുന്നതിനും മറ്റുള്ളവരുടെ കുറവുകള്‍ മനസ്സിലാക്കി അതില്‍നിന്ന് വ്യത്യസ്തമാവാനും പറയുന്നു. ''നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ് അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍'' എന്നതാണ് ആയത്തിന്റെ സംഗ്രഹം.

നല്ല സൗന്ദര്യമുള്ളവനോ, പണമുള്ളവനോ അല്ല, ഏറ്റവുമധികം ദൈവത്തെ സൂക്ഷിക്കുന്നവനാണ് ശ്രേഷ്ടനെന്ന് അല്ലാഹു പറയുന്നു. നമ്മുടെ ഹൃദയത്തെപ്പറ്റിയും, വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിനെപ്പറ്റിയും ആലോചിക്കുന്നതിന് സമയം ചെലവഴിക്കാന്‍ അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നു. അത് നമ്മുടെ ജീവിതത്തിലെ സന്തോഷത്തിനുള്ള താക്കോലാകുന്നു. നിങ്ങളുടെ ചോദ്യത്തില്‍, നിങ്ങള്‍ പരാമര്‍ശിച്ച ദുഖത്തിന്റെ കാരണം നിങ്ങള്‍ ചെറുതാണെന്നാണ്. നിങ്ങളുടെ ദുഖത്തിന്റെ കാരണവും, മറ്റുള്ളവരുമായും, സൗന്ദര്യത്തിന് സമൂഹം നല്‍കുന്ന പരിഗണനയും വെച്ച് സ്വന്തമായി വിലയിരുത്തിനോക്കുക.

ഈ സങ്കടങ്ങള്‍ ഇല്ലാതാക്കുന്നതിന്, ആദ്യം നീയാരാണെന്ന് അംഗീകരിക്കുകയും സ്വയം വിലമതിക്കുകയും ചെയ്യുക. സ്വന്തത്തിലേക്ക് നോക്കി അതില്‍ നീ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ തിരിച്ചറിയുക. എന്തൊക്കെയാണ് നിങ്ങളിലെ നന്മകള്‍? നിങ്ങളുടെ സ്വഭാവത്തിലെ ഇഷ്ടപ്പെട്ട ഗുണമേതാണ്? ചെറുതായിരുന്നപ്പോള്‍ ആരാവാനായിരുന്നു നിങ്ങള്‍ ആഗ്രഹിച്ചിരുന്നത്?

സ്വന്തത്തെ വിലമതിക്കാന്‍ തുടങ്ങുമ്പോള്‍ സ്വഭാവികമായും നിങ്ങളുടെ ശക്തിയില്‍ ആത്മവിശ്വാസമുണ്ടാവും. അത് നിങ്ങളുടെ ആത്മാഭിമാനവും സ്വന്തം ശരീരത്തെ കുറിച്ച് നല്ല ചിന്തയും ഉണ്ടാക്കും. നിങ്ങളുടെ പുറംമോടി നോക്കിയല്ല, മറിച്ച് നിങ്ങളുടെ പ്രവൃത്തിയും വ്യക്തിത്വവും നോക്കിയാണ് നിങ്ങളെ വിലയിരുത്തേണ്ടത്. നിങ്ങള്‍ മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍, അവരുടെ ബാഹ്യമോഡികള്‍ക്കുപരിയായി വ്യക്തിത്വത്തെയും പ്രവര്‍ത്തനത്തെയും ആദരിക്കുകയും മാനിക്കുകയും ചെയ്യുക. ജനങ്ങളുടെ ബാഹ്യരൂപം കൂടുതല്‍ ഉപരിപ്ലവവും അധിക പ്രാധാന്യമില്ലാത്തതുമാണ്.

സ്വാഭാവികമായും നിങ്ങള്‍ക്ക് ആത്മാഭിമാനമുണ്ടായാല്‍ ജനങ്ങള്‍ നിങ്ങളെ വിലമതിക്കാന്‍ തുടങ്ങും. നിങ്ങളെ വിലമതിക്കുന്നവര്‍ നിങ്ങളുടെ ഉയരത്തെ കുറിച്ച ആലോചിക്കുന്നേ ഇല്ല. നിങ്ങളുടെ ആത്മാഭിമാനത്തില്‍ അസൂയയുള്ളവര്‍ ഒരുപക്ഷേ നിങ്ങളെ പരിഹസിക്കുമായിരിക്കും. അത്തരക്കാരുമായി ഒരിക്കലും കൂട്ടുക്കൂടരുത്. സ്വന്തത്തിന് വിലകല്‍പിക്കുന്നതിനും ആത്മാഭിമാനം വളര്‍ത്താനും അല്ലാഹു താങ്കളെ തുണക്കട്ടെ.

വിവ: കെ.സി കരിങ്ങനാട്

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics