എര്‍ദോഗാന്റെ വിജയത്തേക്കാള്‍ പ്രധാനമാണ് ജനാധിപത്യം

തുര്‍ക്കി ഹിതപരിശോധനാ ഫലം വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. അതിനെ അനുകൂലിച്ചവര്‍ക്കും പ്രതികൂലിച്ചവര്‍ക്കും ഇടയിലെ ശതമാനത്തിലെ നേരിയ വ്യത്യാസം പ്രസ്തുത ചര്‍ച്ചകളില്‍ ഉയര്‍ന്നു വരുന്ന പ്രധാന കാര്യമാണ്. തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്റെ ജനപിന്തുണ ഇടിഞ്ഞു കൊണ്ടിരിക്കുകയാണെന്നതിന് തെളിവായിട്ടാണ് പലരും അതുദ്ധരിക്കുന്നത്. എര്‍ദോഗാന്‍ എന്ന നക്ഷത്രം അസ്തമിക്കാറായിരിക്കുന്നു എന്ന തോന്നലുണ്ടാക്കാനാണ് അവരുടെ ശ്രമം.

രാഷ്ട്രീയ വിയോജിപ്പുകള്‍ മാധ്യമങ്ങളെയും സ്വാധീനിച്ചിട്ടുണ്ടെന്ന് കാണാം. പ്രത്യേകിച്ചും ഈജിപ്തിലെ മാധ്യമങ്ങളില്‍ അത് പ്രകടമാണ്. എര്‍ദോഗാന് ആദ്യം അഭിനന്ദനം അറിയിച്ചവര്‍ ഖത്തര്‍ അമീറും അവിടത്തെ വിദേശകാര്യ മന്ത്രിയും തുനീഷ്യയിലെ അന്നഹ്ദ അധ്യക്ഷന്‍ ശൈഖ് റാശിദുല്‍ ഗന്നൂശിയുമാണെന്ന് വാര്‍ത്ത നല്‍കിയ 'അല്‍അഹ്‌റാം' പത്രം ഒരു ഉദാഹരണമാണ്. അതേസമയം സൗദി പത്രമായ 'അശ്ശര്‍ഖുല്‍ ഔസത്വ്'  ആദ്യ പേജില്‍ തന്നെ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലുള്ള സൗദി മന്ത്രിസഭയുടെയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും അഭിനന്ദനമാണ് നല്‍കിയത്.

തുര്‍ക്കി ജനതയുടെ പകുതിയോളം പേര്‍ പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്കുള്ള മാറ്റത്തെ എതിര്‍ത്തിട്ടുണ്ടെന്നതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. പ്രസിഡന്റ് എര്‍ദോഗാനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും അത് നല്‍കുന്ന സന്ദേശത്തിലാണ് വിയോജിപ്പുള്ളത്. ഹിതപരിശോധനാ ഫലത്തെ 'പരാജയത്തിന്റെ രുചിയുള്ള വിജയം', 'കയ്പുറ്റ വിജയം', 'എര്‍ദോഗാനുള്ള മുന്നറിയിപ്പ്' എന്നെല്ലാം വിശേഷിപ്പിക്കുന്നത് വലിയ തെറ്റൊന്നുമാവില്ല. അതെല്ലാം ശരിയാണ്. എന്നാല്‍ ഒരു കരുതലും ജാഗ്രതയുമാണ് അതാവശ്യപ്പെടുന്നത്. അല്ലാതെ എതിരാളിയും വീഴ്ച്ചയില്‍ സന്തോഷിക്കാനോ ധൃതിപ്പെട്ട് അദ്ദേഹത്തിന്റെ കാര്യത്തില്‍ വിധിയെഴുതാനോ അല്ല അതാവശ്യപ്പെടുന്നത്.

ജനാധിപത്യ സംവിധാനത്തിന്റെ രൂപങ്ങളിലൊന്നായ പ്രസിഡന്‍ഷ്യല്‍ സംവിധാനത്തോട് എനിക്ക് എതിര്‍പ്പൊന്നും ഇല്ല. (അമേരിക്കയില്‍ അതാണല്ലോ നടപ്പാക്കിയിട്ടുള്ളത്.) അതിലൂടെ അദ്ദേഹത്തിന് ഭരണകൂടം സ്ഥാപിക്കാനാവുമെന്നതില്‍ എനിക്ക് സംശയമില്ല. എന്നാല്‍ വിപുലമായ അധികാരങ്ങള്‍ നല്‍കപ്പെടുമ്പോള്‍ ഭരണകൂടം അതിക്രമത്തിലേക്കും സ്വേച്ഛാധിപത്യത്തിലേക്കും നീങ്ങുന്നത് തടയാന്‍ ശേഷിയുള്ള ശക്തമായ സ്വതന്ത്ര സംവിധാനങ്ങളുള്ള ശക്തമായ സമൂഹത്തെ ഒരുക്കുന്നതില്‍ എത്രത്തോളം വിജയിക്കും എന്നതിലാണ് സംശയം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചില രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍ അത് റദ്ദാക്കിയ അമേരിക്കന്‍ കോടതിയുടെ നിലപാടാണ് ഇത് പറയുമ്പോള്‍ എന്റെ മനസ്സില്‍ വരുന്നത്. പ്രസിഡന്റ് എര്‍ദോഗാനോ അദ്ദേഹത്തിന്റെ പിന്‍ഗാമികളായി വരുന്നവരോ വഴിമാറി സഞ്ചരിക്കുമ്പോള്‍ അതിന് കടിഞ്ഞാണിടാന്‍ തുര്‍ക്കി കോടതിക്ക് സാധിക്കുമോ എന്നതാണ് എന്റെ ചോദ്യം. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ പ്രസിഡന്‍ഷ്യല്‍ സംവിധാനത്തെ കുറിച്ചല്ല, മറിച്ച് അതിനനുയോജ്യമായ സാഹചര്യത്തിന്റെ അഭാവത്തെ കുറിച്ചാണ് ഞാന്‍ ആശങ്കപ്പെടുന്നത്. ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് പകരം തുര്‍ക്കിയിലെ ജനാധിപത്യത്തിന്റെ പ്രതിയോഗിയായിട്ടത് മാറുമോ എന്നാണ് ഭയപ്പെടുന്നത്.

മുന്‍കഴിഞ്ഞ തുര്‍ക്കി നേതാക്കന്‍മാരില്‍ പലരും ഈ വ്യവസ്ഥയെ (പ്രസിഡന്‍ഷ്യല്‍) അനുകൂലിച്ചിരുന്നവരാണ്. രാജ്യത്തെ അസ്വസ്ഥപ്പെടുത്തുന്ന രാഷ്ട്രീയ തകിടം മറിച്ചിലുകളെ നേരിടാന്‍ അതിന് വേണ്ടി അവര്‍ ആവശ്യമുയര്‍ത്തുകയും ചെയ്തിരുന്നു. മുന്‍ തുര്‍ക്കി പ്രസിഡന്റ് സുലൈമാന്‍ ദെമിറേല്‍ ഒരുദാഹരണമാണ്. എന്നാല്‍ എര്‍ദോഗാന്‍ മാത്രമാണ് അത് പ്രാവര്‍ത്തികമാക്കാന്‍ രംഗത്ത് വന്നിട്ടുള്ളത്. 2002നും 2015നും ഇടയില്‍ പാര്‍ലമെന്റിലേക്കും മുന്‍സിപാലിറ്റികളിലേക്കും നടന്ന തെരെഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ലഭിച്ചിട്ടുള്ള തുടര്‍ച്ചയായ വിജയമായിരിക്കാം അതിനുള്ള ആത്മവിശ്വാസം അദ്ദേഹത്തിന് നല്‍കിയത്.

51.4 ശതമാനം വോട്ടര്‍മാര്‍ പ്രസിഡന്‍ഷ്യല്‍ സംവിധാനത്തെ അനുകൂലിച്ചപ്പോള്‍ 48.59 ശതമാനം പേര്‍ അതിനെ എതിര്‍ക്കുകയായിരുന്നു. പരീക്ഷകളില്‍ മിനിമം മാര്‍ക്ക് മാത്രം നേടികൊണ്ട് ജയിക്കുന്നത് പോലുള്ള ഒരു ജയമാണ് ഇത്തവണ എര്‍ദോഗാന് ലഭിച്ചിരിക്കുന്നത്. മുമ്പ് അദ്ദേഹം നേടിയപോലെ ഡിസ്റ്റിംഗ്ഷനോ ഫസ്റ്റ് ക്ലാസോ നേടാനായിട്ടില്ല.

പ്രതികൂല വോട്ടുകളുടെ ആധിക്യത്തിന്റെ പശ്ചാത്തലത്തില്‍ ജസ്‌സ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി (അക് പാര്‍ട്ടി) അംഗങ്ങളില്‍ പലരും ഈ മാറ്റത്തെ അനുകൂലിച്ചിട്ടില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതൊരു കടുത്ത മുന്നറിയിപ്പായി തുര്‍ക്കി പ്രസിഡന്റ് വായിക്കണം. അദ്ദേഹത്തിന്റെ നേരിയ ഭൂരിപക്ഷത്തിലുള്ള വിജയം തുടര്‍ നടപടികളെ സംബന്ധിച്ച പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. മറ്റുള്ളവരെ കൂടി, പ്രത്യേകിച്ചും പാര്‍ട്ടി അണികളെ ഒപ്പം നിര്‍ത്താനുള്ള ശ്രമം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമോ? അതല്ല പാര്‍ട്ടിക്ക് അകത്തും പുറത്തുമുള്ള വിയോജിക്കുന്നവരെ പരിഗണിക്കാതെ മുന്നോട്ടു പോകാനാണോ ഈ വിജയം അദ്ദേഹത്തെ പ്രേരിപ്പിക്കുക?

ഹിതപരിശോധനയുടെ അധ്യായം അതിന്റെ ഫലം വന്നതോടു കൂടി അടക്കപ്പെട്ടു. അതിന് ശേഷം നടക്കാനിരിക്കുന്ന കാര്യങ്ങളാണ് കൂടുതല്‍ നിരീക്ഷിക്കപ്പെടേണ്ടത്. കാരണം എന്നെ സംബന്ധിച്ചടത്തോളം എര്‍ദോഗാന്റെ വിജയത്തേക്കാള്‍ പ്രധാനം തുര്‍ക്കിയിലെ ജനാധിപത്യത്തിന്റെ വിജയമാണ്. എല്ലാ നന്മയും ഒരുമിച്ചുണ്ടാവുകയാണെങ്കില്‍ അതാണ് കൂടുതല്‍ ഉത്തമം.

വിവ: നസീഫ്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics