എങ്ങനെയാണ് ഇസ്രയേല്‍ പട്ടാളക്കാരെന്നെ ചോദ്യം ചെയ്തത്!

ഇസ്രയേല്‍ ജയിലുകളില്‍ ഫലസ്തീന്‍ ജനത അനുഭവിക്കുന്ന ക്രൂര പീഡനങ്ങള്‍ ലോകശ്രദ്ധയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ, ഓരോ വര്‍ഷവും ഏപ്രില്‍ 17 ന് ഫലസ്തീന്‍ പ്രിസണേര്‍സ് ഡേ എന്ന പേരില്‍ പല സമരമുറകളും അവിടെയുള്ള പീഡിത ജനത ആവിഷ്‌കരിക്കാറുണ്ട്. ഫലസ്തീന്‍ തടവുകാരെ സഹായിക്കുന്നതിനായി ജറുസലേമില്‍ പ്രവര്‍ത്തിക്കുന്ന അദ്ദ്വമീര്‍(Addameer)എന്ന സംഘടനയുടെ കണക്ക് പ്രകാരം 53 സ്ത്രീകളും 300 കുട്ടികളുമടക്കം 6500 ഫലസ്തീന്‍ രാഷ്ട്രീയ തടവുകാര്‍ ഇപ്പോള്‍ ഇസ്രയേല്‍ ജയിലുകളിലുണ്ട്. ഓരോ വര്‍ഷവും എഴുന്നോറോളം കുട്ടികള്‍ വെസ്റ്റ് ബാങ്കില്‍ അറസ്റ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് അദ്ദ്വമീറിന്റെ പ്രധിനിധി ലെയ്ത്ത് അബൂ സിയാദ് പറയുന്നു.

അറസ്റ്റിനു ശേഷം സിവില്‍ കോടതികളില്‍ ഹാജരാക്കുന്നതിന് പകരം, വിചാരണക്കായി മിലിറ്ററി കോടതികളിലേക്കാണ് അവരെ കൊണ്ടുപോകുന്നത്. അത്തരം മിലിട്ടറി കോടതികളില്‍ എത്തിപ്പെടുന്നവരില്‍ 97.7 ശതമാനവും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. സിവില്‍ കോടതികള്‍ക്ക് പകരം മിലിറ്ററി കോടതികളില്‍ വിചാരണ ചെയ്യുന്നത് തന്നെ അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണ്. ഇതുവഴി പൗരന് ലഭിക്കേണ്ടുന്ന ന്യായമായ പല അവകാശങ്ങളും ഇല്ലാതാവുന്നു.

കുറ്റാരോപിതര്‍ക്കോ അവരുടെ ഭാഗം വാദിക്കുന്നവര്‍ക്കോ ഒരിക്കലും ലഭിക്കാത്ത ചില മിലിറ്ററി രഹസ്യാന്വേഷണ വിവരങ്ങളനുസരിച്ചാണ് അറസ്റ്റുകളില്‍ ഏറെയും. ഇങ്ങനെയുള്ള രാഷ്ട്രീയ തടവുകാരെ ആറുമാസത്തോളം വിചാരണ കൂടാതെ തടവിലിടാനും തടവുകാലം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനും ഇസ്രയേലിന് സാധിക്കുകയും ചെയ്യുന്നു.

ചില സന്നദ്ധസംഘടനകള്‍ ഒന്നിച്ച് പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട് പ്രകാരം, 2017 മാര്‍ച്ചില്‍ മാത്രം 509 അറസ്റ്റുകള്‍ നടന്നു. ഇതില്‍ 75 കുട്ടികളും പെടും. കല്ലെറിഞ്ഞു എന്നതാണ് കുട്ടികള്‍ക്കെതിരെ പതിവായി ചാര്‍ത്തപ്പെടുന്ന കുറ്റം. സമീപകാലത്തെ ചരിത്രത്തില്‍ ഏറ്റവുമധികം കുട്ടികള്‍ അറസ്റ്റ് ചെയ്യപ്പെട്ട വര്‍ഷമായിരുന്നു 2016. ഒരു പുതിയ നിയമ ഭേദഗതി വഴി പതിനാല് വയസ്സിന് താഴെയുള്ള കുട്ടികളെ അറസ്റ്റ് ചെയ്ത് നേരെ ജയിലിലേക്കയക്കാനുള്ള അനുമതി നല്‍കപ്പെട്ടു. 2016 ല്‍ 21 കുട്ടികളെ രാഷ്ട്രീയ തടവുകാരായി പിടികൂടി. കുറേയധികം ഫലസ്തീന്‍ ബാലന്മാര്‍ക്ക് നീണ്ടകാലത്തെ തടവു ശിക്ഷ വിധിക്കപ്പെട്ടു. പത്ത് വര്‍ഷം വരെ തടവുഷിക്ഷ ലഭിച്ചവരും അക്കൂട്ടത്തിലുണ്ട്. ഇസ്രയേല്‍ ജയിലിലെ ഏറ്റവും പ്രായം കുറഞ്ഞ തടവുകാരന്‍ 12 വയസ്സ് മാത്രമുള്ള ഒരാണ്‍കുട്ടിയാണ്. കല്ലെറിഞ്ഞു എന്നത് തന്നെയാണ് കുറ്റം.

ഫലസ്തീനിലെ സായുധ പോരാളികള്‍ക്ക് ആയുധങ്ങളെത്തിച്ചുവെന്ന കുറ്റത്തിന് 2006 മുതല്‍ ജയിലിലുള്ള 76 വയസ്സുള്ള ഫുആദ്-അശ്ശബാക്കിയാണ് ഏറ്റവുംപ്രായമുള്ള തടവുകാരന്‍. തടവുകാരായ സ്ത്രീകളില്‍ 19 അമ്മമാരുമുണ്ട്. അവരില്‍ പലരുടെയും ബന്ധുക്കള്‍ക്ക് അവരെ സന്ദര്‍ശിക്കാനുള്ള അനുമതിയില്ല - അധിക ദണ്ഡനമെന്ന നിലയില്‍ നല്‍കപ്പെടുന്ന ദുരിതമാണിത്.

അദ്ദ്വമീറിന്റെ പ്രധിനിധി ലെയ്ത്ത് അബൂ സിയാദ് പറയുന്നു - എല്ലാ അറസ്റ്റുകളും വ്യാജവും ഏകപക്ഷീയവുമാണെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. നിയമങ്ങളെല്ലാം ഏകപക്ഷീയമാണ്. തടവുകാര്‍ക്ക് അഭിഭാഷകരുടെ സേവനം ലഭിക്കുന്നതിനും വിലക്കുണ്ട്. വിചാരണക്കുമുമ്പുള്ള അന്വേഷണവും ചോദ്യം ചെയ്യലും രണ്ട് മാസം വരെ നീണ്ടുപോകുന്നു. ഫലസ്തീന്‍ സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ പ്രകാരം 1948 മുതല്‍ ഏകദേശം പത്ത് ലക്ഷം ഫലസ്തീന്‍ നിവാസികള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

രണ്ട് മുന്‍ തടവുകാരായ നതാലീ ശൂഖഃ , നദാല്‍ സമാറഃ എന്നിവരും, മകന്‍ തടവിലാക്കപ്പെട്ട അനാം ഹാമിദ് എന്ന മാതാവും, തങ്ങളുടെ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നത് താഴെ വായിക്കാം:

നതാലീ ഷൂഖഃ, വയസ്സ് 15, വെസ്റ്റ് ബാങ്കിലെ റാമല്ല നിവാസി:
2016 ഏപ്രില്‍ 29 ന് തന്റെ സുഹൃത്ത് തസ്‌നീമിനോടൊത്ത് രാമല്ലയിലെ ബൈതു-തഹ്ത ഗ്രാമത്തിലെ പട്ടാള ചെക്‌പോസ്റ്റിനടുത്തുകൂടി നടക്കുകയായിരുന്നു നതാലീ ഷൂഖഃ. നിനച്ചിരിക്കാതെ അവളെ പട്ടാളക്കാര്‍ വളയുകയും ഇടിച്ച് നിലത്തിടുകയും ചെയ്തു. ബോധം നഷ്ടപ്പെടുന്നതുവരെയുള്ള പട്ടാളക്കാരുടെ മര്‍ദ്ദനങ്ങള്‍ക്കിടയില്‍ അവളുടെ നിലവിളി ആരും കേട്ടില്ല. അവസാനം ഒരു പട്ടാളക്കാരന്‍ തന്നെ വെടിവച്ചതായി അവള്‍ ഓര്‍ത്തെടുക്കുന്നു. എന്റെ മുതുകിലാണ് വെടിയേറ്റത്. അനിയന്ത്രിതമായി ചോരയൊഴുകിക്കൊണ്ടിരുന്നു. അടിച്ച് നിലത്തിടുകയും നിലത്തിട്ട് കാലുകൊണ്ട് ചവിട്ടുകയും ചെയ്യുന്നതുവരെ എനിക്ക് ബോധം നഷ്ടപ്പെട്ടിരുന്നില്ല. വേദന അസഹീനമായിരുന്നു. എല്ലാം ഒടുങ്ങിപ്പോയെങ്കില്‍ എന്ന് ആ നിമിഷം എനിക്ക് തോന്നിപ്പോയി.

Natalie Shoukhaജറുസലേമിലെ ഒരാശുപത്രിയിലേക്ക് അവളെ കൊണ്ടുപോയി. അവളവിടെ മൂന്ന് ദിവസങ്ങള്‍ പ്രജ്ഞയറ്റ് കിടന്നു. ശരീരത്തില്‍ കിടന്നിരുന്ന ഒരു ബുള്ളറ്റ് നീക്കാനുള്ള സര്‍ജറി കഴിഞ്ഞയുടനെ, ചോദ്യം ചെയ്യാനായി വന്നിരിക്കുന്ന ഒരു ഇസ്രയേലി ഉദ്യോഗസ്ഥന്റെ അട്ടഹാസം കേട്ട് അവള്‍ ഞെട്ടിയുണര്‍ന്നു. റൂമിലേക്ക് ചാടിവന്ന് മേശയിലിടിച്ചുകൊണ്ട് അയാള്‍ എന്നെ ചോദ്യം ചെയ്തു തുടങ്ങി. ഓരോ ചോദ്യവും ഒരു അട്ടഹാസമായിരുന്നു. ഒരു മിനിറ്റെങ്കിലും വിശ്രമിക്കണമെന്നുണ്ടായിരുന്നു എനിക്ക്. എനിക്കൊന്നും സംസാരിക്കാനും സാധിക്കുന്നുണ്ടായിരുന്നില്ല. എന്നിട്ടും അയാളെന്നെ ഏറെനേരം ചോദ്യം ചോയ്തുകൊണ്ടിരുന്നു.

എന്തിനാണവരെന്നെ വെടിവച്ചത്?എന്തിനാണെന്നെ അറസ്റ്റ് ചെയ്തത്? ചുറ്റും എന്താണ് സംഭവിക്കുന്നത്? ഞാനിനി ജയിലിലേക്ക് പോയി അവിടെ എന്തെല്ലാമാണ് കാണേണ്ടിവരിക. ഇതൊക്കെയോര്‍ത്തപ്പോള്‍ എനിക്കൊന്നും മനസ്സിലാവാതായി. ഞാന്‍ അങ്ങേയറ്റം ഭയന്നുവിറക്കുകയായിരുന്നു. എങ്ങനെയെങ്കിലും വീട്ടിലെത്തിയെങ്കില്‍ എന്ന ആഗ്രഹമേ അപ്പോളെനിക്കുണ്ടായിരുന്നുള്ളൂ.

ദിവസങ്ങള്‍ കടന്നുപോയി. മാതാപിതാക്കളെ കാണാന്‍ നതാലിയെ അവര്‍ അനുവദിച്ചില്ല. നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ വെസ്റ്റ്ബാങ്കില്‍ നിന്ന് ജറുസലേമിലേക്ക് വന്ന് അവളെ കാണാനുള്ള അനുമതി അവളുടെ മാതാവിന് ലഭിച്ചു.

പെര്‍മിറ്റ് ഇല്ലാതെ വെസ്റ്റ്ബാങ്കിലുള്ളവര്‍ക്ക് ഇസ്രയേലിലേക്കും കിഴക്കന്‍ ജറുസലേമിലേക്കും പ്രവേശിക്കാനാവില്ല. ഇസ്രയേല്‍ ജയിലിലുള്ള തങ്ങളുടെ ഉറ്റവരെ കാണനായി ബന്ധുക്കള്‍ പെര്‍മിറ്റിനായി നല്‍കുന്ന അപേക്ഷകളൊക്കെ നിരസിക്കപ്പെടുന്നതാണ് പതിവെന്ന് അദ്ദ്വമീര്‍ പ്രവര്‍ത്തകര്‍ പറയുന്നു.

നതാലി പറയുന്നു. മാതാവിനെ കണ്ടപ്പോള്‍ എനിക്ക് ശക്തിയും സമാധാനവും ലഭിച്ചു. പക്ഷേ, മുറിവുകള്‍ ഉണങ്ങാനുള്ള സമയം പോലും അനുവദിക്കാതെ രഹസ്യമായി അവരെന്നെ ഇസ്രയേലിലെ ഹഷാരോണ്‍ ജയിലിലേക്ക് മാറ്റി. ഇരുമ്പുകമ്പികള്‍ കൊണ്ട് വേര്‍തിരിച്ച ഇരുണ്ട ചെറിയ അറകളുള്ള ജയില്‍ വണ്ടിയിലാണ് എന്നെ കൊണ്ടുപോയത്. കഠിന വേദനയിലായിരുന്നു ഞാന്‍. അതുവരെയില്ലാത്ത ഭയം എന്നെ പിടികൂടി. ജയില്‍ വാസം എത്രകാലമായിരിക്കും?ഇനിയെന്നെങ്കിലും ഞാന്‍ വീട്ടിലേക്ക് മടങ്ങുമോ?

പട്ടാളക്കാരെ കത്തികൊണ്ട് അക്രമിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു നതാലിയുടെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം. പന്ത്രണ്ട് തവണയായി അരങ്ങേറിയ വിചാരണകള്‍ക്കൊടുവില്‍ കോടതി അവള്‍ക്ക് ഒന്നര വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു.

ജയിലിലെ ചുറ്റുപാടുകളും കുടുംബത്തെ വേര്‍പിരിഞ്ഞതും കാരണം ഞാന്‍ തികഞ്ഞ ആഘാതത്തിലാണ്ടുപോയി. ഞാനെപ്പോഴും കുടുംബത്തെ ഓര്‍ത്തുകൊണ്ടിരുന്നു. മാതാവിന്റെ ആലിംഗനത്തിലമരാനായി ഞാനെന്നും കൊതിച്ചുകൊണ്ടിരുന്നു. മാതാവിന്റെ അപേക്ഷ തള്ളിപ്പോയി എന്നറിയുമ്പോഴെല്ലാം ഞാന്‍ അനിയന്ത്രിതമായി പൊട്ടിക്കരഞ്ഞു. അവരുടെ കൂടെ കഴിയുന്നത്, അവരെ പുണരുന്നത്, ചുംബിക്കുന്നത് - ഇതെല്ലാം ഞാന്‍ സ്വപ്‌നം കണ്ടു. പക്ഷേ, ഞെട്ടിയുണരുമ്പോള്‍, എല്ലാം വെറും സ്വപ്‌നങ്ങളായിരുന്നുവെന്നും അവരെന്റെ അരികിലില്ലെന്നും നിരാശയോടെ ഞാന്‍ തിരിച്ചറിയും.

ഒരു വര്‍ഷത്തിനു ശേഷം, 4000 ഇസ്രയേലി ഷെക്കല്‍ (ഏകദേശം 1,30,000 രൂപ) നല്‍കി അവള്‍ ജാമ്യത്തിലിറങ്ങി. മോചനത്തിന്റെ പിറ്റേന്ന് തന്റെ ബാഗുമെടുത്ത് അവള്‍ സ്‌കൂളിലേക്കോടി. അവള്‍ക്ക് അവളുടെ ചങ്ങാതിമാരെ കാണാനുള്ള തിടുക്കമായിരുന്നു. മാത്രമല്ല, തന്റെ ക്ലാസിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങണമെന്ന് അവള്‍ക്ക് നിര്‍ബന്ധ ബുദ്ധിയുമുണ്ടായിരുന്നു.

ജയിലിലും ഞാന്‍ ആവേശത്തോടെ പഠനങ്ങളില്‍ മുഴുകിയിരുന്നു. നല്ല മാര്‍ക്കുകളും കിട്ടി. ഇപ്പോളെനിക്ക് സ്‌കൂളിലെ പഠനം തുടരാനും ചങ്ങാതിമാരോടോത്ത് കഴിയാനുമുള്ള സൗഭാഗ്യം തിരിച്ചുകിട്ടി.

മകള്‍ ജയിയിലിലുള്ള കാലമത്രയും കഠിന ദുഃഖത്തിലായിരുന്നു താനെന്ന് നതാലിയുടെ മാതാവ് റുഖിയഃ പറയുന്നു. വേര്‍പാട് അസഹനീയമായിരുന്നു. അവളുടെ ഫോട്ടോ കയ്യിലെടുത്ത്, അവളെത്തന്നെ നോക്കിയിരിക്കുകയും, സംസാരിക്കുകയും ചെയ്യുമായിരുന്നു ഞാന്‍.

റുഖിയഃ പറയുന്നു. നതാലിക്ക് വേണ്ടതെല്ലാം ഞാനവള്‍ക്ക് കൊടുക്കും. ജയിലില്‍ അവള്‍ക്ക് നഷ്ടപ്പെട്ടതെല്ലാം അവള്‍ക്ക് വേണ്ടി നേടാന്‍ ഞാന്‍ ശ്രമിക്കും. അവള്‍ എന്നും എന്റെ കണ്‍മുന്നിലുണ്ടാവുമെന്ന് ഞാന്‍ എത്രയേറെ മോഹിക്കുന്നു.

നദാല്‍ സമാറഃ, 44 വയസ്സ്, വെസ്റ്റ് ബാങ്കിലെ ഖലന്‍ദിയ അഭയാര്‍ത്ഥി ക്യാമ്പ് നിവാസി:

ഏതാനും മാസങ്ങള്‍ക്കു ശേഷം തന്റെ ഭാര്യ പ്രസവിക്കാനിടയുള്ള കുഞ്ഞിന് വസ്സീം എന്ന് പേരിടണമെന്ന് ആഗ്രഹിച്ചിരിക്കുകയാണ് വടക്കന്‍ ജെറുസലേമിലെ ഖലന്‍ദിയ അഭയാര്‍ത്ഥി ക്യാമ്പ് നിവാസിയായ നാല്‍പത്തിനാലുകാരന്‍ നദാല്‍ സമാറഃ. സമാറഃ ഇസ്രയേലി ജയിലില്‍ കഴിയവെ മരണപ്പെട്ടുപോയ അദ്ദേഹത്തിന്റെ സഹോദരനാണ് വസ്സീം.

Nedal Samarah1986 മുതല്‍ ഏഴുതവണ തടവില്‍ കിടന്നിട്ടുണ്ട് സമാറഃ. 2001 ലേതിലായിരുന്നു അവസാനത്തെത്. തടവറകളില്‍ പൊലിഞ്ഞുപോയത് മൊത്തം 19 വര്‍ഷങ്ങള്‍. വ്യത്യസ്ത വര്‍ഷങ്ങളിലായി സമാറഃ നാല് തവണ അറസ്റ്റ് ചെയ്യപ്പെട്ടത് ഒരേ ദിവസം - മെയ് 17. പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ഫലസ്തീന്‍ അതോറിറ്റിയുടെ സെക്യൂരിറ്റി സര്‍വീസില്‍ പ്രസിഡണ്ടിന്റെ അംഗരക്ഷകനായി ജോലിചെയ്യുന്ന സമയത്തായിരുന്നു അവസാനത്തെ അറസ്റ്റ്. അദ്ദേഹം ഭാഗമായിരുന്ന സെക്യൂരിറ്റി സര്‍വീസിലെ അംഗങ്ങള്‍ക്ക് പ്രസിഡണ്ടിന്റെ ഉത്തരവുകള്‍ ലഭിക്കുമായിരുന്നു - ഇവയില്‍ ചിലത് ഇസ്രയേല്‍ പട്ടാളവുമായി ഏറ്റുമുട്ടലിനിടവരുത്തി.

120 ദിവസങ്ങളായിരുന്നു അവസാനത്തെ അറസ്റ്റിനു ശേഷമുള്ള തടവുകാലം. ആ സമയത്ത് സഹതടവുകാര്‍ തനിക്ക് തടവുകാരുടെ ഷെയ്ഖ് (നേതാവ്) എന്ന ബഹുമതി സമ്മാനിച്ചതായി സമാറഃ പറയുന്നു.

30 ദിവസങ്ങളോളം അവര്‍ എന്നെ മാനസികമായി പീഡിപ്പിച്ചു കൊണ്ടിരുന്നു. ശേഷം പടിപടിയായി ജയില്‍ ഉദ്യോഗസ്ഥന്മാര്‍ പീഡന മുറകള്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നു. ശാരീരിക പീഡനങ്ങളായിരുന്നു അടുത്ത നടപടി. അവരെന്നെ കസേരയില്‍ മുട്ടുകുത്തി ഇരുത്തിക്കും. കൈകള്‍ പിന്നിലേക്ക് കെട്ടിവക്കും. രാത്രകാലങ്ങളില്‍ കൈകാലുകള്‍ ബന്ധിച്ച് ഏണിയില്‍ കെട്ടിത്തൂക്കും. നഗ്നനാക്കി എയര്‍ കണ്ടീഷണറിനു മുന്നില്‍ നിര്‍ത്തും. നിരന്തര പീഡനങ്ങളുടെ ഫലമായി സമാറഃയെ രോഗങ്ങള്‍ പിടികൂടിയിരിക്കുന്നു.

ഒരിക്കലെന്നെ ഇടുങ്ങിയ ഒരു മുറിയിലേക്ക് തള്ളിവിട്ടു. എന്റെ മകന്‍ ബാസ്സില്‍ പോയി. സഹോദരന്‍ പോയി. മാതാവ് ഹലീമ പോയി എന്നൊക്കെ ചുമരുകളില്‍ എഴുതിവെച്ചിരുന്നു. കുറ്റസമ്മതം നടത്താത്ത തടവുകാര്‍ നേരിടുന്ന പീഡനങ്ങളിലൊന്നാണ് ഈ രീതി.

ജയിലുദ്യോഗസ്ഥന്‍ പെട്ടെന്ന് സെല്ലിന് പുറത്തേക്ക് പോകും. വിളക്കുകളണയും. കാല്‍പെരുമാറ്റങ്ങള്‍ എനിക്കുചുറ്റും അടുത്തടുത്ത് വരുന്നതായി ഞാനറിയും. അവ എന്റെ തൊട്ടടുത്തെത്തിക്കഴിഞ്ഞാല്‍ പിന്നീട് കൊടിയ മര്‍ദ്ദനമാണ്. ചെവിയില്‍ വായചേര്‍ത്ത് അവര്‍ അട്ടഹസിക്കും. ഓരോ തവണയും അരമണിക്കൂറോളം ഇതൊക്കെ തുടരും.

എഴുപത് ദിവസങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്കുശേഷം ഒരഭിഭാഷകന്‍ എന്നെ സമീപിച്ചു. സത്യത്തില്‍ അയാളൊരു ജയിലുദ്യോഗസ്ഥനായിരുന്നു. വിവിധ കുറ്റങ്ങള്‍ ഏറ്റുപറയാന്‍ വേണ്ടി എന്നെ പ്രേരിപ്പിക്കാന്‍ നോക്കുകയായിരുന്നു അയാള്‍. അല്‍-അഖ്‌സ ബ്രിഗേഡ്‌സ് എന്നറിയപ്പെടുന്ന ഫതാഹിന്റെ സായുധസേന സ്ഥാപിക്കാന്‍ ശ്രമം നടത്തി, ഇസ്രയേല്‍ പട്ടാളക്കാരെ വെടിവെച്ചു, അവരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നൊക്കെയുള്ള കുറ്റങ്ങളാരോപിച്ച് ഇസ്രയേല്‍ കോടതി സമാറഃക്കെതിരെ ശിക്ഷ വിധിച്ചു.

ഫലസ്തീനിയന്‍ അതോറിറ്റി എന്റെയും കൂടെയുള്ള മറ്റ് തടവുകാരുടെയും മോചനത്തിന് ശ്രമിക്കുമെന്നും, ആറുമാസങ്ങളിലധികമൊന്നും തടവുകാലം നീണ്ടുപോവുകയില്ലെന്നുമൊക്കെയായിരുന്നു എന്റെ ധാരണ. എനിക്ക് ശിക്ഷ വിധിച്ച അതേ സമയത്ത് തന്നെയായിരുന്നു വിവിധ കരാറുകള്‍ പ്രകാരം 23 തടവുകാര്‍ മോചിതരായത്.

ഇസ്രയേല്‍ പട്ടാളക്കാരെ കല്ലെറിഞ്ഞുവെന്ന കുറ്റത്തിന് 16 വയസ്സുള്ള സമാറഃയുടെ മൂത്ത മകന്‍ 2012 മാര്‍ച്ച് 23 ന്‍ അറസ്റ്റ് ചെയ്യപ്പെട്ടു.

എനിക്ക് അത്ഭുതമോ ദുഃഖമോ തോന്നിയില്ല. എന്റേതിന് സമാനമായ അനുഭവങ്ങള്‍ എന്റെ മക്കളും നേരിടേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. സ്‌നേഹപാശം മുറുകി കൂടുതല്‍ സങ്കടപ്പെടാനിടവരുമെന്ന് കരുതി കുറേ നാളുകള്‍ ഞാനവനെ സന്ദര്‍ശിക്കാതിരുന്നു. പിതാവിന്റെ ജയില്‍ ശിക്ഷകളുടെ ചരിത്രം ആധാരമാക്കി അവര്‍ എന്റെ മകന് 15 മാസത്തെ തടവുശിക്ഷ വിധിച്ചു.

അനാം ഹാമിദ്, 55 വയസ്സ്, വെസ്റ്റ്ബാങ്കിലെ സില്‍വാദ് നിവാസി:
രണ്ട് വര്‍ഷം മുമ്പ് തടവിലകപ്പെട്ട തന്റെ മകന്‍ അബ്ദുല്ലയുടെ ചിത്രങ്ങള്‍ മറിച്ചുനോക്കിക്കൊണ്ട് റാമല്ലയുടെ പടിഞ്ഞാറ് ഭാഗത്തുള്ള സില്‍വാദ് ടൗണിലെ വീട്ടിലെ ബാല്‍ക്കണിയില്‍ ഇരിക്കുകയാണ് അനാം ഹാമിദ്. 26 വയസ്സാണ് അവരുടെ മകന്‍ അബ്ദുല്ലയുടെ പ്രായം. ചെറുപ്പത്തില്‍ എന്റെ മകനെ കാണാന്‍ നല്ല ഭംഗിയായിരുന്നു. ഇപ്പോഴാകട്ടെ ഇവിടെയുള്ള ചെറുപ്പക്കാരില്‍ ഏറ്റവും സുന്ദരനായി അവന്‍ വളര്‍ന്നിരിക്കുന്നു. അനാം ഹാമിദ് പറയുകയാണ്.

Anaam Hamedതന്റെ മകന്‍ തിരികെയെത്തുമെന്ന ഒടുങ്ങാത്ത പ്രതീക്ഷയുമായി ദിവസങ്ങളെണ്ണി കാത്തിരിപ്പാണ് അനാം ഹാമിദ്. 2015 ല്‍, നാബുലസിലെ ഒരു കുടിയേറ്റ ഗ്രാമത്തില്‍ നടന്ന വെടിവെപ്പിന് ശിക്ഷയായി ഇസ്രയേല്‍ കോടതി ജീവപര്യന്തം തടവ് വിധിച്ചിരിക്കുകയാണ് അബ്ദുല്ലക്ക്. വെടിവെപ്പ് നടന്ന് ഒരു മാസം കഴിഞ്ഞപ്പോള്‍ പട്ടാളം അനാം ഹാമിദിന്റെ വീട്ടിലെത്തി. കൈകള്‍ പിന്നിലേക്ക് കെട്ടി തന്റെ മകനെ രണ്ടാം തവണയും പിടിച്ചുകൊണ്ട് പോകുന്നത് ആ മാതാവിന് കാണേണ്ടിവന്നു.

അഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് അവനെ പിടികൂടി 13 മാസങ്ങള്‍ ജയിലിലടച്ചിരുന്നു. രണ്ടാമത്തെ അറസ്റ്റ് കഴിഞ്ഞ് രണ്ട് മാസങ്ങളോളം അവനെ ചോദ്യം ചെയ്തു. വീട്ടില്‍ ഞാനവനെ കാത്തിരുന്നു. പക്ഷേ, ഇസ്രയേല്‍ കോടതി അവന് ജീവപര്യന്തം തടവാണ് വിധിച്ചത്.

മകന്റെ വിചാരണ സമയങ്ങളില്‍ കോടതിയിലെത്താന്‍ അവരെന്നെ അനുവദിച്ചില്ല. ശിക്ഷാവിധി വായിക്കുന്ന ദിവസം മാത്രമാണ് എനിക്കവനെ കാണാന്‍ കഴിഞ്ഞത്. എന്റെ മകനുമായി കണ്ടുമുട്ടിയ സമയത്ത് എന്റെ ദൗര്‍ബല്യവും ദുഃഖവും ഞാന്‍ പുറത്ത് കാട്ടിയില്ല. എന്റെ കണ്ണുനീരുകള്‍ ഞാന്‍ ഉള്ളിലൊതുക്കി. അവന്റെ മുമ്പില്‍ ഞാന്‍ ധീരയായി നിന്നു. അവന്റെ അവകാശങ്ങളും അവന്റെ സ്വാതന്ത്ര്യവും തിരികെ ലഭിക്കുമെന്ന് ഞാനവനോട് പറയുകയും ചെയ്തു.

പക്ഷേ, ശിക്ഷാവിധി കേട്ട ഞെട്ടലില്‍ നിന്ന് ഇന്നേവരെ ഞാന്‍ മുക്തിനേടിയിട്ടില്ല. ദീര്‍ഘകാലം എന്റെ മകനെ എന്നില്‍നിന്നും അറുത്തുമാറ്റുന്ന ഈ ശിക്ഷാവിധി ഇപ്പോഴും എനിക്കുള്‍ക്കാനാവുന്നില്ല. അബ്ദുള്ള മോചിതനാവുമെന്നും വീട്ടിലേക്ക് തിരിച്ചെത്തുമെന്നുമുള്ള പ്രതീക്ഷ ഒരു നിമിഷം പോലും എന്നെവിട്ടകലുന്നില്ല.

അബ്ദുള്ളക്ക് അഞ്ച് വയസ്സുള്ളപ്പോള്‍ അവന്റെ പിതാവ് മരണപ്പെട്ടു. അതിനു ശേഷം ഞാന്‍ തനിയെ അവനെ വളര്‍ത്തിക്കൊണ്ടുവന്നു. അവന്റെ മാതാവ് മാത്രമല്ല, പിതാവും ഞാന്‍ തന്നെയായിരുന്നു. നല്ല സ്വഭാവമുള്ള ഒത്ത ഒരു ചെറുപ്പക്കാരനായി അവന്‍ വളര്‍ന്നു. അവനെ കണ്ടാല്‍ ആര്‍ക്കും ഇഷ്ടമാകും. ജയിലില്‍ അവന്റെ കൂടെയുണ്ടായിരുന്ന ആരെങ്കിലും മോചിതരായാല്‍ ഞാനുമായി ബന്ധപ്പെടും. അവന്റെ സ്വഭാവ ഗുണങ്ങള്‍ എടുത്തു പറഞ്ഞ് എന്നെ അഭിനന്ദിക്കും.

അബ്ദുള്ള ജയിലിലകപ്പെട്ട് ഇപ്പോള്‍ രണ്ട് വര്‍ഷങ്ങളാവുന്നു. ഇതിനിടയില്‍ മുന്ന് തവണ മാത്രമാണ് അനാം ഹാമിദിന് തന്റെ മകനെ കാണാനൊത്തത്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഓരോ തവണയും പെര്‍മിറ്റിനുള്ള അപേക്ഷ തള്ളുകായിരുന്നു. പെര്‍മിറ്റ് കിട്ടിയാലും അബ്ദുള്ളയെ കാണാനാവുമെന്ന് ഉറപ്പൊന്നുമില്ല. മിക്ക സമയങ്ങളിലും പോകുന്ന വഴിയെ ചെക്‌പോസ്റ്റുകളില്‍ അവരെന്നെ തടയും. അല്ലെങ്കില്‍ ജയിലിലെത്തിയതിനു ശേഷമാകും അറിയുക, അവനെ മറ്റേതോ ജയിലിലേക്ക് മാറ്റിയിരിക്കയാണെന്ന്.

ജയിലിലെത്തി അവനെ കാണാന്‍ സാധിച്ചാല്‍ ഭാഗ്യം. അവനു മുമ്പില്‍ കുറേനേരം വെറുതേ ഇരിക്കാം. രണ്ടുപേര്‍ക്കുമിടയില്‍ ഒരു സ്ഫടിക മറയുണ്ടാവും. അങ്ങോട്ടുമിങ്ങോട്ടും നോക്കിയിരിക്കാമെന്നല്ലാതെ ഒന്നും സംസാരിക്കാനൊന്നും സാധ്യമല്ല. അവനെ കാണാന്‍ പോകുന്ന വഴിയെ അവനോട് സംസാരിക്കേണ്ട കാര്യങ്ങള്‍ ഒന്നൊന്നായി ഞാനെന്റെ മനസ്സില്‍ ഓര്‍ത്ത്‌വെക്കും. പക്ഷേ, അവനെ കണ്ടുമുട്ടുമ്പോള്‍ എനിക്കൊന്നും ഓര്‍മ്മയുണ്ടാവില്ല. സന്തോഷത്താല്‍ മനം നിറഞ്ഞ് വീര്‍പ്പുമുട്ടി ഞാനങ്ങനെ ഇരിക്കും.

അവലംബം: അല്‍ ജസീറ

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics