സ്വാതന്ത്ര്യസമരത്തില്‍ മലപ്പുറത്തുകാരന്‍ പകുത്തു നല്‍കിയത് സ്വന്തം കരള്‍

വിപ്ലവത്തിന് വിപ്ലവം പഠിപ്പിച്ച മണ്ണാണ് മലപ്പുറത്തിന്റേത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വ കിങ്കരന്‍മാരുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പാന്‍ അസാമാന്യമായ തന്റേടം കാട്ടിയ ചുണക്കുട്ടികള്‍ ജീവിച്ച മണ്ണ്. അതിനും മുമ്പ് പോര്‍ച്ചുഗീസ് മനുഷ്യപ്പിശാചുകള്‍ക്കു മുമ്പില്‍ തല കുനിക്കാതിരുന്ന മണ്ണ്. മലപ്പുറത്തിന്റെ ഓരോ ഇഞ്ച് ഭൂമിക്കും പള്ളിയുടെ പിന്നാമ്പുറങ്ങളില്‍ അന്തിയുറങ്ങുന്ന ഓരോ രക്തസാക്ഷിക്കും ചെറുത്തു നില്‍പിന്റെ ഒരായിരം വീരഗാഥകള്‍ ആലപിക്കാനുണ്ട്.

കാതോര്‍ത്താല്‍, പോര്‍ത്തുഗീസുകാരെ പിടിച്ചുകെട്ടിയ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം മാരുടെ കുതിരക്കുളമ്പടികള്‍ കേള്‍ക്കാം. പിന്നെ, കാലില്‍ ചിറകുമായി കൊടുങ്കാറ്റു പോലെ കടന്നു പോയ മമ്പുറം സയ്യിദ് അലവി തങ്ങള്‍. അറസ്റ്റു ചെയ്യാന്‍ ബ്രിട്ടീഷ് സൈനിക മേധാവി പോലും ഭയപ്പെട്ട ഫസല്‍ പൂക്കോയ തങ്ങള്‍. നികുതി നിഷേധത്തിന്റെ ആചാര്യന്‍ ഉമര്‍ ഖാദി. പിന്നെ, മതം പഠിപ്പിച്ച ആദര്‍ശപ്പോരാട്ടത്തിന്റെ ഉജ്ജ്വല മാതൃക ആലി മുസ്‌ല്യാര്‍. സുഭാഷ് ചന്ദ്ര ബോസിനൊപ്പം എണ്ണപ്പെടേണ്ട ധീരാത്മാവ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.

വമ്പന്‍ സൈനിക സന്നാഹങ്ങളുമായി യുദ്ധത്തിനിറങ്ങിയ വെള്ളക്കാരന്റെ കുടില ബുദ്ധിക്ക് പട്ടട തീര്‍ത്ത പൂക്കോട്ടൂരും തിരൂരങ്ങാടിയും മൊറയൂരും പാണ്ടിക്കാടും. നൂറോളം സ്വാതന്ത്ര്യ സമരപ്പോരാളികളെ അതിക്രൂരമായി കൊന്നൊടുക്കിയ വാഗണ്‍ട്രാജഡിയെന്ന കൊടുംഭീകരത. ഒട്ടനവധി ചരിത്ര ഗ്രന്ഥങ്ങളിലായി പരന്നു കിടക്കുന്ന മലപ്പുറം സമര പോരാട്ടങ്ങളുടെ അകം കാണാന്‍ പ്രൊ: എം.പി.എസ് മേനോന്‍ രചിച്ച 'മലബാര്‍ സമര'ത്തില്‍ നിന്നുള്ള ഒറ്റ വരി മാത്രം ഉദ്ധരിക്കട്ടെ.

'അനേകായിരം പേര്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ പൊരുതി മരിച്ചു. ആയിരക്കണക്കിനാളുകളെ നാടുകടത്തി. അറുപതിനായിരത്തില്‍ പരം പേരെ അറസ്റ്റ് ചെയ്തു ശിക്ഷിച്ചു.'

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus