ഫലസ്തീന്‍; പരിഹാര ശ്രമങ്ങള്‍ പാളുന്നതെവിടെ?

ഫലസ്തീന്‍; ഒരു കൊളോണിയല്‍ അധിനിവേശം 24

ഫലസ്തീന്‍; ഒരു കൊളോണിയല്‍ അധിനിവേശം 24

യൂറോപ്യന്‍ കൊളോണിയലിസവും സാമ്രാജ്യത്വവുമായുള്ള സിയോണിസത്തിന്റെ കൂട്ട്‌കെട്ട് യഥാര്‍ത്ഥത്തില്‍ ഫലസ്തീനി മേല്‍ ജ്ഞാനശാസ്ത്രപരമായി പിടിമുറുക്കാനുള്ള ഇസ്രയേലിന്റെ നീക്കമായിരുന്നു. എന്നാല്‍ ധാര്‍മ്മികവും നൈതികവുമായ മൂല്യങ്ങള്‍ ഉപേക്ഷിച്ച് കൊണ്ടാണ് അവരത് സാധ്യമാക്കിയത് എന്നുമാത്രം. കാരണം, സയണിസത്തിന്റെയും ഇസ്രയേലിന്റെയും താല്‍പര്യങ്ങള്‍ മാത്രമല്ല ഇവിടെ സംരക്ഷിക്കപ്പെടുന്നത്. മറിച്ച് അറബ് മേഖലയില്‍ എണ്ണക്ക് വേണ്ടി പിടിമുറുക്കാന്‍ കാലങ്ങളായി ശ്രമിച്ച് കൊണ്ടിരിക്കുന്ന പാശ്ചാത്യ ശക്തികളുടെ താല്‍പര്യങ്ങള്‍ കൂടിയാണ്. സങ്കീര്‍ണ്ണമായ ഈ രാഷ്ട്രീയ സാഹചര്യത്തില്‍ നിന്ന് കൊണ്ട് നമുക്കെങ്ങനെയാണ് ആറ് മില്യനോളം വരുന്ന ഒരു ജനതയുടെ സമാധാനത്തെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചും സംസാരിക്കാന്‍ കഴിയുക? അതിന് ഭൂമിശാസ്ത്രപരമായ പരിഗണനകള്‍ക്കപ്പുറം ജ്ഞാനശാസ്ത്രവുമായി ബന്ധപ്പെട്ട വേറെയും ചില മൗലികമായ കാര്യങ്ങള്‍ മുഖവിലക്കെടുക്കേണ്ടതുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഈ കൊളോണിയല്‍ പദ്ധതിയുടെ പ്രധാന സൂത്രധാരന്‍ സയണിസമാണെന്ന കാര്യം തീര്‍ച്ചയാണ്. അതേസമയം, ഈ കെണിയില്‍ നിന്ന് പുറത്ത് കടക്കാനുള്ള വഴിയെന്താണ്? ഒരു ഫലസ്തീനി എന്ന നിലയിലും കാലങ്ങളായി ഇസ്രയേല്‍ ചെയ്ത് കൊണ്ടിരിക്കുന്ന അനീതികള്‍ അനുഭവിക്കുന്ന ഒരാളെന്ന നിലയിലും ഞാന്‍ മുന്നോട്ട് വെക്കുന്നത് വളരെ ലളിതമായ, അഹിംസയെയും പരസ്പര സഹവര്‍ത്വിത്തത്തെയും മുന്‍നിര്‍ത്തിയുള്ള, ഉദാരമായ പരിഹാര നിര്‍ദേശങ്ങളല്ല. സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളാകേണ്ടി വരികയും യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ മുമ്പില്‍ സഹായത്തിനായി യാചിക്കേണ്ടി വരികയും ചെയ്യുക എന്നത് അത്ര സുഖകരമായ സംഗതിയൊന്നുമല്ല. ജീവിതത്തില്‍ എല്ലാവിധ സുഖങ്ങളും സന്തോഷങ്ങളും അനുഭവിക്കുന്നവര്‍ അവരോട് അഹിംസയെക്കുറിച്ചും സമാധാനത്തെക്കുറിച്ചുമൊക്കെ ഉപദേശിക്കുക എന്നത് തന്നെ പ്രശ്‌നകരമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഫലസ്തീനികളുടെ മുമ്പില്‍ സയയണിസം എന്ന ഒറ്റ ശത്രു മാത്രമേ ഉളളൂ. അതിനെ ചെറുക്കാന്‍ അവര്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ച് ഉപദേശിക്കാന്‍ നമുക്കധികാരമില്ല.

ഫലസ്തീന്‍ - ഇസ്രയേല്‍ സംഘര്‍ഷം പരിഹരിക്കാന്‍ വേണ്ടി ലോകരാഷ്ട്രങ്ങള്‍ മുന്നോട്ട് വെച്ചിട്ടുള്ള പരിഹാര നിര്‍ദേശങ്ങളെ നാം പരിശോധിക്കേണ്ടതുണ്ട്. എല്ലാ പരിഹാര നിര്‍ദേശങ്ങള്‍ക്കും പൊതുവായി ഒരു സ്വഭാവമാണുള്ളത്: സമാധാനം. അതേ സമയം സമാധാനത്തെക്കുറിച്ച നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കപ്പെടുന്നതെല്ലാം തന്നെ നിലനില്‍ക്കുന്ന അധികാരത്തെയും അധീശത്വത്തെയും ചോദ്യം ചെയ്ത് കൊണ്ടല്ല. മറിച്ച് അവക്ക് യാതൊരു വിധത്തിലുമുള്ള പോറലുമേല്‍പ്പിക്കാതെയാണ്. അങ്ങനെയാണ് ദ്വിരാഷ്ട്രം പോലെയുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കപ്പെടുന്നത്. അഥവാ, കൊളോണിയല്‍ അധിനിവേശത്തെയും അതിന്റെ താല്‍പര്യങ്ങളെയും അങ്ങനെ തന്നെ നിലനിര്‍ത്തിക്കൊണ്ടാണ് സമാധാനത്തെക്കുറിച്ച സംസാരങ്ങളുണ്ടാകുന്നത്. അവക്കൊന്നും തന്നെ ഇത് വരെ ഫലസ്തീനികളുടെ അവകാശങ്ങളെക്കുറിച്ചോ നീതിയെക്കുറിച്ചോ ആശങ്കപ്പെടാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല, ഓരോ സമാധാന ഉടമ്പടികള്‍ക്ക് ശേഷവും ഇസ്രയേല്‍ തങ്ങളുടൈ അതിര്‍ത്തി കൂടുതല്‍ വികസിപ്പിക്കുകയാണുണ്ടായത്. അത്‌കൊണ്ടാണ് ഫലസ്തീനിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ സമാധാന ഉടമ്പടികളെ എതിര്‍ക്കുന്നത്.

ലോകത്തുടനീളമുള്ള ഫലസ്തീനികളും ജൂതരും യഥാര്‍ത്ഥത്തില്‍ പൊതുവായ ചില സാമ്യതകള്‍ പങ്കിടുന്നുണ്ട്. കാരണം രണ്ട് സമൂഹങ്ങളും തങ്ങളുടെ ജന്‍മനാട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടവരും ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിട്ടവരുമാണ്. ഈ വസ്തുതയെക്കുറിച്ച് നല്ല ബോധ്യമുള്ളത് കൊണ്ടാണ് ഇപ്പോഴും ചില ജൂത ആക്ടിവിസ്റ്റുകള്‍ ഫലസ്തീനികളുടെ കൂടെ നിന്ന് പോരാടുന്നത്. സയണിസ്റ്റുകളുടെ ഭീഷണി വകവെക്കാതെയാണ് അവര്‍ തങ്ങളുടെ പോരാട്ടത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഹോളോകോസ്റ്റിന് തങ്ങളെ വിധേയമാക്കിയവര്‍ തന്നൈയാണ് അതിന് നഷ്ടപരിഹാരം നല്‍കേണ്ടത്. അഥവാ, ജര്‍മ്മനിയാണ് ജൂതരുടെ കൂട്ടക്കശാപ്പിന് ഉത്തരവാദിയെങ്കില്‍ ജര്‍മ്മനിയോ യൂറോപ്യന്‍ രാഷ്ട്രങ്ങളോ ആണ് അതിന് മറുപടി പറയേണ്ടത് എന്നാണ് അവര്‍ വാദിക്കുന്നത്. മാത്രമല്ല, ഇസ്രയേലിന്റെ നിലനില്‍പ്പിനെ അവര്‍ അംഗീകരിക്കുന്നുമില്ല. കൂടാതെ പ്രകടമായ അര്‍ത്ഥത്തില്‍ തന്നെ അവര്‍ ഫലസ്തീനിലെ ചെറുത്ത്‌നില്‍പ്പ് പ്രസ്ഥാനങ്ങളോടൊപ്പം ചേര്‍ന്ന് ഇസ്രയേലിനെതിരെ പോരാടുന്നുമുണ്ട്. സയണിസത്തെയും ജൂതരെയും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ വേണ്ടിയാണ് ഞാനിത് സൂചിപ്പിക്കുന്നത്.

ആധുനിക ദേശരാഷ്ട്രം എന്നത് ഒരു പോസ്റ്റ്-കൊളോണിയല്‍ പരീക്ഷണമാണ്. അതിനാല്‍ തന്നെ ദേശരാഷ്ട്രത്തിന്റെ ഭാവനക്കനുസൃതമായല്ല ജൂതരും അറബികളും ക്രിസ്ത്യാനികളും ഒരുമിച്ച് ജീവിക്കുന്ന ഒരു സാമൂഹ്യാന്തരീക്ഷത്തെ നാം സ്വപ്‌നം കാണേണ്ടത്. മറിച്ച് ദേശരാഷ്ട്രത്തിന്റെ അനീതിയിലും അസമത്വത്തിലും ഊന്നിനില്‍ക്കുന്ന രാഷ്ട്രഭാവനകളെ വെല്ലുവിളിച്ച് കൊണ്ട് ഒരു അപകോളനീകരണ ചട്ടക്കൂടാണ് നാം നിര്‍മ്മിക്കേണ്ടത്. കാരണം അപ്പോള്‍ മാത്രമേ കോളനീകരണത്തെ ജ്ഞാനശാസ്ത്രപരമായി തന്നെ വെല്ലുവിളിക്കാന്‍ നമുക്ക് കഴിയുകയുള്ളൂ. അല്ലാത്ത പക്ഷം കോളനീകരണം സൃഷ്ടിക്കുന്ന അധികാരഘടനകളെ പരിക്കേല്‍പ്പിക്കാന്‍ നമുക്കൊരിക്കലും സാധ്യമാവുകയില്ല. അതുകൊണ്ടാണ് ഫലസ്തീന്‍ പ്രശ്‌നത്തെ പരിഹരിക്കാന്‍ ഇന്നോളം ആര്‍ക്കും സാധ്യമാകാത്തത്. ഞാന്‍ മുന്നോട്ട് വെക്കുന്ന അപകോളനീകരണം എന്ന ആശയത്തിന് ഫലസ്തീന്‍ പ്രശ്‌നത്തെ കൃത്യമായി അഭിമുഖീകരിക്കാന്‍ കഴിയും എന്നെനിക്ക് വിശ്വാസമുണ്ട്. കാരണം, ജ്ഞാനശാസ്ത്രപരമായി അധികാരത്തെയും അധീശത്വത്തെയും നേരിടുന്നതിനെക്കുറിച്ചാണ് അപകോളനീകരണ വായനയിലൂടെ ഞാന്‍ ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്തത്. (അവസാനിച്ചു)

വിവ: സഅദ് സല്‍മി

കോളോണിയല്‍ ലെന്‍സിലൂടെയല്ല ഫലസ്തീനെ വായിക്കേണ്ടത്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics