നിങ്ങളുടെ പാത പ്രയാസമേറിയതാണോ?

ഗുഹാവാസികളുടെ (അസ്ഹാബുല്‍ കഹ്ഫ്) കഥ ഞാന്‍ വായിക്കുമ്പോഴെല്ലാം ഈ കഥയിലൂടെ അല്ലാഹു നമുക്ക് കാണിച്ച് തരുന്ന നിരവധി അത്ഭുതകരമായ ദൃഷ്ടാന്തങ്ങളാല്‍ എന്റെ കണ്ണുകള്‍ നിറയാറുണ്ട്. ആ ദൃഷ്ടാന്തങ്ങളാല്‍ ഒരുപക്ഷെ നമ്മുടെ ഹൃദയങ്ങള്‍ക്ക് വിശ്വാസത്തിന്റെ പ്രകാശം ലഭിച്ചേക്കാം. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തെയും അവനുളള കീഴ്‌പ്പെടലിനെയും കുറിച്ച കഥയയാണിത്. വിശുദ്ധ ഖുര്‍ആനിലെ മറ്റ് പല കഥകള്‍ക്കും സമാനമാണിത്. പല എഴുത്തുകാരും ഗവേഷകരും ഈ കഥ പല തവണ പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. സൂറഃ അല്‍കഹ്ഫ് പാരായണം ചെയ്യുന്ന ഏതൊരാളെ സംബന്ധിച്ചിടത്തോളവും അതിന്റെ സൗന്ദര്യവും അപാരതയും ഇപ്പോഴും ആനന്ദ കിരണങ്ങള്‍ തന്നെയാണ്.

വിഗ്രഹാരാധനയും ബഹുദൈവാരാധനയും സജീവമായിരുന്ന ഒരു നഗരത്തില്‍ ജീവിച്ചിരുന്ന കുറച്ച് ചെറുപ്പക്കാരെ കുറിച്ച കഥയാണിത്. തങ്ങളുടെ നാട്ടില്‍ നിലനിന്നിരുന്ന ബഹുദൈവാരാധനയെ ചെറുത്തുകൊണ്ടും ജനങ്ങളുടെ സമ്മര്‍ദ്ദത്തെ അതിജീവിച്ച് കൊണ്ടും അല്ലാഹുവല്ലാതെ വേറൊരു ശക്തിയെയും ആരാധിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ജനങ്ങളുടെ മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെട്ട് അവര്‍ ഒരു ഗുഹയില്‍ അഭയം പ്രാപിക്കുകയും വര്‍ഷങ്ങളോളം അല്ലാഹു അവരെ ഉറക്കുകയും ചെയ്തു.

ഏകദൈവവിശ്വാസികളായ ഈ ചെറുപ്പക്കാരുടെ കഥ വളരെ വിശദമായി ഖുര്‍ആനില്‍ വിവരിച്ചിട്ടുണ്ട്. ചൊവ്വായ പാതക്കെതിരെയുള്ള ജനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും അവരുടെ അവിശ്വാസത്തിനെതിരെയും ഈ ചെറുപ്പക്കാര്‍ ശക്തമായി നിലകൊള്ളുകയും കലാപം തീര്‍ക്കുകയുമുണ്ടായി.

അല്ലാഹുവല്ലാത്ത വേറൊരു ശക്തിക്കും കീഴ്‌പ്പെടില്ല എന്നവര്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ അവരുടെ മനസ്സ് മാറ്റാന്‍ യാതൊന്നിനും കഴിയില്ല എന്നത് വ്യക്തമായിരുന്നു. കാരണം അവരാദ്യമേ തന്നെ അവരുടെ വഴി തെരെഞ്ഞെടുത്തിരുന്നു: അല്ലാഹുവിനുള്ള സമ്പൂര്‍ണ്ണമായ കീഴ്‌പ്പെടലായിരുന്നു അത്. അവന്റെ ശക്തിയിലുള്ള പരിപൂര്‍ണ്ണമായ വിശ്വാസത്തോടെ അവര്‍ പ്രാര്‍ത്ഥിച്ചു: 'നാഥാ, ഞങ്ങളില്‍ നിന്റെ പ്രത്യേക കാരുണ്യം അരുളേണമേ! ഞങ്ങളുടെ കാര്യങ്ങള്‍ നേരെ നയിക്കാന്‍ സൗകര്യം ചെയ്ത് തരേണമേ (അല്‍കഹ്ഫ്:11)

ഈ കഥയില്‍ നിന്നും ഒരാള്‍ പഠിക്കേണ്ട ആദ്യത്തെ സന്ദേശമിതാണ്. ഒരു പുതുമുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ ഏകത്വം പ്രഖ്യാപിക്കാനുള്ള (ശഹാദ) പടിയാണിത്. മുസ്‌ലിം മാതാപിതാക്കളുടെ മക്കളായി ജനിച്ചതിലൂടെ ഈ സമുദായത്തിന്റെ ഭാഗമായ ഒരാളെ സംബന്ധിച്ചിടത്തോളമാകട്ടെ, തന്റെ വിശ്വാസത്തെ പുതുക്കാനുള്ളതാണ് ഈ കഥ. ആ ഉദ്ദേശത്തെ ശക്തിപ്പെടുത്തുക എന്നതും ഹൃദയത്തില്‍ ഉറപ്പിക്കുക എന്നതും അടുത്ത പടിയാണ്.

ബൈബിളില്‍ ഏഴ് ഉറക്കക്കാര്‍ എന്നറിയപ്പെട്ട ഗുഹാവാസികളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ഭൂമിയില്‍ നിന്ന് രാജാവ് ആട്ടിയോടിക്കും എന്നറിഞ്ഞിട്ടും അവരുടെ ആത്മവിശ്വാസം കുറയുകയോ വിശ്വാസം ദുര്‍ബലപ്പെടുകയോ ചെയ്തില്ല. മറിച്ച്, അവര്‍ തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ചെയ്തത്: 'നാം അവരുടെ മനസ്സുകളെ നിശ്ചയദാര്‍ഢ്യമുള്ളതാക്കി; 'ആകാശഭൂമികളുടെ റബ്ബ് മാത്രമാകുന്നു ഞങ്ങളുടെ റബ്ബ്, അവനെ വെടിഞ്ഞ് മറ്റാരെയും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയില്ല, ഇവ്വിധം ചെയ്യുകയാണെങ്കില്‍ ഞങ്ങള്‍ തികഞ്ഞ അക്രമം ചെയ്തവരാകും എന്ന് അവര്‍ എഴുന്നേറ്റ് നിന്ന് പ്രഖ്യാപിച്ചപ്പോള്‍.''(അല്‍കഹ്ഫ്: 14)

ഈ കഥയില്‍ നിന്നും സ്വീകരിക്കേണ്ട മറ്റൊരു സന്ദേശമാണിത്: നിങ്ങളുടെ സൃഷ്ടാവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നന്‍മയുള്ള ഏത് പ്രവൃത്തി ചെയ്യാന്‍ നിങ്ങള്‍ ഒരുങ്ങിയാലും പിന്നെ തിരിഞ്ഞ് നോക്കരുത്.എന്നാല്‍ നിങ്ങളുടെ ലക്ഷ്യങ്ങളെ തടയുന്ന ഒരുപാട് പ്രലോഭനങ്ങളും ഭൗതികമായ ആലങ്കാരികതകളും നിങ്ങളുടെ മുമ്പില്‍ വന്നേക്കാം. എന്നാല്‍ അവക്കൊന്നും നിങ്ങള്‍ കീഴ്‌പ്പെടരുത്. മക്കയിലെ ബഹുദൈവാരാധകര്‍ക്കെതിരായ പോരാട്ടത്തിന്റെ സന്ദര്‍ഭത്തില്‍ ബിലാലും(റ) പ്രവാചകന്റെ മറ്റ് അനുയായികളും ഈ കഥയിലെ യുവാക്കളും നേരിട്ട പോലെയുള്ള വധഭീഷണിയും നിങ്ങള്‍ നേരിട്ടേക്കാം. അപ്പോഴൊക്കെയും നിശ്ചയദാര്‍ഢ്യത്തോടെ പിടിച്ച് നില്‍ക്കുക.

ഒരുപക്ഷെ, നിങ്ങള്‍ക്കാകെയുളള രക്ഷാഗേഹം ഒരു ഗുഹയായിരിക്കാം. അതെ, നിങ്ങളുടെ ഗുഹ. എന്നാല്‍ അതിലേക്കുള്ള പ്രവേശനത്തിന്റെ കാര്യത്തില്‍ ഒരു തീര്‍ച്ചയുമില്ല. എന്നാല്‍ പ്രതീക്ഷയുടെ ഒരു ചെറിയ കിരണമെങ്കിലും മോക്ഷത്തിന്റെ വാതില്‍ തുറക്കാനുള്ള താക്കോല്‍ നിങ്ങള്‍ക്ക് നല്‍കിയേക്കാം. അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെയും കാരുണ്യത്തിന്റെയും ഗേഹത്തിലേക്കാണ് നിങ്ങളതിലൂടെ പ്രവേശിപ്പിക്കപ്പെടുന്നത്.

വിവ: സഅദ് സല്‍മി

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics