ഫെമിനിസവും ഖുര്‍ആന്‍ വ്യാഖ്യാനശാസ്ത്രവും

'ഇസ്‌ലാമിക ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ പാശ്ചാത്യ വ്യാഖ്യാനശാസ്ത്ര രീതിശാസ്ത്രത്തെ ഉപയോഗിച്ച് കൊണ്ട് വിശുദ്ധ ഖുര്‍ആനെയും ഇസ്‌ലാമിക മതഗ്രന്ഥങ്ങളെയും വായിക്കാന്‍ ശ്രമിക്കുകയാണ്. ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ തത്വങ്ങളെയോ നമ്മുടെ അറബ്-ഇസ്‌ലാമിക പാരമ്പര്യത്തിലുള്ള വ്യാഖ്യാന നിയമങ്ങളെയോ അവര്‍ പരിഗണിക്കുന്നില്ല. ഈ പ്രതിഭാസത്തിന്റെ അപകടങ്ങള്‍ ഒരുപക്ഷെ ഇന്ന് നമുക്ക് കാണാന്‍ സാധിച്ചെന്ന് വരില്ല. എന്നാല്‍ നമ്മുടെ ഭാവി തലമുറക്ക് ശ്വസിക്കാന്‍ ശുദ്ധ വായു കിട്ടാതിരിക്കുന്നിടത്തോളം ഈ പ്രസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്ന ഉപോല്‍പ്പന്നങ്ങള്‍ നമ്മുടെ സാംസ്‌കാരിക അന്തരീക്ഷത്തെ മലിനമാക്കിക്കൊണ്ടിരിക്കും. അതിനാല്‍ ഈ ഇസ്‌ലാമിക ഫെമിനിസ്റ്റുകളെ അവരുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും വിശാലതയിലേക്കും നിലനില്‍പ്പിന്റെ യാഥാര്‍ത്ഥ്യത്തിലേക്കും ഉല്‍ഭവത്തിലേക്കും തിരിച്ച് കൊണ്ടുവരേണമേ എന്ന് ഞാന്‍ അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയാണ്. - ഹസന്‍ മഹ്മൂദ് അബ്ദുല്ലത്തീഫ് അശ്ശാഫി (The Movement for Feminist intrpretation of the Quran and religion and its threat to the Arabic Language and Tradition)

ഖുര്‍ആനിന്റെ ഫെമിനിസ്റ്റ് വ്യാഖ്യാന പാരമ്പര്യത്തിന്റെ വളര്‍ച്ചയെക്കുറിച്ച ഒരു പുസ്തകം ആ പാരമ്പര്യത്തെ തള്ളിക്കളയുന്ന പ്രസ്താവനയോടു കൂടി തുടങ്ങുക എന്നത് വിചിത്രമാണ്. അതേസമയം ഖുര്‍ആനിന്റെ ഫെമിനിസ്റ്റ് വ്യാഖ്യാനങ്ങള്‍ തളളിക്കളയാന്‍ സാധ്യമല്ലാത്ത വിധം ഒരു പ്രസ്ഥാനമായി വളര്‍ന്നു എന്ന യാഥാര്‍ത്ഥ്യത്തെയും മുകളിലത്തെ പ്രസ്താവന വിളിച്ചോതുന്നുണ്ട്. അഥവാ, എതിരാളികളുടെ ഇടയില്‍ പോലും അവഗണിക്കാന്‍ കഴിയാത്ത ഒരു പ്രസ്ഥാനമായി ഫെമിനിസ്റ്റ് വ്യാഖ്യാനങ്ങള്‍ വികസിക്കപ്പെട്ടു എന്നാണ് കെയ്‌റോ യൂണിവേഴ്‌സിറ്റിയിലെ ഒരു ഖുര്‍ആന്‍ പണ്ഡിതന്റെ മുകളില്‍ കൊടുത്ത പ്രസ്താവന തെളിയിക്കുന്നത്. ഖുര്‍ആന്റെ ഫെമിനിസ്റ്റ് വ്യാഖ്യാനങ്ങളെ ഒരു പ്രസ്ഥാനമായും പ്രതിഭാസമായുമാണ് അശ്ശാഫി ഇവിടെ വിലയിരുത്തുന്നത്. അതിനാല്‍ തന്നെ ചില സ്ത്രീകളുടെ പണ്ഡിതോചിതമല്ലാത്ത ചിതറിയ ചില ചിന്തകള്‍ മാത്രമല്ല ഫെമിനിസ്റ്റ് വ്യാഖ്യാനങ്ങളെന്നും അതിനപ്പുറത്തേക്ക് അത് വളര്‍ന്നുവെന്നും ധാരാളം മുസ്‌ലിംകള്‍ ഗൗരവത്തോടെ അവയെ സമീപിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നുമുള്ള വസ്തുത അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ പ്രകടമാണ്.

മുസ്‌ലിം ഫെമിനിസ്റ്റ് പണ്ഡിതകളുടെ വാദങ്ങളെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ പോലും ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ നിഷേധിക്കാനാവാത്ത ഒരു ശക്തിയായി വളര്‍ന്നിട്ടുണ്ട് എന്ന അശ്ശാഫിയുടെ വീക്ഷണത്തെ അംഗീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മാത്രമല്ല, ഫെമിനിസ്റ്റ് 'ഭീഷണിയെ' കുറിച്ച അദ്ദേഹത്തിന്റെ മുന്നറിയിപ്പ് ഫെമിനിസ്റ്റ് വ്യാഖ്യാനത്തിലടങ്ങിയിരിക്കുന്ന അപകടങ്ങള്‍ എത്രത്തോളം വലുതാണ് എന്നതിലേക്കുള്ള സൂചനയാണ്. അതേ സമയം ഈ അപകടം കേവലമായ ഒരു പ്രതീകം മാത്രമല്ല. ഫെമിനിസ്റ്റ് വ്യാഖ്യാനങ്ങളാകട്ടെ, പലപ്പോഴും നാഗരികമായ പ്രാധാന്യമാണ് ഇസ്‌ലാമിനെക്കുറിച്ച വ്യവഹാരങ്ങള്‍ക്ക് നല്‍കാറ്. മുസ്‌ലിം ലോകത്തെ യൂറോപ്യന്‍ കൊളോണിയല്‍ ഭരണം മുതല്‍ ആരംഭിച്ച മുസ്‌ലിം സ്ത്രീകളുടെ പേരിലുള്ള യുദ്ധങ്ങള്‍ അവരെ പലപ്പോഴും പണയവസ്തുവായാണ് കണക്കാക്കിയിട്ടുള്ളത്. 'സംസ്‌കാര'ത്തിന്റെയും ആധുനിക 'പുരോഗതി' യുടെയും പേരിലുള്ള മല്‍സരമായിരുന്നു അന്ന് മുസ്‌ലിംകളും പടിഞ്ഞാറും തമ്മില്‍ നിലനിന്നിരുന്നത്.

മുസ്‌ലിം നാടുകളെ കീഴടക്കുന്നതിനെ യൂറോപ്പ് നാഗരിക ദൗത്യം എന്നാണ് വിശേഷിപ്പിക്കുന്നത്. അഥവാ, മുസ്‌ലിം പുരുഷന്‍മാരില്‍ നിന്ന് മുസ്‌ലിം സ്ത്രീകളെ രക്ഷിച്ചെടുക്കാനുള്ള ദൗത്യമാണിത്. അതേസമയം മുസ്‌ലിം സംസ്‌കാരങ്ങളുടെ മേലുള്ള  ഈ യൂറോ-അമേരിക്കന്‍ അതിക്രമങ്ങള്‍ക്കെതിരായ മുസ്‌ലിംകളുടെ പ്രതിരോധം സവിശേഷമാണ്. മുസ്‌ലിം സ്ത്രീകളുടെ യൂറോപ്യന്‍ പ്രതിനിധാനത്തെ പ്രതിരോധിച്ച് കൊണ്ട് ഉന്നതമായ ഇസ്‌ലാമിക മൂല്യങ്ങളെ സംരക്ഷി്ക്കുന്നവരായും സാംസ്‌കാരിക സംരക്ഷകരായും മുസ്‌ലിം സ്ത്രീകളെ അവര്‍ വാഴ്ത്തുകയുണ്ടായി. മാത്രമല്ല, ഫെമിനിസത്തെ സാമ്രാജ്യത്വ പദ്ധതിയായാണ് അവര്‍ മനസ്സിലാക്കുന്നത്. അങ്ങനെ സാംസ്‌കാരികമായ ആധിപത്യത്തിന്റെ പേരിലുള്ള മല്‍സരങ്ങളായി ലിംഗസംവാദങ്ങള്‍ പരിവര്‍ത്തിപ്പിക്കപ്പെടുകയുണ്ടായി.

അമേരിക്കയുടെ 2001ലെ അഫ്ഗാന്‍ അധിനിവേശത്തിന്റെ സന്ദര്‍ഭത്തിലാണ് മുസ്‌ലിം സ്ത്രീകളുടെ ദുരവസ്ഥയെക്കുറിച്ച പടിഞ്ഞാറന്‍ വ്യവഹാരങ്ങള്‍ കൂടുതല്‍ ശക്തമാകുന്നത്. മുസ്‌ലിം സ്ത്രീകളുടെ ജീവിതാവസ്ഥയുമായി ബന്ധപ്പെടുത്തിയാണ് മുസ്‌ലിം സമുദായങ്ങള്‍ എത്രത്തോളം പാശ്ചാത്യ ജനാധിപത്യ മൂല്യങ്ങള്‍ പിന്‍പറ്റുന്നവരാണ് എന്ന് തീരുമാനിക്കപ്പെടുകയും നിര്‍ണ്ണയിക്കപ്പെടുകയും ചെയ്യുന്നത്. വളരെ സങ്കീര്‍ണ്ണമായ ഈ രാഷ്ട്രീയ സന്ദര്‍ഭത്തില്‍ ഖുര്‍ആനിന്റെ ഒരു ഫെമിനിസ്റ്റ് വ്യാഖ്യാനം വികസിപ്പിക്കാനുള്ള മുസ്‌ലിം സ്ത്രീകളുടെ ശ്രമങ്ങള്‍ പാശ്ചാത്യ മൂല്യങ്ങളുടെ സ്വാംശീകരണമായി വായിക്കപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഇസ്‌ലാമിന്റെ മതപരവും സാംസ്‌കാരികവുമായ അടിത്തറകളെ വെല്ലുവിളിക്കുന്നു എന്ന ആരോപണമാണ് അവര്‍ക്കെതിരെ നിലനില്‍ക്കുന്നത്. അശ്ശാഫിയുടെയും നിലപാട് അത് തന്നെയാണ്.

പാശ്ചാത്യ ചിന്തകളാല്‍ ഫെമിനിസ്റ്റ് ഖുര്‍ആനിക വ്യാഖ്യാനം സ്വാധീനിക്കപ്പെട്ടു എന്ന ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്നത് ഇസ്‌ലാമിക പാരമ്പര്യം മുന്നോട്ട് വെക്കുന്ന അതിര്‍വരമ്പുകളെ അത് ലംഘിക്കുന്നു എന്നാണ്. കൂടാതെ മുസ്‌ലിം പണ്ഡിത ലോകത്തിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നു എന്നതും ഇസ്‌ലാമിക ഫെമിനിസ്റ്റുകള്‍ക്കെതിരായ വിമര്‍ശനമാണ്. അതേസമയം ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രത്തിലുണ്ടായ ചരിത്രപരമായ ഈ വികാസം പിന്നീട് മുസ്‌ലിം ലോകത്ത് ഉയര്‍ന്ന് വന്ന പരിഷ്‌കരണ ചിന്തകര്‍ക്ക് പ്രചോദനമായിട്ടുണ്ട്. എന്നാല്‍ ജുലിയാനെ ഹാമ്മെര്‍ സൂചിപ്പിക്കുന്നത് പോലെ ഫെമിനിസ്റ്റ് ഖുര്‍ആനിക വ്യാഖ്യാനങ്ങള്‍ പരമ്പരാഗതമായ ഖുര്‍ആനിക വ്യാഖ്യാന പാരമ്പര്യങ്ങളെ സംബന്ധിച്ചിടത്തോളം വലിയ പ്രതിബന്ധമാണ് വരുത്തിവെച്ചത്.

വിവ: സഅദ് സല്‍മി

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics