സലാഹുദ്ദീന്‍ അയ്യൂബിയോട് എന്താണിത്ര വിരോധം?

ഖുദ്‌സിന്റെയും മസ്ജിദുല്‍ അഖ്‌സയുടെയും ഫലസ്തീന്‍ പ്രശ്‌നത്തിന്റെ നാള്‍വഴികളിലൂടെ നമ്മുടെ മനസ്സുകളില്‍ ഇടം നേടിയിട്ടുള്ള മുന്നണി പോരാളിയാണ് സലാഹുദ്ദീന്‍ അയ്യൂബി. മുസ്‌ലിം സമൂഹം കടുത്ത ശിഥിലതയും ദൗര്‍ബല്യവും നേരിട്ടിരുന്ന സന്ദര്‍ഭത്തില്‍ ശാക്തിക സന്തുലനത്തിന് മാറ്റം വരുത്താനും ലോകഭൂപടം മാറ്റി വരക്കാനും അല്ലാഹു അദ്ദേഹത്തെ തുണച്ചു. എത്രയോ പതിറ്റാണ്ടുകളായി തുടര്‍ന്നിരുന്ന സമുദായത്തിന്റെ നിന്ദ്യതക്കും ദൗര്‍ബല്യത്തിനും അദ്ദേഹം അറുതിവരുത്തി. ഒരു നൂറ്റാണ്ടിനടുത്ത് നീണ്ടു നിന്ന കുരിശുയുദ്ധക്കാരുടെ അധിനിവേശത്തിന് ശേഷം ബൈത്തുല്‍ മഖ്ദിസ് മുസ്‌ലിംകളുടെ സംരക്ഷത്തിലേക്ക് അദ്ദേഹം വീണ്ടെടുത്തു. എത്രത്തോളമെന്നാല്‍ കുരിശുപടയുടെ അന്തകനും മുസ്‌ലിംകളുടെ ഒന്നാം ഖിബ്‌ലയായ ബൈത്തുല്‍ മഖ്ദിസിന്റെ വിമോചകനുമായി അദ്ദേഹം അറിയപ്പെട്ടു. സമുദായത്തിന്റെ അന്തസ്സും അഭിമാനവും വീണ്ടെടുക്കുന്നതിന് വരും തലമുറകളെ അദ്ദേഹം വരച്ചുകാണിച്ച പാതയില്‍ വളര്‍ത്തിയെടുക്കുമ്പോള്‍, അദ്ദേഹത്തെ ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ശോഭനമായ അദ്ദേഹത്തിന്റെ ചരിത്രം മായ്ച്ചുകളയാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ നമുക്കെതിരെ തിരിയുകയാണ്.

'എന്തുകൊണ്ടാണ് സലാഹുദ്ദീനോട് ഇത്രയധികം വിരോധം?' ഈ ചോദ്യത്തിന്റെ ഉത്തരം തേടുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ജീവിതത്തെയും പോരാട്ടത്തെയും സംബന്ധിച്ച് സംക്ഷിപ്തമായിട്ടെങ്കിലും അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഹിജ്‌റ 532 തിക്‌രീത് നഗരത്തിലെ ഒരു കുര്‍ദ് കുടുംബത്തിലാണ് സലാഹുദ്ദീന്‍ യൂസുഫ് ബിന്‍ നജ്മുദ്ദീന്‍ അയ്യൂബ് എന്ന അദ്ദേഹം ജനിച്ചത്. ഇസ്‌ലാമിന്റെ ശരിയായ അധ്യാപനങ്ങള്‍ ലഭിച്ച അദ്ദേഹം നൂറുദ്ദീന്‍ മഹ്മൂദിന്റെ സൈന്യത്തില്‍ ചേര്‍ന്നു. ഫാതിമി ഭരണകൂടത്തിലെ മന്ത്രിമാരുടെ വഞ്ചനയെ നേരിടുന്നതിനും ഈജിപ്തിനെ സുന്നികളുടെ നിയന്ത്രണത്തിലേക്ക് വീണ്ടെടുക്കുന്നതിനും പിതൃവ്യന്‍ അസദുദ്ദീന്‍ ശിര്‍കൂഹിനൊപ്പം അദ്ദേഹം ഈജിപ്തിലേക്ക് നിയോഗിക്കപ്പെട്ടു.

സലാഹുദ്ദീന്‍ ഇസ്‌ലാമിന് അര്‍പിച്ചിട്ടുള്ള സംഭാവനകളെ നിഷേധിക്കാന്‍ വിവരമുള്ളവര്‍ക്ക് സാധിക്കില്ല, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കഠിന വിരോധികളായിരിക്കണം അവര്‍. അക്കാലത്ത് സമുദായം അഭിമുഖീകരിച്ച ഏറ്റവും വലിയ രണ്ട് അപകടങ്ങളെ ഇല്ലാതാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നത് തന്നെ അതിന് മതിയായ ന്യായമാണ്.

ഉബൈദിയ്യ രാഷ്ട്രത്തിന്റെ കഥകഴിച്ചു എന്നതാണ് അതില്‍ ഒന്നാമത്തേത്. ഹിജ്‌റ പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഫാതിമികളെന്ന വ്യാജേനെ ഈജിപ്ത്, ഹിജാസ്, ശാം എന്നീ പ്രദേശങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ച ശിയാക്കളുടെ ഉബൈദിയ്യ രാഷ്ട്രം ബലപ്രയോഗത്തിലൂടെ തങ്ങളുടെ ആദര്‍ശം പ്രചരിപ്പിക്കാന്‍ തുടങ്ങി. സലാഹുദ്ദീന്‍ മന്ത്രിസ്ഥാനം ഏറ്റെടുത്തതിന് ശേഷം അതിനെ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ബാങ്കുവിളിയില്‍ ശിയാക്കള്‍ കൂട്ടിചേര്‍ത്ത 'ഹയ്യ അലാ ഖൈരില്‍ അമല്‍' (ഉത്തമമായ കര്‍മത്തിലേക്ക് വരൂ) എന്ന വാചകം നീക്കം ചെയ്ത അദ്ദേഹം ശിയാ മസ്ജിദുകള്‍ അടക്കുകയും ചെയ്തു. മിമ്പറുകളില്‍ വെച്ച് സച്ചരിതരായ ഖലീഫമാര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ അദ്ദേഹം കല്‍പിച്ചു. ഈജിപ്തിലെയും ശാമിലെയും ഹിജാസിലെയും സുന്നികള്‍ക്ക് മേല്‍ ശീഇസം അടിച്ചേല്‍പിക്കാനുള്ള 209 വര്‍ഷത്തെ ശ്രമങ്ങള്‍ക്ക് ശേഷം ആ നാടുകളെ അദ്ദേഹം സുന്നീ കരങ്ങളില്‍ തിരിച്ചേല്‍പിച്ചു. 'സലാഹുദ്ദീന്‍ ഇല്ലായിരുന്നുവെങ്കില്‍ ഈജിപ്തും ശാമും ഹിജാസും ശിയാ രാജ്യങ്ങളാകുമായിരുന്നു' എന്ന് പറയാന്‍ പ്രമുഖ ശിയാ പണ്ഡിതനായ മുഹമ്മദ് ജവാദ് മുഗ്നിയയെ പ്രേരിപ്പിച്ചത് അതാണ്.

കുരിശുയുദ്ധക്കാരുടെ ഭീഷണി ഇല്ലാതാക്കി എന്നതാണ് രണ്ടാമത്തെ കാര്യം. നൂറുദ്ദീന്‍ മഹ്മൂദിന്റെ വിയോഗ ശേഷം സുപ്രധാനമായ ഉത്തരവാദിത്വമാണ് സലാഹുദ്ദീന്‍ ഏല്‍പിക്കപ്പെട്ടത്. മുസ്‌ലിം നാടുകള്‍ കൈയ്യടക്കുകയും മുസ്‌ലിംകളെ കൊന്നൊടുക്കുകയും അവര്‍ പവിത്രമായി കാണുന്നവയെ അഗ്നിക്കിരയാക്കുകയും അവരുടെ അഭിമാനം പിച്ചിചീന്തുകയും ചെയ്ത കുരിശുയുദ്ധക്കാര്‍ ഉയര്‍ത്തിയ ഭീഷണിയില്‍ നിന്നും മുസ്‌ലിം നാടുകളെ മോചിപ്പിക്കുക എന്നതായിരുന്നു പ്രസ്തുത ദൗത്യം.

കുരിശുയുദ്ധക്കാരുമായി ഏറ്റുമുട്ടുന്നതിന് തന്റെ സൈന്യത്തെ അദ്ദേഹം സജ്ജമാക്കി. മഹത്തായ യുദ്ധങ്ങളിലൊന്നായിരുന്നു ഹിജ്‌റ 583ല്‍ നടന്ന ഹിത്വീന്‍ യുദ്ധം. അതില്‍ നിഷേധികളുടെയും കുരിശിന്റെ ശക്തികളുടെയും സംഘങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരെ അണിനിരന്നു. മുസ്‌ലിംകളുടെയും കുരിശുയുദ്ധക്കാരുടെയും സൈന്യത്തിന്റെ എണ്ണത്തില്‍ വലിയ അന്തരമുണ്ടായിരുന്നെങ്കിലും അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താലും മുസ്‌ലിം സൈനികരുടെ ആത്മാര്‍ത്ഥതയും ഉയര്‍ന്ന നിശ്ചയദാര്‍ഢ്യവും കാരണം സലാഹുദ്ദീന് ക്രിസ്ത്യന്‍ സൈന്യങ്ങളെ തകര്‍ത്തെറിയാന്‍ സാധിച്ചു. അവരെ അതിജയിച്ച് തലയുയര്‍ത്തിപ്പിടിച്ച് ബൈത്തുല്‍ മഖ്ദിസില്‍ പ്രവേശിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

അദ്ദേഹം നിര്‍വഹിച്ച സുപ്രധാനമായ രണ്ട് സംഭവങ്ങള്‍ മാത്രമാണിത്. അദ്ദേഹത്തിന്റെ സംഭാവനകളെ കുറിച്ച് വിശദമായി വിവരിക്കാന്‍ ഈ സമയവും സന്ദര്‍ഭവും മതിയാവില്ല. ഇനി നമ്മുടെ ചോദ്യത്തിലേക്ക് കടക്കാം. എന്തുകൊണ്ട് സലാഹുദ്ദീനെതിരെ കടുത്ത ആക്രമണം അഴിച്ചുവിടപ്പെടുന്നു?

ഡോ. മുഹമ്മദ് റജബ് ബയ്യൂമി തന്റെ 'സലാഹുദ്ദീന്‍ ഖാഹിറു സ്സ്വലീബിയ്യീന്‍' (കുരിശുയുദ്ധക്കാരെ തറപറ്റിച്ച സലാഹുദ്ദീന്‍) എന്ന പുസ്തകത്തില്‍ പറയുന്നു: ശത്രുക്കളെ അവരുടെ കാല്‍ചുവട്ടില്‍ പൊട്ടിപിളരാനിരിക്കുന്ന ഗര്‍ത്തത്തെ കുറിച്ച് താക്കീത് നല്‍കി അവരെ തകര്‍ച്ചയുടെ വക്കിലെത്തിച്ച മഹാഗര്‍ജനത്തിന്റെ കാവല്‍ഭടനായിരുന്നു സലാഹുദ്ദീന്‍. ശത്രുക്കളുടെ പ്രതീക്ഷകളും മോഹങ്ങളും തകര്‍ത്തെറിഞ്ഞ് അവരുടെ മനസ്സില്‍ ചേക്കേറിയ പേടിസ്വപ്‌നമായിരുന്നു അദ്ദേഹം. കുരിശുയുദ്ധക്കാരും ശിയാക്കളും സെക്യുലറിസ്റ്റുകളും ഒരുപോലെ അദ്ദേഹത്തോട് ശത്രുതവെച്ചു പുര്‍ത്തി.

കുരിശുയുദ്ധക്കാരുടെ സാമ്രാജ്യത്വ സ്വപ്‌നങ്ങളും വ്യാപന പദ്ധതികളും സലാഹുദ്ദീന്‍ എന്ന ഉറച്ച പാറക്കല്ലില്‍ തട്ടിതകരുകയായിരുന്നു. അതുകൊണ്ടു തന്നെ മറ്റാരോടുമില്ലാത്തത്ര പക അവര്‍ക്ക് അദ്ദേഹത്തോടുണ്ട്. 1920ലെ മൈസലൂന്‍ യുദ്ധത്തിന് ശേഷം ഫ്രഞ്ചുകാര്‍ സിറിയയില്‍ പ്രവേശിച്ചപ്പോള്‍ അത് പ്രകടമായിട്ടുള്ളതാണ്. 'ഹേ.. സലാഹുദ്ദീന്‍, ഞങ്ങളിതാ മടങ്ങിയെത്തിയിരിക്കുന്നു' എന്നാണ് ഫ്രഞ്ച് ജനറല്‍ ഹെന്റി ഗോറോ സലാഹുദ്ദീന്റെ ഖബറില്‍ ചവിട്ടി കൊണ്ട് അന്ന് പറഞ്ഞത്.

അബ്ബാസി ഖിലാഫത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മേല്‍ ശിയാ ഭരണകൂടം കെട്ടിപ്പെടുക്കുകയെന്ന ശിയാ മോഹങ്ങളെ തച്ചുടച്ചതിനാല്‍ ശിയാക്കള്‍ക്കും അദ്ദേഹത്തോട് വിരോധമാണ്.

സെക്യുലറിസ്റ്റുകളുടെ വിരോധം
സെക്യുലറിസ്റ്റുകള്‍ക്ക് സലാഹുദ്ദീനോടുള്ള വിരോധം ഒരു വ്യക്തിയെന്ന നിലയില്‍ ഒതുങ്ങുന്നതല്ല. മറിച്ച് ഇസ്‌ലാമിക ചരിത്രത്തോടും അതിലെ നായകരോടുമുള്ള വിദ്വേഷമാണ്. അദ്ദേഹത്തെ കുറിച്ച യൂസുഫ് സൈദാന്റെ (Youssef Ziedan) വാക്കുകള്‍ പുതുമയുള്ള ഒന്നല്ല. ചീഞ്ഞളിഞ്ഞ പൈതൃകമാണ് ഇസ്‌ലാമിന്റേതും ഖുത്വുസും ബൈബറസും സലാഹുദ്ദീനുമെല്ലാം രക്തദാഹികളാണെന്നും നേരത്തെ പ്രസ്താവിച്ചിട്ടുള്ള ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പുതിയ ആരോപണവും കള്ളവും തെറ്റിധരിപ്പിക്കലുമല്ലാതെ മറ്റൊന്നുമല്ല.

അമ്പതുകള്‍ക്ക് ശേഷം ചരിത്രഗ്രന്ഥങ്ങളിലേക്ക് കൂട്ടിചേര്‍ക്കപ്പെട്ട കള്ളക്കഥകളാണ് സലാഹുദ്ദീന്റെ ധീരമായ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വിവരണങ്ങള്‍ എന്ന് അദ്ദേഹം പറഞ്ഞു. പച്ചക്കള്ളമാണ് ഈ ആരോപണം. ഇബ്‌നുകഥീറിനെയും ഇബ്‌നുല്‍ അഥീറിനെയും ഇബ്‌നു ഖലികാനെയും പോലുള്ള പ്രമുഖ ചരിത്രകാരന്‍മാര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ സ്ഥിരീകരിച്ചിട്ടുള്ളതാണ് അദ്ദേഹത്തിന്റെ ധീരമായ പ്രവര്‍ത്തനങ്ങള്‍. അവര്‍ പറയുന്ന പോലെ കൂട്ടിചേര്‍ക്കപ്പെട്ട കള്ളകഥകളല്ല.

ഈജിപ്തില്‍ ശിയാ മദ്ഹബിന്റെ കഥകഴിക്കുകയും ഉബൈദികളുടെ അടിവേരറുക്കുകയും ചെയ്തു എന്നതാണ് സലാഹുദ്ദീന് മേലുള്ള അദ്ദേഹത്തിന്റെ മറ്റൊരു ആരോപണം. ശിയാ ചരിത്രകാരനായ ഹസന്‍ അമീന്‍ മുമ്പ് ആരോപിച്ചിട്ടുള്ളതാണ് ഇക്കാര്യം. ഈ ആരോപണം സലാഹുദ്ദീനെ അവഹേളിക്കുകയല്ല, മറിച്ച് അദ്ദേഹത്തിന്റെ അഭിമാനം ഉയര്‍ത്തുകയാണ് ചെയ്യുന്നത്. ശിയാക്കളുടെ ഭാഗത്തു നിന്നുള്ള വലിയൊരു അപകടത്തില്‍ നിന്നും സമുദായത്തെ രക്ഷിക്കുകയാണ് അദ്ദേഹം ചെയ്തത്. കുരിശുയുദ്ധക്കാരുമായി കൈകോര്‍ത്ത് അഹ്‌ലുസ്സുന്നത്തിന് വലിയ ദ്രോഹമേല്‍പിച്ചവരാണവര്‍. നിരവധി ആളുകള്‍ക്ക് മേല്‍ ശിയാ മദ്ഹബ് അടിച്ചേല്‍പിച്ച അവര്‍ ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ)യെയും മറ്റ് പല പ്രമുഖ സഹാബിമാരെയും ആക്ഷേപിക്കുകയും ചെയ്തു. ജീവനോടെ അവര്‍ തൊലിയുരിഞ്ഞെടുത്ത അബൂബകര്‍ നാബുലുസി അടക്കമുള്ള ആയിരക്കണക്കിന് സുന്നീ പണ്ഡിതന്‍മാരെ കൊലപ്പെടുത്തി.

എന്നാല്‍ സൈദാന്‍ പറയുന്ന്ന പോലെ സലാഹുദ്ദീന്‍ ശിയാ മദ്ഹബിന്റെ കഥ കഴിച്ചു എന്നോ അവരിലെ നിരായുധരായ പുരുഷന്‍മാരെയും സ്ത്രീകളെയും കൊന്ന് രക്തപ്പുഴ ഒഴുക്കിയെന്നോ ഇതിന്നര്‍ത്ഥമില്ല. അവരിലെ വഞ്ചകരോടും കലാപകാരികളോടും മാത്രമാണ് അദ്ദേഹം യുദ്ധം ചെയ്തത്. മഖ്‌രിസി വിവരിക്കുന്നത് പോലെ അവശേഷിക്കുന്ന ആളുകളെ ഈജിപ്തില്‍ നിന്ന് പുറത്തുകടക്കാന്‍ അനുവദിക്കുകയാണദ്ദേഹം ചെയ്തത്. ഫാത്വിമി ഖലീഫ അല്‍ആള്വിദിനോട് വളരെ കാരുണ്യപൂര്‍വമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. മരിക്കുന്നത് വരെ അദ്ദേഹം സ്വതന്ത്രനായിരുന്നു.

കൊട്ടാരം ലൈബ്രറി കത്തിച്ചതാണ് അദ്ദേഹത്തിനെതിരെ ഉന്നയിക്കുന്ന മറ്റൊരു വിഷയം. ബോധപൂര്‍വം സൃഷ്ടിച്ചെടുത്ത കളവാണത്. എ.ഡി. 1086ല്‍ സുഡാന്‍ സൈനികര്‍ക്കും തുര്‍ക്കികള്‍ക്കുമിടയില്‍ സംഘര്‍ഷമുണ്ടായപ്പോഴാണത് തകര്‍ക്കപ്പെട്ടത്. AD1036-1094  കാലയളവില്‍ ഈജിപ്തിനെ ബാധിച്ച കൊടും പട്ടിണിയുടെ സന്ദര്‍ഭത്തിലായിരുന്നു ഇത്. അന്നത്തെ ഖലീഫക്ക് സൈനികര്‍ക്ക് ശമ്പളം നല്‍കാന്‍ സാധിച്ചില്ല. ലൈബ്രറി അക്രമിക്കുന്നതിനും അതിലുള്ള ഗ്രന്ഥങ്ങളടക്കം നശിപ്പിക്കുന്നതിനും സൈനികരെ അത് പ്രേരിപ്പിച്ചു.

പ്രമുഖ അമേരിക്കന്‍ തത്വചിന്തകനും ചരിത്രകാരനുമായ വില്‍ ഡ്യൂറന്റ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ The Story of Civilization ല്‍ പറയുന്ന ഒരു കാര്യം കൂടി ഉദ്ധരിച്ചു കൊണ്ട് ഞാന്‍ അവസാനിപ്പിക്കുകയാണ്. അദ്ദേഹം പറയുന്നു: 'പൊതുവെ ദുര്‍ബലരോട് അനുകമ്പയുള്ളവനും പീഡിതരോട് കാരുണ്യമുള്ളവനുമായിരുന്നു സലാഹുദ്ദീന്‍. എതിരാളികളോടുള്ള വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഉയര്‍ന്നു നിന്ന അദ്ദേഹത്തെ കണ്ട് ഇത്രത്തോളം മഹത്വമുള്ള ഒരാളെ സൃഷ്ടിക്കാന്‍ ഇസ്‌ലാമിന് (അവര്‍ മനസ്സിലാക്കിയ ഇസ്‌ലാം ഇത്തരത്തിലുള്ള ഒന്നായിരുന്നില്ല) എങ്ങനെയാണ് സാധിക്കുന്നതെന്ന് ക്രിസ്ത്യന്‍ ചരിത്രകാരന്‍മാര്‍ ആശ്ചര്യം പ്രകടിപ്പിച്ചു. തന്റെ സേവകരോട് വളരെ നൈര്‍മല്യത്തോടെയായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അദ്ദേഹം നേരിട്ട് ചെവികൊടുത്തു. സമ്പത്തിന് മണ്ണിനേക്കാള്‍ വലിയ വിലയൊന്നും അദ്ദേഹം കല്‍പിച്ചിരുന്നില്ല. മരണപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ സ്വകാര്യ സമ്പാദ്യമായി ഒരു ദീനാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.'

വിവ: നസീഫ്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics