ദൈവഭയമില്ലാത്ത വിശ്വാസികള്‍

ഒരു വൈകുന്നേരം ഞാനും എന്റെ സുഹൃത്തും കൂടി ഗ്രാമങ്ങള്‍ കാണാനിറങ്ങി. തെങ്ങിന്‍ തോട്ടങ്ങളും മള്‍ബറിത്തോട്ടങ്ങളും നെല്‍പ്പാടങ്ങളുമൊക്കെ കണ്ട്, ബൈക്കിലൊരു യാത്ര. അങ്ങനെയിരിക്കെ മഗ്‌രിബ് നമസ്‌കാരത്തിന് സമയമായി. ബാല്യകാലത്തെന്നോ കണ്ടുമറന്ന അടുത്തുള്ള ഒരു ഗ്രാമത്തിലെ പള്ളി എന്റെ സുഹൃത്ത് ഓര്‍മ്മിച്ചെടുത്തു. അധികം അന്വേഷിക്കാനൊന്നും ഇടവരുത്താതെ കാരുണ്യവാന്‍ ഞങ്ങളെ അവിടെയെത്തിച്ചു. ഓട് മേഞ്ഞ, വളരെ പഴയ, ചെറിയൊരു പള്ളി. പള്ളിക്ക് തൊട്ടടുത്ത് വീട്ടിന്റെ വരാന്തയില്‍ ഒരു വൃദ്ധന്‍ ഇരിക്കുന്നു. വെളുവെളുത്ത താടിയും തൊപ്പിയും. നല്ല ഹുറുമത്തുള്ള ഒരു മുത്തഖി! കാണാനെന്താ രസം!

അംഗശുദ്ധി വരുത്താനുള്ള സ്ഥലമൊന്നും കണ്ടില്ല. ഞങ്ങള്‍ പള്ളിയിലേക്ക് കയറി. മുകളിലും താഴെയുമൊക്കെ നോക്കിയും, ഇടക്കിടെ സമയം നോക്കിയും, പള്ളിക്കകത്ത് വട്ടം ചുറ്റി നടന്നു. ആരും വരുന്ന ലക്ഷണമില്ല! ഞങ്ങള്‍ പുറത്തിറങ്ങി മുത്തഖിയെ സമീപിച്ചു. ഇമാമെവിടെ? ബാങ്കെവിടെ? വെള്ളമെവിടെ? എന്നൊക്കെ ചോദിച്ചു. അപ്പോഴയാള്‍ പറയുകയാണ്. ഇവിടെ വുളൂഉം ഇമാമും ബാങ്കുമൊന്നുമില്ല! നിങ്ങള്‍ വേണമെങ്കില്‍ സ്വന്തം തന്നെ വുളുവെടുത്ത്, സ്വന്തം തന്നെ ബാങ്കും കൊടുത്ത്, സ്വന്തം തന്നെ നിസ്‌കരിച്ചിട്ട് പോയ്‌ക്കോ എന്ന്! എന്നിട്ട് അകത്തേക്കൊരു വിളിയും. ബേട്ടീ! ഇസ്‌കൊ പാനീ ദേദോ! അകത്തുനിന്ന് ഒരു പെണ്‍കുട്ടി ഒരു കുടത്തില്‍ വെള്ളവുമായി വന്നു. ഞങ്ങള്‍ സ്വന്തം തന്നെ അംഗശുദ്ധി വരുത്തി, സ്വന്തം തന്നെ ബാങ്കും കൊടുത്ത്, സ്വന്തം തന്നെ നമസ്‌കരിച്ച് പുറത്ത് വന്നപ്പോഴും മുത്തഖി അതേ ഇരിപ്പാണ്! ഇയാളെന്ത് മുത്തഖിയാണ്! കണ്ണേറ് കൊള്ളാതിരിക്കാന്‍ വീട്ടുകാര്‍ വച്ചിട്ട് പോയ കാക്കാമാരിയോ! പരസ്പരം മത്സരിച്ച് വീട് പണിയുന്നവരും, പലിശക്കടമെടുത്ത് കാറ് വാങ്ങുന്നവരും, മാശാ അല്ലാഹ് തൂക്കിയിടുന്ന പോലൊരു സാധനമാണോ ഇതും!

നമസ്‌കാരത്തിലൂടെയും സഹനത്തിലൂടെയും അല്ലാഹുവിന്റെ സഹായം തേടാന്‍ കല്പിച്ച ശേഷം അല്ലാഹു പറയുന്നു. 'ഈ നമസ്‌കാരം വലിയ ഭാരം തന്നെ. അല്ലാഹുവിനെ കണ്ടുമുട്ടുമെന്നും അവങ്കലേക്കാണ് മടക്കമെന്നുമുള്ള ബോധ്യത്തോടെ അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ക്കൊഴികെ.' (അല്‍ബഖറ: 45-46) അല്ലാഹുവിനെ, വിചാരണക്കായി അവന്റെ മുമ്പില്‍ നില്‍ക്കേണ്ടതിനെ, ഭയപ്പെടുന്നവര്‍ക്ക് മാത്രമേ, നിഷ്ടയോടെ നമസ്‌കാരം നിലനിര്‍ത്താന്‍ സാധിക്കൂ. അല്ലാത്തവരും നമസ്‌കരിക്കുന്നുണ്ടാവാം. അതൊരു ശീലത്തിന്റെ ഭാഗം മാത്രമാണ്. ചായകുടി, പത്രംവായന, പല്ല് തേപ്പ്, കുളി, മുതലായ ശീലങ്ങള്‍ പോലെ. അങ്ങനെയല്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, നമസ്‌കാരം നിര്‍വ്വഹിക്കുന്ന ആളുകളുടെ സംസാരവും കര്‍മ്മങ്ങളും ഒന്ന് വിലയിരുത്തി നോക്കുക. ഓരോ ദിവസവും എത്ര സഹോദരന്മാരുടെ മാംസം അവര്‍ ഭക്ഷണമാക്കിയിട്ടുണ്ടാവും! അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ അങ്ങനെ ചെയ്യുമോ? അവരൊക്കെ കച്ചവടത്തില്‍ എന്തും ചെയ്യുന്നതിന് കാരണമെന്ത്? അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ അങ്ങനെ ചെയ്യുമോ? പലിശ, വ്യഭിചാരം, സ്വവര്‍ഗരതി, കൈക്കൂലി, സ്ത്രീധനം, തുടങ്ങി ചെറുതും വലുതുമായ തിന്മകളില്‍ അവര്‍ ഏര്‍പ്പെടുകയോ, ചുരുങ്ങിയ പക്ഷം, യാതൊരു വെറുപ്പുമില്ലാതെ അത്തരം തിന്മകളോട് രാജിയാവുകയോ ചെയ്യുന്നതിന് കാരണമെന്ത്? അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ അങ്ങനെയാവുമോ?

നമസ്‌കാരം മാത്രമല്ല, ഏതൊരു സല്‍കര്‍മ്മവും ചെയ്യാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത് ദൈവഭയം തന്നെയാണ്. പാവങ്ങളെ അന്നമൂട്ടുന്നവരെ കുറിച്ച് അല്ലാഹു പറയുന്നത് കേള്‍ക്കൂ. 'അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാകുന്നു ഞങ്ങള്‍ നിങ്ങളെ ഊട്ടുന്നത്. നിങ്ങളില്‍ നിന്ന് പ്രതിഫലമോ നന്ദിപ്രകടനമോ ഞങ്ങള്‍ കാംക്ഷിക്കുന്നില്ല. ഞങ്ങള്‍, ഞങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള ഘോരവിപത്ത് പരന്ന ആ ദിനത്തെ ഭയപ്പെടുന്നു.' (അല്‍ഇന്‍സാന്‍: 9-10) എന്നാല്‍ ഇതേ വിഷയത്തില്‍ മറ്റൊരു വിഭാഗത്തിന്റെ നിലപാടെന്താണ്? 'നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കൂ എന്ന് അവരോട് പറയപ്പെട്ടാല്‍ അവിശ്വാസികള്‍ വിശ്വാസികളോട് പറയും: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ തന്നെ ഭക്ഷണം നല്‍കുമായിരുന്ന ആളുകള്‍ക്ക് ഞങ്ങള്‍ ഭക്ഷണം നല്‍കുകയോ? നിങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയാകുന്നു.' (യാസീന്‍: 47) സ്വയം തന്നെ സല്‍കര്‍മ്മങ്ങളില്‍ തത്പരനല്ല എന്ന് മാത്രമല്ല, അത്തരം ആളുകളോട് പുച്ഛവുമാണവര്‍ക്ക്. വേറെ പണിയില്ലേ എന്ന മട്ട്. ഇത്തരം ആളുകളെയാണ് 'വിധിതീര്‍പ്പ് നാളിനെ കളവാക്കുന്നവര്‍' എന്ന് അല്ലാഹു വിശേഷിപ്പിച്ചതും.

മനുഷ്യരെ സല്‍കര്‍മ്മങ്ങള്‍ക്ക് പ്രേരിപ്പിക്കുക മാത്രമല്ല, ദുഷ്‌കര്‍മ്മങ്ങളില്‍ നിന്ന് തടയാനും ദൈവഭയം തന്നെ ശരണം. തന്നെ കൊല്ലാന്‍ തുനിഞ്ഞ സഹോദരന്റെ നേരെ കൈനീട്ടാതിരിക്കാന്‍ ആദം പുത്രന്‍ കാരണമായി പറഞ്ഞതും അതാണല്ലോ. 'എന്നെ കൊല്ലുവാന്‍ വേണ്ടി നീ എന്റെ നേരെ കൈനീട്ടിയാല്‍ തന്നെയും, നിന്നെ കൊല്ലുവാന്‍ വേണ്ടി ഞാന്‍ നിന്റെ നേരെ കൈനീട്ടുന്നതല്ല. തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു.' (അല്‍മാഇദ: 28)

മറ്റൊരു കഥ നോക്കുക. 'യൂസുഫ് താമസിച്ചിരുന്ന വീട്ടിന്റെ നായിക അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമം തുടങ്ങി. ഒരു ദിവസം വാതിലടച്ചിട്ട് അവള്‍ പറഞ്ഞു: 'വരൂ.' യൂസുഫ് പറഞ്ഞു: 'അല്ലാഹുവില്‍ ശരണം! അവനാണ് എന്റെ നാഥന്‍. എനിക്ക് നല്ല പാര്‍പ്പിടം നല്‍കിയവന്‍. (എന്നിട്ട് ഞാന്‍ ഇപ്പണി ചെയ്യുകയോ!)'  തന്റെ ഇംഗിതത്തിന് വഴങ്ങാത്ത പുരുഷനെ ഓടിച്ചിട്ട് പിടിക്കാനായി പിന്നീടവരുടെ ശ്രമം. കുപ്പായം വലിച്ചു കീറുകയും ചെയ്തു. പെണ്ണൊരുമ്പെട്ടാല്‍ എന്ന് കേട്ടിട്ടില്ലേ! പട്ടണത്തിലെ മറ്റ് കുറേ സ്ത്രീകള്‍ യൂസുഫിനെ കണ്ടപ്പോള്‍ പറഞ്ഞതിങ്ങനെയാണ്. 'തമ്പുരാനേ! ഇയാളൊരു മനുഷ്യനല്ല! ഇതൊരു മഹാ മലക്കാകുന്നു.' സ്ത്രീകളുടെ കുതന്ത്രങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയും, ജയിലില്‍ പോകാന്‍ തയ്യാറാവുകയും ചെയ്യേണ്ടി വന്നു ഈ പ്രവാചകന്. യൂസുഫ് പറഞ്ഞു: 'നാഥാ, ഈയാളുകള്‍ എന്നോടാവശ്യപ്പെടുന്ന സംഗതിയെക്കാള്‍ എനിക്ക് അഭികാമ്യമായിട്ടുളളത് തടവറയാകുന്നു. അവരുടെ കുതന്ത്രങ്ങളെ നീ എന്നില്‍നിന്ന് തിരിച്ചുകളഞ്ഞില്ലെങ്കില്‍ ഞാന്‍ അവരുടെ കെണിയില്‍ കുടുങ്ങുകയും അവിവേകികളില്‍പ്പെട്ടവനായിത്തീരുകയും ചെയ്യും' (യൂസുഫ്: 28, 23, 25, 31, 33)

എന്നാല്‍ മലക്ക് തന്നെ ഒത്ത ഒരു പുരുഷന്റെ രൂപത്തില്‍ ഏകയായ ഒരു സ്ത്രീയുടെ മുന്നില്‍ വന്ന് നിന്നാല്‍, ദൈവഭയമുള്ളവരാണെങ്കില്‍ അവരുടെ നിലപാടെന്തായിരിക്കും എന്നും അല്ലാഹു നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. 'പ്രവാചകാ, ഈ വേദത്തില്‍ മര്‍യമിന്റെ വൃത്താന്തം വിവരിച്ചുകൊള്ളുക. അവള്‍ സ്വജനത്തില്‍നിന്നകന്ന് കിഴക്കുവശത്ത് ഏകാന്തയായി കഴിഞ്ഞ സന്ദര്‍ഭം: അവള്‍ ഒരു തിരശ്ശീലയിട്ട് മറഞ്ഞിരിക്കുകയായിരുന്നു. ഈ അവസരത്തില്‍ നാം നമ്മുടെ മലക്കിനെ അവരിലേക്കയച്ചു. മലക്ക് തികഞ്ഞ മനുഷ്യരൂപത്തില്‍ അവര്‍ക്കു പ്രത്യക്ഷനായി. പെട്ടെന്ന് മര്‍യം പറഞ്ഞു: 'ഞാന്‍ നിങ്ങളില്‍നിന്ന് കാരുണികനായ അല്ലാഹുവില്‍ അഭയംതേടുന്നു; നിങ്ങളൊരു ദൈവഭയമുള്ളവനാണെങ്കില്‍.' (മര്‍യം: 16-18)

ദൈവഭയം മാത്രമേ മനുഷ്യനെ തിന്മകളില്‍ നിന്ന് തടയൂ. അതില്ലെങ്കില്‍, നാവ് കൊണ്ട് എന്തും പറയുന്നതിനും, ലൈംഗികാവയവം എവിടെയും ഉപയോഗിക്കുന്നതിനും, തടസ്സങ്ങളൊന്നുമില്ല. അതുകൊണ്ടാണ്, അല്ലാഹുവോടുള്ള ഭയവും, അതില്‍നിന്നുത്ഭവിക്കുന്ന സല്‍സ്വഭാവവും, മനുഷ്യന്റെ സ്വര്‍ഗപ്രവേശനത്തിന് കാരണമാകുന്നതും, നാവും ലിംഗവും ഹേതുവായി ഏറ്റവും കൂടുതലാളുകള്‍ നരകത്തിലെത്തുന്നതും. ഈസബ്‌നു-മര്‍യം അലൈഹിസ്സലാം വഴിയില്‍ ഒരു പന്നിയെ കാണാനിടയായി. അതിനോടദ്ദേഹം പറഞ്ഞു: സമാധാനത്തോടെ പോകൂ! ചോദിക്കപ്പെട്ടു: ഒരു പന്നിയോടാണോ, ഇങ്ങനെ പറയുന്നത്? അദ്ദേഹത്തിന്റെ മറുപടി: മ്ലേച്ഛമായ വാക്കുകള്‍ എന്റെ നാവിന് ശീലമായിപ്പോകുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു.(1) അതിനാല്‍ മ്ലേച്ഛമായ വാക്കുകള്‍ ഒരു പന്നിയോട് പോലും അദ്ദേഹം പറയുന്നില്ല! ഈ ഉമ്മത്തിനെ കുറിച്ച് നബി(സ) ഭയപ്പെട്ട കാര്യങ്ങളില്‍ ഒന്നായിരുന്നു ലൂത്വ് നബി(അ)യുടെ ജനതയുടെ ദുഷ്‌കര്‍മ്മം. നമസ്‌കരിക്കുന്നവര്‍ പോലും അത് ചെയ്യുന്നതായി നാം അറിയുന്നുവല്ലോ! 'തീര്‍ച്ചയായും അവര്‍ വിചാരണ പ്രതീക്ഷിക്കുന്നില്ലായിരുന്നു.' 'അല്ല; പക്ഷെ, അവര്‍ പരലോകത്തെ ഭയപ്പെടുന്നില്ല.'

എന്നാല്‍ സത്യവിശ്വാസികളുടെ സ്വഭാവമായി അല്ലാഹു കാണിച്ച് തരുന്നു. 'തങ്ങളുടെ നമസ്‌കാരത്തില്‍ ഭയഭക്തിയുള്ളവര്‍. ...തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരുമത്രെ അവര്‍.' 'തന്റെ റബ്ബിന്റെ മുന്നില്‍ വിചാരണക്ക് നില്‍ക്കണമല്ലോ എന്ന ഭയത്താല്‍ ദേഹേച്ഛയെ കടിഞ്ഞാണിട്ടവന്‍' എന്നതാണ് ഇവരുടെ സവിശേഷത. 'അവന് സ്വര്‍ഗം തന്നെയാണ് സങ്കേതം.' 'തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെ അദൃശ്യനിലയില്‍ ഭയപ്പെടുന്നവരാരോ അവര്‍ക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്.' എന്ന് സന്തോഷമറിയിച്ചിരിക്കുന്നു പടച്ച തമ്പുരാന്‍.

-------
1-وَحَدَّثَنِي مَالِكٌ، عَنْ يَحْيَى بْنِ سَعِيدٍ، أَنَّ عِيسَى ابْنَ مَرْيَمَ، لَقِيَ خِنْزِيرًا بِالطَّرِيقِ فَقَالَ لَهُ انْفُذْ بِسَلاَمٍ ‏.‏ فَقِيلَ لَهُ تَقُولُ هَذَا لِخِنْزِيرٍ فَقَالَ عِيسَى إِنِّي أَخَافُ أَنْ أُعَوِّدَ لِسَانِي النُّطْقَ بِالسُّوءِ ‏.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus